Image

സുശക്തം; സമ്പൂര്‍ണ്ണം ഈ വന്‍ മതില്‍

Published on 01 January, 2019
സുശക്തം; സമ്പൂര്‍ണ്ണം ഈ വന്‍ മതില്‍
എന്തിനായിരുന്നു വനിതാ മതില്‍. ആ ചോദ്യത്തിന് വ്യക്തമായി ഉത്തരം അറിയുന്നവരാണ് ഇന്ന് വനിതാ മതിലില്‍ പങ്കെടുത്തത് എന്ന അവകാശ വാദത്തിലൊന്നും കാര്യമില്ല. പക്ഷെ സുശക്തവും സമ്പൂര്‍ണ്ണവുമായി കേരളത്തില്‍ പടുത്തുയര്‍ത്തി ഈ വന്‍ മതില്‍ ആദ്യമായി സംഘപരിവാരത്തോടുള്ള കേരളത്തിന്‍റെ വെല്ലുവിളിയാണ്. രണ്ടാമതായി എന്‍.എസ്.എസ് അടക്കം വനിതാ മതിലിനെ എതിര്‍ത്തവര്‍ക്ക് ജനം എവിടെ നില്‍ക്കുന്നു എന്ന തിരിച്ചറിവ് നല്‍കുന്നതിനാണ്. മൂന്നാമതായി കേവല വിശ്വാസങ്ങളില്‍ അഭിരമിക്കുന്നവരിലും കൂടുതലായി പുരോഗമന ചിന്തകളിലും സത്യങ്ങളിലും വിശ്വസിക്കുന്ന സമൂഹം ഇവിടെയുണ്ടെന്ന് മൊത്തം ഇന്ത്യയോടും വിളിച്ചു പറയലാണ്. നാലാമതായി സാക്ഷര കേരളമെന്നത് വെറുമൊരു വാക്ക് മാത്രമല്ല എന്ന് തെളിയിക്കലാണ്. 
ഇതെല്ലാമാണ് വനിതാ മതിലിലൂടെ സാധ്യമായത്. അവിടെ സിപിഎം എന്ന രാഷ്ട്രീയ സംഘടനയുടെ വിജയം എടുത്തു പറയേണ്ടതുമാണ്. 
ശബരിമല അക്ഷരാര്‍ഥത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞത് പോലെ ബിജെപിക്ക് വീണു കിട്ടിയ സുവര്‍ണ്ണാവസരം തന്നെയായിരുന്നു. കിടിലന്‍ ഗോള്‍ഡന്‍ ചാന്‍സ്. ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയം കളിക്കാനുള്ള മൈതാനം. അവിടെ അവര്‍ കളി തുടങ്ങുകയും മുമ്പോട്ടു പോകുകയും ചെയ്തു. എന്നാല്‍ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലായിപ്പോയത് ഇടതുപക്ഷമാണ്. ശബരിമലയും ലക്ഷോപലക്ഷം വിശ്വാസികളും ഒരുവശത്ത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളും അതിന്‍റെ മൂല്യങ്ങളും മറുവശത്ത്. ശബരിമലയില്‍ തൊട്ടാല്‍ സിപിഎം എന്ന പാര്‍ട്ടി പോലും ഒരു വേള ഭസ്മമായിപ്പോകുന്ന അവസ്ഥ. തൊടാതിരിക്കാന്‍ പറ്റാത്ത അവസ്ഥ. 
അക്ഷരാര്‍ഥത്തില്‍ ചെകുത്താനും കടലിനും ഇടയിലായ അവസ്ഥ. 
ഇതുപോലെ ഒരു അവസ്ഥയില്‍ മറ്റൊരു പ്രസ്ഥാനമായിരുന്നെങ്കില്‍ എന്നേ കടലെടുത്ത് പോയേനെ. എന്നാല്‍ സിപിഎം ഈ പ്രളയത്തിലും പിടിച്ചു നിന്നു. പിണറായി വിജയന്‍ സര്‍ക്കാരും. ഇലയ്ക്കും മുള്ളിനും കേടില്ലാതെ പലപ്പോഴും ദൈവം നേരിട്ട് തുണച്ചെന്ന പോലെ സര്‍ക്കാര്‍ പരുക്കകളില്ലാതെ പിടിച്ചു നിന്നു. കലാപം സൃഷ്ടിക്കാനും പോലീസ് ആക്ഷനുകള്‍ക്ക് നിര്‍ബന്ധിക്കാനുമുള്ള എല്ലാ വഴികളും ബിജെപി നോക്കുമ്പോഴും കൈവിട്ടു പോകാവുന്ന പല അവസ്ഥകളിലും ബുദ്ധിജീവികളുടെയും വിമര്‍ശകരുടെയും പഴി ഏറെ കേട്ടിട്ടും സര്‍ക്കാര്‍ പിടിച്ചു നിന്നു. ഒരു കലാപവും സൃഷ്ടിക്കപെടാതെ നോക്കി. ബിജെപിയുടെ സമരം ഒരു കോമാളിക്കളിയായി ജനത്തിന് തോന്നിത്തുടങ്ങി.
അപ്പോഴും നാമജപത്തിന് അണിനിരന്ന് ഒരു സ്ത്രീജനങ്ങളുടെ കൂട്ടായ്മ സാധാരണ ജനത്തെ ചിന്തിപ്പിക്കാന്‍ തുടങ്ങി. കളവും പ്രോപ്പഗാന്‍ഡകളും ഏറെ ജനത്തിലേക്ക് ഇറങ്ങി. ശബരിമല വിധി പിണറായി സര്‍ക്കാര്‍ നേരിട്ട് പോയി നേടായതാണെന്ന് വരെ കല്ലുവെച്ച നുണകള്‍ ഇറങ്ങി. സ്ത്രീകള്‍ കൂട്ടമായി നാമജപമെന്ന് പറഞ്ഞ് തെരുവിലിറങ്ങി. 
ഈ സ്ത്രീകളുടെ കൂട്ടത്തെ കാണിച്ചായിരുന്നു തങ്ങള്‍ വളര്‍ന്നുവെന്ന് ബിജെപി മേനി പറഞ്ഞത്. ആയിരം തവണ അവര്‍ക്ക് അത് ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ഒരു വളര്‍ച്ച സംഭവിക്കുമെന്ന് ഉറപ്പ്. അപ്പോള്‍ അവരുടെ നാവ് അടയ്ക്കണം. നാമജപത്തിന് ഇറങ്ങിയ ആയിരങ്ങളല്ല നവോത്ഥാനത്തിന്‍റെ ഊര്‍ജ്ജം പേറുന്ന ലക്ഷങ്ങള്‍ ഇപ്പുറുമുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്തണം. 
അതിനുള്ള വഴിയായിരുന്നു വനിതാ മതില്‍. ലക്ഷങ്ങള്‍ അണിനിരന്ന് വനിതാ മതിലിനെ ചരിത്രമാക്കുകയും ചെയ്തു. കേരളത്തിലെ ബഹുഭൂരിപക്ഷം നിക്ഷപക്ഷ സമൂഹവും രാഷ്ട്രീയമായി ഒന്ന് ഉണരുകയും നടക്കുകയും കൂട്ടും കൂടുകയും ചെയ്തു. 
ഇങ്ങനെയൊരു മതില്‍ യാഥാര്‍ഥ്യമാക്കാന്‍ സിപിഎമ്മിന് മാത്രമേ കേരളത്തില്‍ കഴിയു എന്ന് സംഘപരിവാറിന് പോലും ഇപ്പോള്‍ ബോധ്യമായിട്ടുണ്ടാകും. ഒന്ന് തീരുമാനിച്ചുറപ്പിച്ചാല്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കാന്‍ സിപിഎമ്മിന് കഴിയും. അതിനുള്ള സംഘടനാ സംവിധാനം സിപിഎമ്മിനുണ്ട്. അത് ഡെല്‍ഹിക്ക് വരെ ബോധ്യപ്പെട്ടിട്ടുണ്ടാവണം ഇന്നത്തെ മതില് കണ്ടപ്പോള്‍. നാളത്തെ ദേശിയ രാഷ്ട്രീയത്തിന് പോലും ആത്മവീര്യം പകരാനുള്ള മരുന്ന് ഈ മതില്‍ക്കെട്ടിലുണ്ട് എന്നത് തന്നെയാണ് യഥാര്‍ഥ്യം. 
അപ്പോള്‍ സംഘപരിവാരത്തിനും കുഴലൂത്തുകാര്‍ക്കും ഇനി പതിയെ സ്റ്റാന്‍ഡ് വിടാം. ഇത് സാക്ഷര കേരളം തന്നെയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക