Image

സാഹിത്യത്തില്‍ ഭിന്ന ഭാഷകളുടെ സ്വാധീനം

(ഭാഗം: 1-ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍) Published on 21 December, 2018
സാഹിത്യത്തില്‍ ഭിന്ന ഭാഷകളുടെ സ്വാധീനം
(സര്‍ഗ്ഗവേദിയില്‍ അവതരിപ്പിച്ചത്-12-16-2018)

മലയാള സാഹിത്യത്തിനു പാശ്ചാത്യ ഭാഷാ സമ്പര്‍ക്കം കൊണ്ടുണ്ടായ നേട്ടങ്ങളാണ് നോവല്‍, ചെറുകഥ എന്നീ സാഹിത്യശാഖകളുടെ ആവിര്‍ഭാവം. കച്ചവടത്തിനായി ഭാരതത്തിലെത്തിയ പാശ്ചാത്യര്‍, വിശിഷ്യാ ഇംഗ്ലീഷുകാര്‍ 'തൂണും ചാരി നിന്നവന്‍ പെണ്ണിനേം കൊണ്ട് പോയി' എന്നു പറഞ്ഞത് പോലെ ഭാരതീയ നാട്ടു രാജാക്കന്മാരെ അന്യോന്യം ഭിന്നിപ്പിച്ച് ഭരണം കയ്യാളുക എന്ന തന്ത്രം പ്രയോഗിച്ച് ഭാരതത്തെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഭാഗമാക്കിയതോടെ, അവരുടെ ഭാഷയും സംസ്‌കാരവും പ്രചരിപ്പിച്ചു. പ്രലോഭനങ്ങളിലൂടെയോ, ബലം പ്രയോഗിച്ചോ ഒരു സങ്കര സന്തതികളിലൂടെ ഒരു സങ്കര വര്‍ഗ്ഗവും നമുക്ക് സമ്മാനിച്ചു. എങ്കിലും ഇംഗ്ലീഷ് ഭാഷയുടേയും സംസ്‌കാരത്തിന്റേയും പ്രസരണം, മേല്‍ക്കോയ്മയുടെ പിടിമുറുക്കാനുള്ള മറ്റൊരു ഉപാധിയായി മാറ്റാമെന്ന സ്വപ്‌നം ഒരു സ്വയംകൃതാനതയായ പരിണമിക്കുമെന്ന് അവര്‍ സ്വപ്‌നേപി നിനച്ചിരിക്കില്ല.

പാശ്ചാത്യരുടെ ആധിപത്യംകൊണ്ട് ഭാരതീയ ഭാഷകള്‍ക്ക് വിദേശഭാഷാസാഹിത്യസമ്പര്‍ക്കം മുഖേന, നൂതനാശയങ്ങള്‍ കൈവരിക്കാനുള്ള അവസരം ലഭിച്ചു എന്നുള്ളത് നിസ്തര്‍ക്കമായ ഒരു വസ്തുതയാണ്. അങ്ങിനെ പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രെഞ്ച്, ഇംഗ്ലീഷ് എന്നീ ഭാഷകളുടെ സമ്പര്‍ക്കത്താല്‍ ആ ഭാഷകളില്‍ നിന്നും ധാരാളം പദസമ്പത്ത് മലയാള ഭാഷയ്ക്ക് ലഭ്യമായിട്ടുണ്ട്. മലയാളഭാഷയുടെ കവിത, വിമര്‍ശനം, നാടകം, പത്ര പ്രവര്‍ത്തനം, വിവര്‍ത്തനം എന്നീ വിവിധ ശാഖകള്‍ക്ക് പാശ്ചാത്യ ഭാഷാ ഭാഷയായാലും മൊഴിമാറ്റമെന്നോ വിവര്‍ത്തനമെന്നോ, തര്‍ജ്ജമ എന്നോ പറയുന്ന ശാഖമൂലം ബഹുഭാഷാപണ്ഡിതന്മാരുടെ നിസ്തുലസേവനം മറ്റ് ഭാഷകളിലുള്ള സാഹിത്യവിജ്ഞാനം ആര്‍ജ്ജിക്കുന്നതില്‍ ഒരു പ്രമുഖ പങ്ക് വഹിക്കുന്നുണ്ട്. ഇതര ഭാഷാ സാഹിത്യപ്രപഞ്ചത്തിലേക്കുള്ള ഒരു വാതായനമാണ് അങ്ങനെ തുറന്ന് കിട്ടുന്നത്.
മലയാള ഭാഷയുടെ ആരംഭഘട്ടത്തില്‍ തമിഴന്റേയും സംസ്‌കൃതത്തിന്റേയും സ്വാധീനം നല്ല പോലെ ഉണ്ടായിരുന്നല്ലോ? ഒരു പറ്റം മലയാള സാഹിത്യകാരന്മാര്‍ സംസ്‌കൃതത്തിന്റെ മേല്‍ക്കോയ്മ തുടര്‍ന്നു കൊണ്ടുപോകാന്‍ ആഗ്രഹിച്ചു. ബ്രിട്ടീഷ് മേധാവിത്വത്തിനുശേഷം മറ്റൊരുകൂട്ടര്‍ ഇംഗ്ലീഷ് ഭാഷയുടെ സ്വാധീനത്തിനു മുന്‍തൂക്കം കൊടുത്തിരുന്നു. പാശ്ചാത്യഭാഷാസമ്പര്‍ക്കം കൊണ്ടുണ്ടായ പരിവര്‍ത്തനത്തെ ഒരു സാംസ്‌കാരിക നവോത്ഥാനത്തിന്റെ ആവശ്യപരിപാടിയായിക്കണ്ട ക്രാന്തദര്‍ശികളില്‍ പ്രമുഖനായിരുന്നു കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ സംസ്‌കൃതത്തിലും ഇംഗ്ലീഷിലും മാത്രമല്ല അനേകം ഭാരതീയ ഭാഷകളിലും നിഷ്ണാതനായ അദ്ദേഹം അക്കാലത്തെ  സംസ്‌കൃതൈകശരണരായ പണ്ഡിതന്മാരെക്കാള്‍ ഉദാരമായ  ഒരു നിലപാട് ഇംഗ്ലീഷിനോട് കാണിച്ചതില്‍ ആശ്ചര്യപ്പെടാനില്ലെന്ന് ശ്രീമാന്‍ സുകുമാര്‍ അഴിക്കോട് ചൂണ്ടിക്കാണിക്കുന്നു. വിദ്യാഭ്യാസത്തിലൂടെയും വിദ്യാഭ്യാസത്തിനുവേണ്ടിയുമാണ് കേരളവര്‍മ്മത്തമ്പുരാന്‍ ഇംഗ്ലീഷിലേക്ക് ആകൃഷ്ടനായത്. അദ്ദേഹത്തിന്റെ അശ്രാന്തപരിശ്രമത്താല്‍ മലയാളഭാഷയില്‍ ഒരു നവീന ഗദ്യോദയവുമുണ്ടായി. 1868 ല്‍ പ്രസിദ്ധീകരിച്ച 'വിജ്ഞാനമജ്ഞരിയിലെ' വിദ്യാഭ്യാസം എന്ന പ്രഥമോപന്യാസത്തില്‍ ഇംഗ്ലീഷ് പഠനത്തിന്റെ ആവശ്യകത എന്തെന്ന് പഠിക്കുക വഴി, ഒരു അന്തര്‍ദേശീയ ഭാഷ അഭ്യസിക്കാനും തദ്വാരാ, ഉദരപൂരണാര്‍ത്ഥം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഭാരതീയര്‍ക്ക് കുടിയേറിപാര്‍ക്കാനും അഭിവൃദ്ധിപ്രാപിക്കാനും സാധിച്ചുവെന്നുള്ളത് ലോകഭാഷാ പ്രഭാവം വിളിച്ചോതുന്നു. പല ഭൂഖണ്ഡങ്ങളിലുമുള്ള രാജ്യങ്ങളിലും അവരുടെ തനതായ സംസ്‌കാരവും ഭാഷയും ആരാജ്യത്തോടൊപ്പം തന്നെ മണ്ണടിഞ്ഞ് പോയെങ്കിലും ഭാരതത്തില്‍ അങ്ങിനെ സംഭവിക്കാതിരുന്നത് നമുക്ക് ഒരു രൂഢമൂലമായ സംസ്‌കാരവും തന്മൂലം ഭാഷകള്‍ക്ക് ഒരു തനിമയും ഭദ്രതയും ഉണ്ട് എന്നുള്ളതുകൊണ്ട് മാത്രമാണല്ലോ. നോവല്‍ സാഹിത്യ സാഖയുടെ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന മലയാള ഭാഷയില്‍ പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പനായി കണക്കാക്കുന്നത് ശ്രീ.ഒ.ചന്തുമേനവനെയാണ്. അദ്ദേഹം ഒരു ന്യായാധിപനായിരുന്നു. ഇംഗ്ലീഷ് പഠിക്കുക മാത്രമല്ല, അതുമൂലം ആംഗലേയസാഹിത്യവും വശമാക്കി. മലയാളഭാഷയുടെ നോവല്‍ സാഹിത്യത്തിന്റെ ദിവ്യഗര്‍ഭം അതിവിചിത്രമെന്നേ പറയാവൂ. വായനക്കാരെ, തെളിവുകളൊന്നുമില്ലെങ്കിലും കേവലം കിംവദന്തിയെ ആസ്പദമാക്കിയുള്ള ഒരു ഉപാഖ്യാനം നിങ്ങളുമായി പങ്ക് വയ്ക്കട്ടെ. ശ്രീ.മേനവന്റെ പ്രിയതമയ്ക്ക് കിടപ്പറയില്‍ ഉറക്കം വരേണമെങ്കില്‍ പ്രിയതമനില്‍ നിന്നും കഥകള്‍ കേള്‍ക്കണമായിരുന്നത്രെ. കുട്ടികള്‍ക്ക് ഉറക്കം വരാന്‍ മുത്തശ്ശിക്കഥകള്‍ കേള്‍ക്കണമെന്ന് കേട്ടിട്ടുണ്ട്. ശ്രീമതി. മേനോന്റെ നിദ്രാദായക ഗുളികകള്‍ക്കായി മേനോന്‍ കണ്ടെത്തിയ പ്രതിവിധിയാണ് 'ഇന്ദുലേഖയും' 'ശാരദയും' പിറവി പൂണ്ടത് എന്നാണ് ശ്രുതി. ആംഗലേയ സാഹിത്യത്തിലെ വിശ്രുത നോവലുകള്‍ വായിച്ച് പരിചയമുള്ള മേനോനു പ്രസ്തുത പുസ്തകങ്ങളെഴുതാന്‍ ആംഗലേയ സാഹിത്യവും പന്തിപ്രേരണ പോലെ തന്നെ ഉത്തേജനം നല്‍കി. എങ്കിലും ശ്രീ മേനോന്‍ ആവിഷ്‌കാരഭംഗികൊണ്ടും മലയാളഭാഷ പ്രയോഗങ്ങളിലെ മികവും തികവും മലയാളത്തനിമ നില നിര്‍ത്താന്‍ ശ്രമിച്ചിരിക്കകൊണ്ട്, ഈ കൃതികള്‍ സ്വതന്ത്ര കൃതികളായിത്തന്നെ ഇന്നും നിലനില്‍ക്കുന്നു. കൂടാതെ അനുകരണപ്രക്രിയയില്‍ ഉത്ഭൂതമായ ആവര്‍ത്തന വിരസത ഒഴിവാക്കുന്ന രചനാ തന്ത്രവും അദ്ദേഹം നിയോഗിച്ചിട്ടുണ്ട്. പിന്നീട് വന്ന നോവല്‍ സാഹിത്യകാരന്മാരും ചെറുകഥാകൃത്തുക്കളുമായ തകഴി, കേശവദേവ്, എസ്.കെ. പൊറ്റക്കാട്, ഉറൂബ്, എം.ടി.വാസുദേവന്‍ നായര്‍, ലളിതാംബിക അന്തര്‍ജ്ജനം, ഒ.വി.വിജയന്‍, കാക്കനാടന്‍, തുടങ്ങിയ ശ്രദ്ധേയരായ മലയാളസാഹിത്യകാരന്മാര്‍ക്കെല്ലാം തന്നെ, ആംഗ്ലേയ സാഹിത്യത്തില്‍ നിന്നും, ഊര്‍ജ്ജവും, പ്രോത്സാഹനവും, മാര്‍ഗ്ഗദര്‍ശനവും കിട്ടിയിട്ടുണ്ടെന്ന വസ്തുത നിഷേധിക്കാന്‍ പറ്റാത്തതാണ്. ഈ എഴുത്തുകാരെല്ലാം തങ്ങളുടെ സര്‍ഗ്ഗശേഷിയുടെ വൈദഗ്ധ്യം കൊണ്ട് അനുകരണച്ചുവയില്ലാതെ മലയാളത്തനിമ കാത്ത്‌സൂക്ഷിക്കുന്നതില്‍ നിപുണരായിരുന്നു എന്ന് എടുത്ത് പറയേണ്ടതുണ്ട്.
(തുടരും)

സാഹിത്യത്തില്‍ ഭിന്ന ഭാഷകളുടെ സ്വാധീനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക