Image

മൂക്കിന്‍ തുമ്പിലെ കാക്കപ്പുള്ളിക്കാരി.... (സ്വാതി ശശിധരന്‍, അയര്‍ലന്‍ഡ്)

സ്വാതി ശശിധരന്‍, അയര്‍ലന്‍ഡ് Published on 24 December, 2018
മൂക്കിന്‍ തുമ്പിലെ കാക്കപ്പുള്ളിക്കാരി.... (സ്വാതി ശശിധരന്‍, അയര്‍ലന്‍ഡ്)
എണ്ണൂറിലധികം വരുന്ന പെന്‍ഡിങ്  റിക്വസ്റ്റ്കളിലൂടെ  കണ്ണോടിച്ചു കൊണ്ടിരുന്നപ്പോഴാണ്  പെട്ടെന്ന് ആ പേര് എന്റെ മനസ്സില്‍ ഉടക്കിയത്. 
റീന. കൂടെ തന്നെ ഫോട്ടോയും ഉണ്ടായിരുന്നതോടെ എനിക്ക് ആ  പ്രീഡിഗ്രി കൂട്ടുകാരിയെ മനസ്സിലായി. സര്‍ക്കാര്‍ വിമന്‍സ് കോളേജില്‍, ഫസ്‌റ്  ഗ്രൂപ്പ്  എടുത്ത്, രണ്ട്  കൊല്ലം  അടുത്തടുത്തിരുന്ന്  പഠിച്ചവള്‍. തനി നഗര സന്തതിയായ എനിക്ക്, ഒട്ടും മനസ്സിലാകാത്ത ഗ്രാമീണ ഭാഷയുടെ നീട്ടലും, കുറുക്കലും  കൊണ്ട്, കുറേ കാലം തന്നെ വെള്ളം  കുടിപ്പിച്ചവള്‍.
പിന്നെ പിന്നെ തനിക്കും മനസ്സിലായി അവളുടെ  ഭാഷയും, ഗ്രാമവും, ചേട്ടന്മാരും, അമ്മയും, വയ്യാത്ത അച്ഛനും ഒക്കെ. എന്നും രണ്ട്  ബസ് കേറി കോളേജില്‍ വന്നിരുന്നുവെങ്കിലും, അവളുടെ മുഖത്തു തളര്‍ച്ചയുടെ ലാഞ്ചന  പോലും ഇല്ലായിരുന്നു.

രാവിലെ അഞ്ചു മണി  മുതല്‍ രാത്രി എട്ട് മണി  വരെയുള്ള, പല എന്‍ട്രന്‍സ് കോച്ചിങ്  ക്ലാസ്സുകളും  കഴിഞ്ഞു  വന്നിരുന്ന , താന്‍ പലപ്പോഴും തളര്‍ന്നു വീണപ്പോള്‍, ക്ലാസ്സ്  കട്ട്  ചെയ്ത്,  ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിന്റെ, താഴെയുള്ള ഊടു  വഴിയില്‍ കൂടി  ഓടി, താഴത്തെ ക്യാന്റീനില്‍ നിന്ന് ചായ വാങ്ങി വരാന്‍, അന്ന്   അവള്‍ മാത്രമേ ഉണ്ടായിരുന്നുളളൂ . 
സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍  ഒക്കെ മാത്രം  കാണുന്ന തരം 'കൂട്ടുകാരി '. ചുരിദാര്‍ ഇടും എന്ന ഒരൊറ്റ  വ്യത്യാസം മാത്രം. 
ഇതും പറഞ്ഞു എന്നും ഞാന്‍ കളിയാക്കിയിരുന്നു. അപ്പോഴൊക്കെ ചിരിച്ചു  കൊണ്ടിരുന്ന അവള്‍, ഒരു ദിവസവും കഌസ്സില്‍  വരാതെ ഇരുന്നിട്ടില്ല.

കണക്കിന് മിടുക്കി ആയിരുന്നു റീന. പ്രീഡിഗ്രിക്ക് ശേഷം കണക്കെടുത്തു ഡിഗ്രിയും, പിന്നെ പി .ജി യും ചെയ്യണമെന്ന് അവള്‍ ഇപ്പോഴും പറയുമായിരുന്നു. എന്‍ട്രന്‍സിന്റെ  അപ്പുറത്തെ ലോകം അറിവില്ലാതിരുന്ന ഞാന്‍  അതൊക്കെ കേട്ട് വെറുതെ തലയാട്ടി  ഇരുന്നു.
മാത് സിലെ റഷീദ ടീച്ചറിന്റെ  പ്രിയങ്കരി ആയിരുന്നു അവള്‍.  കാല്‍ക്കുലസ്  പ്രോബ്ലെംസ്  പച്ചവെള്ളം പോലെ സോള്‍വ് ചെയ്തിരുന്ന  അവള്‍ക്ക് , ക്ലാസില്‍ അല്ലാതെ,  വീട്ടില്‍ പഠിക്കാന്‍ സമയം കിട്ടിയിരുന്നതേ ഇല്ല. 

ഉച്ചയ്ക്ക് അവളുടെ ചോറ്റു പാത്രത്തിലെ മുട്ട പൊരിച്ചതും അവിയലും  ആര്‍ത്തിയോടെ  പിടിച്ചു പറിച്ചു തിന്നുമ്പോള്‍, എന്റെ പാത്രത്തില്‍, 'അമ്മ രാവിലെ ഉണ്ടാക്കിയ ദോശ തണുത്തു മരവിച്ചിരുന്നു. അവള്‍ തന്നെ ഉണ്ടാക്കിയതായിരുന്നു  അതൊക്കെ ..അമ്മ  അടുത്ത വീട്ടിലെ ജോലിക്ക് പോയിട്ട് വരുന്നതിന് മുമ്പ്.

അന്നൊക്കെ അവള്‍ എന്നോട്  വഴക്കിട്ടത് ഒരേ  ഒരു കാര്യത്തിന് മാത്രം.  പതിനാറ്  വയസ്സില്‍ എപ്പോഴോ എന്റെ ചിന്തയില്‍ കയറിയ വെറുപ്പ്. അതില്‍ നിന്നുണ്ടായ തീരുമാനം. കുഞ്ഞുങ്ങളെ ഇഷ്ടമേയല്ല എന്നും, ഒരിക്കലും  അമ്മ ആവാന്‍ ഇഷ്ടമില്ലെന്നും, തീ പിടിച്ച കരിയില പോലെ പറഞ്ഞ ദിവസം    അന്നാണ് അവള്‍ എന്നോട് ഭയങ്കരമായി വഴക്കിട്ടത്.
ഇത്ര നല്ല ജീവിതത്തില്‍, അത്രയും ക്രൂരമായി എനിക്ക് എങ്ങനെ ചിന്തിക്കാന്‍ തോന്നി എന്നും, 'പൂക്കളേക്കാള്‍ നിഷ്‌കളങ്കരായ കുഞ്ഞുങ്ങളെ  വെറുക്കാന്‍ തോന്നുന്ന നിനക്ക് ഭ്രാന്താണ്   നട്ട പ്രാന്ത് '  എന്നും  പറഞ്ഞാണ് അന്ന് അവള്‍ പോയത്. ദേഷ്യം കൊണ്ട്, കാക്കപ്പുള്ളിയുള്ള  ആ മൂക്കിന് തുമ്പില്‍ വിയര്‍പ്പ് തുള്ളികള്‍ പൊടിഞ്ഞിരുന്നു. 

പിന്നെയും വര്‍ഷങ്ങളോളം  ഞാന്‍ കുഞ്ഞുങ്ങളെ വെറുത്തു. അവരെ ഒരിക്കലും ജനിപ്പിക്കില്ല എന്ന്, ലോകത്തോട്  നിശ്ശബ്ദമായി വെല്ലുവിളിച്ചു.
പ്രീഡിഗ്രിക്ക്  ശേഷം ഒരു ദിവസം പോലും പിന്നെ  കാണാത്ത  അവളുടെ  റിക്വസ്റ്റ്,  അപ്രതീക്ഷിതമായി  കണ്ട സന്തോഷത്തില്‍ ഞാന്‍ വോയിസ് മെസ്സേജ് അയച്ചു. 
അപ്പോള്‍ തന്നെ മറുപടിയും വന്നു. കോഴിക്കോട്  എവിടെയോ ആണ് അവള്‍ ഇപ്പോള്‍. ഭര്‍ത്താവ്  ഗള്‍ഫില്‍. ഭര്‍ത്താവിനെ  'അവര്‍ ' എന്ന്  വിളിക്കുന്നത് കേട്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നത് . അവളുടെ ശബ്ദം പണ്ടത്തെ പോലെ തന്നെ ആയിരുന്നു.
ആദ്യം തന്നെ എന്നോട് കുട്ടികളുടെ കാര്യമാണ് ചോദിച്ചത്. പണ്ടത്തെ തീവ്രശിശു  വിരുദ്ധവാദിയും, കുഞ്ഞുങ്ങളെ  പ്രസവിക്കില്ല എന്ന് വ്രതം എടുത്തിരുന്നവളുമായ   'നട്ടപ്രാന്തിക്ക് ' വന്ന മാറ്റം, അവള്‍ക്ക് ഉള്‍ക്കൊള്ളാന്‍  അധികം പ്രയാസമൊന്നും തോന്നിയില്ല. ഒരുപക്ഷേ  എന്നെ അവള്‍ അന്നേ  തന്നെ മനസ്സിലാക്കിയിരിക്കണം.

'എടീ, എനിക്ക് മക്കളില്ല ' എന്ന സ്വന്തം  വാക്യം മുഴുമിക്കും മുമ്പേ തന്നെ  അവള്‍ പറഞ്ഞു. കുഴപ്പം എനിക്കോ, 'അവര്‍'ക്കോ  അല്ല . ഞങ്ങള്‍ക്കാണ്.എനിക്ക്  ഒന്നും മനസ്സിലായില്ല . ഇവള്‍ ഇതെന്താ കടംകഥ പറയുന്നോ?

'അവര്‍ക്ക് ഗള്‍ഫില്‍ വേറെ ഭാര്യയും, മക്കളും ഉണ്ട് '
നിമിഷങ്ങളുടെ നിശ്ശബ്ദത താങ്ങാന്‍ കഴിയാതെ ആയപ്പോള്‍ ഞാന്‍ ചോദിച്ചു.

'എന്താ,  അയാള്‍ക്ക്  ഇഷ്ടമില്ലാതെ ആണോ നിന്നെ കല്യാണം കഴിച്ചത് ?' 
'അറിയില്ല. കല്യാണം കഴിഞ്ഞ അന്ന് മുതല്‍ എന്റെ അടുത്ത് മിണ്ടില്ല. ഞങ്ങള്‍ വേറെ വേറെ മുറിയിലാണ്. എന്നോട് അങ്ങനെ മതീന്ന് പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍ ,കൊല്ലും  എന്നും ' അവള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍, എനിക്ക് ദേഷ്യമാണ് തോന്നിയത്.

'പിന്നെ എന്തിനാ നീ അയാളുടെ വീട്ടില്‍ നില്‍ക്കുന്നത് ? പഴയ റീന ആയിരുന്നെങ്കില്‍ എന്നേ  കളഞ്ഞിട്ട് പോകുമായിരുന്നു '

'ഇല്ലെടീ...  അങ്ങനെ ഞാന്‍ ഒഴിഞ്ഞു പോവില്ലന്നെ... കല്യാണം കഴിച്ചു വിട്ടതിന്റെ കടം പോലും വീട്ടില്‍  ഇത് വരെ തീര്‍ന്നില്ല. അപ്പോഴാണോ  ഞാന്‍ ഇനി  ആ വീട്ടിലോട്ട്  പോകുന്നത് ?'
'നിനക്ക്, ഒരു ചെറിയ ജോലിക്ക് ശ്രമിച്ചു, അവിടെന്ന് രക്ഷപെട്ടു കൂടേ, റീനേ എന്തിനാ ഇങ്ങനെ സ്വയം നശിപ്പിക്കുന്നത്?'
പെട്ടെന്ന് അവളുടെ ശബ്ദത്തില്‍ മാറ്റം വന്നത് പോലെ തോന്നി ....

'ഇല്ല എന്റെ  അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നിടത്തോളം ഞാന്‍ പോവില്ല '
പിന്നെ ? ഇങ്ങനെ സ്വന്തം  ജീവിതം എത്ര കാലം  എന്ന് വെച്ച്  നശിപ്പിക്കാനാണ്?' എനിക്ക് ശെരിക്കും രക്തം തിളക്കുന്നുണ്ടായിരുന്നു .

'അതിന്  ആര്  പറഞ്ഞു , ഞാന്‍ ജീവിതം നശിപ്പിക്കുന്നെന്ന്?'
റീനയുടെ ഒരു തരം  പൊള്ള ചിരി എന്റെ സമാധാനം കെടുത്തി.

'ആദ്യത്തെ കുറേ  വര്‍ഷം വിഷമിച്ചു. പിന്നെ, കരയുന്നത് നിര്‍ത്തി. ഇപ്പോള്‍ നിന്നെക്കാള്‍ സുഖകരമായ ജീവിതം ആണ് എനിക്ക് '.
എന്റെ മനസ്സ് ശൂന്യമായി. ഞാന്‍ അറിയുന്ന റീനയുടെ 'സത്യന്‍ അന്തിക്കാട് ' കഥാപാത്രം ഇങ്ങനെ  ഒന്നും ആയിരുന്നില്ലല്ലോ ...

'അവരുടെ ബന്ധത്തില്‍ പെട്ട ഒരു ചെക്കന്‍ ഉണ്ട്. വകയില്‍ ഒരു ചെറിയമ്മയുടെ മോന്‍ ആണ്. എന്നെ കല്യാണം കഴിക്കുന്നതിനു മുമ്പേ തന്നെ ഇവിടെ എപ്പോഴും  വരും. 'അവര്‍'ക്ക് , സഹോദരനെ പോലെ ആണ്! കഴിഞ്ഞ രണ്ടു വര്‍ഷമായി, ഇരുപത്താറ്  വയസ്സുള്ള  അവനാണ്  എന്റെ ഭര്‍ത്താവ്. '

എനിക്ക് ഒന്നും തോന്നിയില്ല. അവളുടെ സ്ഥാനത്തു  താന്‍  ആയിരുന്നെങ്കില്‍ ... ഒന്നല്ല, ഒന്‍പത് .... 
'റീനേ, ഞാന്‍  നിന്നെ ഉപദേശിക്കുകയൊന്നും ഇല്ല. പക്ഷേ  ഇപ്പോള്‍ രക്ഷപ്പെട്ടാല്‍, അത് നിന്നെ പിന്നീട് വരുന്ന  ഒരുപാട് വേദനകളില്‍ നിന്ന് ഒഴിവാക്കും '

'അറിയാം ... എല്ലാം എനിക്കറിയാം ...എനിക്ക് പകയാണ് ... ഒരു പെണ്ണിനെ കല്യാണം കഴിച്ചു കൊണ്ട് വന്ന്  ജീവിതം നശിപ്പിക്കുന്ന 'അവര്‍'ക്കും, അവര്‍, എനിക്ക് കാവല്‍ നിര്‍ത്തിയിരിക്കുന്ന 'അവരുടെ' അമ്മയ്ക്കും ഉള്ള പകവീട്ടല്‍ ആണ് ഇത്.'
'നിനക്കറിയോ, അവരുടെ അമ്മ, വീട്ടില്‍ ഉള്ളപ്പോള്‍ തന്നെയാ അവന്‍ വരുന്നത്. അമ്മയുടെ കണ്‍മുന്നില്‍  വെച്ചു, അവരെ ചതിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം ഉണ്ടല്ലോ ....അത് നിനക്ക് മനസ്സിലാവില്ല '
'അവന്‍ എന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. 'ചേച്ചീ' , എന്ന്  വിളിച്ചു കൊണ്ടിരുന്ന അവനെ, ഇന്ന് ഈ നിലയിലാക്കിയത് ഞാന്‍ തന്നെ ആണ്. ഇന്ന് അവന്‍ എന്റെ അടിമ ആണ്. ഞാന്‍ പറഞ്ഞാല്‍ 'അവരെ ' കൊല്ലാന്‍  പോലും അവന്‍ മടിക്കില്ല '.

ഇത് പറയുമ്പോള്‍ റീനയുടെ ശബ്ദം സന്തോഷാധിക്യത്താല്‍ വിറച്ചു .
എന്റെ നെഞ്ചില്‍ ഒരു വലിയ കല്ല് വന്നു വീണത് പോലെ തോന്നി .... റീന   നാട്ടിന്‍പുറത്തിന്റെ നന്മയും ചുമന്നു എന്റെ അടുത്ത് രണ്ട്  വര്‍ഷം  ഇരുന്ന  പതിനാറ്കാരി  അവളെ ജീവിതം എത്രമേല്‍ മാറ്റി. കാക്കപുള്ളിയുള്ള ആ മൂക്കിന് തുമ്പ്  വിയര്‍ക്കുന്നത് എനിക്ക്  കാണാം. ദേഷ്യവും, സങ്കടവും വരുമ്പോഴുള്ള ആ വിയര്‍പ്പ്.

'നിന്റെ ഭര്‍ത്താവും കുട്ടികളും നന്നായി ഇരിക്കട്ടെ. മക്കള്‍ വേണ്ടാന്ന്  പറഞ്ഞു നടന്നവളല്ലേ, നീ?'
അവളുടെ  കളിയാക്കിയുള്ള  ചിരി കേട്ടിട്ടും, ഞാന്‍ ഒന്നും മിണ്ടിയില്ല.

'ഞാന്‍ പിന്നെ വിളിക്കാം. 'അവരുടെ ' അമ്മ വന്ന് എന്നെ ഒളിഞ്ഞു നോക്കുന്നു. ഫോണില്‍ ഗെയിം കളിച്ചാലും 'അവരോട് ' വിളിച്ചു പറഞ്ഞു കൊടുക്കും. പിന്നെ അത് മതി ഒരാഴ്ചത്തേക്ക്.'
തിടുക്കപ്പെട്ട്  കട്ട്  ചെയ്യുമ്പോഴും, ഇനിയും വിളിക്കാം എന്നും, നാട്ടില്‍ ചെല്ലുമ്പോള്‍ അവളുടെ വീട്ടില്‍ വരണമെന്നും,  ഒക്കെ ഒറ്റ ശ്വാസത്തില്‍ പറയുക ആയിരുന്നു   മൂക്കിന്‍  തുമ്പില്‍ കാക്കപ്പുള്ളിയുള്ള  എന്റെ കൂട്ടുകാരി.

മൂക്കിന്‍ തുമ്പിലെ കാക്കപ്പുള്ളിക്കാരി.... (സ്വാതി ശശിധരന്‍, അയര്‍ലന്‍ഡ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക