Image

പെസഹാ രഹസ്യത്തിലുള്ള പങ്കാളിത്തത്തിന്‍റെ ഉദാത്ത മാതൃകയാണ് മറിയമെന്ന് മാര്‍പാപ്പ

Published on 13 April, 2012
പെസഹാ രഹസ്യത്തിലുള്ള പങ്കാളിത്തത്തിന്‍റെ ഉദാത്ത മാതൃകയാണ് മറിയമെന്ന് മാര്‍പാപ്പ
ക്യാസില്‍ ഗണ്ടോള്‍ഫോ: അവധി ദിനങ്ങളാണല്ലോ ഇത്. എന്നാല്‍ ആഘോഷത്തിന്‍റേയും അവധിയുടേയും കേന്ദ്രം, വിശ്വാസത്തിന്‍റെ കാതലായ ക്രിസ്തുവിന്‍റെ തിരുവുത്ഥാനമാണ് എന്ന കാര്യം മറന്നു പോകരുത്. വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുന്നതു നല്ലതാണ്.

“ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്, നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥമാണ്.” (1 കൊറി. 15, 14). ക്രിസ്തുവിന്‍റെ ഉത്ഥാനത്തെക്കുറിച്ച് നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിരിക്കുന്നത് ഈ ദിവസങ്ങളില്‍ വായിക്കേണ്ടതാണ്.

ലോക ചരിത്രത്തെ മാറ്റിമറിക്കുകയും ഓരോ മനുഷ്യന്‍റെയും ജീവിതത്തിന് അര്‍ത്ഥം നല്കുകയും ചെയ്യുന്ന, ഉത്ഥിതനായ ക്രിസ്തുവും അവിടുത്തെ ശിഷ്യന്മാരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിവരണങ്ങളും അത്ഭുതാവഹമായ സംഭവങ്ങളുമാണ് നാം അവിടെ ധ്യാനിക്കുന്നത്.
ക്രിസ്തു എങ്ങനെ ഉയിര്‍ത്തെഴുന്നേറ്റുവെന്ന്
രും വിവരിക്കുന്നില്ല. അയാഥാര്‍ത്ഥ്യമായതിനാല്‍ അല്ല, മറിച്ച് മാനുഷിക ബുദ്ധിക്കും അറിവിനും അഗ്രാഹ്യമായതിനാല്‍ അത് ഇന്നും നിഗൂഢമായിരിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്നതും മനുഷ്യനേത്രങ്ങളെ അന്ധമാക്കുന്നതുമായ
പ്രകാശ ധാരയായിട്ടാണ് ഉത്ഥാനം വിവരിക്കപ്പെട്ടിട്ടുണ്ട്. സുവിശേഷകന്മാരുടെ വിവരണം തുടങ്ങുന്നത്, അവിടുത്തെ മരണത്തിന്‍റെ സാബത്തുകഴിഞ്ഞ പ്രഭാതത്തിലാണ്. അതിരാവിലെ ക്രിസ്തുവിന്‍റെ ശവകുടീരത്തിലേയ്ക്കു പുറപ്പെട്ടുചെന്ന സ്ത്രീകള്‍ കല്ലറ തുറന്നു കിടക്കുന്നതും, അത് ശൂന്യമായിരിക്കുന്നതും കണ്ടു.

സുവിശേഷകനായ മത്തായി ഉത്ഥാന വേളയിലുണ്ടായ ഭൂമികുലുക്കവും കല്ലറയുടെ കല്ല് ഉരുട്ടിമാറ്റിയിട്ട് അതിന്‍റെ മുകളില്‍ ഇരുന്ന ദൈവദൂതനെയും കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട് (മത്തായി 28, 2). ഉത്ഥാനത്തെക്കുറിച്ച് ദൈവദൂതനില്‍നിന്നും കേട്ട വാര്‍ത്തയുമായി സ്ത്രീകള്‍ സന്തോഷഭരിതരായി ശിഷ്യന്മാരുടെ പക്കലേയ്ക്ക് ഓടി. എന്നാല്‍ മാര്‍ഗ്ഗമദ്ധ്യേ അവര്‍ ഉത്ഥിതനെ കണ്ടു. അവര്‍ അവിടുത്തെ പാദങ്ങളില്‍ വീണ് നമസ്ക്കരിച്ചു. അപ്പോള്‍
ക്രിസ്തു അവരോടു പറഞ്ഞു. “ഭയപ്പെടേണ്ടാ, നിങ്ങള്‍ ചെന്ന് എന്‍റെ സഹോദരന്മാരോട് ഗലീലിയിലേയ്ക്കു പോകണമെന്നും അവിടെ അവര്‍ എന്നെ കാണുമെന്നും പറയുക.”
(മത്തായി 28, 10).

ക്രിസ്തുവിന്‍റെ മരണ മുഹൂര്‍ത്തത്തിലെന്നപോലെ തിരുവുത്ഥാന പ്രത്യക്ഷീകരണങ്ങളിലുമുള്ള സ്ത്രീകളുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. ഇസ്രായേലില്‍ സ്ത്രീകളുടെ വാക്കിനും മൊഴിക്കും നിയമ സാധുതയില്ലാത്തൊരു കാലത്താണ് ക്രൈസ്തവ സമൂഹത്തിന്‍റെ വിശ്വാസ ജീവിതത്തിലെ കാതലായ സംഭവങ്ങളില്‍ സ്ത്രീകള്‍ പങ്കുചേരുന്നത്. ഇത് സഭയുടെ ആരംഭത്തില്‍ മാത്രമല്ല എല്ലാ യുഗങ്ങളിലുമുള്ള ക്രൈസ്തവ സമൂഹത്തിന്‍റെ പാരമ്പര്യമായി തുടരുകയാണ്.
.
ക്രിസ്തുമായുള്ള വ്യക്തി ബന്ധത്തിന്‍റേയും പെസഹാ രഹസ്യത്തിലുള്ള പങ്കാളിത്തത്തിന്‍റേയും ഉദാത്തമായ മാതൃക, തീര്‍ച്ചയായും അവിടുത്തെ അമ്മ മറിയം തന്നെയാണ്. തന്‍റെ തിരുക്കുമാരന്‍റെ പുറപ്പാടിലും രൂപാന്തരീകരണത്തിലുമുള്ള പങ്കാളിത്തംവഴി മറിയം സഭയുടേയും ഓരോ വിശ്വാസിയുടേയും, വിശ്വാസ സമൂഹങ്ങളുടേയും അമ്മയായി തീരുന്നു.
“സ്വര്‍ല്ലോക രാജ്ഞയേ ആനന്ദിച്ചാലും,” എന്ന തിരുവുത്ഥാന കാലത്തെ ത്രികാല പ്രാര്‍ത്ഥന ഉരുവിട്ടുകൊണ്ട് നമുക്ക് പരിശുദ്ധ കന്യകാ മറിയത്തിലേയ്ക്കു തിരിയാം. സമാധാന ദാതാവും പ്രത്യാശയുടെ സ്രോതസ്സുമായ ക്രിസ്തുവിന്‍റെ സജീവ സാന്നിദ്ധ്യം നമ്മുടെ ജീവിതങ്ങളില്‍ അനുഭവിക്കാന്‍ പരിശുദ്ധ കന്യകാ മറിയം സഹായിക്കട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക