Image

തിരിച്ചറിവുകള്‍. (കഥ: ജിന്‍സണ്‍ ഇരിട്ടി)

Published on 21 December, 2018
തിരിച്ചറിവുകള്‍. (കഥ: ജിന്‍സണ്‍ ഇരിട്ടി)
സിഥിയന്‍ കൊടുംകാടില്‍ നിന്ന് ചിറകടിക്കുന്ന കഴുകാന്‍മ്മാരുടെ ശബ്ദം തനിക്കു കേള്‍ക്കാം.
തന്റെ കരളിന് ഒരു നിമിഷാര്‍ത്തിന്റെ ആയുസ്.
ചോര അവനു ലഹരി നുണയാന്‍ ഉള്ളതും.
''സാധാരണ കാരനെ കൊള്ളയടിച്ചു അരമനയിലെ പള്ളിയറയില്‍ നിധി നിറയ്ക്കുന്ന രാജാവേ...നീ ഒരു കഴുകന്‍ തന്നെ ''
''രാജാവിനോട് അങ്ങനെ പറയാമോ ''
അടങ്ങാത്ത രാജഭക്തിയില്‍ പട്ടാളക്കാരന്റെ കണ്ണുകള്‍ ജ്വലിച്ചു
പടയാളിയുടെ ചാട്ടവാര്‍ അടികൊണ്ടു പ്രജ പിടഞ്ഞു.
''എന്നെ ഭരിച്ചു നീ പട്ടിണികാരനാക്കി എന്നിട്ടും നിന്റെ കണ്ണ് എന്റെ പച്ച മാംസത്തില്‍ നിന്ന് കിനിയുന്ന ചോരയില്‍''
''രാജാവിനെ ചോദ്യം ചെയ്യുന്നവന്‍ മരിക്കണം അതാണ് രാജ നീതി ''
പറഞ്ഞു പഠിപ്പിച്ച മുദ്രാവാക്യാം വീണ്ടും ഛര്‍ദ്ദിക്കുന്നപോലെ സ്തുതിപാടകരും ,പട്ടാളക്കാരും അര്‍ത്ഥമില്ലാത്ത വാക്കുകള്‍കൊണ്ട് രാജാവിനെ പുകഴ്ത്താന്‍ മത്സരിച്ചു. വിമര്‍ശനങ്ങളെ രാജാവ് അങ്ങനെ പണ്ഡിറ്റുകളായ സ്തുതിപാടകരെകൊണ്ടു കുഴിച്ചു മൂടി. അതും ഒരു അധികാര തന്ത്രമാണ്.
''ഞാന്‍ ധാര്‍മികത കൊണ്ടു രാജി വെയ്ക്കുമെന്നു കരുതണ്ട ''
രാജാവിന്റെ ചിരിയില്‍, കൊത്തി പറിച്ചിട്ടും കൊതി തീരാത്ത കഴുകന്റെ ആര്‍ത്തി പ്രജ കണ്ടു .
പന്നെ ആരും രാജാവിനെ ചോദ്യം ചെയ്യാന്‍ വന്നില്ല.
രാജാവ് അഴിമതിയില്‍ മുങ്ങികുളിച്ച് , ഇരയുടെ ചോരയില്‍ ലഹരി നുകര്‍ന്ന് കൂട്ടികൊടുപ്പിന്റെ അരമനകളില്‍ വ്യഭിചരിച്ചു.
അരമനയില്‍ രാജാവിനെയും പട്ടിണി ബാധിച്ചു. അപ്പോള്‍ രാജാവ് പുതിയ പോര്‍മുഖം തുറന്നു ,
ഇരയുടെ ചോരകാട്ടി കഴുകന്മാരെ ആകര്‍ഴിക്കുന്ന വിദ്യ.
ആ സ്വയംവരത്തിനു രാജാവ് ഒരു പേരും ഇട്ടു 'എമര്‍ജിങ്ങ് നാട് '
ആ പരിക്ഷണത്തില്‍ രാജാവ് വിജയിച്ചെന്നു തന്നെ പറയാം ,
പട്ടിണികാരുടെ രുചിയുള്ള ചോര കുടിച്ച,
കഴുകന്മാര്‍ക്ക് അത് ഇഷ്ടപെടുക തന്നെ ചെയ്തു.
അവര്‍ രാജ്യം പകുത്തു കൊള്ളയടിച്ച്, ചോര ഈമ്പി കുടിച്ചു.
അവര്‍ ജനാധിപത്യത്തിന്റെ മുഖം മുടി ഇട്ടതിനാല്‍ പലരും അവരെ തിരിച്ചറിഞ്ഞില്ല.
തിരിച്ചറിഞ്ഞവര്‍ ,അപ്പഴേക്കും ചോരയില്ലാത്ത വെറും മാംസ പിണ്ടങ്ങളായി മാറിയിരുന്നു.
കഴുകന്‍ തലയനായ രാജാവിന്റെ മരണം പ്രജ ആഘോഷമാക്കി.
പള്ളിയറകള്‍ തുറക്കപെടുമെന്നും അതില്‍ കുമിഞ്ഞു കൂടിയ നിതികൊണ്ട് നാട്ടില്‍ സോഷ്യലിസം വരുമെന്നും പ്രജ കരുതി.
പക്ഷെ രാജാവിന്റെ കീരിടം അണിഞ്ഞ രാജകുമാരന്റെ തലയില്‍ ഇരുന്നു കഴുകന്‍ ചിരിക്കുന്നതു കണ്ട് പ്രജ ഓടി ബോധി വൃക്ഷത്തില്‍ അഭയം തേടി.
ബോധി വൃക്ഷം അവനെ നോക്കി ചിരിച്ചു.
അവന്റെ എല്ലാ പ്രശ്‌നത്തിനുമുള്ള ഉത്തരം ബോധി വൃക്ഷത്തില്‍ ഉണ്ടെന്നറിഞ്ഞ്, മുറിവുണങ്ങാത്ത ശരിരത്തോടെ അവന്‍ ബോധി വൃക്ഷത്തെ കെട്ടിപുണര്‍ന്നു.
ബോധി വൃക്ഷം അവന്റെ മുറിവുകള്‍ വച്ചുകെട്ടി അവനെ സ്വന്തനിപ്പിച്ചു
മുന്‍പൊരിക്കലും അനുഭവിച്ചിട്ടില്ല ഒരു ആത്മീയ ആനന്ദത്തില്‍ അന്നാദ്യമായി പ്രജയെ വീര്‍പ്പു മുട്ടി
''ഫാസിസ്റ്റുകള്‍ മരിക്കുന്നില്ല. അവര്‍ സൂക്ഷ്മ രൂപികളായി ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു ജീവിച്ചുകൊണ്ടിരിക്കും ''
" അപ്പോള്‍ അങ്ങും വായിച്ചിട്ടുണ്ടല്ലേ ഒ വി വിജയനെ "
ബോധി വൃഷം താത്വയികമായ ഒരു ചിരി ചിരിച്ചു
പ്രജ അങ്ങനെ കൈയില്‍ ഉള്ളതെല്ലാം അടിയറ വച്ചുകൊണ്ടു ആത്മീയത ഭക്ഷിച്ചു ബോധി വൃക്ഷ തണലില്‍ ആത്മീയ ജ്ഞാനത്തിന്റെ പുതിയ അറിവുകളില്‍ ജീവിച്ചു.
പക്ഷെ അപ്പോഴും ബോധി വൃക്ഷത്തിന് വെളിയില്‍ സമാധാനത്തിന്റെ നാട് എന്ന് ബോര്‍ഡും വച്ചുകൊണ്ടു രൂപം മാറിയ കഴുകന്‍മ്മാര്‍ കെണിയൊരുക്കി മാനുകളെ വേട്ടയാടികൊണ്ടിരുന്നു.
''ഈ ലോകം മായയാണ്. ഇവിടെ പട്ടിണി കിടക്കുന്നവന് ദൈവം സ്വര്‍ഗ്ഗത്തില്‍ പട്ടുമെത്ത വീരിക്കും.അതുകൊണ്ട് നീ ഇതു ദൈവ വിധിയാണെന്ന് കരുതി സമാധാനിക്ക് ''.
ബോധി വൃക്ഷം പ്രജയെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്നു.
പ്രജ ബോധി വൃക്ഷത്തിന്റെ ബലമുള്ള ചില്ലകളില്‍ മുറുകെ പൊടിച്ചു കനമുള്ള സ്വപ്നങ്ങള്‍ നെയ്തു തുടങ്ങിയപ്പഴാണ് പറമ്പില്‍ തെങ്ങുകളും , കവുങ്ങുകളും ചത്തു വീണുതുടങ്ങിയത്.
ഇങ്ങനെ പോയാല്‍ താന്‍ മുഴു പട്ടിണിയാകും.
വീണ്ടും പ്രജ ബോധി വൃക്ഷത്തിന്റെ അരികില്‍ പരിഹാരം തേടി എത്തി.
കാറ്റ് കുറഞ്ഞു വന്ന ഒരു നിമിഷം ബോധിവൃഷം ഇലയനക്കം നിര്‍ത്തി ധ്യാനത്തിലേക്കു മടങ്ങി. പിന്നെ എന്തോ ഉത്തരം കിട്ടിയെന്ന ഭാവത്തില്‍ കൈവിരലുകള്‍ക്കിടയില്‍ നിന്ന് ഒരു മാജിക്ക് കാരന്റെ കൈ വിരുതോടെ ഒരു പിടി ഭസ്മം കറക്കി എടുത്തു പ്രജയുടെ കൈവെള്ളയില്‍ വച്ചിട്ട് പറഞ്ഞു
''പേടിക്കെണ്ട ഇതൊരു കരിസ്മാറ്റിക് ധ്യാനത്തിലുടെ പരിഹരിക്കാവുന്ന പ്രശനമേയുള്ളൂ ''.
ബോധി വൃക്ഷത്തിന്റെ വെളിപാടില്‍ പ്രജ മുണ്ടു മുറുക്കി ഉടുത്ത്, പണമുണ്ടാക്കി ഒരു കരിസ്മാറ്റിക് ധ്യാനം തന്നെ നടത്തി.
പക്ഷെ എന്നിട്ടും മരങ്ങള്‍ ചത്ത് വീണു കൊണ്ടിരുന്നപ്പോള്‍ പ്രജ അസ്വസ്ഥനായി. അവന്‍ അതിന്റെ സത്യം തേടിയിറങ്ങി.
പ്രജ നടന്നു.
അന്തതയില്‍ നിന്ന് അന്തതയിലേക്കു.
ചരിത്രത്തില്‍ നിന്ന് ചരിത്രത്തിലേക്കു.
ശാസ്ത്രത്തില്‍ നിന്ന്ശാസ്ത്രത്തിലേക്കു.
'ഒരു കുപ്പി ചോരകൂടി വേണം '
ആശുപത്രി ബെഡിനരികിലെ തുരുമ്പു പിടിച്ച ഇരുമ്പു സ്റ്റാന്റില്‍ കെട്ടി തൂക്കിയ ചോര കുപ്പി തീരാന്‍ പോകുന്നത് കണ്ടു മാലാഖയുടെ ഉടലുള്ള ഒരു നഴ്‌സ് പറഞ്ഞു.
തന്റെ ചങ്ങാതിക്കിനി എവിടുന്നു ചോര ഒപ്പിക്കുമെന്നോര്‍ത്തു പ്രജ തല പെരുത്തിരിക്കുമ്പോള്‍ ഒരു കഴുകന്‍ തലയുള്ള ഡോക്ടര്‍ ,വരാന്തയില്‍ തീരാറായ ചോരകുപ്പിയും തൂക്കി നിരന്നു കിടക്കുന്ന രോഗികളെ നോക്കി അലറി
" ചോരയില്ലെങ്കില്‍ എല്ലാം ഇവിടെ കിടന്നു ചത്തോ "
വീണ്ടും വന്നു കൊണ്ടിരുന്ന ചോരയില്ലാതെ വിളറിയ മനുഷ്യരെകൊണ്ട് ഹോസ്പിറ്റല്‍ വരാന്ത നിറഞ്ഞു.
വെളിച്ചം അപ്പോള്‍ ഇരുട്ടിന്റെ മൂടുപടം ഇട്ട ചെന്നായ്ക്കളെ കണ്ടു പേടിച്ചതുപോലെ അവിടവിടെ പതുക്കെ പതുങ്ങി തുടങ്ങി. പൊടിപിടിച്ച വൈദ്യുതി ലൈറ്റുകള്‍ ചവിട്ടു കൊണ്ടു പാതി ചത്ത പാമ്പിനെ പോലെ ഏന്തി വലിഞ്ഞു ഇഴഞ്ഞു കത്താന്‍ തുടങ്ങി. ചോരയുടെ മണം കാവല്‍ നില്‍ക്കുന്ന ആ ആശുപത്രി കുഴുകന്‍മ്മാരുടെ കശാപ്പു ശാലയാണെന്നു പ്രജയ്ക്കു തോന്നി. വെളിച്ചം കൂടിവന്നപ്പഴാന് പ്രജ ചങ്ങാതിയുടെ അടിവയറ്റില്‍ പറ്റി പിടിച്ചിരിക്കുന്ന വേരുകളുടെ പാടുകള്‍ കണ്ടത്. പ്രജ ഭ്രാന്തനെപ്പോലെ വരാന്തയില്‍ ഉണങ്ങിയ ചോരകുപ്പിയില്‍ നിന്ന് തുടലു പോലെ നീണ്ട വള്ളിയുടെ അറ്റത്തു ചാവാന്‍ കിടക്കുന്ന ചാവാലി പട്ടിയെ പോലെ ചുരുണ്ടു കൂടിയ ഓരോരുത്തരുടെയും അടിവയറ്റില്‍ തപ്പി. ബോധി വൃക്ഷത്തിന്റെ വേരുകള്‍ . പ്രജ വീട്ടിലേക്കു ഓടി .ആകാശം നോക്കി ചത്തു മലന്നു കിടന്ന തെങ്ങും ,കവുങ്ങും പൊക്കി നോക്കി. ആശുപത്രിയില്‍ ചോര വറ്റിയ പട്ടിണിക്കാരുടെ വയറില്‍ ഒട്ടി പിടിച്ചിരിക്കുന്ന അതെ വേരുകള്‍ . പ്രജ തളര്‍ന്നവശനായി പച്ചമണില്‍ തല കുമ്പിട്ടിരുന്നു. എന്തോ കാലില്‍ ചുറ്റി വലിഞ്ഞതറിഞ്ഞു പ്രജ തിരിഞ്ഞു നോക്കി. ആര്‍ത്തിയുടെ ഉന്‍മ്മാദത്തില്‍ മദം പൊട്ടിയ ചോര കൈകളോടെ ബോധിവൃക്ഷത്തിന്റെ വേരുകള്‍ !!
"അവസാനം നീ എന്നെയും തേടി...."
പ്രജയുടെ വാക്കുകള്‍ ഇടറി.പറഞ്ഞു മുഴുവിക്കാനാവാതെ ഒരു വിറയല്‍ പ്രജയുടെ തലച്ചോര്‍ ഞെരമ്പുകളില്‍ നിന്ന് തരംഗങ്ങളായി ശരീരത്തിലാകെ പടര്‍ന്നു കയറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക