Image

കരുതി ഇരിക്കുക: നിങ്ങള്‍ സൂഷ്മ നിരീക്ഷണത്തില്‍ ആണ്.(ഡല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 28 December, 2018
കരുതി ഇരിക്കുക: നിങ്ങള്‍ സൂഷ്മ നിരീക്ഷണത്തില്‍ ആണ്.(ഡല്‍ഹികത്ത് : പി.വി.തോമസ് )
2018 ഡിസംബര്‍ 20ന് കേന്ദ്ര ഗവണ്‍മെന്റ് പുറപ്പെടുവിച്ച സ്റ്റാറ്റിയൂട്ട് ഓര്‍ഡര്‍പ്രകാരം ഇന്‍ഡ്യയിലെ 130 കോടിയോളം വരുന്ന ജനങ്ങള്‍ സര്‍ക്കാരിന്റെ ഇലക്ട്രോണിക്ക് നിരീക്ഷണത്തില്‍ ആണ്. ഇത് പ്രകാരം ഗവണ്‍മെന്റിന് പൗരന്റെ അല്ലെങ്കില്‍ പൗരിയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍, കമ്പ്യൂട്ടര്‍-സാമൂഹ്യ മാധ്യമ ആശയ വിനിമയങ്ങള്‍ നിരീക്ഷിക്കാം, നടപടി എടുക്കാം ആവശ്യാനുസരണം. ജോര്‍ജ് ഓര്‍വെലിന്റെ 1984 എന്ന നോവലില്‍ പറയുന്നതുപോലെ ബിഗ്ബ്രദര്‍ നിങ്ങളെ നിരീക്ഷിക്കുകയാണ്. ഓവര്‍വല്‍ വിഭാവന ചെയ്യുന്ന ഒരു സ്വേഛാധിപത്യ സംവിധാനത്തില്‍ അല്ല ഇത് ഇപ്പോള്‍ സംഭവിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്ന് നമ്മളൊക്കെ അഭിമാനം കൊള്ളുന്ന ഇന്‍ഡ്യയില്‍ ആണ്. ഇതിനെയും നമുക്ക് സ്വാഗതം ചെയ്യാം 2019 എന്ന തെരഞ്ഞെടുപ്പ് കാല പുതുവര്‍ഷത്തെ പോലെ.

ഈ ഉത്തരവ് പ്രകാരം കേന്ദ്രഗവണ്‍മെന്റ് നിശ്ചയിച്ചിരിക്കുന്ന പത്ത് രഹസ്യാന്വേഷണ, നികുതി, നിയമ നിര്‍വ്വഹണ വിഭാഗങ്ങള്‍ക്ക് വ്യക്തികളുടെ ടെലിഫോണ്‍-കമ്പ്യൂട്ടര്‍ ആശയവിനിമയത്തെ ചോര്‍ത്തി എടുക്കാം. അതനുസരിച്ച് ആവശ്യമായ നടപടിയും എടുക്കാം. ഈ പത്ത് ഏജന്‍സികളില്‍ രഹസ്യാന്വേഷണ വിഭാഗം, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്(റിസര്‍ച്ച് അനാലസിസ് വിങ്ങ്), നാഷ്ണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി തുടങ്ങിയവ ഉള്‍പ്പെടും. ഇവര്‍ക്ക് ആരുടെയും ടെലിഫോണിലേയും കമ്പ്യൂട്ടറിലെയും ആശയവിനിമയം ചോര്‍ത്താം. അതനുസരിച്ച് നടപടി എടുക്കാം. കേന്ദ്രഗവണ്‍മെന്റിന്റെ ന്യായീകരണപ്രകാരം ഇത് മുന്‍ യു.പി.യെ. ഗവണ്‍മെന്റ് 2009-ല്‍ ഏര്‍പ്പെടുത്തിയ ഒരു നിയമത്തിന്റെ പിന്തുടര്‍ച്ചമാത്രം ആണ്. ഇത് എന്‍.ഡി.എ. ഗവണ്‍മെന്റിന്റെ ഒരു സ്ഥിരം പ്രതികരണവും ആണ്. ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട്, 1923-യും സെഡീഷന്‍ നിയമവും എല്ലാം ഇതുപോലെ പിന്തുടര്‍ച്ച ആണ്, കോളണി വാഴ്ചയുടെ. അതുകൊണ്ട് എന്‍.ഡി.എ.യുടെ ഈ വാദത്തില്‍ കഴമ്പില്ല. എന്താണ് അവരുടേതായ നയം, സമീപനം, നിലപാട്? അങ്ങനെ ഒന്ന് പുതിയ ഭരണാധികാരികള്‍ക്ക് ഇല്ലേ? എന്തിന് ഈ പിന്തുടര്‍ച്ചയുടെ ഉച്ചിഷ്ടം ഭുജിക്കണം? അതോ തീവ്ര ഹിന്ദുത്വ അല്ലാതെ എന്‍.ഡി.എ.ക്ക് തനതായിട്ട് ഒന്നും ഇല്ലേ?

2009-ലെ യു.പി.എ.യുടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരം ഗവണ്‍മെന്റിന് അതിന്റെ ഏതൊരു ഏജന്‍സിയെയും പൗരന്റെ ഇലക്ട്രോണിക്ക് വിവിരശേഖരത്തിന് നിയോഗിക്കാം. ഇതിന് ഹോം സെക്രട്ടറിയുടെ അനുവാദം ഉണ്ടാകണം എന്നുമാത്രം. ഇപ്പോഴത്തെ ഭേദഗതി പ്രകാരം 10 ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് മാത്രമെ ഈ ചാരപ്പണിക്ക് അനുവാദം ഉള്ളൂ. പക്ഷേ അവര്‍ക്കും ഹോം സെക്രട്ടറിയുടെ അനുമതി ആവശ്യം ആണ്. പക്ഷേ, അടിയന്തിര സാഹചര്യങ്ങളില്‍  അവര്‍ക്ക് ഹോംസെക്രട്ടറിയുടെ അനുവാദത്തിന് കാത്തിരിക്കാതെ ഈ ചാരപ്പണി നടത്താം. പക്ഷേ, മൂന്ന് ദിവസത്തിനുള്ളില്‍ അനുമതി തേടണം. ഏഴു ദിവസത്തിനുള്ളില്‍ അനുമതി ലഭിച്ചില്ലെങ്കില്‍ ചാരപ്പണി നിര്‍ത്തണം. അതായത് 10 ദിവസം ഈ ഏജന്‍സികള്‍ക്ക് ഈ ചാരപ്പണിക്ക് യാതൊരു അനുവാദവും ഇല്ലാതെ അനുവാദം ഉണ്ട്. ഇതാണ് ഇതിന്റെ മര്‍മ്മം.

ഇനി എന്തിനാണ് ഈ ചാരസേവ നടത്തുന്നത്? അല്ലെങ്കില്‍ രാജ്യത്തെ ഒരു പോലീസ് സ്‌റ്റേറ്റ് ആക്കി മാറ്റുന്നത്? പ്രധാനമായും രാജ്യത്തിന്റെ പരമാധികാരത്തില്‍, ആഭ്യന്തര സുരക്ഷക്കും, രാജ്യ രക്ഷക്കും, വിദേശ രാജ്യങ്ങളും ആയിട്ടുള്ള സൗഹൃദബന്ധത്തിനും ഭീഷഷണി ഉയര്‍ത്തുന്ന നടപടികളില്‍ വ്യ്കതികളും സംഘടനകളും ഏര്‍പ്പെടുമ്പോള്‍ ആണ് ഇങ്ങനെയുള്ള സ്വകാര്യസ്വാതന്ത്ര്യത്തിലേക്ക് ഗവണ്‍മെന്റ് അതിക്രമിച്ച് കയറുന്നത്. മാത്രമല്ല ക്രമസമാധാന നിലതകര്‍ക്കുന്ന രീതിയിലുള്ള പ്രകോപനകരമായ പെരുമാറ്റങ്ങളും ഇതില്‍പെടും. ഇതിനെ ഒന്നും ആരും എതിര്‍ക്കുന്നില്ല. പക്ഷേ, എന്തിന് ആള്‍ അടച്ചുള്ള ബ്ലാങ്കറ്റ് നിരീക്ഷണ നിയമം? എന്താ എല്ലാ പൗരന്മാരും നിയമനിഷേധകരും രാജ്യദ്രോഹികളും ആണോ? അങ്ങനെ ആണെന്ന് ഏതെങ്കിലും ഒരു ഭരണാധികാരി ചിന്തിക്കുന്നുവെങ്കില്‍ ആ ഭരണാധികാരി ഒരു ഏകാധിപതിയും ഏറ്റവും അസുരക്ഷിതനും ആണ്. അങ്ങനെയുള്ള ഒരു ഭരണകൂടത്തെയും ഭരണാധികാരിയെയും ഇന്‍ഡ്യക്ക് വേണോ? ഇന്ദിരഗാന്ധിയുടെ അടിയന്തിരാവസ്ഥ ഈ ഏകാധിപത്യത്തിന്റെയും അസുരക്ഷിതത്വത്തിന്റെയും ആകെ  തുകയായിരുന്നു. അതിനെ 1977-ല്‍ ജനം തൂത്തെറിഞ്ഞ ചരിത്രം ആണുള്ളത്.

എന്‍.ഡി.എ. ഗവണ്‍മെന്റ് പുതിയ ഉത്തരവിന് ഉപോല്‍ബലകമായി 2009-ലെ യു.പി.എ. ഗവണ്‍മെന്റിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് ചൂണ്ടികാണിക്കുന്നുണ്ട്. ഇതിന്റെ 69(1) പ്രകാരം ഗവണ്‍മെന്റിന് ഈ ഒളിഞ്ഞുനോട്ടം സംഭാഷണചോര്‍ച്ച അനുവദനീയം ആണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 2000- ഇത് അനുവദിക്കുന്നുണ്ട്(എന്‍.ഡി.എ.കാലം). 1885-ലെ ടെലിഗ്രാഫ് ആക്ടും ഇത് അനുവദിക്കുന്നുണ്ട്(ബ്രിട്ടീഷ് ഭരണകാലം). സാമ്രാജിത്വകാലത്തിന്റെ അവശിഷ്ടങ്ങള്‍ ആണ് ഓഫീഷ്യല്‍ സീക്രട്ട്‌സ് ആക്ടും ദേശദ്രോഹനിയമവും എല്ലാം. ഈ കാലഹരണപ്പെട്ട നിയമങ്ങളും നമ്മള്‍ പി്ന്തുടരുന്നു. എന്തിനുവേണ്ടി? ഭരണാധികാരികള്‍ക്കുവേണ്ടി. ഭരണാധികാരിയുടെ ഭാഷ മാറിയാലും തൊലിയുടെ നിറം മാറിയാലും സ്വഭാവം മാറുകയില്ല. ഭരിക്കുന്നവനെ അടിച്ചമര്‍ത്തി ഭരിക്കുവാനുള്ള ഒടുങ്ങാത്ത ത്വര ആണ് അത്. അതിന്റെ ഒടുവിലത്തെ ഉദാഹരണം ആണ് മോഡി ഗവണ്‍മെന്റിന്റെ ഈ ചാരപ്രവര്‍ത്തി.
പക്ഷേ, ഗവണ്‍മെന്റ് മനസില്‍ ഓര്‍മ്മിക്കേണ്ടിയിരുന്നത് 20000-ത്തിലെയോ 2009-ലെയോ ഐ.റ്റി.ആക്ട് അല്ല. അതിനുശേഷം 2017 ഓഗസ്റ്റ് 23ന് സുപ്രീം കോടതിയുടെ ഒമ്പത് അംഗ ഭരണഘടന ബഞ്ച് പുറപ്പെടുവിച്ച വളരെ പ്രധാനപ്പെട്ട ഒരു വിധിന്യായം ആയിരുന്നു. അതില്‍ സുപ്രീം കോടതി വ്യക്തമായി പറയുന്നുണ്ട് സ്വകാര്യത ഒരു പൗരന്റെ മൗലീകാവകാശം ആണെന്ന്. ആധാര്‍ സംബന്ധിച്ചുള്ള  വിധി പ്രസ്താവന ആണ് ഇത്. ആയതിനാല്‍ ഗവണ്‍മെന്റിന്റെ ഈ ചാരപ്രവര്‍ത്തി ഭരണഘടനാ വിരുദ്ധവും കോടതി അലക്ഷ്യവും മനുഷ്യാവകാശ ധ്വംസനവും ആണ്. ഈ വിധിയുടെ വെളിച്ചത്തില്‍ ഐ.റ്റി. നിയമത്തിലെ 69(1) വകുപ്പും ഗവണ്‍മെന്റിന്റെ പുതിയ സാറ്റിയൂട്ട് ഉത്തരവും പുന: പരിശോധിക്കേണ്ടതാണ്.

ദേശദ്രോഹികളെയും ഭീകരവാദികളെയും പിന്തുടര്‍ന്ന് ശിക്ഷിക്കുവാന്‍ ഈ പുതിയ നീക്കം സഹായിക്കുമെങ്കില്‍ അത് ഏറ്റവും നന്ന്. അതുപോലെ മതതീവ്രവാദികളെയും പശുസംരക്ഷണത്തിന്റെ പേരില്‍ മനുഷ്യരെ ആള്‍ക്കൂട്ടകൊലക്ക് വിധേയരാക്കുന്നവരെയും തുറങ്കലില്‍ അടക്കുവാന്‍ ഇത് വഴി ഒരുക്കുമോ? എങ്കില്‍ നന്ന്. പക്ഷേ, ഒരു രാജ്യത്തെ പൗരന്മാരെ ഒന്നടങ്കം തീവ്രവാദികളും ദേശദ്രോഹികളും ആയി മുദ്രകുത്തി അവരെ സുരക്ഷാനിരീക്ഷണത്തിന്റെ നിഴലില്‍ ആക്കി അവരുടെ സ്വകാര്യടെലിഫോണ്‍ സംഭാഷണങ്ങളും കമ്പ്യൂട്ടര്‍ വാര്‍ത്താവിനിമയവും ചോര്‍ത്തി എടുക്കുന്നത് ജനാധിപത്യവിരുദ്ധവും ഭരണഘടന നിഷേധവും ആണ്. അത് സുപ്രീംകോടതിയുടെ വിധിപ്രകാരം മൗലീകാവകാശ ലംഘനം ആണ്.
ഈ പുതിയ നീക്കത്തിന്റെ അടിസ്ഥാനപരമായ ലക്ഷ്യം രാഷ്ട്രീയ പ്രതിയോഗികളെ കുരുക്കുക എന്നതാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടാല്‍ അവരെകുറ്റം പറയുവാന്‍ സാധിക്കുകയില്ല. അതും നിര്‍ണ്ണായകമായ ഒരു പൊതു തെരഞ്ഞെടുപ്പ് വേളയില്‍. രഹസ്യപോലീസിനെയും റോയെയും സി.ബി.ഐ.യും സാമ്പത്തീക ആദായനികുതി വിഭാഗങ്ങളെയും ഉപയോഗിച്ചുകൊണ്ട് പ്രതിപക്ഷ രാഷ്ട്രീയകക്ഷികളെയും നേതാക്കന്മാരെയും വകവരുത്തുവാനുള്ള ഒരു ഗൂഢനീക്കം ആയിട്ടും ഇതിനെ കാണുന്നവര്‍ ഉണ്ട്. അവരെയും കുറ്റം പറയുവാന്‍ ആവുകയില്ല. ഒരു രാജ്യത്തെ ആകമാനം ഒരു ചാരശൃംഖലയായി കാണുന്നത് ശരിയല്ല. അതിലെ പൗരന്മാരെ ഒന്നടങ്കം ചാരന്മാരും കൊള്ളക്കാരും തീവ്രവാദികളും ആയി മുദ്രകുത്തുന്നതും ശരിയല്ല. ഇന്‍ഡ്യയെ ഇതുപോലുള്ള ഗവണ്‍മെന്റ് ഉത്തരവുകളിലൂടെ ഒരു പോലീസ് സെയിറ്റ് ആക്കി ലോകരാജ്യങ്ങള്‍ മുമ്പാകെ ചിത്രീകരിക്കരുത്.

കരുതി ഇരിക്കുക: നിങ്ങള്‍ സൂഷ്മ നിരീക്ഷണത്തില്‍ ആണ്.(ഡല്‍ഹികത്ത് : പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക