Image

2018 വിടവാങ്ങുമ്പോള്‍ നവകേരളത്തിന് കരുതലായി ഇവര്‍ (അനില്‍ പെണ്ണുക്കര )

Published on 02 January, 2019
2018 വിടവാങ്ങുമ്പോള്‍  നവകേരളത്തിന് കരുതലായി ഇവര്‍  (അനില്‍ പെണ്ണുക്കര )
2018 ആഗസ്ത് 15 മുതലുള്ള കേരളത്തിന്റെ ദിനങ്ങള്‍ അത്ര രസകരമായിരുന്നില്ല .ഒരു മഹാ പ്രളയവും ഉരുള്‍ പൊട്ടലും കേരളത്തെ വിഴുങ്ങിയ ദിവസങ്ങള്‍. കേരള ജനത സഹായത്തിനും കരുതലിനും നെട്ടോട്ടമോടിയ ദിനങ്ങള്‍ . ലോകത്തിന്റെ എല്ലാ കോണില്‍ നിന്നുംസഹായം ഒഴുകിയെത്തിയ ദിവസങ്ങള്‍. ആശ്വാസ വാക്കുകളുമായി കേരള ജനതയെ നെഞ്ചോട് ചേര്‍ത്ത ലോക മലയാളികള്‍ .കേരളത്തിന്റെ ആവശ്യങ്ങള്‍ക്കൊപ്പം ഓടിനടന്ന സജ്ജനങ്ങള്‍. പേരുകള്‍ നിരവധിയാണ് . പക്ഷെ ഇപ്പോഴും പ്രളയാനന്തര കേരളത്തെ പഴയ കേരളമാക്കി മാറ്റുവാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സജീവമായി നിലകൊള്ളുന്ന നിരവധി വ്യക്തിത്വങ്ങള്‍ അമേരിക്കന്‍ മലയാളി സമൂഹത്തിലുണ്ട് . 2019 ലേക്ക് കടക്കുമ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ മലയാളി സമൂഹം ആദരവോട് സ്മരിക്കേണ്ടതുണ്ട് .

നോയല്‍ മാത്യു
-------------------------
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷന്‍ ആയ ഫോമയുടെ കമ്മിറ്റി അംഗവും ,ഫ്‌ലോറിഡ മലയാളി യുവ സമൂഹത്തിന്റെ പരിച്ഛേദവുമായ നോയല്‍ മാത്യു കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക അവസ്ഥകളെ മാറ്റിമറിച്ച മഹാ പ്രളയത്തില്‍ വീടുകളും വസ്തുക്കളും നഷ്ടപ്പെട്ട ഇരുപത്തിയഞ്ചു കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുവാനുള്ള ഭൂമി ദാനമായി നല്‍കിയിരിക്കുകയാണ് നോയല്‍ മാത്യു. അദ്ദേഹം നല്‍കിയ ഭൂമിയില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കി ഒരു ഗ്രാമം പണിയുവാന്‍ ഫോമാ കൂടി രംഗത്തുവന്നതോടെ കേരളത്തിന്റെ പ്രളയക്കെടുതിയില്‍ ഹൃദയം തൊട്ടുള്ള സഹായത്തിനാണ് നോയലും ,ഫോമയും കൈകോര്‍ക്കുന്നത് .

കോഴിക്കോട് സ്വദേശിയായ നോയല്‍ ഭൂമി നല്‍കിയത് കോഴിക്കോട്, വയനാട് ,മലപ്പുറം ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തുള്ള ഭൂമിയാണ് വീടുകള്‍ നിര്‍മ്മിക്കുവാനായി നല്‍കിയത് .വയനാട്ടില്‍ മഹാപ്രളയം ഉണ്ടാക്കിയ നാശ നഷ്ടത്തില്‍ നിരവധി ആളുകള്‍ക്കാണ് ഭൂമിയും,വീടും വസ്തു വകകളും നഷ്ടപ്പെട്ടത് ,മലപ്പുറം ജില്ലയുടെയും ,കോഴിക്കോട് ജില്ലയുടെയും ചില ഭാഗങ്ങളെയും പ്രളയം വിഴുങ്ങിയിരുന്നു.ഈ മുന്ന് ജില്ലയിലെയും ,പ്രളയക്കെടുതിയില്‍ ഭൂമിയും വീടും നഷ്ടപ്പെട്ട മറ്റു ജില്ലകളിലെ നിര്‍ധനരായവര്‍ക്കും കൂടി ഇവിടെ വീടുകള്‍ നിര്‍മ്മിക്കുവാനുള്ള രീതിയിലാണ് ഈ പദ്ധതിക്ക് തുടക്കമാകുന്നത് .ഒരു പക്ഷെ അമേരിക്കയില്‍ നിന്നും നവ കേരളത്തിന് വേണ്ടി ലഭിക്കുന്ന ആദ്യ സഹായമായിരുന്നു ഇത് .

കേരളം സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ മുന്‍ സെക്രട്ടറിയും മികച്ച സാമൂഹ്യ പ്രവര്‍ത്തകനും കൂടിയാണ് നോയല്‍ മാത്യു .2017 സെപ്റ്റംബറില്‍ ഇര്‍മ ചുഴലിക്കാറ്റ് ഫ്‌ളോറിഡയെ പിടിച്ചുകുലുക്കുകയും നിരവധി നാശനഷ്ടങ്ങള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി കുടുംബങ്ങള്‍ക്ക് ഉണ്ടായപ്പോള്‍ നോയലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ദുരിതാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ,ഓരോ വീടുകളിലുമേത്തി വീടും പരിസരവും വാസയോഗ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത് ഫ്‌ലോറിഡയിലെ ജനങ്ങള്‍ മറക്കാനിടയില്ല.

സാമൂഹ്യപ്രവര്‍ത്തനത്തോടൊപ്പം തന്നെ തികഞ്ഞ ഒരു കലാകാരന്‍ കൂടിയാണ് നോയല്‍.മികച്ച ഒരു പെര്‍ക്കഷനിസ്റ്റ് എന്ന നിലയിലും അദ്ദേഹം അറിയപ്പെടുന്നു.ഫ്‌ലോറിഡയിലെ ഒരു സംഗീത ബാന്‍ഡിലെ ഒരംഗം കൂടിയാണ് നോയല്‍ .അറിയപ്പെടുന്ന സംഗീതഞ്ജയനായ സ്റ്റീഫന്‍ ദേവസിയുടെ അമേരിക്കന്‍ പ്രോഗ്രാമുകളില്‍ ഒപ്പം കൂടുവാന്‍ നോയലുമുണ്ടാകും,അങ്ങനെ നല്ല കലാകാരന്‍ ഒരു മനുഷ്യ സ്നേഹികൂടിയാണെന്നു ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് .

ബിന്ദു ഫെര്‍ണാണ്ടസ്
-----------------------------------
അമേരിക്കയില്‍ ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ബിന്ദു ഫെര്‍ണാണ്ടസ് എന്ന ഒറ്റയാള്‍ സാമൂഹ്യ പ്രവര്‍ത്തക തന്റെ സഹായ ഹസ്തം കേരളത്തിലെ സാധാരണക്കാര്‍ക്ക് കരുതലായി നല്‍കിയിട്ട് വര്‍ഷങ്ങള്‍ ആയി.വയനാട്ടില്‍ ആദിവാസി മേഖലയിലും ,കാസര്‍കോഡ് എന്‌ടോസള്ഫാന് മേഖലയിലും സജീവമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനിടയിലാണ് പ്രളയക്കെടുതി കേരളത്തെ വേട്ടയാടുന്നത് .മലയോര മേഖലയില്‍ പ്രളയക്കെടുതികള്‍ക്ക് ശേഷം താമസം സാധ്യമാകാതെ വന്നപ്പോള്‍ കുറച്ചു കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിനായിവീടുകള്‍ വാടകയ്ക്കെടുത്തു നല്‍കി താല്‍ക്കാലികമായി അവരെ പുനരധിവസിപ്പിക്കുകയും,അവര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിച്ചു കൊടുക്കുകയും ചെയ്തു.ഫേസ് ബുക്ക് എന്ന പ്ലാറ്റുഫോമിലൂടെ 'കാനാ'എന്ന കൂട്ടായ്മ ഉണ്ടാക്കിയാണ് ബിന്ദു തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് .ഉരുള്‌പൊട്ടലിലും പ്രളയത്തിലും എല്ലാം നഷ്ടപ്പെട്ട് ഒരു വാടക വീട്ടിലേക്ക് വന്നപ്പോള്‍ പലരുടെയും കയ്യില്‍ ഒന്നുമുണ്ടായിരുന്നില്ല .അങ്ങനെ ആണ് പുതിയ ഒരാശയത്തിനു ബിന്ദു രൂപം നല്‍കിയത് .'കലവറ'.

കോഴിക്കോട് നഗരത്തില്‍ ഒരു വീട് വാടകയ്ക്കെടുത്ത് ഒരു 'കലവറ' ഒരുക്കുന്നു .ഓരോ വീട്ടിലെയും ആവശ്യമില്ലാത്ത എന്നാല്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ സാധനങ്ങള്‍ കാനയുടെ കലവറ സംഭാവനയായി സ്വീകരിക്കുന്നു. ഇല്ലായ്മയുടെ വല്ലായ്മയില്‍ അവശരായവര്‍ക്ക് ആ സാധനങ്ങള്‍ പുത്തന്‍കോടിയായി കാനയുടെ യുടെ പ്രവര്‍ത്തകര്‍ എത്തിക്കും .ഒരു സോപ്പ് മുതല്‍ എന്തുമാകാം .തെരുവില്‍ തണുത്തുവിറച്ചു കിടന്നുറങ്ങുന്ന ഒരു ഭിക്ഷാടകന് തണുപ്പ് മാറ്റാന്‍ ഒരു പുതപ്പ് .അങ്ങനെ മനുഷ്യന് ആവശ്യമുള്ളതെല്ലാം കാന സ്വീകരിക്കുന്നു .അവ കലവറയില്‍ സൂക്ഷിക്കുകയും ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയും ചെയ്യും .ഒരു ദുരന്തമുണ്ടാകുമ്പോള്‍ അവിടെ ഓടിയെത്തുവാന്‍ 'കാന' യുണ്ടാകുമെന്നു ബിന്ദു ഫെര്‍ണാണ്ടസ് നമുക്ക് ഉറപ്പു നല്‍കുകയാണ് ഈ സത്കര്‍മ്മത്തിലൂടെ .

കോഴിക്കോട് ഗവണ്മെന്റ് സര്‍വീസില്‍ നഴ്സായി തുടങ്ങിയ കരിയര്‍ ജീവിതം അമേരിക്കയിലെ ഹൂസ്റ്റണില്‍ വരെ എത്തിയതിനു പിന്നില്‍ ബിന്ദു ഫെര്‍ണാണ്ടസിന്റെ കഠിനാധ്വാനം മാത്രമല്ല ബിന്ദുവിന്റെ സഹായപ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന നൂറുകണക്കിനാളുകളുടെ പ്രാര്‍ത്ഥനകൊണ്ട് കൂടിയാണ്.

രാജി മേനോന്‍
-------------------------
കാലിഫോര്‍ണിയയില്‍ വ്യത്യസ്ത ജോലികളിലേര്‍പ്പെട്ട് വ്യത്യസ്ത ജീവിതസാഹചര്യങ്ങളുള്ള ഒരു കൂട്ടം വനിതകള്‍ നടത്തുന്ന സംഘടനയാണ് 'പുണ്യം'.ഈ സംഘടനയുടെ കോ-ഫൗണ്ടറും, പ്രസിഡന്റുമായ രാജി മേനോന്‍ ജോലി,ജീവിത തിരക്കിനിടയില്‍ കേരളത്തിലെ അശരണരായിട്ടുള്ള സാധാരണ ജനങ്ങള്‍ക്ക് വേണ്ടി പുണ്യം ചാരിറ്റിയെ സജീവമാക്കി നിര്‍ത്തുന്നതിലാണ് ശ്രദ്ധിക്കുന്നത് .വര്‍ഷങ്ങളായി ആലപ്പുഴ നഗരത്തില്‍ ഭക്ഷണം കഴിക്കാതെ അലയുന്ന ആളുകള്‍ക്ക് സഹായമായി പദ്ധതികള്‍,അട്ടത്തോട് ആദിവാസികള്‍ക്ക് ഒരുവര്‍ഷത്തേക്കു മാസം തോറും വേണ്ട ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന പ്രോജക്ട് ,അങ്ങനെ നിരവധി പരിപാടികള്‍ക്കിടയിലാണ് പ്രളയ ബാധിത സമൂഹത്തിനായി ഒരു പിടി പ്രോജക്ടുകളുമായി രംഗത്തെത്തിയത് .

കേരള സര്‍ക്കാരിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പുണ്യം സംഘടന നല്‍കിയ സഹായപ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. സ്വന്തമായുണ്ടായിരുന്നതെല്ലാം പ്രളയത്തില്‍ തകര്‍ന്ന് ജീവിതം വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു കേരളമൊട്ടുക്കും. എല്ലാം ഒന്നില്‍ നിന്ന് തുടങ്ങാന്‍ പലരുടെയും കൈത്താങ്ങിനായി കേരളം കാത്തുനില്‍ക്കുമ്പോള്‍ പുണ്യം അവര്‍ക്കായി എത്തി. കാലിഫോര്‍ണിയയിലെ അധ്വാനത്തിന്റെ ഒരു പങ്കും മറ്റു ചില അമേരിക്കന്‍ സംഘടനകളുടെ സംഭാവനയും ചേര്‍ത്ത് വെച്ച് ആ വനിതാ കൂട്ടായ്മ കേരളത്തിന് കൈത്താങ്ങായി.ഏകദേശം ഒരു കോടിയോളം രൂപ കേരളത്തിലെ പ്രളയബാധിതര്‍ക്കും, കാന്‍സര്‍ രോഗികള്‍ക്കുമായി പുണ്യം കണ്ടെത്തിക്കഴിഞ്ഞു .

പ്രളയം കൊണ്ടുപോയ പ്രദേശങ്ങള്‍ വീണ്ടെടുക്കുന്ന പദ്ധതികള്‍ക്കും പുണ്യം തുടക്കമിട്ടു .വിവിധ സ്ഥലങ്ങളില്‍ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പച്ചക്കറി കൃഷിയ്ക്ക് തുടക്കമിട്ടു .പ്രളയം വിഴുങ്ങിയ കുടുംബങ്ങളുടെ താല്‍ക്കാലിക പുനരധിവാസത്തിനായി വീടുകള്‍ നിര്‍മ്മിച്ച് നല്‍കി നവകേരള കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നു .മനുഷ്യത്വപരമായി സഹജീവികളോടുള്ള സഹാനുഭൂതിയും കരുണയുമാണ് ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് പ്രഥമമായ ആവശ്യം . അതിനായി പുണ്യത്തെ ഒരുക്കുക എന്ന ദൗത്യവും കാലിഫോര്‍ണിയയിലെ ഗുരുകുലം സ്‌കൂള്‍ ഉടമകൂടിയായ രാജീ മേനോനാണ്.

ലൗലി വര്‍ഗീസ്
------------------------
ലൗലി വര്‍ഗീസിനെ അറിയാത്തവാറായി അമേരിക്കയില്‍ ആരുമുണ്ടാവില്ല .നാലുവര്‍ഷക്കാലമായി മാധ്യമ ശ്രദ്ധ നേടിയ ഒരമ്മ .തന്റെ മകന്റെ ഘാതകനെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുവാന്‍ നടത്തിയ പോരാട്ടമാണ് മറ്റുള്ള അമ്മമാരില്‍ നിന്നും ലൗലി വര്‍ഗീസിനെ വ്യത്യസ്തയാക്കിയത് .മകന്റെ നീതിക്കുവേണ്ടി പോരാടുമ്പോളും ആ മകനെ ,മകന്റെ ഓര്‍മ്മകളെ സമൂഹത്തിന്റെ ഭാഗമാക്കി നിര്‍ത്തുവാന്‍ ലൗലി വര്‍ഗീസ് ശ്രദ്ധിച്ചിരുന്നു .

തന്റെ ഏക മകന്‍ പ്രവീണ്‍ വര്‍ഗീസിന്റെ ഓര്‍മ്മയില്‍ നിരവധി മത്സരങ്ങള്‍,സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയൊക്കെ സംഘടിപ്പിച്ചു .കേരളത്തെ പ്രളയം വേട്ടയാടിയപ്പോള്‍ കേരള സര്‍ക്കാരിന് മകന്റെ പേരില്‍ ഒരു നല്ല തുക സഹായമായി നല്‍കി .കൂടാതെ എടത്വായില്‍ ഉള്ള ചില കുടുംബങ്ങള്‍ക്കും,ദുരിതാശ്വാസ ക്യാമ്പുകള്‍ക്കും സഹായമെത്തിക്കുവാനും ,തുകലശേരി ,പാണ്ടനാട് സ്‌കൂളുകള്‍ക്ക് നോട്ട് ബുക്കുകള്‍ വിതരണം ചെയ്യുന്നതിനും സഹായമെത്തിക്കുകയുണ്ടായി .സര്‍ക്കാരിന്റെ സഹായം ലഭിക്കാതെ ബുദ്ധിമുട്ടനുഭവിച്ചുകൊണ്ടിരുന്ന കുടുംബങ്ങള്‍ക്കും ,കുട്ടികള്‍ക്കുമാണ് പ്രവീണ്‍ വര്‍ഗീസിന്റെ പേരിലുള്ള സഹായം എത്തിക്കുവാന്‍ സാധിച്ചത് .

തമ്പി ആന്റണി
---------------------------
അമേരിക്കന്‍ മലയാളികളില്‍ ഒരു നടന്‍ ഉണ്ടെങ്കില്‍ അത് തമ്പി ആന്റണി മാത്രമാണ് .ഇപ്പോള്‍ അദ്ദേഹം നടന്‍ മാത്രമല്ല അറിയപ്പെടുന്ന എഴുത്തുകാരന്‍ കൂടിയാണ് . കഥയെഴുത്തുകാരനായി മാറി മലയാള സാഹിത്യലോകത്ത് അറിയപ്പെടുന്നു എന്നതാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ സാഹിത്യ സാഹിത്യ രംഗത്തെ സവിശേഷത എങ്കില്‍ ഒരു പടി കൂടി അദ്ദേഹം മുന്നിലാണ് .കേരളത്തെ പ്രളയം ഇല്ലാതാക്കിയപ്പോള്‍ സര്‍ക്കാരിന് നല്‍കിയ സഹായം കൂടാതെ ഇടുക്കി ജില്ലയില്‍ ചില പ്രദേശത്ത് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വീടുകളുടെ പുനരുദ്ധാനത്തിന് വേണ്ട സഹായം നല്‍കുകയും ചെയ്തു.കൂടാതെ പ്രളയവും,ഉരുള്‍പൊട്ടലും ഇല്ലാതാക്കിയ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കായി ആയിരത്തിലധികം പുസ്തകങ്ങളുടെ ഒരു ശേഖരം വിവിധ സ്‌കൂളുകള്‍ക്കായി നല്‍കുന്ന 'അക്ഷരപുണ്യം 'പ്രോജക്ടിന് തുടക്കമിടയുകയും ചെയ്തു .
ആലപ്പുഴ ജില്ലയിലെ പാണ്ടനാട് ,മഴുക്കീര്‍ ,പുത്തന്‍കാവ് പത്തനം തിട്ട ജില്ലയിലെ തിരുവല്ല ,തലവടി,നിരണം സ്‌കൂളുകള്‍ ,മലപ്പുറം ജില്ലയിലെ പറപ്പൂര്‍ ,ഇന്ത്യനൂര്‍ സ്‌കൂള്‍ തുടങ്ങിയ സരസ്വതി ക്ഷേത്രങ്ങള്‍ക്കെല്ലാം പുസ്തകമാണ് കുരുന്നുകള്‍ക്കായി എത്തിച്ചു നല്‍കി.അടുത്ത ആഗസ്ത് പതിനഞ്ചു വരെ നീണ്ടു നില്‍ക്കുന്ന വലിയ ഒരു പ്രോജക്ടാണിത് .ഈ മാസം അവസാനം അമേരിക്കയില്‍ നിന്നും ഇംഗ്ലീഷ് പുസ്തകങ്ങള്‍ കൂടി അദ്ദേഹം വിവിധ സ്‌കൂളുകള്‍ക്കായി എത്തിച്ചു നല്‍കുന്നുണ്ട് .

മലയാളത്തിലെ മുന്‍ നിര സാഹിത്യകാരന്മാരുടെ ഇടയില്‍ തന്റേതായ ഒരു ഇരിപ്പിടം ഉണ്ടാക്കിയെടുത്ത തമ്പി ആന്റണി കേരളത്തിലെ പ്രളയ മേഖലയില്‍ കുഞ്ഞുങ്ങള്‍ക്കായി നടപ്പിലാക്കിയ അക്ഷരപുണ്യം എല്ലാ സാഹിത്യകാരന്മാര്‍ക്കും ഒരു മാതൃകയാകും എന്ന കാര്യത്തില്‍ സംശയമില്ല .അദ്ദേഹം മലയാള സാഹിത്യ തറവാട്ടിലെ നിത്യ സാന്നിധ്യം ആകുമ്പോള്‍ പുതു തലമുറ അദ്ദേഹത്തിന്റെ കഥകള്‍ വായിക്കുന്നതോടൊപ്പം വിശ്വ സാഹിത്യത്തിലേക്ക് തങ്ങള്‍ക്കായി ഒരു കിളിവാതില്‍ തുറന്നിട്ട എഴുത്തുകാരന്‍ എന്ന നിലയിലും കുട്ടികള്‍ ഓര്‍മ്മിക്കും .
ഇതെഴുതുമ്പോഴും ഈ അഞ്ചു പേരും തങ്ങളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സദാ ജാഗരൂകരാണ് എന്നതാണ്‌സത്യം .മനുഷ്യനെ സഹായിക്കുവാന്‍ ,അവന്റെ ആകുലതകള്‍ക്കൊപ്പം നില്‍ക്കുവാന്‍ തീരുമാനിക്കുന്നവര്‍ക്ക് എങ്ങനെ വിശ്രമിക്കാന്‍ സാധിക്കും.
ഈ പുണ്യ മനസുകള്‍ക്ക് എല്ലാ ആശംസകളും

പുണ്യ മനസുകളുടെ കഥകള്‍ അവസാനിക്കുന്നില്ല 
2018 വിടവാങ്ങുമ്പോള്‍  നവകേരളത്തിന് കരുതലായി ഇവര്‍  (അനില്‍ പെണ്ണുക്കര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക