Image

സാഹിത്യത്തില്‍ അന്യഭാഷാസ്വാധീനം വിഷയമാക്കി സര്‍ഗ്ഗവേദി

പി. ടി. പൗലോസ് Published on 20 December, 2018
സാഹിത്യത്തില്‍ അന്യഭാഷാസ്വാധീനം വിഷയമാക്കി സര്‍ഗ്ഗവേദി
ന്യൂയോര്‍ക്ക് സര്‍ഗ്ഗവേദിയുടെ പ്രതിമാസയോഗം 2018 ഡിസംബര്‍
16 ഞായര്‍ വൈകുന്നേരം കേരള സെന്ററില്‍ ചേര്‍ന്നു . പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ സാംസി കൊടുമണ്‍ അധ്യക്ഷനായി. പ്രതികൂല കാലാവസ്ഥയിലും സാന്നിദ്ധ്യം കൊണ്ട് സഹകരിച്ച സഹൃദയ സദസ്സിന്റെ സാഹിത്യത്തോടും മലയാള ഭാഷയോടുമുള്ള സമര്‍പ്പണ മനോഭാവത്തെ അദ്ധ്യക്ഷന്‍ ഹൃദയപൂര്‍വം അഭിനന്ദിച്ചു. തുടര്‍ന്ന് ഡോഃ നന്ദകുമാര്‍ ചാണയില്‍ ''സാഹിത്യത്തില്‍ ഭിന്നഭാഷകളുടെ സ്വാധീനം'' എന്ന പ്രബന്ധം അവതരിപ്പിച്ചു. മലയാള സാഹിത്യത്തിന് പാശ്ചാത്യ ഭാഷാസമ്പര്‍ക്കംകൊണ്ട് അനവധി നേട്ടങ്ങള്‍ ഉണ്ടായി എന്നുപറഞ്ഞുകൊണ്ട് ഡോഃ നന്ദകുമാര്‍ തന്റെ പ്രസംഗത്തിന് തുടക്കമിട്ടു. ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, ഡച്ച് , ഫ്രഞ്ച് എന്നീ ഭാഷകളില്‍നിന്ന് ധാരാളം പദസബത്ത് മലയാള ഭാഷക്ക് ലഭിച്ചു. മലയാള ഭാഷയുടെ ആരംഭഘട്ടത്തില്‍ തമിഴിന്റേയും സംസ്കൃതത്തിന്റെയും സ്വാധീനം നല്ലപോലെ ഉണ്ടായിരുന്നു. എന്നാല്‍ പാശ്ചാത്യ ഭാഷാസമ്പര്‍ക്കംകൊണ്ടുള്ള സ്വാധീനത്തില്‍ മലയാള ഭാഷയില്‍ സംഭവിച്ച പരിവര്‍ത്തനത്തിന് ഒരു ഭാഷാ നവോത്ഥാനത്തിന്‍റെ ദിശാബോധം നല്‍കിയവരില്‍ പ്രമുഖര്‍ കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ മുതലായവരായിരുന്നു. വലിയകോയിത്തമ്പുരാന്റെ പരിശ്രമത്താല്‍ മലയാളഭാഷയില്‍ ഒരു നവീന ഗദ്യോദയം തന്നെയുണ്ടായി. പിന്നീട് മലയാള നോവല്‍ സാഹിത്യത്തിലെ തലതൊട്ടപ്പനും ന്യായാധിപനും ആയി മാറി ഒ. ചന്തുമേനോന്‍ തന്റെ ഇന്ദുലേഖയിലൂടെ . ആംഗലേയ സാഹിത്യത്തിലെ അനവധി പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള ചന്ദുമേനോന് ഇന്ദുലേഖ എഴുതാന്‍ അധികം ബുദ്ധിമുട്ട് ഉണ്ടായിക്കാണില്ല . പിന്നീട് മലയാളത്തിലെ സാഹിത്യ പ്രതിഭകള്‍ക്ക് ഇംഗ്ലീഷ് സ്വാധീനം ഉണ്ടായിരുന്നെങ്കിലും അവരുടെ തനതായ സര്‍ഗ്ഗശേഷി കൊണ്ട് അനുകരണച്ചുവയില്ലാതെ അവര്‍ മലയാളത്തില്‍ സൃഷ്ടികള്‍ നടത്തി. ഭിന്നഭാഷാകൃതികള്‍ ഇപ്പോഴും ലഭ്യമാക്കേണ്ടതും മലയാളികള്‍ വായിക്കേണ്ടതുമുണ്ട് എന്ന് ഡോഃ നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് സംസാരിച്ച മാമ്മന്‍ മാത്യു വിദേശ ഭാഷകളുടെ സ്വാധീനം മലയാള ഭാഷയിലുണ്ടെന്ന് പറഞ്ഞു. എഴുത്തച്ഛനേയും പൂന്താനത്തെയും ഒരു താരതമ്യ പഠനം നടത്തി. മലയാള ഭാഷയില്‍ സംസ്കൃത സ്വാധീനം കൂടുതല്‍ ഭക്തിയിലൂടെയാണ്. ഇന്ന് പ്രാദേശികഭാഷാ പ്രയോഗം കൃതികളില്‍ ധാരാളം ഉപയോഗിച്ചു വരുന്നതായി കാണുന്നു. മലയാളഭാഷയില്‍ ഒരു വാമൊഴിഭാഷ വേണമെന്നുകൂടി മാമ്മന്‍ പറഞ്ഞുനിര്‍ത്തി.

ഏറ്റവും പഴക്കമുള്ള ഭാഷ തമിഴ് ആണെന്നും പുരാണങ്ങളില്‍ നിന്നുമാണ് കഥകള്‍ കൂടുതല്‍ ഉണ്ടായതെന്നുമായിയുന്നു രാജു തോമസ്സിന്റെ അഭിപ്രായം. തെരേസ ആന്റണി ഫ്രഞ്ച് റഷ്യന്‍ ഭാഷകള്‍ മലയാളത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയെന്നും പതിന്നാലാം നൂറ്റാണ്ടിലാണ് മലയാള ലിപി ഉണ്ടായതെന്നും പറഞ്ഞു. വര്‍ഗീസ് ചുങ്കത്തില്‍ തന്റെ ഹൃസ്വമായ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടത് ഒരു കാലത്ത് ഭാഷാപഠനം സമൂഹത്തിന്റെ മേലേത്തട്ടിലുള്ളവര്‍ക്ക് മാത്രമായിയുന്നു. ഇന്നത് എല്ലാവര്ക്കും പ്രാപ്യമായി. പരന്ന വായനയാണ് വിജ്ഞാനത്തിന്റെ അളവ് കൂട്ടുന്നത്. ഇന്നും ആധുനിക മലയാള സാഹിത്യത്തിന്റെ വളര്‍ച്ചക്ക് അന്യഭാഷകള്‍ക്ക് സാരമായ പങ്കുണ്ട് എന്നുകൂടെ വര്‍ഗീസ് ചുങ്കത്തില്‍ അഭിപ്രായപ്പെട്ടു.

പി. ടി. പൗലോസ് വിവര്‍ത്തന സാഹിത്യത്തെക്കുറിച്ചാണ് സംസാരിച്ചത്. ടാഗോറിന്റെ പ്രശസ്തമായ ഗീതാഞ്ജലിയെ മലയാളിക്ക് പരിചയപ്പെടുത്തിയത് ജി. ശങ്കരക്കുറുപ്പാണ്. യവന നാടകങ്ങളായ ആന്‍റിഗണിയും ഈഡിപ്പസ്സും ലിസിസ്‌ട്രേറ്റയും മലയാളിയെ കാണിച്ചതും വായിപ്പിച്ചതും സി. ജെ. തോമസ്സാണ്. ബംഗാളി നോവലിസ്റ്റ് ബിമല്‍ മിത്രയുടെ ''വിലക്കുവാങ്ങാം '' എന്ന കൃതിയെ മലയാളിയെക്കൊണ്ട് വായിപ്പിച്ചത്, അതിലെ ദീപാങ്കുരനെ മലയാളിയുടെ വീടിന്റെ അകത്തളങ്ങളിലെ നിത്യസന്ദര്ശകനാക്കിയത്, ചരിത്രമുറങ്ങുന്ന കല്‍ക്കത്തയുടെയും ബംഗാളിന്റെയും ഊടുവഴികളെ മലയാളിക്ക് പരിചയപ്പെടുത്തിയത് എം. എന്‍. സത്യാര്‍ത്ഥിയാണ്. അവരെപ്പോലുള്ള വിവര്‍ത്തകര്‍ ഇന്ന് കുറവാണെന്നായിരുന്നു പൗലോസിന്റെ ആശങ്ക.

തുടര്‍ന്ന് ജേക്കബ്ബും സാനി അമ്പൂക്കനും മലയാള ഭാഷയുടെ പരിണാമവഴികളെക്കുറിച്ചും അതിന്നെത്തി നില്‍ക്കുന്ന വര്‍ത്തമാനകാലത്തെക്കുറിച്ചും
സംസാരിച്ചു. പല ഭാഷകളുടെയും സ്വാധീനം ഉള്‍ക്കൊണ്ടാണ് മലയാളഭാഷ ഇന്നുവരെ വളര്‍ന്നതെന്നും ഇനിയും വളര്‍ച്ചയുടെ
പുത്തന്‍ പടവുകള്‍ കയറേണ്ടതുണ്ടെന്നും സാംസി കൊടുമണ്‍ തന്റെ ഉപസംഹാരപ്രസംഗത്തില്‍ പറഞ്ഞുനിര്‍ത്തി. ഡോഃ നന്ദകുമാര്‍ ചാണയില്‍ നന്ദി പറഞ്ഞതോടെ സര്‍ഗ്ഗവേദിയുടെ ഒരദ്ധ്യായം കൂടി പൂര്‍ണ്ണമായി.
സാഹിത്യത്തില്‍ അന്യഭാഷാസ്വാധീനം വിഷയമാക്കി സര്‍ഗ്ഗവേദിസാഹിത്യത്തില്‍ അന്യഭാഷാസ്വാധീനം വിഷയമാക്കി സര്‍ഗ്ഗവേദി
Join WhatsApp News
മാത്തൻ ഉപദേശി 2018-12-20 21:58:56
ഇതെന്താണ് പെന്തിക്കോസ്ത്ക്കാരുടെ മീറ്റിങ്ങോ ?
അന്യഭാഷാ സംസാരിക്കാൻ .  
ഒരു പണിയും ഇല്ല സാറുമാരെ . അന്യഭാഷയിൽ ഞാൻ ഒരു പ്രവീണനാണ്  
ഞാൻ സ്ഥിരം മീറ്റിങ്ങിൽ ഇരുന്ന് അന്യഭാഷയിൽ സംസാരിച്ചോളാമേ 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക