Image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-29: ഏബ്രഹാം തെക്കേമുറി)

Published on 26 December, 2018
 സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-29: ഏബ്രഹാം തെക്കേമുറി)
പുനലൂരാന്‍ ഒരു സംശയദൃഷ്ടിയോടു് ബാബുവിനു് സമീപിച്ചു ആശയറ്റവനെ നേരിടുന്നതു് സൂക്ഷിച്ചുവേണമല്ലോ.
സംഗതി വഷളാകുമെന്ന് മണത്തറിഞ്ഞ ടൈറ്റസ് ബാബുവിനോടായി പറഞ്ഞു
‘എടാ വണ്ടിയെടുക്കു്’
ആ ശബ്ദം കേട്ട മോളി ചാടിവീണു. ‘നിങ്ങളെവിടേയ്ക്കാ മനുഷ്യാ പോകുന്നതു്? എങ്ങും പോകെണ്ടാ. എല്ലാം മനസിലായി. ഒരു നിമിഷം പോലും ഇവിടെ നില്‍ക്കാന്‍ ഞാനില്ല.’
അഭിമാനക്ഷതമേറ്റവനേപ്പോലെ മാത്രമേ ടൈറ്റസിനു സംസാരിപ്പാന്‍ കഴിഞ്ഞുള്ളു. അല്‍പം കൂടി താണുകൊടുക്കുന്നതു് സന്ദര്‍ഭോചിതമെന്നു തോന്നി.
‘എല്ലാം പായ്ക്ക് ചെയ്‌തോ . നാളെത്തന്നേ പോയേക്കാം.’
‘മൂം’ മോളിയുടെ മൂളലില്‍ എന്തൊക്കെയോ നിശ്ചയിച്ചുറച്ചതു പോലെ തോന്നി. അന്തസില്ലാത്ത കുടുബത്തില്‍ നിന്നും ബന്ധുത ചേര്‍ന്നതു പോലെയൊരു നീരസം.
എല്ലാം മനസിലൊതുക്കി അയാള്‍ കാറിന്റെ ബാക്‌സീറ്റില്‍ മലര്‍ന്നു കിടന്നു. ബാബു എന്തൊക്കെയോ പുലമ്പുന്നു.
‘ഇവിടെ സൂര്യന്‍ അസ്തമിക്കുന്നില്ല ടൈറ്റസ് സാറേ. ഭൂമി കറങ്ങുന്നതേയുള്ളു. സൂര്യന്റെ പിറകില്‍ നില്‍ക്കാന്‍ കഴിയാത്ത ജന്തുക്കള്‍ക്ക് ഇരുട്ട് അനുഭവപ്പെടുകയാണു്.’
എല്ലാം ബഹുവിധമുനകള്‍ ഉള്ള വാചകങ്ങള്‍. മഞ്ഞളിച്ച പ്രകൃതിയുടെ മുഖത്തേക്ക് അയാള്‍ കാര്‍ക്കിച്ചുതുപ്പി. ആ തുപ്പലില്‍നിന്നും കൃമികള്‍ നുരഞ്ഞുപൊങ്ങി. കറുത്ത തലയും വെളുത്ത ഉടലുമുള്ള കൃമികള്‍. കൃമിയും പുഴുവും അരിക്കുന്ന ഒരു സംസ്കാരത്തിന്റെ ശവശരീരം കണ്‍മുന്‍പില്‍ അനാഥമായിക്കിടക്കുന്നു.
പ്രകൃതി ചിരിച്ചു. ആ ചിരി അട്ടഹാസമായി കാറ്റിന്‍ ചിറകില്‍ സഞ്ചരിച്ചു. മലകളില്‍ തട്ടി അതു പ്രതിധ്വനിച്ചു.
ആ ധ്വനിയില്‍ പുനലൂരാന്‍ തന്റെ ഭൂതകാലത്തിലേയ്ക്ക് നിമിഷങ്ങളിലൂടെ കടന്നുപോയി. എന്തൊക്കെയോ ഒരു ശ്വാസം മുട്ടല്‍പോലെ. നാവു വരളുന്നതുപോലെയും, ചുണ്ടു വിറയ്ക്കുന്നതു പോലെയും ഒരു തോന്നല്‍. റാഹേലമ്മയെ വിളിക്കാന്‍ നാവെടുത്തു. പക്‌ഷേ ശബ്ദം പുറത്തുവന്നില്ല. ശരീരം വിയര്‍ത്തു. ശരീരമാകെ തളരുന്നതുപോലെ. കണ്ണില്‍ ഇരുട്ട് കയറി. ആ ഇരുട്ടിനപ്പുറം ഒരു വലിയ പ്രകാശം. അവിടെയതാ തന്റെ ഭവനം. ഇരുമ്പുഗയിറ്റുകള്‍ തമ്മില്‍ ചേര്‍ത്തടച്ച് അതിന്മേല്‍ ഒരു വലിയ താഴ് ഇട്ട് പൂട്ടിയിരിക്കുന്നു. വലുതും നല്ലതുമായ ആ ഭവനം ആള്‍പ്പാര്‍പ്പില്ലാതെ ശൂന്യമായിക്കിടക്കുന്നു.
‘മൂഡാ ഈ രാത്രിയില്‍ നിന്റെ ആത്മാവിനെ ചോദിച്ചാല്‍ നീ ഈ കരുതി വച്ചതെല്ലാം ആര്‍ക്കാകും’എന്നൊരു അശരീരിയും കേട്ടു. പിന്നീടൊന്നും സംഭവിച്ചില്ല. സംഭവിച്ചതൊട്ട് പുനലൂരാന്‍ അറിഞ്ഞതുമില്ല. മെല്ല് ഉയരുകയായിരുന്നു. ഭീതിപ്പെടുത്തുന്ന കാഴ്ചകള്‍ തന്നെ വലയം ചെയ്തിരിക്കുന്നു. ഭയാനകമായ അലര്‍ച്ചകള്‍ കാതിനു കഠോരങ്ങളായി. താന്‍ ആരുടെയൊക്കെയോ കൈകളില്‍ അമ്മാനമാടപ്പെടുന്നു. തന്നെപ്പറ്റി ആരൊക്കെയോ തര്‍ക്കിച്ച് വാദിക്കുന്നു. പെട്ടെന്നാണത് സംഭവിച്ചത്. താന്‍ അഗാധത്തിന്റെ ഗര്‍ത്തത്തിലേയ്ക്ക് കൈവിടപ്പെട്ടിരിക്കുന്നു. ചാകാത്ത പുഴുവും കെടാത്ത തീയും.
നേരം ഏറെക്കഴിഞ്ഞപ്പോഴാണ് റാഹേലമ്മ ആ മുറിക്കുള്ളിലേയ്ക്ക് കടന്നു ചെന്നതു്. ഇടതു കൈ നെഞ്ചിലമര്‍ത്തി തറയില്‍ കമിഴ്ന്നുകിടക്കുന്ന പുനലൂരാനെയാണ് അവര്‍ കണ്ടതു്. ആ ശരീരം തണുത്തു വിറങ്ങലിച്ചിരുന്നു. അപ്പോള്‍ പടിഞ്ഞാറേ ചക്രവാളത്തില്‍ ഇരുളിന്റെ കരാളിമ തെളിഞ്ഞു വരികയായിരുന്നു. അസ്തമയസൂര്യന്റെ ദുഃഖം ആ മുറിയില്‍ തളംകെട്ടി നിന്നിരുന്നു. എന്നിട്ടും റാഹേലമ്മ മോഹാലസ്യപ്പെട്ടില്ല. നാം തമ്മിലുള്ള ഉടമ്പടി അവസാനിച്ചിരിക്കുന്നു. നിങ്ങള്‍ മരിച്ചിരിക്കുന്നു. എങ്ങനെയാണിതു ലോകത്തെ അറിയിക്കുക. അതിന് ഒറ്റ മാര്‍ക്ഷമേയുള്ളു. അലറിവിളിക്കുക. പാരമ്പര്യം അങ്ങനെയായിപ്പോയില്ലേ? ചടങ്ങുകളെല്ലാം നിര്‍വഹിക്കപ്പെടേണ്ടതല്ലേ? ‘എടാ മോനേ, ഓടിവാടാ. . . . .ആ ശബ്ദത്തിന് പലവിധ താളങ്ങള്‍ ഉണ്ടായി. കേട്ടവര്‍ ഞെട്ടി. കണ്ടവര്‍ കരഞ്ഞു. എല്ലാവരെയും വിട്ടുപിരിയുന്ന അഥവാ എല്ലാവരാലും കൈവിടപ്പെടുന്ന ആ നിമിഷം സനാതനത്വത്തിന്റെ നിലനില്‍പ്പ് വിളംബരം ചെയ്യപ്പെടുന്നു. ‘മനുഷ്യാ നീ മണ്ണാകുന്നു.’ സരോജിനി കരഞ്ഞു. ഒപ്പം ബാബുവും. മണിക്കൂറുകള്‍ക്കു മുമ്പ് ഗൗരവത്തോടെ കയര്‍ത്ത മുഖം ഇപ്പോളിതാ ചേതസറ്റ് നിഷ്പ്രഭമായി വിളറിയിരിക്കുന്നു. എവിടെ മത്തായി പുനലൂരാനെന്ന മുതലാളി? റ്റൈറ്റസ് കരഞ്ഞില്ല. ദുംഖം തോന്നിയതുമില്ല. എന്തിനു കരയണം. ജനിച്ചുവീഴുന്ന കുഞ്ഞ് അപ്പഴേ മരിക്കാന്‍ വിധിക്കപ്പെടുകയല്ലേ? മനുഷ്യന്റെ മരണം ശാപമല്ല, അനുഗ്രഹമാണ്. ഒരിക്കല്‍ താന്‍ മരിക്കുമെന്നറിയാതെ ജീവിതം തുടരുന്നവരാണ് ശപിക്കപ്പെട്ടവര്‍. നിത്യതയെപ്പറ്റി ഉച്ചൈസ്വരം പ്രസംഗിക്കുന്നവര്‍പോലും മരണമെന്ന പദത്തില്‍ ഞെട്ടുന്നത് എന്തിനു്?
പുലരുന്ന പ്രഭാതത്തിനു ഒരു പുതുമയും ഉണ്ടായിരുന്നില്ല. എന്നാല്‍ നാട്ടുകാര്‍ ശോകമൂകരായിരുന്നു. ഒരു മഹാന്‍ അന്തരിച്ച ദുര്‍ദിനമായിരുന്നു അതു്. നാളെ തങ്ങളുടെ വഴിയുമിതു തന്നെയെന്നറിയാതെ മൃതശരീരത്തെ യാത്രയയക്കുന്നതില്‍ ജനം ഉത്‌സുകരായി. വല്ലപ്പോഴും വചനം പറയാന്‍ വീണുകിട്ടുന്ന ഒരവസരമല്ലേ ഈ മരണം. അതികാലത്തുതന്നെ സ്ഥലംസഭകളിലെ പാസ്റ്റര്‍മാര്‍ എത്തി. ഏതായാലും ഒന്നു പ്രാര്‍ത്ഥിക്കാന്‍ അവസരം തരാതിരിക്കില്ല. പ്രാര്‍ത്ഥനയ്ക്കിടയിലെങ്കിലും സ്‌നാനത്തെപ്പറ്റി ഒന്നു പറയാമല്ലോ. അയലത്തെ ചാക്കോ ഉപദേശി വികാരിയച്ചന്‍ വരുന്നതിനുമുന്നേ പത്തുമണിക്കുതന്നേ ആ വേദഭാഗം ഉറക്കെ വായിച്ച് പ്രാര്‍ത്ഥിച്ചു. ‘യേശു നിക്കോദിമോസിനോട്, വെള്ളത്തിനാലും ആത്മാവിനാലും നീ വീണ്ടും ജനിക്കുന്നില്ലെങ്കില്‍ സ്വര്‍ഗരാജ്യം കാണുകയില്ല.’ എന്നിരിക്കിലും ഉപസംഹാരത്തില്‍ പറഞ്ഞു. ആകയാല്‍ മരിച്ചവരെപ്പറ്റി നാം ദുഃഖിക്കരുതു. ഈ ദൈവദാസന്‍ നല്ലപോര്‍ പൊരുത്, വിശ്വാസം കാത്ത് നീതിയുടെ കിരീടത്തിനായി നിത്യതയില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്നു. ജനം ആമേന്‍ പറഞ്ഞു. പട്ടക്കാരുടെ നീണ്ടനിര പുനലൂരാന്റെ മൂതദേഹത്തിനു വട്ടമിട്ടിരുന്നു. എക്യൂമെനിസത്തിന്റെ ബന്ധത്തില്‍ എല്ലാസഭക്കാരും അനുശോചനം രേഖപ്പെടുത്തി. നിശ്ചയിക്കപ്പെട്ട സമയത്തിങ്കല്‍ അഭിവന്ദ്യബിഷപ്പുമാരും എത്തി. സഭയെ സ്‌നേഹിച്ച ദൈവദാസനെനോക്കി
ഹാ! എന്തു ഖേദം. . .ഈ കാഴ്ച , അതിദുഃഖം മാനവരെ. . . .
എന്തിങ്ങനെ മര്‍ത്യകുലം ഖേദത്താല്‍ വലഞ്ഞീടുന്നു. . .
പിന്നീടെല്ലാം ധൃതിയിലായിരുന്നു. പുസ്തകത്തില്‍ എഴുതിവച്ച വരികളിലൂടെ പറുദീസയിലേക്ക് ആ മഹാപാപിയെയും തള്ളിക്കയറ്റി. ‘മാമോദീസായാല്‍ മുദ്രയിടപ്പെട്ടയിവന്‍ നിന്റെ രണ്ടാമത്തെ വരവിങ്കല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നുള്ള പ്രത്യാശയില്‍ ഞങ്ങള്‍ ഇവനെ യാത്രയാക്കുന്നു’വെന്ന് പ്രത്യാശയുടെ ശുഭ്രവസ്ത്രമണിഞ്ഞ പട്ടക്കാര്‍ കദനവാചകം ചൊല്ലിത്തീര്‍ത്തു. ചുവപ്പങ്കിക്കു മുകളില്‍ കറുപ്പണിഞ്ഞ ശ്രേഷ്ഠഇടയന്‍ ശുദ്ധീകരിച്ച് ഒരു പിടി മണ്ണിട്ട് ‘വെട്ടിമൂട്ടെടാ’യെന്നു സിഗ്‌നല്‍ കൊടുത്തു.
അന്നു രാത്രി ടൈറ്റസ് ഉറങ്ങിയില്ല. ഉറക്കം വന്നതേയില്ല. ചിന്തകളുടെ ലോകത്ത് നൂലറ്റ പട്ടംപാലെ അയാള്‍ പരതിക്കിടന്നു. ഒറ്റശ്വാസത്തിന്റെ ബലത്തില്‍ നിലനില്‍ക്കുന്ന ജീവിതകണ്ണികള്‍. ഇനി നാളുകള്‍ കഴിയുമ്പോള്‍ ഈ കവാടത്തിലും ഒരു തഴുതിട്ട് പൂട്ടപ്പെട്ട് പെയ്‌തൊലിച്ച് നരിച്ചീറിനും പറവകള്‍ക്കും അഭയസ്ഥാനമായി മത്തായി പുനലൂരാന്റെ പ്രതാപം അനാഥപ്രേതംപോല്‍ ഒരു കഥമാത്രമായി അവശേഷിക്കയല്ലേ? താനിനി ഒരിക്കലും മടങ്ങിവരാന്‍ പോകുന്നില്ല. വിരലിലെണ്ണാവുന്ന വര്‍ഷങ്ങളിലൂടെ താനും മാറ്റങ്ങളിലേയ്ക്ക് വഴുതപ്പെടും. കുട്ടികള്‍ ഹൈസ്കൂള്‍ കഴിയുന്നതോട് അവര്‍ ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തേക്ക് വിദ്യാഭ്യാസത്തിന്റെയും, ജോലിയുടെയുമൊക്കെ പേരില്‍ അകന്നകന്നു പോകും. ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങനെയെന്ന് നിശബ്ദഭാഷയില്‍ പ്രകൃതിപോലും വിളിച്ചു പറയുന്നു. ഇതൊന്നും മനസിലാക്കാതെ ചരിക്കുന്ന മാനവസമൂഹം. തനിക്ക് അനുഭവിക്കാനാവാത്ത സമ്പാദ്യങ്ങള്‍ താനെന്തിന് വെറുതെ ഇട്ട് നഷ്ടപ്പെടുത്തണം. ഉറക്കത്തിലേയ്ക്ക് വീഴുംമുമ്പ് റ്റൈറ്റസ് ചില തീരുമാനങ്ങള്‍ ചെയ്തു. നാളെത്തന്നെ എല്ലാം ക്രമപ്പെടുത്തുക. ഒന്നും ആരോടും തുറന്നു പറയണ്ടാ. ലോകത്തിന്റെ ഗതിയനുസരിച്ച് കാര്യങ്ങള്‍ നീങ്ങട്ടെ. ആരുടെയും സ്വസ്ഥ്വതയ്ക്ക് ഭംഗം വരുത്തണ്ട. അയാള്‍ ഉറങ്ങി.
അനന്തതയിലെങ്ങോ ചെന്നെത്തിയ പുനലൂരാന്‍ ഭൂതലത്തിലേയ്ക്ക് ഉളിഞ്ഞുനോക്കി. എല്ലാം വ്യക്തമായി കാണുന്നു. അപ്പോള്‍ അതാ തന്റെ മകന്‍ രജിസ്ട്രറാഫീസില്‍ വില്‍പ്പത്രം തയ്യാറാക്കുന്നു. എന്തിന്?
* * *
നാളുകള്‍ ഇളഞ്ഞുനീങ്ങി. മൂകത കെട്ടിനിന്ന അന്തരീക്ഷത്തില്‍ പെട്ടിയും പ്രമാണവും പെറുക്കി ടൈറ്റസ് കാറില്‍ കയറി. എല്ലാം മതിയായി. നിശബ്ദതയുടെ കരിനിഴല്‍ എവിടെയും. പെറ്റതള്ളയ്ക്ക് മരുമകളേക്കാള്‍ ഇമ്പം മകളോടുതന്നെ. പിന്നെന്തിനു ഈ പൊല്ലാപ്പിനു താനൊരു കരുവാകണം?.
ഗുഡ് ബൈ.. . . . ഗുഡ് ബൈ, കാര്‍ മെല്ല് ഗ്രാമം വിടുകയായിരുന്നു. നിശബ്ദനായി ഒരു യാത്രയയപ്പു് നല്‍കുന്ന ലാഘവത്തോട് ബാബു ഡ്രൈവ് ചെയ്തു.
പട്ടണത്തിന്റെ പെരുവഴിയിലേക്ക് കാര്‍ കടന്നതോട് കുട്ടികള്‍ വാചാലരായി.
‘നമ്മള്‍ തിരിച്ചു പോവാണോ ഡാഡീ?.
‘അതേ.’
‘വെരി ഗുഡ്, വെരി ഗുഡ്’ കാറിന്റെ സീറ്റില്‍ താളംപിടിച്ച് അവര്‍ പാടിത്തുടങ്ങി.
‘ദുനിയാരെ ദുനിയാ വെരി ഗുഡ്, വെരി ഗുഡ്. . . . ദുനിയാവാലേ. . . . . . . .. .
ആ താളത്തിന്റെ അര്‍ത്ഥവും കാരണവും മനസിലാക്കാന്‍ താമസമുണ്ടായില്ല. ‘താന്‍ ഈ നാടിനെ സ്‌നേഹിച്ചതുപോലെ അവരും അവരുടെ ജന്മനാടിനെ സ്‌നേഹിക്കുന്നു. ബാല്യത്തിന്റെ ഓര്‍മ്മകളും, കൗമാരത്തിന്റെ വിക്രിയകളുമാണല്ലോ ജീവിതത്തിന്റെ അടിസ്ഥാനം. നാടുവിട്ടുഴലുന്ന മനുഷ്യനും, കൂടുവിട്ടലയുന്ന പക്ഷിയുമൊരുപോലെ. അഹോവൃത്തിയുടെ സമൃദ്ധിയെ സൗഭാഗ്യമെന്ന് വിശേഷിപ്പിക്കുമ്പോഴും വാര്‍ദ്ധക്യത്തിലെത്തിയാലും താന്‍ ‘ജീവിച്ചു’വെന്നൊരു തോന്നല്‍ മനസിനുണ്ടാകുന്നില്ല. പിന്നെയും മോഹങ്ങള്‍ മാത്രം ബാക്കി.’
‘എന്താ ഡാഡി നമ്മള്‍ തിരിച്ചു പോകുന്നതു്?’ കുട്ടികളുടെ കൂട്ടായ ചോദ്യം. പരിഹാസം നിറഞ്ഞ ഒരു കൂട്ടച്ചിരിയും.
‘ജസ്റ്റ് ചെയ്ഞ്ച് മൈ മൈന്‍ഡ്’. അധികമൊന്നും പറഞ്ഞില്ല. ഇപ്പോള്‍തന്നെ തന്റെ താലോലിത സ്വപ്നങ്ങളെല്ലാം വിഡ്ഢിത്വമെന്നവര്‍ മനസിലാക്കിയിരിക്കുന്നു. അതു തുറന്നു സമ്മതിക്കുകകൂടി ചെയ്താല്‍ ഒരു പക്‌ഷേ മുഖത്തു നോക്കി ‘മൊറാലിറ്റി ഈസ് എ ലാക് ഓഫ് ഓപ്പര്‍ച്യൂണിറ്റി’യെന്ന് തുറന്നടിച്ചെങ്കിലോ! വേണ്ടാ! പണ്ട് അമ്മാവന്‍ ആനപ്പുറത്തുകയറിയതിന്റെ തഴമ്പിനെ ഇന്ന് തൊട്ടുണര്‍ത്തുന്ന ആര്‍ഷഭാരതസംസ്കാരം കെങ്കേമമായി തന്നെനിലനില്‍ക്കട്ടെ.
എല്ലാമറിയാവുന്ന സ്വന്തഭാര്യയും ഇപ്പോള്‍ മുഖം വീര്‍പ്പിച്ചു് കുത്തിയിരിക്കുന്നതും ഈ സംസ്കാരം കാരണമാണല്ലോ! മറ്റുള്ളവന്റെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് സ്വയം പരിശുദ്ധരാകുക, എല്ലാവരേക്കാലും കേമന്മാരാണെന്നു ആത്മപ്രശംസ നടത്തുക, കഴിഞ്ഞകാലജീവിതത്തിലെ ലൈംഗീകഓര്‍മ്മകളെല്ലാം പാപങ്ങളെന്ന് മനസാക്ഷി ഓര്‍മ്മിപ്പിക്കുമ്പോള്‍ ഇന്നെന്ന വര്‍ത്തമാനത്തെ സ്‌നേഹിക്കാന്‍ കഴിയാതെ ഞരങ്ങുക. തെറ്റുകളെ രഹസ്യമായി ചെയ്യുമ്പോള്‍ ജീവിതം തന്നെ ഒരു രഹസ്യമായി മാറുന്നു. ഇത്തരം ബന്ധനങ്ങളില്‍ നിന്ന് മനുഷ്യര്‍ സ്വതന്ത്രരാകേണ്ടിയിരിക്കുന്നു. ‘ഇന്നലെകളെ മറക്കുക’യും നന്മയെ കാംക്ഷിക്കുകയും ചെയ്യുക മാത്രമാണിതിനൊരു പ്രതിവിധി. ഇന്നലെയുടെ പാപങ്ങള്‍ നാളെയുടെ ന്യായവിധിക്കായി നമ്മെ വേട്ടയാടുകയില്ല.
ഈ സത്യങ്ങള്‍ ഇവളെ മനസിലാക്കുകയെന്നതു മാത്രമാണിനി തന്റെ ചുമതല. തന്റെ ഈ ജന്മത്തില്‍ പിതൃപാരമ്പര്യമായി തനിക്ക് അവശേഷിച്ചിരിക്കുന്നത് ഇവള്‍ മാത്രം. എല്ലാ സത്യങ്ങളും തുറന്നു പറയുകയും പോകുംവഴിയില്‍വച്ച് സെലീനായെ കൊണ്ട് കാണിക്കയും ചെയ്താലോ?
‘വേണ്ടാ’ മനസാക്ഷി മന്ത്രിച്ചു. കാരണം സ്ത്രീ ഹൃദയമല്ലേ? അവിഹിതബന്ധം ഭര്‍ത്താവറിഞ്ഞെന്ന് ബോദ്ധ്യപ്പെട്ടാല്‍ അവര്‍ ആദ്യം ശ്രമിക്കുന്നത് ആത്മഹത്യയ്ക്കായിരിക്കും. അതുകൊണ്ട് ഇതൊന്നും വേണ്ടാ. അനായാസേന ഏതൊരു മനുഷ്യനും ചെയ്യാവുന്ന ഒരു നല്ല കാര്യമുണ്ടു്. നിരുപാധികം എല്ലാം ക്ഷമിക്കുക. താനും സെലീനായുടെ പിടിയില്‍ അകപ്പെട്ടവനല്ലേ?
ചിന്തകള്‍ക്ക് വിരാമമിട്ടുകൊണ്ട് ടൈറ്റസ് സീറ്റില്‍ ഒന്നു നിവര്‍ന്നിരിക്കവേ ബാബു പെട്ടെന്ന് കാര്‍ നിര്‍ത്തി.
‘സംഗതി അപകടം അച്ചായാ.. സംഘര്‍ഷം മുറ്റി നില്‍ക്കുന്ന താലൂക്ക്. പഞ്ചായത്തിലെ അവിശ്വാസ പ്രമേയം. മനുഷ്യനു സ്വസ്ഥത തരില്ല. ഗാന്ധിജി വിഭാവന ചെയ്ത ‘പഞ്ചായത്ത്‌രാജ്’ നടപ്പില്‍ വരുത്തിയതോടു് എട്ടാം ക്‌ളാസു്കാരന്‍ സംവരണത്തില്‍ ഭരിക്കാന്‍ കയറിയിട്ടുണ്ട്. അയ്യായിരത്തിനും പതിനായിരത്തിനുമൊക്കെ അവന്‍ കാലു മാറും. മാസാമാസം പുതിയ പ്രസിഡന്റുമാരാണു ഓരോ പഞ്ചായത്തിലും. സത്യാഗ്രഹവും, മൗനജാഥയുമായി എം. പിമാരും എമ്മെല്ലേമാരും.’ ബാബു പറഞ്ഞു നിര്‍ത്തി.
‘എടാ ബാബു റോമാനഗരം വെന്തെരിയുമ്പോള്‍ വീണ വായിച്ച് രസിച്ച നീറോ ചക്രവര്‍ത്തിയേപ്പറ്റി കേട്ടിട്ടില്ലേ! അതുപോലെ മാത്രമേയുള്ളു ഇന്നാട്ടിലെ ഭരണാധികാരികള്‍. ഇവിടെ തമ്മില്‍ത്തല്ലി തലകീറി മനുഷ്യന്‍ വീണുചത്തുകൊണ്ടിരിക്കയല്ലേ?’
തോക്കും ചൂണ്ടിനില്‍ക്കുന്ന പോലീസിനിടയിലൂടെ ബാബു കാര്‍ ഡ്രൈവ് ചെയ്തു. ഇരുവശങ്ങളിലേയ്ക്കു കണ്ണുകള്‍ പായിച്ച ടൈറ്റസ് നാശത്തിലേയ്ക്കുള്ള കാലത്തിന്റെ വികൃതികളെ നോക്കി ജന്മനാടിനെ മനസുകൊണ്ട് ശപിച്ചു. ഈ നാടിനെ ഇന്നു നിലനിര്‍ത്തുന്നത് വിദേശമലയാളിയുടെ പണവും, ഈ നാടിന്റെ ഇന്നത്തെ ഗതികേടിനു് ഏക പരിഹാരമാര്‍ഗം വിദേശ മലയാളിയുടെ മസ്തിഷ്കവും ആണെന്നറിയാതെ ഓളപ്പുറത്തിരുന്നു ചൂണ്ടയിടുന്ന രാഷ്ട്രീയ മതനേതാക്കന്മാരുടെ ചുഷണത്തിനു് ഇന്നാട്ടിലെ ജനം ചുമല്‍ കൊടുത്തിരിക്കയല്ലേ?. അപ്രകാരംതന്നെ നാടിനെ നശിപ്പിക്കുന്ന ഇത്തരക്കാരെ വിദേശരാജ്യങ്ങളിലേയ്ക്ക് എഴുന്നള്ളിച്ച് പൂവിട്ടുപൂജിക്കാന്‍ ഒരുകൂട്ടം അവിടെയും കച്ചകെട്ടി നില്‍ക്കയല്ലേ? പാരമ്പര്യത്തിന്റെ കോണകവാലു് പൊക്കിപ്പിടിക്കുന്ന പ്രാചീനജീവികള്‍. ശ്ശേ! എന്തൊരു കഷ്ടം! സൈബര്‍യുഗത്തിന്റെ വാതില്‍പ്പടിയിലൂടെ അടുത്ത മിലേനിയത്തിലേയ്ക്ക് യാത്ര ചെയ്യുന്ന മനുഷ്യാ നീ അറിയേണ്ടുന്ന ഒരു സത്യം ഉണ്ടു്. മനുഷ്യന്‍ ജനിച്ചുകഴിഞ്ഞാല്‍ അവന്‍ അനശ്വരനാണു്. മരണം മനുഷ്യന്റെ അന്ത്യമല്ല. രംഗം മാറുക മാത്രമാണു് അപ്പോള്‍ സുകൃതം ചെയ്യകയെന്നതുമാത്രമാണ് മനുഷ്യത്വം. ഈ ലോകത്തെ സൃഷ്ടിച്ച് നാനാവിധേന സജ്ജമാക്കി വെച്ചിരിക്കുന്നതു് മനുഷ്യന്റെ വളര്‍ച്ചയ്ക്കു വേണ്ടിയാണു്. അതാണു് പരമലക്ഷ്യം. അങ്ങനെയെങ്കില്‍ സമശിഷ്ടങ്ങളെ സ്‌നേഹിക്കയും എല്ലാവരുംകൂടി ഈ ദൈവീകാനുഗ്രഹം പങ്കു വയ്ക്കയും അല്ലേ വേണ്ടതു്? ലൈംഗികതയെയും, ലഹരികളെയും പാപമെന്നു മുദ്രയിട്ടുകൊണ്ട് കുറെ പാപികളെ ഇവിടെ സൃഷ്ടിക്കുന്ന പരിശുദ്ധരാല്‍ നിലനിര്‍ത്തുന്ന സാമൂഹ്യവ്യവസ്ഥിതിയാണു് ഈ ലോകത്തിന്റെ എക്കാലത്തിലെയും അധംപതനത്തിന്റെ അടിസ്ഥാനഘടകം.
‘എടാ ബാബു , തൊണ്ണൂറ്റാറ് പേര്‍ ഒരു ദിവസം ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നു. നൂറ്റി അറുപതു പേര്‍ അമേരിക്കയിലും.’
‘നാളെ തൊണ്ണൂറ്റിയേഴുപേര്‍ ഇവിടെ ആത്മഹത്യ ചെയ്തിരിക്കും അച്ചായാ.’ ജീവിതാവകാശം നിഷേധിക്കപ്പെടുന്നവര്‍ക്കു് ആത്മഹത്യയല്ലാതെ വേറൊരു പോംവഴിയുമില്ല.’ ബാബു ഉത്തരം പറഞ്ഞു.
ബാബുവിന്റെ ഉത്തരം കാലത്തിന്റെ ഗതിയെന്നേ ടൈറ്റസ് മനസിലാക്കിയുള്ളു. ഒരു നിത്യസത്യത്തിന്റെ ചുരുള്‍ നിവര്‍ത്താന്‍ ടൈറ്റസ് ഒരുമ്പെട്ടു. മക്കളോടും ഭാര്യയോടും നേരെ പറയാന്‍ ആവാത്ത വിഷയങ്ങളെ പൊതുവായി അവതരിപ്പിക്കുകയും അത് അവര്‍ കേട്ട് മനസിലാക്കുമെന്നുള്ള ബോധത്തോടു്.
‘എടാ ബാബു പ്രേമനൈരാശമോ, അവിഹിതബന്ധത്തില്‍ കൂടിയുള്ള ഗര്‍ഭമോ, ധനം നഷ്ടപ്പെടുന്നതോ, മാതാപിതാക്കളോടുള്ള നീരസമോ, സമൂഹത്തോടുള്ള വെറുപ്പോ ഇതൊന്നും ആത്മഹത്യയ്ക്കു കാരണമാകരുത്. ആത്മഹത്യ ഭീരുത്വമാണു്. പരിഹാരമില്ലാത്ത ഒരു പ്രശ്‌നവും ലോകത്തില്ല. ജനിച്ച മനുഷ്യന്‍ ജീവിക്കാന്‍ അവകാശപ്പെട്ടവനാണു്. ഇന്നലെകളെ മറക്കുക. നാളെയെ ന്നതു മാത്രമായിരിക്കണം ലക്ഷ്യം.’ മോളിയുടെ മനസില്‍ ആഞ്ഞുപതിക്കട്ടെയെന്നു കരുതി ഒന്നുകൂടി എടുത്തു പറഞ്ഞു. ‘ഇന്നലകളെ മറക്കുക, നാളെയെന്നതു മാത്രമായിരിക്കണം ലക്ഷ്യം.’ എയര്‍പോര്‍ട്ടിനോടടുക്കും തോറും ടൈറ്റസിന്റെ മനസില്‍ വിഷാദം തളം കെട്ടുകയായിരുന്നു. ജന്മനാടിനോട് ഒരു അന്ത്യയാത്ര പറയേണ്ടി വരിക. അതും മദ്ധ്യായുസില്‍!

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക