Image

ഒരു ക്രിസ്തുമസ്സ് രാത്രിയില്‍ (ജി. പുത്തന്‍കുരിശ്)

Published on 22 December, 2018
ഒരു ക്രിസ്തുമസ്സ് രാത്രിയില്‍ (ജി. പുത്തന്‍കുരിശ്)
എങ്ങും ശിശിരത്തിന്‍ ലാളനത്താല്‍
മങ്ങി മയങ്ങുന്ന കൊച്ചു ഗ്രാമം
അങ്ങവിടേയ്ക്കവന്‍ ഓടിയെത്തി
എങ്ങുന്നോ വിഭ്രാന്താധീനനായി
പിഞ്ഞിപറിഞ്ഞൊരാ വസ്ത്രധാരി
മഞ്ഞില്‍ വിറച്ചു വിറങ്ങലിച്ചു
ഗ്രാമീണരെല്ലാരും ഒത്തുകൂടി
ആ മര്‍ത്ത്യകോലത്തെ ഒന്നു കാണാന്‍
ആകമ്പിതനാം അവന്‍ മിഴിയില്‍
ആകാംക്ഷ പൂണ്ടവര്‍ ഉറ്റുനോക്കി
ആ കണ്ണിലെ അഭയാര്‍ത്ഥനകള്‍
ആക്കൂട്ടര്‍ക്കെന്തോ? മനസ്സിലായോ!
ചുറ്റും നിശബ്ദത പാകിയൊരാള്‍
തെറ്റെന്നവിടെ കടന്നു വന്നു
‘മൂപ്പനാണ്’ ആ കൊച്ചു ഗ്രാമത്തിലെ
മൂപ്പനായെല്ലാരും മാറി നിന്നു
“അഭയം തേടി വരുന്നവര്‍ക്ക്
അഭയമരുളുവിന്‍ സോദരരെ
മതിമതി സംശയം വേണ്ടിവനെ
അതിവേഗം തുണ നല്‍കി സ്വീകരിപ്പിന്‍”
ഒരു കൊച്ചു വയ്‌ക്കോല്‍ പുരയിലേക്ക്
അരുമയില്‍ ആനയിച്ചവനെയവര്‍
അവരുടെ കാരുണ്യവായ്പിനാലെ
അവനുടെ ഉള്ളം വിതുമ്പിപ്പോയി
വൈക്കോലില്‍ തീര്‍ത്തൊരു തല്പത്തിന്മേല്‍
വൈകാതെ വീണവന്‍ നിദ്രപൂണ്ടു.
വിശപ്പും ക്ഷീണവും ഭയവുമെല്ലാം
നിശയിലവനായി കാവല്‍ നിന്നു.
2
പെട്ടെന്നു കേട്ടൊരു നേര്‍ത്ത ശബ്ദം
ഞെട്ടി അവന്‍ ഭയചകിതനായി
ആരോതന്നരികില്‍ വന്നു നില്പൂ
ആരെന്നറിയാതെ ഭ്രമിച്ചുപോയി
ഒരു പുത്തന്‍ പുഞ്ചിരി പൂവുമായി
ഒരു കൊച്ചു സുന്ദരി തന്റെ മുന്നില്‍
തനിക്കായി കരുതിയ വിഭവമൊക്കെ
കനിവില്‍ വിളമ്പി ഒതുങ്ങിനിന്നു
ആര്‍ത്തിയില്‍ ആഹാരമശിച്ചിടുമ്പോള്‍
ഓര്‍ത്തില്ല കുശലമൊന്നന്വേഷിപ്പാന്‍
അവനുടെ ഉള്ളമറിഞ്ഞതുപോല്‍
അവള്‍ ചൊന്നു ഞാന്‍ മൂപ്പന്റെ ഏക പുത്രി
തെല്ലൊരു ജാള്യത അവന്‍ മുഖത്ത്
മെല്ലവേ വന്നു പരന്നകന്നു
പിന്നീടാ മുഗ്ദ്ധ മനോഹരിയാള്‍
വന്നപോല്‍ മെല്ലെ നടന്നകന്നു.
3
പട്ടാളകുതിരതന്‍ കുളമ്പടികള്‍
പട്ടാളതലവന്റെ ഗര്‍ജ്ജനവും
ഏതോ ദുഃസ്വപ്നത്തിലെന്നതുപോല്‍
ആധിയാല്‍ ഞെട്ടിയവളുണര്‍ന്നു
‘അറിയുന്നു ഞാനാ ആ ഭീകരനീ
പുരകളിലെവിടെയോ ഒളിഞ്ഞിരിപ്പൂ
വിട്ടുതന്നില്ലെങ്കില്‍ അവനെ നിങ്ങള്‍
ചുട്ടുകരിക്കുമീഗ്രാമം ഞങ്ങള്‍
തിരികെ വരുന്നുണ്ട് നാളെ ഞങ്ങള്‍
തരിക അന്നേരം അവനെ നിങ്ങള്‍’
ആ ശബ്ദം അവരുടെ കാതുകളില്‍
നാശത്തിന്‍ കുഴല്‍ വിളിയായി ധ്വനിച്ചു

4
അങ്ങാ മലയുടെ മുകളിലായി
ഭംഗിയായി തീര്‍ത്തൊരു ദേവാലയം
അവിടത്തെ ശ്രേഷ്ഠനാം വൈദികനോ
അവിടുള്ളോര്‍ക്കു വഴികാട്ടിയല്ലോ.
ഒരു വഴിതേടി മൂപ്പനും നാട്ടുകാരും
പുരോഹിതശ്രേഷ്ഠന്റെ അരികിലെത്തി
ഒരു മാര്‍ക്ഷം ഉടനെ നീ ചൊല്ലീടുക
ഒരു വിപത്തിന്നീഗ്രാമത്തെ രക്ഷിച്ചീടു
“നില്‍ക്കുക ഏവരും ധ്യാനപൂര്‍വം
നില്‍ക്കട്ടെ ഞാനും അള്‍ത്താരമുന്നില്‍”
സമയത്തിന്‍ വേഗതകൂടി വന്നു
ക്ഷമകെട്ട് നാട്ടാരും പിറുപിറുത്തു.
വെളിപാട് കിട്ടിയ അച്ചനപ്പോള്‍
വെളിപാടുമായുടന്‍ നടയില്‍ വന്നു
“ഒരുവനെ കൊല്ലുവാന്‍ എല്പിച്ചീടില്‍
ഒരുഗ്രാമം ഒന്നാകെ രക്ഷനേടും”
കേട്ടൊരാഹിതത്തില്‍ തുഷ്ടരായി.
നാട്ടുകാര്‍ ഏവരും തലകുലുക്കി
കണ്ണുകള്‍ ഉയര്‍ത്തി അച്ചനപ്പോള്‍
വിണ്ണിനെ നോക്കി ജപിച്ചു മന്ത്രം
കാലത്തെ കേട്ടൊരു ആരവത്താല്‍
ജാലകത്തിലൂടച്ചന്‍ എത്തിനോക്കി
ഒരു ഭടനശ്വത്തിന്‍ പിന്നില്‍ കെട്ടി
തെരുവിലൂടഭയനെ ഇഴച്ചിടുന്നു
“ഒരുവനെ കൊല്ലുവാന്‍ എല്പിച്ചീടില്‍
ഒരുഗ്രാമം ഒന്നാകെ രക്ഷനേടും”
അച്ചന്റെ തിരുമൊഴി വീണ്ടും വീണ്ടും
ഒച്ചയില്‍ ഉരുവിട്ടൂജനം പിന്‍ഗമിച്ചു
5
അന്നാമനോഹര സന്ധ്യയിങ്കല്‍
ഒന്നായി ഗ്രാമീണര്‍ ഒത്തുകൂടി
ആ പുരോഹിതനെ ആദരിപ്പാന്‍
ആബാലവൃദ്ധരും ഒത്തുകൂടി.
ആഘോഷം വിട്ടല്പം മാറിയൊരാള്‍
ഏകാകിയായങ്ങ് ഇരുന്നിരുന്നു
ആരായിരിക്കുമതെന്നറിയാന്‍
പാരാതെ വൈദികന്‍ അവിടെയെത്തി
തേങ്ങുന്നു മൂപ്പന്റെ ഏകപുത്രി
ഏങ്ങലടിച്ചതി ദുഃഖിതയായി
‘എന്താണ് മകളെ നീ തേങ്ങിടുന്നു
എന്തായാലും എന്നോടു ചൊല്ലിടുക”
“ഇണ്ടലാര്‍ന്നശരണന്‍ കണ്ണുകളില്‍
ഉണ്ടായിരുന്നഭയാര്‍ത്ഥനകള്‍
തെല്ലത് കാണാതെ പോയതിനാല്‍
കൊല്ലാനായി ഏല്പിച്ചു അവനെ നിങ്ങള്‍ “
ചുറ്റി തല കണ്ണില്‍ ഇരുളുകേറി
‘തെറ്റിയോ മിശിഹായെ എന്റെ മാര്‍ഗം
പൊട്ടിക്കരഞ്ഞാ വൈദികന്‍ നൊമ്പരത്താല്‍
വിട്ടായിടം തകര്‍ന്ന മനസ്സുമായി.
6
തേടുന്നയ്യാള്‍ ഇന്നും ഭൂവിലെല്ലാം
തേടി അലയുന്നഭയാര്‍ത്ഥികള്‍ക്കായി
അവരുടെ വേദന ഉള്‍കൊള്ളുവാന്‍
അവരുടെ മിഴിക്കുള്ളില്‍ നോക്കിടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക