Image

റവ.ഫാ.ഡോ. ജോണ്‍ കുടിയിരിപ്പിലിനു സ്‌നേഹോഷ്മളമായ യാത്രയയപ്പ്

ജോയിച്ചന്‍ പുതുക്കുളം Published on 31 December, 2018
റവ.ഫാ.ഡോ. ജോണ്‍ കുടിയിരിപ്പിലിനു സ്‌നേഹോഷ്മളമായ യാത്രയയപ്പ്
എഡ്മന്റന്‍, കാനഡ: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഫൊറോന ദേവാലയ വികാരി റവ.ഫാ.ഡോ. ജോണ്‍ കുടിയിരിപ്പിലിന് ഇടവക ദേവാലയം 2018 ഡിസംബര്‍ 23-നു സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. അഞ്ചു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. എം.എസ്.ടി സഭാംഗമായ അദ്ദേഹം ഭരണങ്ങാനത്തെ സെന്റ് തോമസ് മിഷണറീസ് സൊസൈറ്റിയുടെ ദീപ്തി ഭവനിലേക്കാണ് മടങ്ങിപ്പോകുന്നത്. ഡിസംബര്‍ 29-ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങി.

23-നു ദിവ്യബലിക്കുശേഷം 12 മണിയോടെ യാത്രയയപ്പ് സമ്മേളനം ആരംഭിച്ചു. എഡ്മന്റന്‍ ആര്‍ച്ച് ബിഷപ്പ് ഹിസ് എക്‌സലന്‍സ് റിച്ചാര്‍ഡ് സ്മിത്ത് മുഖ്യാതിഥിയായിരുന്നു. എഡ്മന്റന്‍ ആര്‍ച്ച് ഡയോസിസ് ചാന്‍സലര്‍ ജോസ്സെ മാര്‍, റവ.ഫാ. പാട്രിക് ബസ്ക, നൈറ്റ് ഓഫ് കൊളംബസ,് റിട്ട. സ്റ്റേറ്റ് ഡപ്യൂട്ടി വാള്‍സ്ട്രീറ്റ് എന്നിവരും വിശിഷ്ടാതിഥികളായി എത്തിയിരുന്നു. ആര്‍ച്ച് ബിഷപ്പ് റിച്ചാര്‍ഡ് സ്മിത്ത് തന്റെ ആശംസാ പ്രസംഗത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളം സന്ദര്‍ശിച്ചപ്പോള്‍ എം.എസ്.ടി സഭയുടെ അതിഥിയായി ഭരണങ്ങാനത്ത് താമസിച്ചത് സ്മരിക്കുകയും, എഡ്മന്റനിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കും, എഡ്മണ്ടന്‍ ഡയോസിസിനും നല്‍കിയ സേവനത്തിനു നന്ദി പറയുകയും ചെയ്തു. ജോണച്ചന്റെ തുടര്‍ന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകളും ആര്‍ച്ച് ബിഷപ്പ് നേര്‍ന്നുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.

ആര്‍ച്ച് ഡയോസിസ് ചാന്‍സിലര്‍ ജോസ്സെ മാര്‍, ജോണച്ചന്റെ എഡ്മന്റനിലേക്കുള്ള വരവിന്റെ ആരംഭം മുതലുള്ളതും, അച്ചനെ സ്വീകരിച്ചതും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അനുസ്മരിച്ചു. സീറോ മലബാര്‍ വിശ്വാസികള്‍ക്കായി സ്വന്തമായി ഒരു ദേവാലയം വാങ്ങുക എന്ന ഒറ്റ ലക്ഷ്യത്തില്‍ മാത്രം എഡ്മണ്ടനില്‍ എത്തിയ അച്ചന്‍ ആ ലക്ഷ്യം സാധിക്കുക മാത്രമല്ല, അടിയുറച്ച വിശ്വാസത്തില്‍ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക കൂടി ചെയ്തതിനെ ജോസ്സെ മാര്‍ പ്രത്യേകം അഭിനന്ദിച്ചു.

മൂന്നുവര്‍ഷം സെന്റ് എഡ്മന്റന്‍സ് ദേവാലയ റക്ടറിയില്‍ ജോണച്ചന്‍ താമസിച്ചതിനെ ഫാ. പാട്രിക് ബസ്ക സ്‌നേഹത്തോടെ ഓര്‍മ്മിച്ചു. സെന്റ് എഡ്മണ്ടന്‍സ് സമൂഹത്തിനു ജോണച്ചന്‍ നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു. സീറോ മലബാര്‍ വിശ്വാസം മാത്രമല്ല, കേരളത്തിന്റെ സംസ്കാരവും ആതിഥ്യമര്യാദയും ജോണച്ചനിലൂടെ പഠിക്കുവാന്‍ അവസരം ലഭിച്ചു എന്ന് ഫാ. പാട്രിക് അനുസ്മരിച്ചു. നൈറ്റ് ഓഫ് കൊളംബസിന്റെ ഇടവകയിലെ കൗണ്‍സിലിന്റെ ആരംഭ സമയത്ത്, ജോണച്ചനില്‍ നിന്നും ലഭിച്ച സഹകരണത്തെ റിട്ട. സ്റ്റേറ്റ് ഡപ്യൂട്ടി വാള്‍ സ്ട്രീറ്റ് അനുസ്മരിച്ചു.

തുടര്‍ന്നു ഇടവകയിലെ വിവിധ സംഘടനകളായ കാറ്റിക്കിസം, നൈറ്റ് ഓഫ് കൊളംബസ്, ഷാലോം പ്രെയര്‍ ഗ്രൂപ്പ്, മാതൃജ്യോതിസ്, എസ്.എം.വൈ.എം പ്രതിനിധികള്‍ ജോണച്ചന്റെ സേവനത്തെ അനുസ്മരിച്ചു. ഓരോ സംഘടനകളും ആരംഭിച്ചപ്പോള്‍ നേരിട്ട വെല്ലുവിളികളും, അവയെ തരണം ചെയ്ത് മുന്നേറാന്‍ ജോണച്ചന്റെ നേതൃത്വം സഹായിച്ചതും ഓരോ സംഘടനാ പ്രതിനിധികളും അനുസ്മരിച്ചു. ഇന്ന് വിവിധ സംഘടനകള്‍ വിജയകരമായി പ്രവര്‍ത്തിക്കുമ്പോള്‍ എല്ലാ വിജയവും ജോണച്ചന് അവകാശപ്പെട്ടതാണെന്ന് ഓരോരുത്തരും അനുസ്മരിച്ചു.

തുടര്‍ന്നുള്ള മറുപടി പ്രസംഗത്തില്‍ എഡ്മന്റനില്‍ വന്ന ആദ്യ ദിനം മുതല്‍ അച്ചനു നല്‍കിയ പിന്തുണയ്ക്ക് അച്ചന്‍ ഇടവകയ്ക്ക് നന്ദി പറഞ്ഞു. സ്വന്തം പൈതൃകത്തെ മുറുകെപ്പിടിച്ച് ഒരു വിശ്വാസ സമൂഹമായി മുന്നേറാന്‍ എഡ്മന്റണിലെ വിശ്വാസികള്‍ കാണിച്ച താത്പര്യമാണ് "സ്വന്തം ദേവാലയം' എന്ന സ്വപ്നത്തെ വളരെ വേഗം സാക്ഷാത്കരിച്ചതെന്നു അച്ചന്‍ ഓര്‍മ്മിച്ചു. ഇനിയും വിശ്വാസത്തെ വളര്‍ത്തി, ഒറ്റക്കെട്ടായി മുന്നേറി കൂടുതല്‍ നന്മകള്‍ സ്വന്തമാക്കാന്‍ അച്ചന്‍ ഇടവക സമൂഹത്തെ ആഹ്വാനം ചെയ്തു.

2014 ജനുവരി ഒന്നാം തീയതിയാണ് എഡ്മന്റണിലെ സീറോ മലബാര്‍ മിഷന്റെ പ്രഥമ വികാരിയായി ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ജോണച്ചന്‍ എത്തിയത്. ജനുവരി 19 മുതല്‍ തന്നെ എഡ്മന്റണ്‍ ആര്‍ച്ച് ഡയോസിസ് അനുവദിച്ച സെന്റ് എഡ്മന്റ്‌സ് ദേവാലയത്തില്‍ ഞായറാഴ്ചകളില്‍ വൈകുന്നേരം മലയാളം കുര്‍ബാന ആരംഭിച്ചു. അന്നു മുതല്‍ സീറോ മലബാര്‍ കത്തോലിക്കാ വിശ്വാസം അനുസരിച്ചുള്ള എല്ലാ തിരുനാളുകളും, വിശേഷദിവസങ്ങളും ഭക്തിപൂര്‍വ്വം ആചരിക്കാനുള്ള അവസരം ഇടവകാംഗങ്ങള്‍ക്ക് ലഭിച്ചു.

മിഷന്റെ വളര്‍ച്ചയുടെ ആദ്യപടിയായി ക്യാറ്റിക്കിസം 2014 മാര്‍ച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് എഡ്മന്റന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടന്ന സീറോ മലബാര്‍ വിശ്വാസികളെ, ഭൂപ്രകൃതി അനുസരിച്ച്, എട്ടു വാര്‍ഡുകളായി തിരിച്ച് കുടുംബക്കൂട്ടായ്മകള്‍ രൂപീകരിച്ചു. തുടര്‍ന്ന് നൈറ്റ് ഓഫ് കൊളംബസ്, മാതൃജ്യോതിസ്, എസ്.എം.വൈ.എം എന്നീ സംഘടനകളും ഇടവകയില്‍ ജോണച്ചന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഇടവക ക്വയറിനേയും, അള്‍ത്താര ശുശ്രൂഷകരേയും, യൂക്രിസ്റ്റിക് മിനിസ്റ്റേഴ്‌സിനേയും പരിശീലനം ചെയ്യിപ്പിച്ചു. വാളണ്ടിയേഴ്‌സിനും, ക്യാറ്റിക്കിസം ടീച്ചേഴ്‌സിനും വിവിധ ട്രെയിനിംഗുകളും, സെമിനാറുകളും സംഘടിപ്പിച്ചു.

2014-ല്‍തന്നെ "സ്വന്തമായി ഒരു ദേവാലയം' എന്ന ആഗ്രഹം വിശ്വാസികളുടെ മനസ്സില്‍ നിറയ്ക്കാന്‍ ജോണച്ചന് സാധിച്ചിരുന്നു. അതിനായി വിവിധ തലങ്ങളില്‍ ഫണ്ട് രൂപീകരണം ആരംഭിച്ചു. തുടര്‍ന്നു 2016 അവസാനത്തോടെ ചൈനീസ് അലയന്‍സ് ചര്‍ച്ച് ഇടവക പങ്കാളിത്തത്തോടെ വാങ്ങാന്‍ തീരുമാനമായി. 2017 ഫെബ്രുവരി 28-നു പുതിയ ദേവാലയത്തിന്റെ താക്കോല്‍ ലഭിക്കുകയും, പ്രഥമ ദിവ്യബലി മിസ്സിസാഗ എക്‌സാര്‍ക്കേറ്റ് മാര്‍ ജോസ് കല്ലുവേലിലിന്റെ സാന്നിധ്യത്തില്‍ അര്‍പ്പിക്കുകയും ചെയ്തു. പുതിയ ദേവാലയത്തിന് അള്‍ത്താര നിര്‍മ്മിക്കുകയും, മറ്റു നവീകരണങ്ങള്‍ നടത്തുകയും ചെയ്തു. പുതിയ ദേവാലയത്തിന്റെ കൂദാശാ കര്‍മ്മത്തിനു മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടേയും, മറ്റ് അഞ്ച് മെത്രാന്മാരുടേയും സാന്നിധ്യത്തില്‍ 2017 ജൂലൈ 29-നു നടത്തി.

2015-ല്‍ മിസ്സിസാഗ എക്‌സാര്‍ക്കേറ്റ് രൂപീകൃതമായപ്പോള്‍ പ്രഥമ വികാരി ജനറാള്‍ ആയി ഫാ. ജോണ്‍ കുടിയിരുപ്പില്‍ നിയമിതനായി. ചിക്കാഗോ രൂപതയില്‍ സേവനം അനുഷ്ഠിച്ചപ്പോള്‍ ഓര്‍ലാന്റോയില്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ദേവാലയം വാങ്ങാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ ജീവിതവഴിയിലെ മറ്റൊരു നാഴികക്കല്ലാണ്.

മീനു വര്‍ക്കി അറിയിച്ചതാണിത്.
റവ.ഫാ.ഡോ. ജോണ്‍ കുടിയിരിപ്പിലിനു സ്‌നേഹോഷ്മളമായ യാത്രയയപ്പ്
റവ.ഫാ.ഡോ. ജോണ്‍ കുടിയിരിപ്പിലിനു സ്‌നേഹോഷ്മളമായ യാത്രയയപ്പ്
റവ.ഫാ.ഡോ. ജോണ്‍ കുടിയിരിപ്പിലിനു സ്‌നേഹോഷ്മളമായ യാത്രയയപ്പ്
റവ.ഫാ.ഡോ. ജോണ്‍ കുടിയിരിപ്പിലിനു സ്‌നേഹോഷ്മളമായ യാത്രയയപ്പ്
റവ.ഫാ.ഡോ. ജോണ്‍ കുടിയിരിപ്പിലിനു സ്‌നേഹോഷ്മളമായ യാത്രയയപ്പ്
റവ.ഫാ.ഡോ. ജോണ്‍ കുടിയിരിപ്പിലിനു സ്‌നേഹോഷ്മളമായ യാത്രയയപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക