Image

ഹനാന്‌ വീണ്ടും അപകടം

Published on 16 January, 2019
 ഹനാന്‌ വീണ്ടും അപകടം
കൊച്ചി:പഠനത്തിനിടെ മീന്‍ വില്‍പ്പന നടത്തി ഉപജീവനമാര്‍ഗം കണ് ടെത്തിയ പെണ്‍കുട്ടി ഹനാന്‍ ദുരിതപര്‍വ്വങ്ങള്‍ നീന്തിക്കയറി മലയാളികളുടെ മാനസപുത്രിയായി മാറിയ പെണ്‍കുട്ടിയാണ്‌.

പ്രതിസന്ധികളോട്‌ നിരന്തരം മല്ലടിക്കുന്നഹനാന്‍ പുതിയ തലമുറയ്‌ക്കൊരു മാതൃകയാണ്‌.


തനിക്ക്‌ നേരെ നീണ്ട സഹായ ഹസ്‌തങ്ങളുടെ കരുതലില്‍ പുതിയ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടെയാണ്‌ കഴിഞ്ഞ സെപ്‌റ്റംബറില്‍ കാര്‍ അപകടത്തില്‍ ഹനാന്‌ ഗുരുതരമായി പരുക്കേല്‍ക്കുന്നത്‌.

മൂന്ന്‌ ഉദ്‌ഘാടനച്ചടങ്ങുകള്‍ക്ക്‌ ശേഷം കോഴിക്കോട്‌ നിന്ന്‌ മടങ്ങുകയായിരുന്ന ഹനാന്‌ കൊടുങ്ങല്ലൂരില്‍ വെച്ചാണ്‌ അപകടം സംഭവിക്കുന്നത്‌.


നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചായിരുന്നു അപകടം സംഭവിക്കുന്നത്‌. ഹനാന്റെ നട്ടെല്ലിന്‌ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്‌തു. ഹനാനെ അടിയന്തിര ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയമാക്കി.

മാസങ്ങള്‍ നീണ്ട ചികിത്സകള്‍ക്കും വിശ്രമത്തിനും ഒടുവിലാണ്‌ ഹനാന്‍ സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചുവരുന്നത്‌.

മാസങ്ങളോളം വീല്‍ച്ചെയറിലായിരുന്നു ഹനാന്‍.മുറിവുകള്‍ ഭേദമായി വരുന്നതെയുള്ളു. ഇതിനിടയില്‍ ഹനാന്‌ വീണ്ടും അപകടം സംഭവിച്ചിരിക്കുകയാണ്‌.


അപൂര്‍വ്വ മനക്കരുത്തുള്ള പെണ്‍കുട്ടിയാണ്‌ ഹനാന്‍ എന്നാണ്‌ ചികിത്സിച്ച ഡോക്ടര്‍മാര്‍ പോലും ഹനാനെക്കുറിച്ച്‌ പറഞ്ഞത്‌. നട്ടെല്ലിന്‌ പരുക്കേറ്റവര്‍ ഇത്രവഗം എഴുന്നേറ്റ്‌ നടക്കുന്നത്‌ അപൂര്‍വ്വമാണെന്നാണ്‌ ഡോക്ടര്‍ പറഞ്ഞത്‌.


പുതിയൊരു സംരഭവവുമായാണ്‌ അപകടത്തില്‍ നിന്നും ഹനാന്‍ ഉയര്‍ത്തെഴുന്നേറ്റത്‌. ആദ്യം മീന്‍ വില്‍പ്പന നടത്തിയ തമ്മനം ജംഗ്‌ഷനില്‍ തന്നെയാണ്‌ ഇത്തവണയും കച്ചവടം. മിനിവാനില്‍ തുടക്കം കുറിച്ച സംരഭത്തിന്റെ പേര്‌ വൈറല്‍ ഫിഷ്‌ എന്നാണ്‌.

നടന്‍ സലീം കുമാറാണ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. പ്രതിസന്ധികളെ അതിജീവിച്ച്‌ യാത്ര തുടരുന്നതിനിടയിലാണ്‌ ഹനാന്‌ വീണ്ടും അപകടം.

വരാപ്പുഴ മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങി പോകുന്നതിനിടെ കാറിന്റെ ഡോര്‍ തലയ്‌ക്ക്‌ ഇടിച്ചാണ്‌ അപകടം സംഭവിച്ചിരിക്കുന്നത്‌. ചൊവ്വാഴ്‌ച ഉച്ചയോടെയാണ്‌ അപകടം നടക്കുന്നത്‌.


കലൂര്‍ ഭാഗത്ത്‌ കച്ചവടം നടത്താനായി വരാപ്പുഴയില്‍ നിന്നും മൊത്തമായി മീന്‍ വാങ്ങി പെട്ടിയിലാക്കി വാഹനത്തില്‍ കയറ്റുന്നതിനിടെ, വാഹനത്തിന്റെ പിന്‍വശത്തെ ഡോര്‍  തലയുടെ പിന്‍ഭാഗത്ത്‌ ഇടിയ്‌ക്കുകയായിരുന്നു.


ശക്തമായി തലയില്‍ അടിയേറ്റതിനെ തുടര്‍ന്ന്‌ തലമുറിഞ്ഞ്‌ ചോരയൊഴുകി. കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ ഹനാനെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കി. വേദന കുറയാത്തതിനാല്‍ ആംബുലന്‍സില്‍ ഇടപ്പള്ളിയിലെ ആശുപത്രിയില്‍ എത്തിച്ചു.


ഹനാന്റെ മുറിവ്‌ ഗുരുതരമല്ലെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍.  കാറപകടത്തില്‍ നട്ടെല്ലിനുണ്ടായ പരുക്കിനെ തുടര്‍ന്ന്‌ ബെല്‍റ്റ്‌ കെട്ടിയാണ്‌ ഹനാന്‍ മീന്‍ കച്ചവടം നടത്തുന്നത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക