Image

ലാല്‍ ജോസും ചാക്കോച്ചനും എട്ടു നിലയില്‍ പൊട്ടി, അന്തിക്കാടും ഫഹദും സൂപ്പര്‍ഹിറ്റടിച്ചു; ക്രിസ്മസ് ചിത്രങ്ങളുടെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

Published on 22 December, 2018
ലാല്‍ ജോസും ചാക്കോച്ചനും എട്ടു നിലയില്‍ പൊട്ടി, അന്തിക്കാടും ഫഹദും സൂപ്പര്‍ഹിറ്റടിച്ചു; ക്രിസ്മസ് ചിത്രങ്ങളുടെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

മലയാള സിനിമയില്‍ ക്രിസ്മസ് ചിത്രങ്ങള്‍ കൂട്ടത്തോടെ തീയറ്ററിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യമെത്തിയ ഒടിയനെ പ്രേക്ഷകര്‍ കണ്ടംവഴി ട്രോളി ഓടിക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് ഫഹദ് ഫാസില്‍, ജയസുര്യ, കുഞ്ചാക്കോ ബോബന്‍, ടൊവിനോ എന്നിവര്‍ തീയറ്ററിലേക്ക് എത്തി. ഇതില്‍ സൂപ്പര്‍ഹിറ്റടിച്ചത് ഫഹദ് ഫാസിലാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടും ശ്രീനിവാസനും തിരക്കഥാകൃത്തും സംവിധായകനുമായി ഒരുമിക്കുന്ന ഞാന്‍ പ്രകാശന്‍ എന്ന ഫഹദ് ചിത്രം ആദ്യ ദിവസം തന്നെ സൂപ്പര്‍ഹിറ്റെന്ന് ഉറപ്പിച്ചു. ശ്രീനിവാസന്‍റെ നര്‍മ്മം തുളുമ്പുന്ന തിരക്കഥയും സത്യന്‍ അന്തിക്കാടിന്‍റെ ഗ്രാമീണത നിറയുന്ന സംവിധാന ശൈലിയും പുതുതലമുറയിലെ വൈബ്രെന്‍റ് താരം ഫഹദിന്‍റെ അനായാസ അഭിനയ ശൈലിയും കൂടി ചേര്‍ന്നപ്പോള്‍ മികച്ച ചിത്രമാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്. ചിത്രം സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുകയാണിപ്പോള്‍. 
ടൊവിനോ നായകനായ എന്‍റെ ഉമ്മയുടെ പേര് എന്ന ചിത്രവും മികച്ച ചിത്രമെന്ന നിലയില്‍ ശ്രദ്ധനേടുന്നുണ്ടെങ്കിലും കൊമേഴ്സ്യല്‍ മികവ് പുലര്‍ത്താനായില്ല എന്നതിനാല്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയില്ല. എന്നാല്‍ ധനുഷ് ചിത്രമായ മാരി 2വില്‍ മികച്ച വില്ലന്‍ വേഷത്തില്‍ ടൊവിനോ തിളങ്ങിയെന്നത് ശ്രദ്ധേയമാണ്. മികച്ച വിജയത്തിലേക്കാണ് മാരി 2 എത്തിയിരിക്കുന്നത്. 
ക്രിസ്മസ് ചിത്രങ്ങളില്‍ ഏറ്റവും നിരാശ സമ്മാനിക്കുന്നത് ലാല്‍ ജോസ് ചിത്രമായ തട്ടിന്‍പുറത്ത് അച്യുതനാണ്. ഏറ്റവും മോശം രീതിയില്‍ സിനിമയിലെ സമീപിച്ചിരിക്കുന്നു എന്നതിലൂടെ കാണികളുടെ കൂവലുകളാണ് സംവിധായകന്‍ ലാല്‍ ജോസും തിരക്കഥാകൃത്ത് സിന്ധുരാജും ഏറ്റുവാങ്ങുന്നത്. പതിവ് ബോറന്‍ അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബനും പ്രേക്ഷകരെ വെറുപ്പിച്ചു. ഒരു കാലത്ത് പ്രേക്ഷകരുടെ വലിയ പ്രതീക്ഷയായിരുന്നു ലാല്‍ ജോസ് എന്ന പേര്. എന്നാല്‍ സമീപകാല സിനിമകളിലൂടെ ആ പേര് നശിപ്പിച്ചു കളയുകയാണ് ലാല്‍ ജോസ്. 
തങ്ങള്‍ എന്തു ചെയ്താലും പ്രേക്ഷകര്‍ കണ്ടോളും എന്ന ജയസൂര്യയുടെയും രഞ്ജിത്ത് ശങ്കറിന്‍റെയും ധാരണയ്ക്ക് ഏറ്റ പരാജയമാണ് പ്രേതം 2 എന്ന ചിത്രത്തിന്‍റെ പരാജയം. പ്രേതം എന്ന ശരാശരി പടത്തിന്‍റെ ലോബജറ്റ് നിര്‍മ്മാണവും വിജയവും വീണ്ടും അതേ തട്ടിക്കൂട്ടിന് ഇരുവരെയും പ്രേരിപ്പിച്ചു എന്നതാണ് സത്യം. എന്നാല്‍ യാതൊരു ക്രിയേറ്റിവിറ്റിയുമില്ലാത്ത പടം വമ്പന്‍ പരാജയം തീയറ്ററില്‍ നേരിട്ടു. 
എന്തായാലും ഒടിയന്‍ നല്‍കിയ ക്ഷീണത്തില്‍ നിന്ന് പ്രേക്ഷകരെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം ഞാന്‍ പ്രകാശന്‍ ഏറ്റെടുത്തിരിക്കുന്നു എന്നാണ് ക്രിസ്മസ് ബോക്സ് ഓഫീസ് വ്യക്തമാക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക