Image

ആറാമത് കണിയാപുരം രാമചന്ദ്രന്‍ സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവം സമാപിച്ചു

Published on 30 December, 2018
ആറാമത് കണിയാപുരം രാമചന്ദ്രന്‍ സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവം സമാപിച്ചു

അബ്ബാസിയ : കേരള അസോസിയേഷന്‍ കുവൈത്ത് സംഘടിപ്പിച്ച ആറാമത് കണിയാപുരം രാമചന്ദ്രന്‍ സ്മാരക ഹ്രസ്വ ചലച്ചിത്രോത്സവത്തില്‍ അന്‍സാരി സംവിധാനം ചെയ്ത 'ബിരിയാണി' മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു കുട്ടികളുടെ കാഴ്ചയിലൂടെ ജീവിതത്തെ നോക്കിക്കാണുന്ന 'ബിരിയാണി' എന്ന ചിത്രത്തിന് മികച്ച ബാലനടന്‍ (നിഷാല്‍), രിസാല്‍ ജൈനി (എഡിറ്റര്‍) എന്നീ പുരസ്‌കാരങ്ങളും ലഭിച്ചു. 'നിങ്ങളില്‍ ഒരാള്‍' എന്ന ചിത്രത്തിലെ പ്രകടനത്തിന് അരുണ്‍ നാഗമണ്ഡലം മികച്ച നടനായും 'കൊതി തീരുവോളം' എന്ന ചിത്രത്തിലെ പ്രകടനത്തിന് ജിപ്‌സ റോയ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ശബ്ദ സംയോജനത്തിനുള്ള പുരസ്‌കാരം 'സൈനിങ് ഓഫ്' നേടി. രതീഷ് ഗോപി സംവിധാനം ചെയ്ത 'ഷേയ്ഡ്‌സ്' ആണ് മികച്ച പ്രവാസി ചിത്രം. പ്രേക്ഷക പുരസ്‌കാരം ഷറഫുദ്ദീന്‍ കടമ്പോത്ത്, ആലീസ് ചീവേല്‍ എന്നിവര്‍ സംവിധാനം ചെയ്ത 'ഡെപ്ത് ഓഫ് ബ്ലൂ' നേടി. 'സോളിലക്വി' സംവിധാനം ചെയ്ത നിസാര്‍ ഇബ്രാഹിം മികച്ച സംവിധായകനായി. ഇതേ ചിത്രത്തിന് ക്രിസ് അയ്യര്‍ക്ക് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചു. 'തൗബ' എന്ന ചിത്രത്തിന് കാമറ ചലിപ്പിച്ച മഹ്‌റൂഫ് ഛായാഗ്രാഹകനുള്ള പുരസ്‌കാരം നേടി. 'ഷഹാദ' എന്ന ചിത്രത്തില്‍ അഭിനയിച്ച ഐഷ അനൂപ് ആണ് മികച്ച ബാലനടി. പ്രസിത പാട്യം സംവിധാനം ചെയ്ത 'െ്രെഫഡേ ഫ്രീ ഡേ', ഷറഫുദ്ദീന്‍ കടേമ്പാട്ട്, ആലീസ് ചീവേല്‍ എന്നിവര്‍ സംവിധാനം ചെയ്ത 'ഡെപ്ത് ഓഫ് ബ്ലൂ', അമല കോമളക്കുട്ടി സംവിധാനം ചെയ്ത 'ഡിസ്‌റപ്ഷന്‍' എന്നീ ചിത്രങ്ങള്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.

ചലച്ചിത്ര സംവിധായകന്‍ എം.പി. സുകുമാരന്‍ നായര്‍, ഛായാഗ്രാഹകന്‍ സണ്ണിജോസഫ്, നിരൂപകന്‍ സി.എസ്. വെങ്കിടേശ്വരന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. 32 സിനിമകളാണ് മത്സരവിഭാഗത്തില്‍ ഉണ്ടായിരുന്നത്. 20 എണ്ണം കുവൈറ്റില്‍ നിന്നുള്ളതായിരുന്നു. ആറെണ്ണം മറ്റു ജി.സി.സി രാജ്യങ്ങളില്‍നിന്ന് വന്നപ്പോള്‍ ആറെണ്ണം കേരളത്തില്‍നിന്നായിരുന്നു. സിനിമ പ്രവര്‍ത്തകര്‍ക്കായി 'എ വൊയേജ് ടു ഫിലിം മേകിങ്' എന്ന പേരില്‍ ടെക്‌നിക്കല്‍ വര്‍ക് ഷോപ് ഒരുക്കിയിരുന്നു. ചലച്ചിത്രമേളയോടനുബന്ധിച്ച് ചിത്രപീഠം ചിത്രകലാ അക്കാദമി വിദ്യാര്‍ഥികളുടെ ചിത്രപ്രദര്‍ശനവും നടന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക