Image

ടൗണ്‍സ്‌വില്ലെയില്‍ സംയുക്ത തിരുനാളാഘോഷം ജനുവരി ആറിന്

Published on 31 December, 2018
ടൗണ്‍സ്‌വില്ലെയില്‍ സംയുക്ത തിരുനാളാഘോഷം ജനുവരി ആറിന്
 

ടൗണ്‍സ്‌വില്ലെ : സെന്റ് അല്‍ഫോന്‍സ ഇടവകയില്‍ ദനഹാതിരുനാളും വിശുദ്ധ ചാവറയച്ചന്റെ തിരുനാളും സംയുക്തമായി ആഘോഷിക്കുന്നു. 

ഈശോയുടെ പ്രത്വഷീകരണത്തിന്റേയും പരിശുദ്ധ ത്രിത്വത്തിന്റെ വെളിപ്പെടുത്തലിന്റേയും ഓര്‍മയാചരണമാണ് ദനഹാ തിരുനാള്‍. സീറോ മലബാര്‍ സഭയുടെ പുരാതന പാരമ്പര്യത്തില്‍ ഈ തിരുനാളിന് രാക്കുളി തിരുനാളെന്നും പിണ്ടികുത്തി തിരുനാള്‍ എന്നും അറിയപ്പെട്ടുപോന്നു. 

ഈശോയുടെ മാമ്മോദീസായെ അനുസ്മരിച്ചു രാത്രിയില്‍ കുളിച്ചു കയറി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന പതിവാണ് രാക്കുളി എന്ന പദത്തിലൂടെ അര്‍ഥമാക്കുന്നത്.ദൈവിക വെളിപാട് എന്നത് ലോകത്തിനു ലഭിച്ച പ്രകാശമാണ് എന്ന് അനുസ്മരിപ്പിക്കാന്‍ വീടിന്റെ മുമ്പില്‍ വാഴപിണ്ടിയില്‍ നിറയെ മണ്‍ചിരാതുകള്‍ തെളിച്ചു ദൈവം പ്രകാശമാകുന്നു എന്ന് പ്രാര്‍ഥിച്ചു ധ്യാനിക്കുന്നതാണ് പിണ്ടികുത്തി തിരുനാളിന്റെ ആചാരം. 

സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഇരുളിലാണ്ട ഒരു കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തിന്റെ വെളിച്ചം കേരളത്തിന് പ്രധാനം ചെയ്ത വലിയ വിശുദ്ധനാണ് ചാവറയച്ചന്‍.പള്ളിയോടൊപ്പം പള്ളികൂടങ്ങള്‍ തുടങ്ങുവാന്‍ കല്പിച്ചുകൊണ്ടു കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ വിദ്യാഭ്യസത്തിലൂടെ വികസനം എത്തിക്കുവാന്‍ വിശുദ്ധന് സാധിച്ചു. കേരളത്തിലെ ആദ്യ പത്രം,ആദ്യ സംസ്‌കൃത സ്‌കൂള്‍,അവര്‍ണര്‍ക്ക് വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളില്‍ വിശുദ്ധ ചാവറയച്ചന്‍ കേരള നവോഥാനത്തിനു നേതൃത്വം നല്‍കി. 

ജനുവരി 6 ന് (ഞായര്‍) വൈകുന്നേരം 5.30ന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. രൂപം എഴുന്നള്ളിപ്പ്, ആഘോഷമായ തിരുനാള്‍ കുര്‍ബാന, ലദീഞ്ഞ് എന്നിവയോടെ തിരുനാള്‍ സമാപിക്കും. ട്രസ്റ്റീമാരായ വിനോദ് കൊല്ലംകുളം, സാബു, കമ്മിറ്റി അംഗങ്ങളായ ബാബു ലോനപ്പന്‍ ,ജിബിന്‍,സിബി,ആന്റണി എന്നിവര്‍ തിരുനാളിന്റെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുമെന്ന് വികാരി ഫാ.മാത്യു അരീപ്ലാക്കല്‍ അറിയിച്ചു.

റിപ്പോര്‍ട്ട് : വിനോദ് കൊല്ലംകുളം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക