Image

രാത്രി (കവിത: വൈഗ)

Published on 04 January, 2019
രാത്രി (കവിത: വൈഗ)
ഞാന്‍ ,
ഒരു രാത്രിയെ അറിയാന്‍
ശ്രമിക്കുകയാണ്
വഴിയരികില്‍ നില്‍ക്കുന്ന
കൂറ്റന്‍ ആല്‍മരം പോലെ.

ഇനിയാരുമെത്തുവാനില്ലെന്ന്
അല്പം മുമ്പാണ്
അവസാന വണ്ടി
കടന്നു പോയത്...

സൂര്യന്‍ ഉണങ്ങാനിട്ട്
എടുക്കാന്‍ മറന്നു പോയ
കൊച്ചു പാവാടയില്‍
രാത്രി കടന്നു കൂടാന്‍
ശ്രമിക്കും തോറും
അത് ചുരുങ്ങി
ഒടുവില്‍ കാണാതായത്...

പിന്നീട് ,
തന്റെ കരിങ്കുപ്പായത്തിനുള്ളില്‍
രാത്രിയ്ക്ക്,
അവയവം മുഴുത്തത്...

ഉറക്കമില്ലാത്ത
ഏട്ടനെപ്പോലെ
കാറ്റ് ,
റോന്തുചുറ്റിയത്...

ആകാശത്തു നിന്നും
ഓടിപ്പോന്ന ഭൂമി
പിന്തിരിഞ്ഞിരുന്ന്
നിഴലിടങ്ങളില്‍
ഇരുള്‍ ചേര്‍ത്തു കെട്ടിയത് ...

ഇങ്ങനെയെല്ലാം ...

ഞാന്‍ ,
ഒരു രാത്രിയെ അറിയാന്‍
ശ്രമിക്കുകയാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക