Image

പട്ടണികിടന്ന് മടുത്തു. ആരെങ്കിലും ഈ സമരമൊന്ന് നിര്‍ത്തി തായോ...

കലാകൃഷ്ണന്‍ Published on 16 January, 2019
പട്ടണികിടന്ന് മടുത്തു. ആരെങ്കിലും ഈ സമരമൊന്ന് നിര്‍ത്തി തായോ...

ഒന്നാം ആര്‍ത്തവ ലഹളയുടെ പിതാവ് രാഹുല്‍ ഈശ്വര്‍ പല തവണ ആവര്‍ത്തിക്കുന്ന ഒരു കാര്യമുണ്ട് തങ്ങള്‍ ഗാന്ധിയന്‍ സമരമുറയില്‍ സമരം ചെയ്യുന്നവരാണെന്ന്. ആരാണ് ഗാന്ധിയരായ ഈ തങ്ങള്‍ ?.  രാഹുല്‍ ഈശ്വര്‍, ആര്‍.എസ്.എസ്, ബിജെപി, ബജ്റംഗദള്‍, ഹനുമാന്‍സേന തുടങ്ങിയവര്‍. കൈയ്യില്‍ കുറുവടിയില്‍ തുടങ്ങുന്ന ആയുധങ്ങളൊക്കെയുണ്ടെങ്കിലും തങ്ങള്‍ ഗാന്ധിയന്‍ സമരക്കാരാണ് എന്നാണ് രാഹുലിന്‍റെ വാദം. ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നു എന്ന് ഏതോ യുവതി പറഞ്ഞതേയുള്ളു നേരെ പോയി ഈ ഗാന്ധിയന്‍ സമരക്കാര്‍ അവരുടെ വീട് അടിച്ച് പൊളിച്ചു. പത്തനംതിട്ട വഴി ചന്തയ്ക്ക് പോയ യുവതികളെ വരെ ദേഹപരിശോധന നടത്തി നാളീകേരം കൊണ്ട് ഏറിയാനിട്ടോടിച്ചു. അങ്ങനെയായിരുന്നു ഗാന്ധിയന്‍ മുറ. 
പക്ഷെ രാഹുല്‍ ഈശ്വര്‍ പറഞ്ഞതല്ലേ. അവസാനം ബിജെപിക്കാര്‍ ഗാന്ധിയന്‍ സമരമുറയായ നിരാഹാരം ഒന്ന് പരീക്ഷിക്കാന്‍ തീരുമാനിച്ചു. നിരാഹാരത്തിന് രാഹുല്‍ ഈശ്വര്‍ വന്നില്ല. ഹിന്ദുക്കളുടെ ഗര്‍ജ്ജിക്കുന്ന സിംഹം കെ.പി ശശികല ടീച്ചര്‍ വന്നതേയില്ല. ശ്രീധരന്‍ പിള്ള സാറ് വന്നില്ല. കുമ്മനം സാറ് ഇപ്പോള്‍ ഗവര്‍ണറായതിനാല്‍ വരാന്‍ ഒക്കത്തില്ല. ഞങ്ങള്‍ക്കൊക്കെ വാചകമടിയല്ലേ അറിയു... പട്ടിണി കിടക്കാന്‍ അറിയത്തില്ലല്ലോ എന്ന ലൈനില്‍ സകലരും മുങ്ങി. 
അവസാനം എ.എന്‍ രാധാകൃഷ്ണന്‍ അവറുകള്‍ക്ക് കുറി വീണു. ശ്രീധരന്‍ പിള്ളയെയും എം.ടി രമേശനെയും എനിക്കിട്ട് അവസാനം പണിതല്ലേ എന്ന മട്ടില്‍ നോക്കിക്കൊണ്ട് രാധാകൃഷ്ണന്‍ അവറുകള്‍ പട്ടിണി സമരത്തിലേക്ക് കയറി. അതൊരു ഒന്നൊന്നര കയറ്റമായിരുന്നു. 
ഈ നിരാഹാര സമരത്തിന് ഒരു കുഴപ്പമുണ്ട്. പ്രസ്തുത സമരത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടണമെങ്കില്‍ കിടക്കുന്ന ആള്‍ പൊതു സമൂഹത്തിന് അതുപോലെ സ്വീകാര്യനായിരിക്കണം. അല്ലെങ്കില്‍ ആരും തിരിഞ്ഞു നോക്കത്തില്ല. സെക്രട്ടറിയേറ്റ് പടിക്കലൊക്കെ എത്രയോ ആളുകള്‍ പലവിധ ആവശ്യങ്ങളുമായി നിരാഹാരമിരിക്കുന്നു. ഈ ബിജെപിക്കാരടക്കം ആരും തിരിഞ്ഞു നോക്കാറില്ല. പിന്നെ ഗാന്ധിജി ഈ സമരമുറ കൊണ്ട് ബ്രിട്ടീഷുകാരെ ഓടിച്ചു എന്ന് ന്യായമായും രാഹുല്‍ ഈശ്വറിന് സംശയം തോന്നാം. 
എടോ രാഹുലേ. വിഭജന കാലത്ത് ഹിന്ദുവും മുസ്ലിമും ബംഗാളിലും ബീഹാറിലുമായി പകരത്തിന് പകരം പതിനായിരങ്ങളെ കൊന്ന് തള്ളിയ മണിക്കൂറുകളില്‍ നിമിഷം കൊണ്ട്, ഒരു പ്രാര്‍ഥന കൊണ്ട് ഒരു ജനതയെ ശാന്തരാക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞിരുന്നു. ഒരു പ്രതിഭാശാലിയുടെ സ്നേഹം ജനങ്ങളിലേക്ക് ഒഴുകുമ്പോള്‍ സംഭവിക്കുന്ന അപൂര്‍വ്വതയാണത്. അത്തരമൊരു പ്രതിഭാശാലി നിരാഹാര സത്യാഗ്രഹം നടത്തുമ്പോള്‍ അതിന് ആയിരം യുദ്ധങ്ങളേക്കാള്‍ പ്രഹര ശേഷിയുണ്ടാകും.
നിരാഹാര സമരങ്ങള്‍ പോലെയുള്ള ഗാന്ധിയന്‍ സമര രീതികളുടെ അടിസ്ഥാന യുക്തിയും അത് തന്നെയാണ്. ആര് സമരത്തിന് ഇറങ്ങുന്നു. സമരം കൊണ്ട് അയാള്‍ക്ക് ജനത്തെ ഒരുമിപ്പിക്കാന്‍ കഴിയുന്നുണ്ടോ. അതാണ് ചോദ്യം. അതാണ് യുക്തി. 
എന്നാല്‍ ബിജെപിയുടെ സമരമോ. ഇതിപ്പോ 44 ദിവസം പിന്നിട്ടിരിക്കുന്നു. സമരക്കാര്‍ പലരായി മാറി മാറി കിടന്നു. എ.എന്‍ രാധാകൃഷ്ണന്‍ സമരപന്തല്‍ വിട്ടപ്പോള്‍ ശോഭാ സുരേന്ദ്രന്‍ കയറി. ശോഭാ സുരേന്ദ്രന്‍ ഗ്ലാസില്‍ വെള്ളമെന്ന മട്ടില്‍ പഞ്ഞപ്പുല്ല് കുറുക്കിയത് യഥേഷ്ടം കുടിച്ചെന്നും ഇല്ലെന്നും കഥകളുണ്ട്. അതെന്തുമാകട്ടെ... ശോഭാ സുരേന്ദ്രന്‍ സമരം നിര്‍ത്തി ആഹാരം കഴിച്ച് തുടങ്ങിയപ്പോള്‍ സി.കെ പത്മനാഭന്‍ കയരിക്കിടന്നു. പിന്നെ പിന്നെ മെയിന്‍ നേതാക്കളില്ലാതെ വന്നു. അങ്ങനെ പാവം ജില്ലാ നേതാക്കളിലേക്ക് കടന്നു. തൃശൂരില്‍ നിന്ന് ഏതോ പാവത്തെ കൊണ്ടുവന്ന് ശരിക്കും പട്ടിണി കിടത്തി. മൂപ്പരുടെ റോളായപ്പോഴേക്കും പിണറായി വിജയന്‍ ഇപ്പുറത്ത് ശബരിമലയില്‍ ദിവസത്തിന് ദിവസം യുവതികളെ കയറ്റിവിടാന്‍ തുടങ്ങി. അതും പോലീസ് അകമ്പടിയില്‍. പട്ടിണികൊണ്ട് കണ്‍ട്രോള് പോയി നില്‍ക്കുമ്പോഴാണ് യുവതികള്‍ അയ്യപ്പനെ കാണുന്നത്. പോരാത്തതിന് സെക്രട്ടറിയേറ്റ് അടുത്തുള്ള ഹോട്ടലീന്ന് ബിരിയാണിയുടെ ദം പൊട്ടിക്കുന്ന മണം വരുന്നു. ആകെ മൊത്തം ഭ്രാന്തായ ബിജെപിക്കാരന്‍ നിരാഹാരി പിണറായി വിജയനെ ചെത്തുകാരന്‍ ഏഭ്യന്‍ എന്നു വരെ സംബോധന ചെയ്തു. കിംഫലം. 
ഇപ്പോള്‍ പത്ത് നാല്പത്തിനാല് ദിവസം കഴിഞ്ഞിരിക്കുന്നു. ഏതോ പാവം ഇപ്പോഴും പട്ടിണി കിടക്കുന്നുണ്ട്. ഇതിനിടയില്‍ എന്തിനായിരുന്നു ഈ പട്ടിണി സമരമെന്ന് പലരും മറന്നു പോയിരുന്നു. നേതാക്കന്‍മാര്‍ക്ക് തന്നെ ഓര്‍മ്മ കിട്ടുന്നില്ല. അവസാനം സര്‍ക്കാരിനെതിരെ പട്ടിണി സമരമെന്ന് വെച്ചുകാച്ചി ശ്രീധരന്‍പിള്ള. 
അപ്പോള്‍ നിങ്ങളുടെ ആവശ്യമെന്തെന്ന് പത്രക്കാര്‍. കമ്മ്യൂണിസം ലോകത്ത് നിന്ന് ഇല്ലാതാകണം. അതിനാണ് സമരമെന്നായി ബിജെപി. അവസാനം അരും ഒരു ഫലം തരുന്നില്ല എന്ന അവസ്ഥയായി. ശബരിമലയിലൊക്കെ ഇപ്പോ പത്ത് നൂറ് യുവതികളും കയറി. ഇതിപ്പോ നട അടയ്ക്കാറുമായി. 
ഇനി എങ്ങനെ ഈ സമരമൊന്ന് നിര്‍ത്തും. ആരെങ്കിലും ഒരു ഉപായം പറഞ്ഞു തരുമോ എന്ന മട്ടിലാണ് ബിജെപി കേരളം. ഇനിയിപ്പോ അടുത്ത ദിവസം അമിത്ഷാ-ജി കേരളത്തിലേക്ക് വരും. മൂപ്പര് വല്യ ചാണക്യനാണെന്നാണല്ലോ വെപ്പ്. ചാണക്യന്‍ പറഞ്ഞിട്ട് നിരാഹാരം അങ്ങ് നിര്‍ത്തി എന്ന് പറയാം എന്നാണ് ഇപ്പോള്‍ ബിജെപി ഫലത്തില്‍ തീരുമാനിച്ചിരിക്കുന്നത്. 
ഇപ്പോ ഈ നിരാഹരത്തിന് എന്ത് ഫലം കിട്ടിയിട്ടാണ് നിര്‍ത്തിയതെന്ന് ചോദിച്ചാല്‍ അമിത്ഷാ-ജി പറഞ്ഞു... ഞങ്ങള്‍ നിര്‍ത്തി എന്ന ലൈനിലാണ് കാര്യങ്ങള്‍. അപ്പോള്‍ നിങ്ങള്‍ എന്തിനാണ് നിരാഹാരം തുടങ്ങിയത്?
അതും അമിത്ഷാ-ജി പറഞ്ഞു... ഞങ്ങള്‍ തുടങ്ങി. അത്രേയുള്ളു. 
അങ്ങനെ ആരും ശ്രദ്ധിക്കാത്ത ഒരു പട്ടണി സമരം കൂടി ഉടന്‍ അവസാനിക്കും. പ്രസ്തുത സമരത്തെ ഗാന്ധിയന്‍ സമരമെന്നൊക്കെ വിളിച്ച് ഗാന്ധിജിക്ക് നാണക്കേട് വരുത്തരുതെന്ന് താഴ്മയായി അപേക്ഷിക്കുന്നു. 
Join WhatsApp News
Komali 2019-01-17 09:11:10
Pavam Sanghikal!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക