Image

വീണുണര്‍ന്ന പൂവുകള്‍ (കവിത: രമ പ്രസന്ന പിഷാരടി)

Published on 17 December, 2018
വീണുണര്‍ന്ന പൂവുകള്‍ (കവിത: രമ പ്രസന്ന പിഷാരടി)
ഗൂഢമായിന്നും, കൊഴിഞ്ഞോരു പൂവിന്റെ
ഈറന്‍ തണുപ്പുമായ് സന്ധ്യ മന്ത്രിക്കവെ
ഓരോ ദലത്തിലും ഓര്‍മ്മക്കുറിപ്പുമായ്
വീണപൂക്കാലങ്ങള്‍ വീണ്ടുമെത്തീടവെ!

കായലോരങ്ങളില്‍ പായ് വഞ്ചി നീന്തീയാ
പാതിരാസങ്കടം നിശ്ശബ്ദമാകുന്നു
ആതിരാപ്പൂക്കള്‍ തിരഞ്ഞുപോകും വഴി
പാടാത്ത പാട്ടുകള്‍ തേടിയോടും വഴി
പൂജയ്‌ക്കൊരുങ്ങും പവിത്രകാലത്തിന്റെ
സ്‌നാനക്കുളങ്ങള്‍ തപസ്സിലാണ്ടീടവെ
ആറ്റിറമ്പില്‍ നീല നീള്‍നിലാത്തുള്ളികള്‍
കാറ്റും കുടിച്ചുല്ലസിച്ചോരിടങ്ങളില്‍
യാത്ര പോയെങ്കിലും വീണ്ടും വരുന്നോരു
തീര്‍ഥപാദങ്ങള്‍ കവിയ്ക്കുള്ള മുദ്രകള്‍
എത്രയോ നാളായ് കൊഴിഞ്ഞുവീണെങ്കിലും
നിത്യതയ്ക്കുള്ളില്‍ നിന്നെത്തും കവിസ്മൃതി
ഓര്‍മ്മകളോര്‍മ്മകളീവീണപൂവിന്റെ
കാവ്യപ്രപഞ്ചം മരിക്കാത്ത ഭൂമിയില്‍
ഏകാന്തമീയാത്രയെങ്കിലും മഞ്ഞിന്റെ
പൂവുകള്‍, പൂര്‍ണ്ണമാക്കേണ്ട സമസ്യകള്‍!

കാലമല്ലോ പുഴയ്‌ക്കോളമായ് നില്‍ക്കുന്നു
കാതിലേയ്ക്കല്ലോ കടല്‍ വന്നലയ്ക്കുന്നു
Join WhatsApp News
Sudhir Panikkaveetil 2018-12-18 16:04:51
ശ്രീമതി രമ പിഷാരടിയുടെ വീണ്ടും ഒരു നല്ല കവിത. ഇങ്ങനെയൊരു ഡിസംബർ മാസത്തിലാണ്  ആശാൻ  വീണപൂവ് എഴുതിയത്. നൂറ്റിപതിനൊന്നു വർഷങ്ങൾക്ക് 
ശേഷവും ആ വീണപൂവിന്റെ സ്മൃതികൾ ഉണരുന്നു.  പൂക്കൾ കൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു, ഓരോ ദളത്തിലും ഓർമ്മക്കുറിപ്പുകൾ.  വീണപൂക്കളെ വീണ്ടുമുണർത്തിയ ഗാനം നമ്മെ നയിക്കുന്നു എന്ന് വയലാർ പാടിയിട്ടുണ്ട് . ആതിര പൂക്കളില്ല, തിരുവാതിരപ്പാട്ടുകളില്ല,  മുങ്ങിക്കുളിച്ച കുളങ്ങളില്ല, പൂജ മന്ത്രങ്ങളില്ല. കാലം മുന്നോട്ട് പോയി. കാലമല്ലോ പുഴക്കോളമായി നിൽക്കുന്നു,കാതിലേക്കല്ലോ  കടൽ വന്നലക്കുന്നു. വളരെയധികം അർത്ഥതലങ്ങൾ 
ഉൾകൊള്ളുന്നു ഈ കവിത.  ഭൂതകാലം ഒരു വീണപൂവ് പോലെ കിടക്കുകയാണ്. 
തിരമാലയും സമയവുംആരേയും കാത്തുനിൽക്കുന്നില്ല എന്ന സത്യവും കവയിത്രി  പറയുന്നു.  ആർക്കും സമയത്തെ പിടിച്ച് നിർത്താൻ കഴിയില്ല അതുകൊണ്ട് തന്നെ 
സമയം നീങ്ങുമ്പോൾ പൂക്കൾ കൊഴിഞ്ഞു വീഴും. ക്ഷണികമാണീ ജീവിതം അത് 
പുഴയൊഴുകും പോലെ ഒഴുകി കടലിൽ ചേരുമ്പോൾ അവിടെ വൻതിരകൾ മാത്രം. 
ഇപ്പോൾ ഇതെല്ലാം കണ്ട് നിൽക്കുന്ന കവയിത്രി 
എത്രയോ നാളായി കൊഴിഞ്ഞുവീണെങ്കിലും നിത്യതക്കുള്ളിൽ നിന്നും എത്തുന്നു 
കവി സ്മൃതി എന്ന വരികളിലൂടെ മഹാനായ കവിയെ ഓർമ്മിക്കുന്നു. വളരെ 
ഗഹനമായ ഒരാശയം പ്രസിദ്ധമായ ഒരു കവിത മെല്ലെയൊന്നു സ്പർശിച്ച് അതേസമയം 
മൗലികമായ ഒരു ആവിഷ്കാരത്തിലൂടെ സാക്ഷാത്കരിച്ചു. അഭിനന്ദനങൾ.
Pisharody Rema 2018-12-19 09:57:37

Sudhir Ji 

Kavitha vayichathinum Nalla vakkukalkum Nandi
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക