Image

സൗദിയില്‍ പ്രവാസികള്‍ക്ക്‌ വൊക്കേഷനല്‍ ടെസ്റ്റ്‌ നിര്‍ബന്ധമാക്കുന്നു

Published on 11 April, 2012
സൗദിയില്‍ പ്രവാസികള്‍ക്ക്‌ വൊക്കേഷനല്‍ ടെസ്റ്റ്‌ നിര്‍ബന്ധമാക്കുന്നു
ജിദ്ദ: സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക്‌ ഡിസംബര്‍ മുതല്‍ തൊഴില്‍ പരീക്ഷ (വൊക്കേഷനല്‍ ടെസ്റ്റ്‌ ) നിര്‍ബന്ധമാക്കുന്ന നിയമം ഉടന്‍ കൊണ്ടുവരുമെന്ന്‌ തൊഴില്‍ പരിശോധന ഡയരക്ടര്‍ ഡോ. സഅദ്‌ അല്‍ ശായിബ്‌ വ്യക്തമാക്കി. ഇതുസംബന്ധിച്ച കരടു നിയമം ഉടന്‍ രാജാവിന്‍െറ പരിഗണനക്ക്‌ സമര്‍പ്പിക്കും. നിലവില്‍ ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും പുതുതായി വരുന്നവര്‍ക്കും വ്യവസ്ഥ ബാധകമാവുമെന്ന്‌ അദ്ദേഹം അറിയിച്ചു. ടെക്‌നിക്കല്‍ ആന്‍റ്‌ വൊക്കേഷനല്‍ ട്രെയിനിങ്‌ കോര്‍പ്പറേഷന്‍െറ മേല്‍നോട്ടത്തിലായിരിക്കും ടെസ്റ്റുകള്‍ നടത്തുക. ഇവിടെ വിവിധ ജോലികളിലേര്‍പ്പെട്ട വിദേശികളെയും ഓരോ വര്‍ഷവും എത്തിച്ചേരുന്ന 15ലക്ഷത്തോളം വരുന്ന തൊഴിലാളികളെയും ഇത്തരമൊരു തൊഴില്‍ പരീക്ഷക്ക്‌ വിധേയമാക്കാന്‍ കോര്‍പ്പറേഷന്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ യോഗ്യതക്കപ്പുറം തൊഴില്‍ പ്രാപ്‌തി പരിശോധിക്കുന്നതിന്‌ വേണ്ടിയാണ്‌ ഇത്തരത്തിലുള്ള ടെസ്റ്റ്‌ വേണ്ടിവരുന്നത്‌. സ്‌പോണ്‍സറോ തൊഴില്‍ മന്ത്രാലയമോ തൊഴിലാളി പുതുതായി സൗദിയില്‍ എത്തുന്നതിന്‌ മുമ്പ്‌ തന്നെ പരീക്ഷ നടത്തേണ്ടതുണ്ടെന്ന്‌ ഡോ. സഅദ്‌ അല്‍ ശായിബ്‌ പറഞ്ഞു.

വര്‍ക്‌പെര്‍മിറ്റും ഇഖാമയും നല്‍കുന്നതിന്‌ മുമ്പ്‌ തൊഴിലാളി വൊക്കേഷനല്‍ ടെസ്റ്റ്‌ പാസായിരിക്കണമെന്ന്‌ നിബന്ധന വെക്കുന്ന നിയമം കൊണ്ടുവരാന്‍ തൊഴില്‍ മന്ത്രാലയം നീക്കം ആരംഭിച്ചുകഴിഞ്ഞു. ഇത്തരത്തിലുള്ള പരീക്ഷ വൊക്കേഷനല്‍ ടെസ്റ്റ്‌ എന്നതിന്‌ പകരം ഒക്കുപേഷനല്‍ അക്രഡിറ്റേഷന്‍ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന ഡോ. സഅദ്‌ വിശദീകരിച്ചു. രാജാവിന്‍െറ അന്തിമ പരിഗണനക്ക്‌ വെക്കുന്ന കരട്‌ നിയമത്തില്‍ ഈ വിധം നടത്തുന്ന പരീക്ഷയുടെ ചെലവുകളെ കുറിച്ചും സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്‌. പരീക്ഷാ ഫീസ്‌ തൊഴിലുടമ വഹിക്കണം. തൊഴിലാളികളെ ഇവിടെ കൊണ്ടുവരുന്നതിന്‌ മുമ്പ്‌ അവരവരുടെ രാജ്യത്ത്‌ വെച്ച്‌ തൊഴില്‍ മന്ത്രാലയത്തിന്‍െറ മേല്‍നോട്ടത്തില്‍ ടെസ്റ്റ്‌ നടത്തി യോഗ്യരാണോ എന്ന്‌ ഉറപ്പുവരുത്തണമെന്നാണ്‌ വിദഗ്‌ധാഭിപ്രായം. ഇങ്ങനെ കൊണ്ടുവരുന്ന തൊഴിലാളി ഇവിടെ എത്തിയ ശേഷം ടെസ്റ്റില്‍ പരാജയപ്പെട്ടപ്പോള്‍ തിരിച്ചയക്കുന്നതിനുള്ള ചെലവ്‌ കൂടി തൊഴിലുടമ വഹിക്കണം.

ടെസ്റ്റ്‌ വേളയില്‍ ആള്‍മാറാട്ടവും കൃത്രിമവും നടക്കുന്നത്‌ തടയാന്‍ തൊഴിലാളിയുടെ ഫോട്ടോയും വിടലടയാളവും രേഖപ്പെടുത്തും. ടെസ്റ്റ്‌ പാസാകുന്നതോടെ ജോലിയുടെ പേരും തിരിച്ചറിയല്‍ നമ്പറും യോഗ്യതയും മറ്റും വിശദാംശങ്ങളും അടങ്ങിയ വര്‍ക്‌ പെര്‍മിറ്റ്‌ നല്‍കും. ആദ്യ ടെസ്‌റ്റോടെ തന്നെ രാജ്യത്ത്‌ എത്തുന്ന വിദേശിയെ എങ്ങനെ വിനിയോഗിക്കാമെന്ന്‌ മനസ്സിലാക്കാമെന്ന്‌ ഡോ. സഅദ്‌ അഭിപ്രായപ്പെട്ടു.

എന്നാല്‍, നിലവില്‍ രാജ്യത്ത്‌ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികളെയും ടെസ്റ്റിന്‌ വിധേയമാക്കുക എന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ലെന്ന്‌ ഈ രംഗത്തെ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത്‌ 11.5ദശലക്ഷം വിദേശികളുണ്ടെന്നും ഇവരില്‍ ഒമ്പത്‌ ദശലക്ഷം പേര്‍ വിവിധ വ്യവസായങ്ങളില്‍ ജോലി ചെയ്യുകയാണെന്നും ഇവരെ എങ്ങനെയാണ്‌ ടെസ്റ്റ്‌ നടത്താന്‍ പോകുന്നതെന്നും ഗള്‍ഫ്‌ റിസര്‍ച്ച്‌ സെന്‍റര്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ്‌ അല്‍ ശഖര്‍ പറഞ്ഞു. ഇതിനായി നീക്കിവെക്കുന്ന ബജറ്റ്‌ തൊഴിലാളികള്‍ക്ക്‌ പരിശീലനം നല്‍കുന്നതിനാണ്‌ വിനിയോഗിക്കേണ്ടതെന്നും ഇത്തരമൊരു പരീക്ഷയുടെ അനന്തരഫലങ്ങളെ കുറിച്ച്‌ കൂടുതല്‍ ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സ്വദേശിവത്‌കരണം ത്വരിതപ്പെടുത്താനുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതില്‍നിന്നുള്ള ശ്രദ്ധ വേറെ വഴിക്ക്‌ തിരിച്ചുവിടാന്‍ ഇത്തരം പരീക്ഷകള്‍ വഴിവെക്കു േഎന്നും ചിലര്‍ ആശങ്ക പ്രകടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക