Image

തനിച്ചാകുമ്പോള്‍ (കവിത -ഗീത തോട്ടം)

Published on 26 December, 2018
തനിച്ചാകുമ്പോള്‍ (കവിത -ഗീത തോട്ടം)
തനിച്ചാകുന്ന പെണ്ണ്
ഒരു സ്വതന്ത്ര രാജ്യമാകുന്നു.
നിലനില്‍പ്പിനു വേണ്ടി
അവള്‍ക്ക് കപ്പം കൊടുക്കേണ്ടി വരുന്നില്ല.
മാറിമാറി വരുന്ന യജമാനന്‍മാര്‍ക്കുവേണ്ടി
വിരുന്നും ശയ്യാഗൃഹവും
ഒരുക്കി വയ്‌ക്കേണ്ടതില്ല.
ആരുടേതെന്നും
കൂറാരോട് എന്നും
അറിയാത്ത ജനതയെ തീറ്റിപ്പോറ്റേണ്ടതുമില്ല.
ഉപഭോഗത്തിന്റെ
ചന്തയില്‍ മാറ്റുനോക്കി
വിലപേശപ്പെട്ട് അപമാനമേല്‍ക്കേണ്ടിയും വരില്ല.
അതിര്‍വരകളും
കൊടിയളവുകളും
നാട്ടലും ഇറക്കലും
അതിന്റെ പാട്ടിനു മാത്രം.
നാണംകെട്ട സന്ധികളില്‍ ഒപ്പുവയ്ക്കുകയോ
ചതിയുടെ അമിതാവേശത്തിന്‍കീഴില്‍ കിതച്ചൊടുങ്ങുകയോ വേണ്ട.

തനിച്ചാകുന്ന രാജ്യത്തിന് അതിന്റെ ആകാശവും
അതിന്റെ മണ്ണുമുണ്ട്.
അതിന്റെ ശ്വാസത്തിന് സ്വാതന്ത്ര്യത്തിന്റെ താളവും
അതിന്റെ വിയര്‍പ്പിന്
അഭിമാനത്തിന്റെ സുഗന്ധവുമുണ്ട്.
തനിച്ചാകുമ്പോഴാണ് ഒരു രാജ്യത്തിന്റെ
അതിരുകള്‍ നേര്‍ത്തു പോകുന്നതും
അക്ഷാംശ രേഖാംശങ്ങളുടെ
കള്ളികളില്‍ നിന്ന്
ഉയിര്‍ത്തെഴുന്നേറ്റ്
തന്നിഷ്ടത്തിന് അത് നിലയുറപ്പിക്കുന്നതും.

അതിന്റെ സന്തതികള്‍
മാമരത്തിന്റെ വിത്തുകള്‍ പോലെ.
മതിലുകളും അണക്കെട്ടുകളും അറിഞ്ഞിട്ടില്ലാത്ത അവര്‍,
കാറ്റിലും ജലത്തിലും സഞ്ചരിച്ച്
എത്തുന്നിടത്ത് വേരാഴ്ത്തി പൂക്കാലം തീര്‍ക്കുന്നു.

തനിച്ചാകല്‍ എന്നാല്‍ ഒറ്റപ്പെടലല്ല;
എവിടെയും സ്വീകാര്യത ലഭിക്കലാണ്.
ഏതു പട്ടിണിയും
എത്ര ചെറിയ കുടിലും
ഒറ്റക്കൊരാളെ ഉള്‍ക്കൊള്ളാളാതിരിക്കില്ല.
തനിച്ചാകുന്ന പെണ്ണ് ഒരു രാജ്യമായി വളരുകയാണ്.
തനിച്ചാകുമ്പോള്‍ (കവിത -ഗീത തോട്ടം)
Join WhatsApp News
വിദ്യാധരൻ 2018-12-26 19:22:20
തനിച്ചായിരിക്കുമ്പോൾ 
സ്വാതന്ത്ര്യമുണ്ടെന്നുള്ളത് 
വെറും തോന്നൽ മാത്രം 
തനിച്ചായിരിക്കുന്നവരെ 
നോക്കിനടക്കുന്ന 
'തനിച്ചായവർ' ഉള്ള 
ലോകത്ത് 
തനിച്ചാക്കാതിരിക്കുന്നതാണ് 
ഉത്തമം

👍 2018-12-26 19:36:52
നല്ല കവിത 👍 
Rajan Kinattinkara 2018-12-26 22:45:04
Nice Poem......... congrats....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക