Image

പുതുവര്‍ഷം(കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 19 December, 2018
പുതുവര്‍ഷം(കവിത: രാജന്‍ കിണറ്റിങ്കര)
ഡിസംബറിന്റെ

കാണാചില്ലയിലെ

അവസാന

പക്ഷിയും

പറന്നു പോയി

 

വിരഹത്തിന്റെ

തണുത്തുറഞ്ഞ

മേഘക്കീറുകള്‍

ആകാശത്ത്

ഗതികിട്ടാതലയുമ്പോള്‍

ശാന്തിയുടെ

നാമജപങ്ങള്‍

ഭൂമിയില്‍

വഴി തടയുന്നു

 

അസ്വാതന്ത്ര്യത്തിന്റെ

കറുത്തചങ്ങലകള്‍

പൊട്ടിച്ചെറിഞ്ഞ്

മോചിതരായവര്‍

വഴിയോരങ്ങളില്‍

മതിലുകള്‍ തീര്‍ക്കുന്നു

 

ജീവിതത്തില്‍

ഉപേക്ഷിക്കപ്പെട്ടവര്‍ക്ക്

മരണത്തില്‍

അവകാശികളുണ്ട്

പട്ടടയില്‍

കെട്ടടങ്ങിയാലും

ആത്മാവുകള്‍

വോട്ടുകളാകും

 

അമിതാഹാരത്തിന്റെ

ദഹനപ്രക്രിയക്ക്

മുറവിളി കൂട്ടുന്ന

സ്തംഭന കാഹളങ്ങള്‍

രാജാവ് രഥത്തിലാണ്

പ്രജകള്‍ തെരുവിലും

 

പഴിചാരലുകള്‍

തെറ്റിധരിപ്പിക്കലുകള്‍

ആക്രോശങ്ങള്‍

കൊലവിളികള്‍

ആഘോഷങ്ങള്‍

 

ഉദയവും അസ്തമയവും

കലണ്ടറും

പുതുവര്‍ഷവും

അറിയാതെ

ജനിച്ചു പോയതുകൊണ്ട് മാത്രം

മരിക്കാതിരിക്കാന്‍

വെറുതെ

കൊതിച്ചു പോകുന്ന

പാഴ്ജന്മങ്ങള്‍ ...

 

ഡിസംബറിന്റെ

അന്തി ചുവപ്പില്‍

അവ്യക്തമായ

ചില നേര്‍ചിത്രങ്ങള്‍

പുതുവര്‍ഷം(കവിത: രാജന്‍ കിണറ്റിങ്കര)
Join WhatsApp News
വിദ്യാധരൻ 2018-12-19 11:03:23
ഇനിയൊരു ജന്മമുണ്ടെങ്കിൽ 
അതിരുകൾ ഇല്ലാത്ത ആകാശത്ത് 
ഒരു പക്ഷിയായി പറക്കാൻ മോഹം 
"അന്തിചുവപ്പും അലയാഴിയുമങ്ങിരുട്ടി-
ലുൻതിസ്ഫുരിക്കുമുഡുരാശിയുംമിന്ദുവും'  
ഒന്നിച്ചു പരിലസിക്കുന്ന ആകാശത്ത് 
അസ്വാതന്ത്ര്യത്തിന്റെ 
ചങ്ങലകളെയും 
വഴിയോരത്തെ മതിലുകളെയും 
ഭയപ്പെടേണ്ട
ഇടിയ്ക്കിടെ പക്ഷികളെ 
ഇടിച്ചു കൊല്ലുന്ന 
മനുഷ്യ നിർമ്മിതമായ 
വിമാന പക്ഷികളെ 
മാത്രം ഭയപ്പെട്ടാൽ മതി 
മേഘങ്ങൾക്ക് വിരഹ 
ദുഖമുണ്ടോ ?
ഇന്ന് ഒരു വെള്ളിമേഘവും 
കരിമുകിലും ഇണചേരുന്നത് 
ഞാൻ കണ്ടു
അവരുടെ കാമ കണ്ണുകളിൽ നിന്ന് 
തീപ്പൊരി പാറുന്നതും 
കെട്ടിമറിയുമ്പോൾ ഉള്ള 
മുഴക്കവും ഞാൻ കേട്ടു 
അവക്ക് ആത്മാവ് നഷ്ടപ്പെട്ട 
ചിലരുടെ രൂപ സാദൃശ്യമുണ്ടായിരുന്നു 
അവരുടെ മുഖം പ്രസന്നമായിരുന്നു 
പഴിചാരലുകളും 
ആക്രോശങ്ങളും 
വോട്ടും തട്ടിപ്പും 
പൊള്ളയായ 
ആഘോഷങ്ങളും 
ഇല്ലാത്ത അനന്തമായ ആകാശത്ത് 
അവർ ആനന്ദതുന്ദിലരായിരുന്നു 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക