Image

പുതുവത്സരം ! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക് Published on 01 January, 2019
പുതുവത്സരം ! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)
പറഞ്ഞിടുന്നു മംഗളം നവാംബുവായ വര്‍ഷമേ
പറഞ്ഞിടുന്നു യാത്ര ഞാന്‍ കടന്നു പോം നിദാഘമേ
പരാതിയില്ലയൊട്ടുമേ അമേയമാം നിന്‍ ചേഷ്ടയില്‍
കരുത്തു നല്‍കി ശക്തിയാര്‍ന്നു നീങ്ങുവാന്‍ തുണച്ചു തേ!
കൊഴിഞ്ഞുവീണിടുന്നു പത്രമൊന്നു ജീവശാഖിയില്‍
കഴിഞ്ഞകാലമൊക്കെ ഞാനനാകുലം നടക്കുവാന്‍

പിഴയ്ക്കു യോഗ്യമായ ശിക്ഷ നല്‍കിടാതനുക്തമാ 
യൊഴുക്കിടും കൃപാവിലാസമെത്രയോ മഹത്തരം !
നിനച്ചിടാത്ത വേളയില്‍ നിഗൂഢമായ മാത്രയില്‍
മെനഞ്ഞു മന്നിടത്തിലെന്റെ ജീവിതം ഒരുക്കിയും
നിനച്ചിടാതെ നല്‍കലും നിരീച്ചിടാതെടുക്കലും
സനാതനന്റെ ലീലയെന്നറിഞ്ഞിടുന്നു ഞാന്‍ വിഭോ!
അനന്തമായ ചക്രവാള സീമയില്‍ സ്ഫുരിച്ചിടും 
അനാദിയായ അര്‍ക്ക ചന്ദ്ര താര സഞ്ചയങ്ങളും 
അനന്തകോടി ജീവജാലമൊക്കെയും നിനയ്ക്കുകില്‍
അനാദ്യനന്തനായവന്റപാരമായ കൈപ്പണി!

തരുന്നഹോ കരങ്ങളില്‍ വഹിപ്പതിന്നതീതമായ്
ധരിത്രിയില്‍ മഹേശ്വരന്‍ ഒരുക്കിടുന്നഭേദ്യമായ് 
ധരാതലത്തിലെന്റെ ജ•മിത്രനാള്‍ പ്രശാന്തിയില്‍
ചരിച്ചിടാന്‍ കഴിഞ്ഞതില്‍ നമിച്ചിടട്ടെ നന്ദിയാല്‍ !
കഴിഞ്ഞതില്ലെനിക്കു തൃപ്തിയാര്‍ന്ന പാട്ടു പാടുവാന്‍
കഴിഞ്ഞതില്ലിതേവരേയ്ക്കു രാഗമൊന്നു തീര്‍ക്കുവാന്‍
കഴിഞ്ഞതില്ല നവ്യമാം കഥാപ്രതിഷ്ഠ തീര്‍ക്കുവാന്‍
കഴിഞ്ഞിടുന്നു കുണ്‍ഠിതപ്പെടുന്ന ചിത്തവായ്പുമായ്!

നന്ദിയോടെ സര്‍വ്വശക്തനേ സ്മരിച്ചു ജീവിതം 
തന്നിടുന്ന നാള്‍വരേം സമന്വയം നയിച്ചിടാന്‍ 
അന്വഹം തുണയ്ക്കുവാനായര്‍ത്ഥനയോടി ഭുവില്‍
ഇന്നുഞാന്‍ കഴിഞ്ഞിടുന്നു ദൈവമേ തുണയ്ക്കുകേ !
സര്‍വ്വസാധനന്റെ വന്‍ കൃപാവിലാസമോര്‍ത്തിടാം
സര്‍വ്വസാക്ഷിയേ മറന്നിടായ്ക മര്‍ത്യ വൃന്ദമേ!. 
നേര്‍ന്നിടുന്നു ശാന്തി സമൃദ്ധമാം പുതുവത്സരം !
നേര്‍ന്നിടുന്നു തുഷ്ടിയാര്‍ന്ന വര്‍ദ്ധിത വര്‍ഷാഗമം! 
ഡിസംമ്പര്‍ 31, 2018
Join WhatsApp News
Ponmelil Abraham 2019-01-01 19:48:02
Beautiful and well woven poem that is hearty to the mind.
വിദ്യാധരൻ 2019-01-01 23:34:07
"ജരം ജരം ജഗം നിരന്നു പഞ്ചചാമരം വരും " 

"മിനുത്തു നേർത്ത നൂലിതെങ്ങു  നിന്നൂ മോടികൂടു-
മീയനർഘമാം നെയിത്തു തന്നെയഭ്യസിച്ചതെങ്ങു നീ ?" (കുമാരനാശാൻ)

അച്ചടക്കരാഹിത്ത്യത്തിൽ കവിതയുടെ പാരമ്പര്യം ചവുട്ടി മെതിക്കപെടുമ്പോൾ, കവിതയുടെ അടുക്കും ചിട്ടയും  നഷ്ടമാകാതെ കാത്തു സൂക്ഷിക്കുന്ന നിങ്ങളെപ്പോലുള്ളവർ ഉള്ളതു ആശ്വാസകരം തന്നെ.  കവിതയ്ക്ക് മാറ്റം വരും, ആ മാറ്റത്തെ ആർക്കും തടുക്കാൻ സാധിക്കില്ല എന്ന് ആധുനികർ അവകാശപ്പെടുമ്പോഴും, അച്ചടക്കം ഒന്നുകൊണ്ടു മാത്രം,  നൂറ്റാണ്ടുകളായി    മൂല്യം    നഷ്ടപ്പെടാതെ കിടക്കുന്ന അമൂല്യ കാവ്യങ്ങൾ കണക്കില്ലാത്തതാണ്. നല്ല വാക്കുകൾ കൊണ്ട് കവിതയ്ക്ക് മിഴിവേകുന്നതിലും നിങ്ങൾ ശ്രദ്ധാലുവാണ് .  

മനോഹരമായ പഞ്ചചാമരാ വൃത്തത്തിൽ നിങ്ങൾ രചിച്ച കവിതയ്ക്ക് അഭിനന്ദനം .  

നിർദോഷാപ്യഗുണാവാണി 
ന വിദ്വജ്ജന രഞ്ജിനി 
പതിവൃതാപ്യരൂപാ സ്ത്രീ 
പരിണേ ന രോചതേ (ഹിതോപദേശം )

ദോഷരഹിതമെങ്കിലും ഗുണങ്ങളില്ലാത്ത വാക്ക് (കവിത) വിദ്വാന്മാരെ സന്തോഷിപ്പിക്കുന്നില്ല . പതിവൃതയെങ്കിലും രൂപസൗന്ദര്യമില്ലാത്ത സ്ത്രീ (ക്ഷമിക്കണം -ഇത് എന്റെ അഭിപ്രായമല്ല ) ഭർത്താവിന് ഇഷ്ടമുണ്ടാക്കുന്നില്ല 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക