Image

ഒരു ക്രിസ്മസ് രാവില്‍ (ചെറുകഥ: ജെസ്സി ജിജി)

Published on 27 December, 2018
ഒരു ക്രിസ്മസ് രാവില്‍ (ചെറുകഥ: ജെസ്സി ജിജി)
ക്രിസ്മസ് ദീപങ്ങളാല്‍ അലംകൃതമായ നഗര വീഥികള്‍. ഓരോ വീടും, എന്തിന് വഴിവക്കിലെ അടയാളഫലകങ്ങള്‍ വരെ ക്രിസ്മസിന്റെ പ്രഭയില്‍ കുളിച്ചുനില്‍ക്കുന്നു. ആകാശത്തു ഉദിച്ചുനില്‍ക്കുന്ന പൂര്‍ണ്ണചന്ദ്രനും താരഗണങ്ങളും വരെ ഡിസംബര്‍ 25 ന്റെ ഉദയത്തിനായി ആകംക്ഷയോടെ കാത്തുനില്‍ക്കുന്നതുപോലെ. പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിന്റെ വരവിനായി പ്രകൃതിയും , പ്രകൃതിയിലെ ചരാചരങ്ങളും ഒരുങ്ങുന്നു.

ഒരു നിമിഷം അവള്‍ തന്റെ കണ്‍കള്‍ ജനാലയില്‍ നിന്നും പിന്‍വലിച്ചു ചെയ്തുകൊണ്ടിരുന്ന ജോലിയിലേക്ക് വ്യാപൃതയായി.
" ഇതാ രാത്രിയിലേക്കുള്ള മരുന്നുകള്‍ ". കയ്യിലെ മരുന്നുകള്‍, കമ്പ്യൂട്ടറും ആയി ഒത്തുനോക്കി, ഓരോന്നായി അവള്‍ അയാളുടെ കൈകളിലേക്ക് കൊടുത്തു. ' ഉറങ്ങാനുള്ള മരുന്ന് എവിടെ ? . ഇതിലില്ലല്ലോ. " ഇല്ല. താങ്കള്‍ക്ക് ആവശ്യം ഉണ്ടെങ്കില്‍ മാത്രം മതിയല്ലോ എന്ന് കരുതി എടുക്കാഞ്ഞതാണ് . ഇപ്പോള്‍ കൊണ്ടുവരാം. " അവള്‍ വേഗം മുറിയില്‍ നിന്നും ഇറങ്ങി , മെഡിക്കേഷന്‍ റൂമിലേക്ക് നടന്നു. " ഹും, എത്ര പേരുടെ കാലു പിടിച്ചു ചോദിച്ചതാ , ഇന്നത്തെ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കി തരാമോ എന്ന്. ഈ ക്രിസ്മസ് രാത്രിയില്‍, പാതിരാകുര്‍ബാനക്ക്, അതും മലയാളം കുര്‍ബാനക്ക് പോകാന്‍ ആയി. പക്ഷെ , എല്ലാവരും കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍, ഇവിടെ ഈ ഹോസ്പിറ്റലിന്റെ , വേദനകളും, പരാതികളും, പരിഭവങ്ങളും, സങ്കടങ്ങളും, ദേഷ്യവും ഒക്കെ നിറഞ്ഞ അന്തരീക്ഷത്തില്‍.....ഉറക്കഗുളികളുമായി നൂറ്റിപ്പത്താം റൂമിലേക്ക് അവള്‍ നടന്നു. "ഗുഡ് നൈറ്റ് ആന്‍ഡ് മെറി ക്രിസ്മസ്". തനിക്കുപിന്‍പില്‍ കതകു ചേര്‍ത്തടക്കാന്‍ തുനിഞ്ഞു അവള്‍ പറഞ്ഞു.

"ഒരു നിമിഷം, നിഷ ഒരു ക്രിസ്ത്യന്‍ ആണോ. " അതെ . അയാളുടെ ചോദ്യത്തിന് ഒരു ഒറ്റവാക്കില്‍ അവള്‍ മറുപടി നല്‍കി. " ഞാനും അതെ. പക്ഷെ എനിക്ക് പ്രാക്ടീസ് ചെയ്യാന്‍ പറ്റില്ല. " അതെന്താ ? അവളുടെ ചോദ്യത്തില്‍ ആകാംക്ഷ മുറ്റിനിന്നിരുന്നു. ആ ഒരു ചോദ്യത്തിനായി കാതങ്ങള്‍ ആയി കാത്തിരുന്ന ഒരാളെ പോലെ, അയാള്‍ നിര്‍ത്താതെ സംസാരിക്കാന്‍ തുടങ്ങി. അയാള്‍ പറയുന്ന പല കാര്യങ്ങളും അവള്‍ക്കു മനസിലായില്ലെങ്കിലും, അയാള്‍ തന്റെ വാക്കുകളിലൂടെ അയാളുടെ ജീവിതത്തിലെ ഒരു കാലഘട്ടം അവള്‍ക്കുമുന്‍പില്‍ തുറന്നിട്ടു. ഒരു ക്രിസ്മസ് രാത്രിയിലെ സംഭവവികാസങ്ങള്‍. ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകുമ്പോള്‍, ഭാഷയുടെയും നിറത്തിന്റെയും ഭൂപ്രകൃതിയുടെയും പേരില്‍ , ഭൂമി രാജ്യങ്ങളായി വിഭജിക്കപ്പെടുമ്പോള്‍ , താന്‍ ആയിരിക്കുന്ന രാജ്യത്തിന്റെ കാവല്‍ക്കാരനായി അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരന്‍. മനുഷ്യന്‍ എന്ന ഒരു ജാതിയെങ്കിലും, ശത്രുരാജ്യത്തെ മനുഷ്യരെ , സ്വന്തം ജീവന്‍ കാര്യമാക്കാതെ ചുട്ടുതള്ളേണ്ടി വന്നവന്‍ . കണ്മുന്‍പില്‍ തന്റെ സഹപ്രവര്‍ത്തകര്‍ ഓരോരുത്തരായി പിടഞ്ഞു വീണു മരിക്കുന്നതു കണ്ടവന്‍. കാലില്‍ തറച്ച വെടിയുണ്ട, സ്വയം കീറി എടുത്തു കളഞ്ഞവന്‍. രാജ്യസേവനത്തിന്റെയും യൂദ്ധത്തിന്റെയും ബാക്കി പത്രമായി, മുട്ടിനു മുകളില്‍ വെച്ച് കാല്‍ മുറിച്ചു മാറ്റപ്പെട്ടവന്‍.ഉറക്കഗുളികള്‍ ഇല്ലാതെ ഉറങ്ങാന്‍ പറ്റാത്തവന്‍.ഉറക്കത്തിനിടയില്‍ ഭീകരസ്വപ്നങ്ങള്‍ കണ്ടു ഞെട്ടി ഉണരുന്നവന്‍,തകര്‍ന്ന ദാമ്പത്യവും കുടുംബവും കൈമുതലായവന്‍.

"മനുഷ്യ ജീവനുകള്‍ എടുത്ത ഞാന്‍ എങ്ങനെയാ ക്രിസ്മസും കുര്‍ബാനയും ഒക്കെ കൂടുക?". അശരണരുടെയും പശ്ചാത്തപിക്കുന്ന പാപികളുടെയും രക്ഷകനാണ് , പുല്‍ക്കൂട്ടില്‍ പിറന്ന , കുരിശില്‍ മരിച്ച ക്രിസ്തു എന്ന് പറഞ്ഞപ്പോള്‍ അയാളുടെ മുഖത്തു തെളിഞ്ഞത് പുച്ഛമോ ആശ്വാസമോ ? എങ്കിലും എല്ലാം ഒന്ന് തുറന്നു പറഞ്ഞതിന്റെ ആശ്വാസം ആ മുഖത്തു കാണാമായിരുന്നു.

രാത്രിയുടെ യാമങ്ങള്‍ വളര്‍ന്നുകൊണ്ടേയിരുന്നു. അതോടൊപ്പം ആ യൂണിറ്റിലെ പരാതികളും വേദനകളും. ഡിസംബര്‍ 25 ന്റെ പുലരി പിറന്നു.രാത്രി ഡ്യൂട്ടിക്കാര്‍ പോകാനും , ഡേ ഡ്യൂട്ടിക്കാര്‍ വരാനുമുള്ള സമയം. നിഷാ, ഇവിടെ വരെ ഒന്ന് വരുമോ. കൂടെ ജോലി ചെയ്യുന്ന ഫിലിപ്പീന്‍സില്‍ നിന്നും ഉള്ള പയ്യന്‍. ആ രോഗി പോയി എന്ന് തോന്നുന്നു. അവനോടൊപ്പം നൂറ്റിപന്ത്രണ്ടാം റൂമിലേക്ക് നടക്കുമ്പോള്‍ അവന്‍ പറഞ്ഞു. ഇന്നോ നാളെയോ എന്ന് പറഞ്ഞു കിടന്ന മനുഷ്യന്‍. വൈദ്യശാസ്ത്രത്തിന് ഒന്നും ചെയ്യാനില്ല. ഹൃദയമിടിപ്പിന്റെ താളം വളരെ നേര്‍ത്തു , അവസാന ശ്വാസം എടുക്കുന്ന നേരം. മരണത്തിന്റെ തണുപ്പ് അരിച്ചിറങ്ങാന്‍ തുടങ്ങിയ ശരീരം. മരണദൂതന്റെ സാന്നിധ്യം ആ മുറിയില്‍ അനുഭവപ്പെട്ടു. ഒരു നിമിഷം ആ മുഖത്തേക്ക് നോക്കി നിന്നപ്പോള്‍ നിഷയുടെ മനസില്‍ പല ചിന്തകളും. ഒരുകാലത്തു ആരുടെയൊക്കെയോ ആരെല്ലാമായിരുന്നവന്‍. രാജ്യത്തെ സേവിച്ച മറ്റൊരു പട്ടാളക്കാരന്‍. ഈ അന്ത്യനിമിഷത്തില്‍ അടുത്ത് അവനു സ്വന്തമായിരുന്ന ആരും ഇല്ല. പകരം, ഭൂഗോളത്തിന്റെ മറുതലക്കല്‍ നിന്നും പച്ചയായ മേച്ചില്‍പ്പുറം തേടി അവന്റെ രാജ്യത്തു എത്തിച്ചേര്‍ന്ന മറ്റു രണ്ടു രാജ്യക്കാര്‍.

ഫിലിപ്പീന്‍സുകാരന്‍ പയ്യന്‍ അയാളുടെ ഭാര്യയെ വിളിച്ചു വേഗം ഹോസ്പിറ്റലിലേക്ക് എത്തിച്ചേരാന്‍ ആവശ്യപ്പെടുന്നു. ഡേ ഡ്യൂട്ടിക്കാര്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു. ആ മുറിയില്‍ നിന്നും ഇറങ്ങാന്‍ നേരം നിഷ ഒന്നുകൂടി തിരിഞ്ഞുനോക്കി. ദേഹി ഇനിയും ദേഹത്തില്‍ നിന്നും വിട്ടുപോയിട്ടിട്ടില്ല. ഒരു മനുഷ്യന് അവസാനമായി നഷ്ടപ്പെടുന്നത് അവന്റെ കേള്‍വിശക്തി. ഇന്ന് തിരുപ്പിറവിയുടെ ദിവസം. അവള്‍ അയാളുടെ അടുത്തേക്ക് നീങ്ങി നിന്ന് ആശംസിച്ചു. "മെറി ക്രിസ്മസ് ". ഈ ലോകത്തില്‍ അയാള്‍ കേള്‍ക്കുന്ന അവസാനത്തെ ക്രിസ്മസ് ആശംസകള്‍.
Join WhatsApp News
You the Rainbow 2018-12-27 21:54:12
You are many Rainbows
there are many Rainbows within you
just don't paint your Rainbow on your compound wall
Paint your Rainbows on the Sky
Let it be a Therapeutic glory for all.
andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക