Image

നവയുഗം തുണച്ചു; ദുരിതപര്‍വ്വം താണ്ടി മലയാളി വനിത നാട്ടിലേയ്ക്ക് മടങ്ങി

Published on 08 January, 2019
നവയുഗം തുണച്ചു; ദുരിതപര്‍വ്വം താണ്ടി മലയാളി വനിത നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ജോലിസ്ഥലത്തെ ദുരിതങ്ങള്‍ കാരണം വലഞ്ഞ മലയാളി, വനിതഅഭയകേന്ദ്രത്തില്‍ ന്നും നവയുഗം സാംസ്‌ക്കാരികവേദിയുടെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനിയായ സുകന്യദേവി ആറുമാസം മുന്‍പാണ് ദമ്മാമിലെ ഒരു വീട്ടില്‍ വീട്ടുജോലിയ്ക്ക് എത്തിയത്. എന്നാല്‍ ജോലിസ്ഥലത്തെ സാഹചര്യങ്ങള്‍ മോശമായിരുന്നു. രാപകല്‍ പന്ത്രണ്ടു മണിക്കൂറില്‍ അധികം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നു. അനാവശ്യമായ ശകാരവും, കുത്തുവാക്കുകളും കേള്‍ക്കേണ്ടി വന്നതായും, മതിയായ ആഹാരമോ, വിശ്രമമോ കിട്ടാതെ ആരോഗ്യം ക്ഷയിച്ചതായും സുകന്യദേവി പറയുന്നു. കൂനിന്മേല്‍ കുരു പോലെ നാല് മാസത്തെ ശമ്പളം കിട്ടിയതുമില്ല.

സഹികെട്ട സുകന്യദേവി, ഒരു പരിചയക്കാരന്‍ ഉപദേശിച്ചത് അനുസരിച്ച്, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകയായ മഞ്ജു മണിക്കുട്ടനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ പറഞ്ഞ് സഹായം അഭ്യര്‍ത്ഥിച്ചു. ശമ്പളം കിട്ടിയില്ലെങ്കിലും സാരമില്ല, എങ്ങനെയും നാട്ടിലേയ്ക്ക് മടങ്ങിയാല്‍ മതിയെന്ന നിലപാടിലായിരുന്നു സുകന്യദേവി.

മഞ്ജു മണിക്കുട്ടന്‍ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കൊപ്പം സൗദി പോലീസിന്റെ സഹായം തേടി. പോലീസ് സുകന്യദേവിയെ ആ വീട്ടില്‍ നിന്നും കൊണ്ടുപോയി, ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് ചെന്നാക്കി.

മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും സുകന്യ ദേവിയുടെ സ്പോണ്‍സറെ പലപ്രാവശ്യം ബന്ധപ്പെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്ക് ഒടുവില്‍, സുകന്യദേവിയ്ക്ക് ഫൈനല്‍ എക്‌സിറ്റും, കുടിശ്ശികയായ നാല് മാസത്തെ ശമ്പളവും നല്‍കാമെന്ന് സ്‌പോണ്‍സര്‍ സമ്മതിച്ചു.

നവയുഗം വനിതാവേദി സുകന്യദേവിയ്ക്ക് വിമാനടിക്കറ്റ് കൈമാറി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി, വനിതാ അഭയകേന്ദ്രത്തിലെ ഒരു മാസത്തെ താമസം അവസാനിപ്പിച്ച്, സുകന്യദേവി നാട്ടിലേയ്ക്ക് മടങ്ങി.

ഫോട്ടോ: സുകന്യദേവി മഞ്ജു മണിക്കുട്ടനും, നവയുഗം വനിതാവേദി നേതാക്കള്‍ക്കും ഒപ്പം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക