Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 27: സാംസി കൊടുമണ്‍)

Published on 02 January, 2019
 പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 27: സാംസി കൊടുമണ്‍)
“”വിശ്വാസികളുടെ കൂട്ടമേ....’’ വൈദികന്‍ പ്രസംഗം അവസാനിപ്പിക്കുകയാണ്. “”നമ്മള്‍ ദൈവത്തിനൊരാലയം പണിയണം. ഇനി താമസിച്ചുകൂടാ....’’ ഒരു വിശ്വാസിയായിരിക്കുന്നത് എത്രമാത്രം ചെലവേറിയ കാര്യം. ജോസ് വെറുതെ ഓര്‍ത്തു. അമ്പതു കുടുംബങ്ങളുടെ ഒരു കൂട്ടാള്‍്മ. അവരാണ് മൂന്നു മില്യന്റെ പള്ളിക്കൊരുങ്ങുന്നത്. ഇവിടെയുള്ള ചെറു കൂട്ടങ്ങള്‍ ഒന്നായി ഒരു വലിയ പള്ളി വാങ്ങുകയും, തമ്മില്‍ കാണാന്‍ പാടില്ലാത്തവര്‍ പല സമയങ്ങളില്‍ ആരാധന ക്രമീകരിക്കുകയും ചെയ്തിരുന്നുവെങ്കില്‍, മുട്ടിനു മുട്ടിനുള്ള ഈ പള്ളികൃഷി ഒന്നവസാനിക്കില്ലായിരുന്നോ?. അതെങ്ങനെ മഹാ ഇടയനില്‍ നിന്നും തുടങ്ങുന്ന ഭിന്നിപ്പുകള്‍, ചാക്കോയും, പാപ്പിയും ഏറ്റെടുത്ത് പോഷിപ്പിക്കയല്ലേ.... കര്‍ത്താവിന്റെ നല്ല പോരാളികള്‍ എന്ന പുറം തലോടല്‍, പിന്നെ വല്ലപ്പോഴും ഒരു ഭവനസന്ദര്‍ശനം. വലിയ ഇടയന് കപ്പ പുഴുങ്ങിക്കൊടുത്തവനാ ഞാന്‍. ഞെളിഞ്ഞു നിന്നു പറയാമല്ലോ.... നാട്ടില്‍ മേശയൊരുക്കേണ്ട വര്‍ക്ക്, ഇവിടെ വരുമ്പോള്‍ കപ്പയും ചമ്മന്തിയും അമൃതാണ്. മുഖമൂടികള്‍ അഴിയുകയാണ്. അമേരിക്കയിലെ ഒരു വലിയ ഇടയന് സ്പാനിഷ്കാരി ഭാര്യയും കുട്ടിയുമുണ്ടെ ന്ന് നാട്ടുവര്‍ത്തമാനം. സത്യം ആരറിഞ്ഞു. വിശ്വാസികള്‍ കൈമുത്തുകയും കഥകള്‍ മെനയുകയും ചെയ്യുന്നു.

ദൈവത്തോടൊരു പ്രാര്‍ത്ഥനയേ ഉള്ളൂ. എന്നെ ഒരു വിശ്വാസിയാക്കല്ലേ.... പിന്നെ എന്തിനിവിടെ വരുന്നു. അതൊരു കൂട്ടായ്മയാണ്. കുറെ വര്‍ഷങ്ങളായി കാണുകയും കേള്‍ക്കുകയും ചെയ്യുന്നവര്‍. പള്ളിയില്‍ പോകാത്തവന്‍, കുമ്പസരിക്കാത്തവന്‍, കുര്‍ബ്ബാന കൈക്കൊള്ളാത്തവന്‍, കുരിശു വരയ്ക്കാത്തവന്‍. അങ്ങനെ ആരോപണങ്ങള്‍ ഒത്തിരിയാണ്. പ്രതികരിക്കാറില്ല. ഒരവിശ്വാസിയുടെ വിശ്വാസമാണ്.

“”ചെറുക്കന്‍ വഷളായി വരികയാണ്. അപ്പന്‍ ഇങ്ങനെ നടന്നോ...? അവന്‍ അടുത്തുവരുമ്പോള്‍ സിഗരറ്റിന്റെ മണം ഉണ്ട ്.’’ സിസിലി പറയുന്നു. ഒരു ക്ഷണം ഒന്നു പാളി. ലോകം ഒന്നു കീഴ്‌മേല്‍ മറിഞ്ഞപോലെ. താന്‍ വലിക്കും... മോന്‍ കണ്ട ു ശീലിക്കാതിരിക്കാന്‍ ഒളിഞ്ഞും മറഞ്ഞുമാണെന്നു മാത്രം. പക്ഷേ അവന്‍ വലിക്കാന്‍ പാടില്ല, കുടിക്കാന്‍ പാടില്ല. അവന്‍ നല്ലവന്‍ ആയിരിക്കണം. ഒരു അപ്പന്റെ ആഗ്രഹമാണ്. ആദ്യമായി സിഗരറ്റു വലിച്ചതെന്നാണ്. രാജന്‍ നായര്‍.... എട്ടാം ക്ലാസ്സിന്റെ ഒടുവില്‍.... നാലുമണി വിട്ട് വീട്ടിലേക്കുള്ള യാത്ര... ഓര്‍മ്മയില്‍ തെളിയുകയാണ്. രാജന്‍ നായര്‍ ഫാഷന്‍ ഷോയുടെ രണ്ട ു സിഗരറ്റുമായി പ്രലോഭിപ്പിച്ചു. അവന്‍ ഒന്നു കത്തിച്ചു. മറ്റാരും അറിയില്ല അവന്‍ പറഞ്ഞു. അവന്‍ തന്നെ കത്തിച്ചു തന്നു. നല്ല മണം. പക്ഷേ ഒന്നും പുകയില്‍ തന്നെ ചുമ. ഇമ്മിണി വലിയ ആളാകാന്‍ പുകയ്ക്കുള്ളില്‍ കിടന്നു പുകഞ്ഞു. വഴിയില്‍ കണ്ട പച്ചിലകള്‍ എല്ലാം പറിച്ച് വായിലിട്ട്, പുകയുടെ മണം പോയി എന്നു ഉറപ്പു വരുത്തി. പിന്നെ ഇടയ്ക്കിടെ ഓരോന്ന്.... എല്ലാം ഒന്നു തുടങ്ങി കിട്ടുകയല്ലേ വേണ്ട ു. കാലം ആവര്‍ത്തിക്കയാണ്.

“”ഇനി രണ്ട ു പെണ്‍പിള്ളാരാ... ഓര്‍ത്തോ....’’ അവള്‍ പറയുന്നു. അതേ പള്ളിയില്‍ പോകകു... വഴി മാറി നടന്നവന്റെ കുട്ടികള്‍ പിഴച്ചാല്‍... അത് വാര്‍ത്തയാണ്. പട്ടക്കാരന്റെ മകനോ മകളോ പിഴച്ചാല്‍ ദൈവപരീക്ഷണം... എത്ര ഉദാരമനസ്കരാണ് നമ്മുടെ ജനം.

“”ദൈവത്തിനാലയം പണിയുന്നവന്റെ ഭവനം അവന്‍ പണിയും....’’ വചനങ്ങളുടെ പൊരുളറിഞ്ഞ് ജനം ആമേന്‍ പാടുന്നു. സന്ദേഹി ജനങ്ങളെ നോക്കുന്നു. അവര്‍ പട്ടക്കാരനുമായി ഐക്യപ്പെട്ടിരിക്കയാണ്. ഒന്നോ രണ്ടേ ാ പേര്‍ മുഖം തിരിച്ച് പിറുപിറുക്കുന്നു. അവര്‍ പട്ടക്കാരനൊപ്പമുള്ളവരും, മനംകൊണ്ട ് പൊരുത്തമില്ലാത്തവരുമാണ്. എന്നാല്‍ അവര്‍ക്ക് വേറിട്ട് പൊരുതാന്‍ കെല്പ് ഇല്ല. പണ്ട ് അവര്‍ ഒരേ ദുഃഖത്തിന്റെ കൈപ്പുനീര്‍ കുടിച്ചവരാണ്. കുടിയേറ്റ ഭൂമിയില്‍ ഒറ്റപ്പെട്ടവര്‍. പട്ടക്കാരനുമായി അവര്‍ അന്ന് സന്ധിയിലായി. പട്ടക്കാരന്‍ ആരാധന തുടങ്ങി. അവര്‍ കുടുംബത്തോടൊപ്പം പല സുഹൃത്തുക്കളെയും കൂട്ടി പള്ളിയായി, പള്ളി വളര്‍ന്നപ്പോള്‍ തുടക്കക്കാരെക്കാള്‍ പ്രബലര്‍ വരാന്‍ തുടങ്ങിയപ്പോള്‍.... തുടക്കക്കാര്‍ തഴയപ്പെട്ടു. അത് രാഷ്ട്രീയമാണ്. തന്ത്രം.... ആരില്‍ നിന്നാണ് കൂടുതല്‍ ലഭിക്കുക. സ്ഥായിയായ ശത്രുവും മിത്രവും ഇല്ലാത്ത ശുദ്ധ രാഷ്ട്രീയം. കുര്‍ബാനയും ഭക്ഷിച്ച് പട്ടക്കാരന്‍ വരികയാണ്. വീഞ്ഞിന്റെ ചെറു ലഹരിയില്‍ പെണ്ണാടുകളെ മുട്ടിയുരുമ്മി..... ഓരോരുത്തരുടെയും ക്ഷേമം തിരക്കി ഒരു വൈദികന്റെ കമെ. ജോസിന്റെ ഉള്ള് മുറുമുറുക്കുന്നു. കുട്ടികളുടെ കൊച്ചു മനസ്സുകളില്‍ കഥ കുത്തി നിറച്ച് അവരെ മതത്തിന്റെ നുകത്തില്‍ കെട്ടാന്‍ വിട്ടുകൊടുത്തതില്‍. കുട്ടികള്‍ വഷളാകരുതല്ലോ.... സ്വയം സമാധാനിച്ചു. മൊത്തം കലങ്ങിയ ഒരു കുളത്തില്‍ അല്പം തെളിനീര് തേടിയിട്ട് എന്തു കാര്യം? മൊത്തമായി കലങ്ങിയ ഒരു സമൂഹമാണ്. ഇവിടെ നമ്മുടെ കുട്ടികള്‍ മാത്രം നല്ലവരാകണമെന്നു പറയുന്നതില്‍ എന്താണു കാര്യം?

“”മോനേ നീ എന്താ പള്ളിയില്‍ പോകുന്നില്ലേ...?’’ അനുനയിപ്പിക്കാനായി ചോദിച്ചു.

“”ഡാഡ്.... ആള്‍ ഓഫ് ദം ആര്‍ ഹിപ്പോക്രാറ്റ്‌സ്.... ലുക്കറ്റ് ദ് പ്രീസ്റ്റ്.... വാട്ട് ഹി ഡുയിങ്ങ്....’’ ഉത്തരം മുട്ടി. അവന്‍ നല്ല വഴിക്കു തന്നെയാണ്. തെറ്റിയിട്ടില്ല. പക്ഷേ.... സമൂഹം നിന്നെ ബഹിഷ്കരിക്കും.

“”ടെല്‍ ദെം ഗോറ്റു ഹെല്‍... ഈ പറയുന്നവരൊക്കെ എന്താ ചെയ്യുന്നതെന്നെനിക്കറിയാം.’’ അവന്‍ നല്ല മലയാളത്തില്‍ പറയുന്നു.

ഒരുവന്‍ ശരി ചെയ്യുമ്പോള്‍ അവനെ തിരുത്താന്‍ പറ്റില്ല. ആശങ്കകള്‍ ഉള്ളില്‍ ഒളിപ്പിച്ചു.

മൂന്നു വര്‍ഷം മുമ്പ് എഴുതിയ ഡിസ്പാച്ചര്‍ ടെസ്റ്റിന്റെ റിസള്‍ട്ട് വന്നിരിക്കുന്നു. റാങ്ക് ലിസ്റ്റില്‍ നൂറ്റിയമ്പത്. വലിയ പ്രതീക്ഷയ്ക്കു വകയില്ല. എന്നാലും മനസ്സിനെ വരുതിയില്‍ നിര്‍ത്താന്‍, പ്രതീക്ഷയോടെ മുന്നോട്ട് നോക്കാന്‍ എന്തെങ്കിലും.....

“”ഒന്നും പറയാന്‍ പറ്റില്ല... അടുത്ത രണ്ട ു മൂന്നു വര്‍ഷത്തിനുള്ളില്‍ പിരിഞ്ഞു പോകുന്നവര്‍ കുറെയുണ്ട ്.’’ മാത്തന്‍ പറഞ്ഞു. മാത്തന്‍ ഡിസ്പാച്ചറായിട്ട് നാലുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ആദ്യത്തെ മലയാളി ബസ് ഡ്രൈവറും ഡിസ്പാച്ചറുമൊക്കെയായി.... വഴികാട്ടി. മാത്തന്‍ ആര്‍ക്കും വഴികാട്ടിയായില്ല. ഇന്ത്യന്‍ എന്ന ലേബലില്‍ ഒതുങ്ങാതെ, അപകര്‍ഷതയാല്‍ അമേരിക്കനാകാന്‍ ശ്രമിക്കുന്ന ഒരു മലയാളി. വല്ലപ്പോഴും ഒറ്റയ്ക്കു കിട്ടിയാല്‍ ഒന്നോ രണ്ടേ ാ വാക്ക് മലയാളത്തില്‍, പിന്നെ ഒഴിഞ്ഞു മാറുന്നു. പതിനെട്ടിരുപതില്‍ അമേരിക്കയില്‍ എത്തിയതാണ്. അമ്മ നേഴ്‌സായിരുന്നു. ഇവിടെ മാത്തന്‍ പലതും ശ്രമിച്ചു. എങ്ങും എത്തിയില്ല. സ്കൂള്‍ കൈവിട്ടു. പഠിച്ച പാഠങ്ങള്‍ ഇവര്‍ക്കു പോരാ. ചെറിയ ജോലികള്‍ എളുപ്പമായിരുന്നു. ഇരുപത്തഞ്ചില്‍, നാട്ടില്‍ നിന്ന് ബി.എ.ക്കാരിയെ കെട്ടി. കുടിയേറ്റക്കാരിലെ രണ്ട ാം തലമുറയിലെ ഒന്നാമന്മാരില്‍ ഒരുവന്‍. അവര്‍ ഇവിടെ എങ്ങനെ വേരുകള്‍ ഉറപ്പിക്കും. മൂന്നാം തലമുറ വളരുകയാണ്. മാത്തന് ഒരാണും ഒരു പെണ്ണും. ഭാര്യ ഏതോ ഗവണ്‍മെന്റ് ഏജന്‍സിയില്‍.

വീടെന്ന സ്വപ്നം ഉപേക്ഷിച്ചിരുന്നില്ല. കൊച്ചു ഡയാനക്ക് ഒരു വയസ്സാകുന്നു. മജീദ് എന്ന റിയല്‍ എസ്റ്റേറ്റുകാരന്‍ വിളിക്കുന്നു. ഒരു വീട് വന്നിട്ടുണ്ട ്. കൈയ്യിലൊതുങ്ങും. ഒന്നു പോയി കണ്ട ാലോ...? മജീദ് കാണിക്കുന്ന ഏഴാമത്തെ വീടാണ്. ഇരുനൂറില്‍ കൂടുതല്‍ നോട്ടമില്ല. മജീദ് ക്ഷമയോടെ ഒരു വില്പനയ്ക്കായി കാത്തിരിക്കുന്നു.

ഇരുനൂറ്ററുപത് ചോദിക്കുന്ന വീട്. ഒരു വല്യമ്മ മാത്രമേ ഉള്ളൂ. കെട്ടിയവന്‍ മരിച്ചിട്ട് കുറെ ആയി. അമ്മച്ചി പെന്‍ഷനുവേണ്ട ി ജോലി നിര്‍ത്തിയിരുന്നില്ല. ഇപ്പോള്‍, മകളുടെകൂടെ അരസാണയിലേക്കു താമസം മാറുന്നു. വില്‍ക്കാനുള്ള കാരണം മജീദ് പറയുകയാണ്. ബാക്ക് യ്യാടില്‍ കുട്ടികള്‍ക്ക് യഥേഷ്ടം ചാടിക്കളിക്കാന്‍ സ്ഥലം. ഫെന്‍സില്‍ പടര്‍ന്നു കിടക്കുന്ന മുന്തിരി. ഒരത്തിമരം, ഒരു കൊച്ച് ആപ്പിള്‍ മരം. ഏദെന്‍ തോട്ടത്തിന്റെ ഒരു പ്രതീതി. വീടു ചെറുതായിരുന്നെങ്കിലും വാങ്ങാന്‍ ബാക്ക്യാഡൊരു പ്രചോദനമായിരുന്നു. ഇരുനൂറ്റി ഇരുപത് ഒരു തരം. ഇരുപത്തഞ്ചാണെങ്കില്‍ ഉറപ്പിക്കാം. എങ്കില്‍ ഇരുപത്തിരണ്ട ്. ഒരു ദിവസത്തെ വിലപേശല്‍ കച്ചവടം ഉറപ്പിച്ചു. ഇരുനൂറു ഡോളര്‍ അഡ്വാന്‍സ് കൊടുത്ത് കരാര്‍ ഒപ്പിട്ടു. ഇരുപതു ശതമാനം ഡൗണിടാം. അയ്യായിരം വെച്ച് നാലുപേരോട് കടം.. ഇതൊക്കെ മനസ്സിന്റെ ഒരു ധൈര്യമാണ്. അപ്പാര്‍ട്ടുമെന്റ് വില്‍ക്കുമ്പോള്‍ കൊടുക്കാമെന്ന കരാറില്‍ ഒന്നുരണ്ട ുപേര്‍ സഹായിച്ചു.

“”ഞാന്‍ അന്നേ പറഞ്ഞതല്ലേ ഒരു നേഴ്‌സിനെ കെട്ടാന്‍....’’ സഹോദരന്റെ മറുപടിയില്‍ ഉള്ളില്‍ ഒന്നിനും കൊള്ളാത്തവന്‍ എന്ന ഒരു തോന്നല്‍. സഹായങ്ങള്‍ ചെയ്യുന്നതിനു മുമ്പ് ഒരു കുത്തുവാക്ക്.... മുള്ളിന്റെ ആ ചെറു മുനകൊണ്ട ് ഒരു തോണ്ട ല്‍ അതു ശീലമായിരിക്കുന്നു.

മൂടിക്കെട്ടിയ മുഖവുമായി സിസിലി ചോദിക്കുന്നു. “”എന്താ ഒന്നിനെ കെട്ടാഞ്ഞത്.’’ ജോസ് ചിരിച്ചു. ഇതു കമ്പോളത്തില്‍ നിന്നും ഒരു കറവ പശുവിനെ വാങ്ങുന്നതുപോലെയാണോ? ഇതു വിവാഹമല്ലേ.... സുഖത്തിലും ദുഃഖത്തിലും ഒപ്പം നില്‍ക്കാന്‍, മനസ്സിനിണങ്ങിയ രണ്ട ു പേരുടെ ഒന്നിയ്ക്കല്‍. അവിടെ ലാഭനഷ്ടങ്ങള്‍ മാത്രമാണോ...? എല്ലാം ഉണ്ട ായിട്ടും പൊരുത്തക്കേടുകളുടെ പല്‍ചക്രങ്ങള്‍ക്കിടയില്‍ പെട്ടു ചതഞ്ഞരയുന്ന എത്രയെത്ര ദാമ്പത്യത്തിന്റെ കഥകള്‍. പണം ആവശ്യത്തില്‍ കവിഞ്ഞാല്‍ അഹങ്കാരം കൊടികുത്തും. പിന്നെ കടിഞ്ഞാണ്‍ അവന്റെ കയ്യിലായിരിക്കും. കഷ്ടിച്ച് കഴിഞ്ഞിരുന്ന പല നേഴ്‌സുമാരെയും, ഇവിടെ ആശ്രിത വിസയില്‍ വന്ന ആങ്ങളമാരും, ആണ്‍മക്കളും നാട്ടില്‍പോയി കെട്ടിക്കൊണ്ട ു വന്നു. ഇവിടെ വന്ന് ആര്‍ഭാടങ്ങള്‍ കണ്ട ്, അതില്‍ ഭ്രമിച്ച് പോഷക ആഹാരങ്ങള്‍ കഴിച്ച് മിനുസപ്പെട്ട്.... മനസ്സില്‍ ഞാനെന്ന ഭാവം പെരുകി.... രണ്ട ും മൂന്നും ജോലി ചെയ്ത് ഒന്നു രണ്ട ു വര്‍ഷത്തിനകം വീടും കാറും ഒക്കെ വാങ്ങി, അമ്പടാ ഞാനേ എന്ന ഭാവത്തില്‍ ഭര്‍ത്താവിനെ നോക്കുന്ന എത്ര പേര്‍! പഠിപ്പില്ലാത്തവന്‍, സൗന്ദര്യമില്ലാത്തവന്‍, പാര്‍ട്ടിയില്‍ പെരുമാറാന്‍ അറിയാത്തവന്‍. ആരെങ്കിലും ഫോണ്‍ വിളിച്ചാല്‍ നേരെ ചൊവ്വേ കാര്യം പറയാന്‍ അറിയാത്തവന്‍. കാര്യങ്ങള്‍ അവര്‍ ഏറ്റെടുക്കുകയാണ്. അഹന്തയുടെ പുതിയ പല്ലുകള്‍ കിളിര്‍ത്തവള്‍, അവളുടെ സാമ്രാജ്യം പണിയുന്നു. സന്തോഷങ്ങള്‍ തേടുന്നു. രതിയുടെ പുതു മുഖങ്ങള്‍ തേടുന്നവരും വിരളമല്ല. ജോണ്‍ അത്തരം കഥകള്‍ പറയാറുണ്ട ്. അയാള്‍ക്ക് മൂന്നു കൂട്ടുകാരികള്‍ ഉണ്ട ്. അവര്‍ അധരങ്ങള്‍ കൊണ്ട ് ഭര്‍ത്താവിനെ സ്‌നേഹിക്കുകയും ഹൃദയംകൊണ്ട ് കാമുകനെ പ്രാപിക്കുകയും ചെയ്യുന്നു. ഷോപ്പിങ്ങിനായി വീട്ടില്‍ നിന്നു പോകുന്നു. അച്ചാച്ചന് ഒന്നും അറിയില്ല. ഞാന്‍ എല്ലാം നോക്കാം. വിമോചിതയായ സ്ത്രീ. പുതിയ ഭൂമിയിലേക്ക് അവര്‍ എത്ര പെട്ടെന്നാ സ്വയം പരുവപ്പെടുത്തിയത്. എല്ലാവരും അങ്ങനെ ആണോ?

അല്ല എന്നാല്‍ റോസമ്മ ഈപ്പന്‍.... നേരിട്ടറിയുന്ന ചില സത്യങ്ങള്‍.... സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന ഭഇന്‍ലോകളോട്’ അവള്‍ ചെയ്തത്... ഒരു നേരം ഒരു ചപ്പാത്തിയും അല്പം മീന്‍ ചാറുമുണ്ടെ ങ്കില്‍ ഇവിടെ സ്വര്‍ക്ഷമാണെന്നു കരുതുന്നവര്‍. ഇളയമകന്റെ സൗന്ദര്യമുള്ള ഭാര്യയില്‍ അവര്‍ അഭിമാനിച്ചു. അവനൊരു ഗതിയായല്ലോ. മൂത്തവരൊക്കെ ഒരു നിലയിലായി. അവന്‍ മാത്രം... അവരുടെ ഉള്ളില്‍ എന്നും നീറ്റലായിരുന്നു. മൂന്നു വര്‍ഷം കഴിഞ്ഞ് പുതിയ വീടു വാങ്ങിയതു മുതല്‍ അവള്‍ മാറിത്തുടങ്ങി. ആ അമ്മ ചിലപ്പോള്‍, സ്വകാര്യ സംഭാഷണങ്ങളില്‍ കണ്ണീരോട് പറഞ്ഞിരുന്നു. “”എന്റെ മോനെ അവനെ അവള്‍ക്കൊരു വിലയുമില്ല.’’ അവളുടെ സ്വാതന്ത്ര്യങ്ങളില്‍ ഒളിഞ്ഞു നോക്കുമോ എന്ന ഭയത്താല്‍, ഒരു മുന്‍കരുതല്‍ എന്നപോലെ ആവശ്യമില്ലാത്ത ജീവിതങ്ങളോടവള്‍ യുദ്ധം പ്രഖ്യാപിച്ചു.

“”ഇത് എന്റെ വീടാ...’’ അവള്‍ പ്രഖ്യാപിച്ചു. ഈപ്പന്‍ താലികെട്ടിയവന്റെ മുഷ്കില്‍ കൈ അവള്‍ക്കു നേരെ പൊക്കി. അഞ്ചു നിമിഷങ്ങള്‍ക്കകം പോലീസ് സൈറന്‍ മുഴക്കി വീടിനു മുന്നില്‍. ആദ്യത്തെ സംഭവമെന്ന നിലയില്‍, ഇനി ആവര്‍ത്തിക്കില്ലെന്ന ഉറപ്പില്‍, അവള്‍ തന്നെ മൃദുസമീപനം സ്വീകരിച്ചതുകൊണ്ട ് പോലീസ് താക്കീതില്‍ ഒതുക്കി. ഈപ്പന്‍ കള്ളില്‍ ജീവിതം കഴുകി. അതില്‍ അവള്‍ക്ക് പരാതിയില്ലായിരുന്നു. അവള്‍ ഒഴിച്ചുകൊടുത്തു. അവനെ അവള്‍ വരുതിയിലാക്കി. ആ പാവം അമ്മയും അപ്പനും കണ്ണുനീരോട്, ഇളയമകനോടൊപ്പം ജീവിക്കാനുള്ള ആശ തീരാതെ, മറ്റുമക്കളെ ശരണപ്പെട്ടു. അധികം കഴിയുംമുമ്പെ അവര്‍ ഓരോരുത്തരായി കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. മനമുരുകി അവര്‍ മരിച്ചെങ്കില്‍ ഉത്തരവാദി ആര്? ഇവിടെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളുണ്ട ്.

സിസിലിയുടെ മുഖത്തെ പരിഭവം മാറിയിരുന്നില്ല. അവള്‍ എന്റെ ജീവിതത്തിലേക്ക് നിത്യദാരിദ്ര്യം ആണോ കൊണ്ട ുവന്നതെന്ന് ചോദിക്കാതെ ചോദിക്കുന്നു. അവളെ മ്ലാനതയുടെ കല്പടവുകളില്‍ ഉപേക്ഷിക്കാതെ ജോസ് പറഞ്ഞു: “”എന്റെ ജീവിതത്തില്‍ കണക്കുകൂട്ടി, തിരഞ്ഞെടുപ്പുകള്‍ ഇല്ലായിരുന്നു. കാറ്റ് എന്നെ നടത്തി. കാറ്റ് കൊണ്ട ുപോയിടത്തൊക്കെ ഞാന്‍ എത്തപ്പെട്ടു. മനഃസാക്ഷി വിലക്കിയതില്‍ ഒന്നും തൊട്ടിട്ടില്ല. ശരിയെന്നു തോന്നിയത് ചെയ്യാതിരുന്നുമില്ല. അര്‍ഹതപ്പെടാത്തതൊന്നും അപഹരിച്ചില്ല. ഒരു ദൈവവിശ്വാസിയല്ലെങ്കിലും, എന്തോ ഒരു ശരി എന്നെ നയിക്കുന്നു എന്നു ഞാന്‍ കരുതുന്നു. ആ ശരികളില്‍ ഒന്നാണ് നീയും നമ്മുടെ കുട്ടികളും. അവരെ വളര്‍ത്താന്‍ നിനക്കാവുന്ന പോലെ ഒരു കൈ തന്നാല്‍ മതി.” പറഞ്ഞത് ഉള്ളില്‍ തട്ടിയായിരുന്നു. തൊണ്ട ഇടറി. സിസിലിയുടെ കണ്ണുകളും നിറയുന്നു.

“”കടങ്ങള്‍ നമുക്ക് വീട്ടാം... ഇപ്പോള്‍ ജീവിതം നമ്മോടു പറയുന്നു ഒരു വീട് വേണമെന്ന്. നാം അതിനു പുറകെയാണ്. ബാങ്ക് എണ്‍പതു ശതമാനം കടം തരും. പകരം ഒരായുസ്സ് അവര്‍ പണയം ചോദിക്കും. മുതലാളിത്തം നമുക്ക് ആഗ്രഹമുള്ളതൊക്കെ തരും. നാം പണയ പണ്ട ങ്ങളാണ്. ഒരു ജീവിതം നമുക്കു വീതിച്ചു കൊടുക്കാം.’’ ജോസ് പറഞ്ഞതെല്ലാം അവള്‍ക്കു മനസ്സിലായില്ല. ഒരു വീട് അത് അവള്‍ സ്വപ്നത്തില്‍ ചേര്‍ത്ത് പ്രാര്‍ത്ഥനയില്‍ ദൈവമുമ്പാകെ സമര്‍പ്പിച്ചു. ആദ്യമായാണ് അവള്‍ ദൈവത്തോടൊരു വീട് ചോദിക്കുന്നത്. അമിത ആഗ്രഹങ്ങളൊന്നും അവള്‍ക്കില്ല. ഉള്ളത് വൃത്തിയിലും വെടിപ്പിലും ആയിരിക്കണമെന്നു മാത്രം.

പ്രവാസത്തിന്റെ പന്ത്രണ്ട ാം വര്‍ഷം വീട് സ്വപ്നങ്ങളില്‍ നിന്നും യാഥാര്‍ത്ഥ്യത്തിലേക്ക് ഇറങ്ങി. എല്ലാം നിയമവിധേയമായി. എല്ലാത്തിനും അതിന്റേതായ ചിട്ടയും അടുക്കും. ടാക്‌സ് വെട്ടിക്കാനായി വിലകുറച്ചു കാണിക്കലോ, കള്ളപ്പണം വെളുപ്പിക്കലോ ഇല്ല. രണ്ട ു പാര്‍ട്ടികളുടെയും വക്കീലും, ബാങ്കിന്റെ ഏജന്റും ചേര്‍ന്ന് എല്ലാം സുതാര്യമാക്കുന്നു. ലബോന്‍സ്കി- പേര് അങ്ങനെ തന്നെയാണോ ഉച്ചരിക്കുന്നത്- ഏതോ ഒരു രാജ്യത്തു ജനിച്ച ഈ സ്ത്രീ തനിക്കും കുടുംബത്തിനുമായി ഇത്രനാള്‍ ഈ വീട് കാത്തു. അവര്‍ക്കുമുമ്പ് ഇത് മറ്റൊരാളുടെ അധീനതയിലായിരുന്നു. താന്‍ ജനിക്കുന്നതിനു നാലു വര്‍ഷം മുമ്പേ തനിക്കായി ഒരു ഭവനം പരദേശത്ത് ഒരുക്കപ്പെട്ടിരിക്കുന്നു. തന്നേക്കാള്‍ നാലുവര്‍ഷം പഴക്കമുള്ള വീട്. വീടിന്റെ കീ തരുമ്പോള്‍ ആ അമ്മച്ചിയുടെ കണ്ണ് നിറഞ്ഞിരുന്നുവോ..... അവര്‍ ഗുഡ് ലക്ക് പറഞ്ഞു.... അത് ഐശ്വര്യമുള്ള വീടാണ്. അവര്‍ അത്രയേ പറഞ്ഞുള്ളൂ. ക്ലോസിങ്ങ് കഴിഞ്ഞപ്പോള്‍ തന്നെ അവര്‍ ആ വീടുമായുള്ള ബന്ധം ഉപേക്ഷിച്ചു. അവര്‍ ആ വഴി തന്നേ പോകുകയാണ്. കുറെ നാള്‍ ഒരു വഴിയമ്പലത്തില്‍ താമസിച്ചവരെപ്പോലെ അങ്ങ് ഇറങ്ങിപ്പോകുകയാണ്. നാളെ താനും ഇവിടം വിട്ടിറങ്ങേണ്ട ി വരില്ലേ....? ഒന്നും ആര്‍ക്കും എന്നും സ്വന്തമല്ല. ഉടമസ്ഥര്‍ മാറി വന്നുകൊണ്ടേ യിരിക്കും.

“”നിന്റെ നാട്ടില്‍ ബസ്സുണ്ടേ ാ....? അതോ എല്ലാവരും ഒട്ടകപ്പുറത്താണോ...’’ ഡിസ്പാച്ചര്‍ ക്രിസ്റ്റഫര്‍ ചോദിക്കുകയാണ്. അവന്റെ വെളുത്തു തുടുത്ത മുഖത്ത് പുച്ഛരസം. സംസാരിക്കുമ്പോള്‍ തുപ്പലു തെറിച്ച് അവിടാകെ നനയുന്നു. യാഡ് ഡിസ്പാച്ചറാണ്. ഒരു പഴഞ്ചന്‍ ബസ് അസൈന്‍ ചെയ്ത് യാഡില്‍ അവന്റെ വിവരമില്ലായ്മയില്‍ രസിക്കുന്ന വിവരമില്ലാത്ത മറ്റു ഡ്രൈവേഴ്‌സ്.

ജോസിന്റെ സിരകളിലൂടെ രക്തം ഇരച്ചു കയറി. അവന്‍ പറഞ്ഞു: “”ഇല്ല ഞങ്ങളുടെ നാട്ടില്‍ ബസ്സില്ല.... പക്ഷേ നിന്നെപ്പോലെയുള്ള കൂപമണ്ഡൂകങ്ങളും ഇല്ല....’’ അര്‍ത്ഥം മനസ്സിലാകാത്തവനെപ്പോലെ അയാള്‍ നോക്കി.

“”എല്ലാം ഉണ്ട ായിട്ടും പിന്നെ നീ എന്തിന് ഇങ്ങോട്ടു വന്നു.’’ വിചാരണത്തടവുകാര നോടെന്നവണ്ണം അയാള്‍ ചോദിക്കുന്നു.

“”നീയൊക്കെ ഇഡിയറ്റ് ആയതുകൊണ്ട ്... നിന്റെ പ്രസിഡന്റ് റെയ്ഗന്‍ വിളിച്ചിട്ടാ വന്നത്. നീയൊന്നും പിള്ളാരെ ഉണ്ട ാക്കുന്നില്ല.... അസ്ഥാനത്തുവെച്ചുള്ള ഭോഗികളല്ലേ നീയൊക്കെ....’’ അവന്റെ ചോദ്യത്തിനുള്ള മറുപടിതന്നെയോ എന്നു ഉറപ്പില്ലാതെ ജോസ് ചീറുകയാണ്. രംഗം വഷളാകുന്നത് തിരിച്ചറിഞ്ഞ, ഫെയര്‍ലി ബഞ്ചമിന്‍ പെട്ടെന്ന് രംഗം ശാന്തമാക്കാനായി പറഞ്ഞു. “”ഹേ....ജോ.... ലീവിറ്റ്... ബസ്സെടുത്ത് പോയി നിന്റെ ജോലി ചെയ്യ്. അവനെ ശ്രദ്ധിക്കേണ്ട . അവനെ ഞങ്ങള്‍ വിളിക്കുന്നത് ക്ലസ്സ്‌ലെസ്സ് ക്രേസ്സി എന്നാ....’’ ബഞ്ചമന്‍ ഒപ്പം നടക്കുകയാണ്. ട്രാക്ക് ആറില്‍ ബസ്സ് പരിശോധിക്കുമ്പോഴും മനസ്സില്‍ അവഹേളിക്കപ്പെട്ടവന്റെ വിങ്ങല്‍.

“”അവനും നമ്മെപ്പോലെ വരുത്തനാണ്. പിന്നെ അവന്റെ തൊലിയുടെ നിറത്താല്‍ അവന്‍ പെട്ടെന്ന് അധിപനാണെന്ന് സ്വയം വിലയിരുത്തുന്നു. അവന്റെ അപ്പനും അമ്മയും ബന്ധുക്കളും ബോട്ടില്‍ രേഖകളില്ലാതെ, സ്വന്തം രാജ്യത്തെ നിലനില്‍പ്പ് അപകടത്തിലായപ്പോള്‍ നാടു വിട്ട്, തിരിച്ച് പോകാന്‍ ഒരിടമില്ലാതെ ഇവിടെ അടിഞ്ഞവരാണ്. നിനക്ക് തിരികെ പോകാന്‍ ഒരു രാജ്യമെങ്കിലുമില്ലേ....’’ ബെഞ്ചമിന്‍ സ്വാന്ത്വനിപ്പിക്കുന്നതിനൊപ്പം അവന്റെ ആത്മരോഷം പ്രകടിപ്പിക്ക കൂടിയാണ്. “”ബി സ്‌ട്രോങ്ങ് മാന്‍.... നിന്നെ അല്ല എല്ലാവരേയും മാനസ്സികമായി ദുര്‍ബലപ്പെടുത്താനാണീ വെളുത്ത പന്നികള്‍ എന്നും ശ്രമിച്ചിട്ടുള്ളത്. ഞങ്ങളെ അവര്‍ കാലങ്ങളായി അടിമകളാക്കി. അവരുടെ പാടങ്ങളിലും കാലിത്തൊഴുത്തിലും അടച്ചു. അവരുടെ കരിമ്പിന്‍ തോട്ടത്തിലും, പുകയില പാടങ്ങളിലും ഞങ്ങളെ മേയാന്‍ വിട്ടു. ഞങ്ങളുടെ രക്തത്തില്‍ കലര്‍പ്പു കലക്കി. ഞങ്ങള്‍ തിരിച്ചറിയാന്‍ വയ്യാത്തവരായി. ഓരോ അടിമയും ഉടമയുടെ കുടുംബപ്പേരില്‍ അറിയപ്പെടുന്നു. ഒരു കറുത്തവന് അല്ലെങ്കില്‍ എങ്ങനെ ബെഞ്ചമിന്‍ എന്ന പേരു വരും. ഇപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ സ്വത്വം തേടിയുള്ള അന്വേഷണത്തിന്റെ പാതയിലാണ്.’’ അല്പം മുമ്പ് ക്രിസ്റ്റിയുടെ തമാശകേട്ട് ചിരിച്ച ബെഞ്ചമനല്ലിത്. അവന്റെ ഉള്ളില്‍ മറ്റൊരുവന്‍ തിളച്ചു മറിയുന്നു. “”ഞങ്ങള്‍ക്ക് സ്വന്തമായി ദൈവങ്ങള്‍പോലും ഇല്ല. വെളുത്തവന്റെ ദൈവം അവന്റെ സ്വന്തമാണ്. ഞങ്ങള്‍ക്കതില്‍ വിശ്വാസമില്ല.’’ ഫെര്‍ലി പറയുകയാണ്. അവന്റെ വാക്കുകളില്‍ അമേരിക്ക ഈ പുറമേയുള്ളതല്ല, അകത്ത് എന്തൊക്കെയോ നീറി പുകയുന്നു. മാല്‍ക്ക മെക്‌സ് ആണോ ഇവരുടെ ഗുരു. എന്നും വെളുത്തവനു ഭീഷണിയായി ഇസ്ലാം മതം സ്വീകരിച്ചവന്‍.

അവര്‍ പറയുന്നതില്‍ കുറെ ശരികളില്ലേ... രക്ഷ ആദ്യം യിസ്രായേല്യനും, പിന്നെ പുറം ജാതിയ്ക്കുമാണ്. എത്ര നല്ലവനായാലും ഒന്നാം നിരയില്‍ എടുക്കപ്പെടില്ല. പിന്നെ ഔദാര്യത്തിനുവേണ്ട ിയുള്ള പറച്ചില്‍ മാത്രം.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക