Image

എല്ലാവര്‍ക്കും വിദഗ്ദ്ധ പരിശോധന; ഫോമയുടെ മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് തുടക്കമാകുന്നു

അനില്‍ പെണ്ണുക്കര Published on 11 January, 2019
എല്ലാവര്‍ക്കും വിദഗ്ദ്ധ പരിശോധന; ഫോമയുടെ മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് തുടക്കമാകുന്നു
'എല്ലാവര്‍ക്കും വിദഗ്ദ്ധ പരിശോധന ' എന്ന ലക്ഷ്യത്തോടെ ഫോമ കേരളത്തില്‍ ഏഴ് മെഗാ മെഡിക്കല്‍ ക്യാമ്പിന് തുടക്കമിടുന്നു.

ആശുപത്രികളിലെ തിരക്കോ ബഹളമോ ഇല്ലാതെ എല്ലാവര്‍ക്കും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ചികിത്സ ഉറപ്പാക്കുന്ന മെഡിക്കല്‍ ക്യാമ്പുകള്‍, അതും കേരളത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ആളുകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന സ്ഥലങ്ങളില്‍.

നമ്മുടെ നാട്ടിലെ ആശുപത്രികളില്‍ പലപ്പോഴും മണിക്കൂറുകളോളം ക്യൂ നിന്നാണ് ഡോക്ടര്‍മാരെ കാണാന്‍ രോഗികള്‍ക്ക് സാധിക്കുന്നത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ കാണാന്‍ അതിലും പ്രയാസമാണ്. ഇത്തരം ബുദ്ധിമുട്ടുകളൊക്കെ ഒഴിവാക്കി സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്ന മെഗാമെഡിക്കല്‍ ക്യാമ്പ് രോഗികള്‍ക്ക് വലിയ ആശ്വാസമാകും

അമേരിക്കയില്‍ ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന 'ലെറ്റ് ദം സ്‌മൈല്‍ ' എന്ന സംഘടനയുടെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന ഒരു മെഡിക്കല്‍ ടീമായിരിക്കും ഈ ക്യാമ്പുകള്‍ മാനേജ് ചെയ്യുക.

വിദഗ്ധരായ സ്‌പെഷ്യലിസ്റ്റ് ഡോക്ടറുമാരുടെ സേവനം ലഭ്യമാക്കുന്ന വലിയ ഉത്തരവാദിത്വമാണ് ഫോമയ്ക്കും, ലറ്റ് ദം സ്‌മൈല്‍ പ്രവര്‍ത്തകര്‍ക്കും ഉള്ളത്. പലതരം രോഗങ്ങള്‍കൊണ്ട് വര്‍ഷങ്ങളായി ബുദ്ധിമുട്ടുന്നവര്‍ക്കും മെഡിക്കല്‍ ക്യാമ്പുകള്‍ ഏറെ ആശ്വാസകരമായിരിക്കും.

ഹൃദ്രോഗം, വൃക്കരോഗം, ക്യാന്‍സര്‍, അസ്ഥിരോഗം, ഇഎന്‍ടി, നേത്രരോഗം, ശിശുരോഗം, ദന്തല്‍, നെഞ്ച്രോഗം, ഉദരരോഗം, ന്യൂറോ, ജനറല്‍ മെഡിസിന്‍, കൌണ്‍സലിങ് തുടങ്ങി വിവിധ പ്രത്യേക വിഭാഗങ്ങളിലെ സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാര്‍ ക്യാമ്പിലെത്തും.

രോഗികള്‍ക്ക് വിദഗ്ധ പരിശോധന നടത്തി
പ്രീ ക്യാമ്പുകളില്‍ വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്ന് കണ്ടെത്തിയവരാണ് മെഗാ ക്യാമ്പില്‍ പങ്കെടുക്കുന്നത്. തിരുവല്ല, മലപ്പുറം, പാലക്കാട്, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഏഴ് കേന്ദ്രങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ കുമ്പനാട് സംഘടിപ്പിക്കുന്ന ക്യാമ്പില്‍ നേത്ര രോഗത്തില്‍ വലയുന്ന രോഗികള്‍ക്ക് സൗജന്യ ഓപ്പറേഷന്‍ ക്യാമ്പിന്റെ ഭാഗമായി നടത്തുന്നുണ്ട്.

ഫോമയുടെ പ്രസ്റ്റീജ് പ്രോജക്ടായ ഫോമോ വില്ലേജ് പ്രോജക്ടിന് തുടക്കം കുറിക്കുന്ന തിരുവല്ലയിലാണ് ആദ്യ മെഡിക്കല്‍ ക്യാമ്പ് നടക്കുക. നാളെ രാവിലെ ഫോമാ പ്രസിഡന്റ് ഫിലിപ് ചാമത്തിലിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ പദ്ധതി പ്രദേശമായ ട്രാവന്‍കൂര്‍ ഷുഗര്‍ ഫാക്ടറിക്ക് സമീപമുള്ള ഓഡിറ്റോറിയത്തില്‍ തിരുവല്ല ഡി .വൈ .എസ്.പി ജെ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും.

കടപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്, തിരുവല്ല താലൂക്ക് അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് ആര്‍.സനല്‍കുമാര്‍ ഫോമാ പ്രസിഡന്റ് ഫിലിപ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം , ജോ. ട്രഷറാര്‍ ജയിന്‍ കണ്ണച്ചാന്‍ പറമ്പില്‍, ഫണ്ട് റെയ്‌സിംഗ് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ് , തിരുവല്ല പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍, അനില്‍ ഉഴത്തില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും വലിയ കുട പിടിച്ച് നമ്മുടെയടുത്തേക്ക് ഓടി വരുന്ന സംഘടനയാണ് ഫോമ. ഇവിടേയും ഫോമ ആ വലിയ കുട കേരളത്തിലെ രോഗാതരരായ മനുഷ്യര്‍ക്കായി ഉയര്‍ത്തി പിടിച്ചിരിക്കുന്നു. നമുക്ക്, ഇനിയും കരുണ വറ്റാത്ത സുമനസ്സുകള്‍ക്ക് ഈ പദ്ധതിക്കൊപ്പം കൂടാം..
എല്ലാവര്‍ക്കും വിദഗ്ദ്ധ പരിശോധന; ഫോമയുടെ മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് തുടക്കമാകുന്നുഎല്ലാവര്‍ക്കും വിദഗ്ദ്ധ പരിശോധന; ഫോമയുടെ മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് തുടക്കമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക