Image

മുംബൈ വിമാനത്താവളത്തിലെ റണ്‍വേകള്‍ 22 ദിവസം അടച്ചിടും

Published on 16 January, 2019
മുംബൈ വിമാനത്താവളത്തിലെ റണ്‍വേകള്‍ 22 ദിവസം അടച്ചിടും

മുംബൈ: ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടു റണ്‍വേകള്‍ അറ്റകുറ്റപ്പണികള്‍ക്കായി 22 ദിവസം ഭാഗികമായി അടച്ചിടും. ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച്‌ 30 വരെയാണ്‌ റണ്‍വേകള്‍ അടയ്‌ക്കുക.

ഇത്രയും ദിവസം ദിനംപ്രതി 240 വിമാന സര്‍വീസുകള്‍ വരെ മുടങ്ങും. ഈ സാഹചര്യം കണക്കിലെടുത്ത്‌ സീറ്റ്‌ റിസര്‍വ്‌ ചെയ്‌ത യാത്രക്കാര്‍ക്ക്‌ റീഫണ്ട്‌ ഉറപ്പാക്കുമെന്നും സാധ്യമാണെങ്കില്‍ മറ്റു വിമാനങ്ങളിലേക്കു ടിക്കറ്റ്‌ മാറ്റി നല്‍കുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

22 ദിവസ കാലയളവില്‍ ഉള്‍പ്പെടുന്ന ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട്‌ അഞ്ചുവരെയുള്ള ആറു മണിക്കൂറാണ്‌ റണ്‍വേകള്‍ അടച്ചിടുക.

അതേസമയം, ഹോളി ഉത്സവവുമായി ബന്ധപ്പെട്ട യാത്രാത്തിരക്കു കണക്കിലെടുത്ത്‌ മാര്‍ച്ച്‌ 21ന്‌ വ്യാഴാഴ്‌ച റണ്‍വേകള്‍ അടച്ചിടില്ല.

അറ്റകുറ്റപ്പണിയുടെ പശ്ചാത്തലത്തില്‍ ചെറുവിമാനങ്ങള്‍ക്കു പകരം അധികം യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുന്ന വലിയ വിമാനങ്ങള്‍ സര്‍വീസിനിറക്കാന്‍ വിമാനക്കമ്പനികള്‍ ശ്രമിക്കുന്നത്‌ നന്നാകുമെന്ന്‌ വിമാനത്താവള വക്താവ്‌ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക