Image

ശബരിമല സ്‌ത്രീപ്രവേശന വിഷയത്തില്‍ മോദിയുടെ പ്രതികരണത്തെ 'ട്രോളി' നടന്‍ പ്രകാശ്‌ രാജ്‌

Published on 16 January, 2019
 ശബരിമല സ്‌ത്രീപ്രവേശന വിഷയത്തില്‍ മോദിയുടെ പ്രതികരണത്തെ 'ട്രോളി'  നടന്‍ പ്രകാശ്‌ രാജ്‌
ചെന്നൈ: ശബരിമല സ്‌ത്രീപ്രവേശന വിഷയത്തില്‍ മോദിയുടെ പ്രതികരണത്തെ 'ട്രോളി' നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ പ്രകാശ്‌ രാജ്‌. ശബരിമല സ്‌ത്രീപ്രവേശന വിഷയത്തില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ മറുപടിയെന്നോണം ട്വിറ്ററിലൂടെയാണ്‌ പ്രകാശ്‌ രാജിന്റെ പ്രതികരണം.

അധികാരത്തില്‍ ഇരിക്കുന്ന ഒരു ഭരണകൂടവും എടുക്കാത്ത നാണംകെട്ട നിലപാടാണ്‌ കേരള സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ഇത്‌ ചരിത്രം രേഖപ്പെടുത്തും എന്നുമായിരുന്നു കേരള സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി പറഞ്ഞത്‌.

എന്നാല്‍ കേരള സര്‍ക്കാരിന്റെ നടപടി 2002 ലെ ഗുജറാത്ത്‌ സര്‍ക്കാര്‍ ചെയ്‌തതിനേക്കാള്‍ നാണംകെട്ടതാണോ സര്‍ എന്നാണ്‌ പ്രകാശ്‌ രാജ്‌ ട്വിറ്ററില്‍ ചോദിച്ചിരിക്കുന്നത്‌. ട്വീറ്റിനോടൊപ്പം ഗുജറാത്ത്‌ കലാപത്തിന്റെ ചിത്രവും പങ്കുവച്ചാണ്‌ പ്രകാശ്‌ രാജിന്റെ പ്രതികരണം.

കൊല്ലത്ത്‌ എന്‍ഡിഎയുടെ മഹാസമ്മേളനത്തെ അതിസംബോധനചെയ്‌ത്‌ സംസാരിക്കവെയാണ്‌ നരേന്ദ്ര മോദി ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ചത്‌.

ലോകത്തെ ഒരു സര്‍ക്കാരോ പാര്‍ട്ടിയോ എടുത്തിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും നാണംകെട്ട നിലപാടാണ്‌ ശബരിമലയിലെ സ്‌ത്രീപ്രവേശന വിഷയത്തില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ എടുത്തതെന്ന്‌ ചരിത്രം രേഖപ്പെടുത്തും എന്നായിരുന്നു മോദിയുടെ പ്രസ്‌താവന.

കേരള സര്‍ക്കാരിന്റെ ശബരിമലയിലെ നടപടി ചരിത്രത്തില്‍ ഇടംപിടിക്കുമെന്നും അധികാരത്തിലിരിക്കുന്ന സര്‍ക്കാരുകളുടെ നടപടിയില്‍ ഏറ്റവും നാണംകെട്ടതായി ഇതെന്നും പരമോന്നത നേതാവ്‌ പറയുന്നു...2002ലെ ഗുജറാത്തിലെ ഗവണ്‍മെന്റിന്റെ നടപടിയേക്കാളും നാണംകെട്ടതാണോ ഇത്‌...? - ഇതായിരുന്നു ഗുജറാത്ത്‌ കലാപത്തിന്റെ ചിത്രവും ഉള്‍പ്പെടുത്തി പ്രകാശ്‌ രാജിന്റെ പ്രതികരണം.

ശബരിമല വിഷയത്തില്‍ മോദി യുഡിഎഫിനേയും വിമര്‍ശിച്ചിരുന്നു.
അതേസമയം, സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുള്ള ഇടതു സര്‍ക്കാര്‍ അത്‌ നടപ്പാക്കിയതിനെതിരെ രാജ്യത്തെ പ്രധാനമന്ത്രി വിമര്‍ശിച്ചതില്‍ വലിയ എതിര്‍പ്പും ഉയര്‍ന്നിട്ടുണ്ട്‌.

സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ഇക്കാര്യം ചര്‍ച്ചയാകുന്നുമുണ്ട്‌. ഇതിനിടെയാണ്‌ പ്രകാശ്‌ രാജും മോദിയെ ട്രോളി രംഗത്തെത്തിയിരിക്കുന്നത്‌.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗളൂരുവില്‍ നിന്ന്‌ മത്സരിക്കാന്‍ ഒരുങ്ങുകയാണ്‌ പ്രകാശ്‌ രാജ്‌. മോദിക്കെതിരെ നിരന്തരം വിമര്‍ശനമുയര്‍ത്തുകയും സംഘപരിവാര്‍ നിലപാടുകള്‍ക്ക്‌ എതിരെ ശക്തമായി നിലകൊള്ളുകയും ചെയ്യുന്ന നടന്‍ കൂടിയാണ്‌ പ്രകാശ്‌ രാജ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക