Image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-28: ഏബ്രഹാം തെക്കേമുറി)

Published on 17 December, 2018
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-28: ഏബ്രഹാം തെക്കേമുറി)
കാലം ഉണരുന്നു. ദൈവത്തിന്റെ ദിവ്യദീപം ഭൂതലത്തിന്റെ ശിരസിന്മുകളില്‍ പ്രകാശിക്കുന്നു. ദൈവത്തിന്റെ സൗഹൃദം മന്ഷ്യരുടെ കൂടാരങ്ങളിന്മേല്‍ വിളങ്ങുന്നു. എന്നിട്ടും മന്ഷ്യന്റെ മനസ്സില്‍ ഇരുളിന്റെ മാറാലകള്‍.
പുനലൂരാന്‍ ആകെ തളര്‍ന്നിരിക്കുന്നു. റാഹേലമ്മക്കു് തളര്‍ച്ചയില്ല. അവരുടെ നാവു് സ്വപ്നത്തെപ്പറ്റി വാചാലമായി.
‘എന്താണെന്നറിയില്ല. ചാകാനായിരിക്കും. ഒരു വല്ലാത്ത സ്വപ്നം.’
‘അതില്‍ യാഥാര്‍ത്ഥ്യം വല്ലതും ഉണ്ടോടീ റാഹേലേ?’ പുനലൂരാന്‍ ചോദിച്ചു.
റാഹേലമ്മയുടെ അകമൊന്നു കാളി. ‘ഒടേതമ്പുരാനേ, പത്തുനാല്‍പതു വര്‍ഷമായി ഞാന്‍ സൂക്ഷിക്കുന്ന ഈ പരമരഹസ്യം ഈ കാലമാടന്‍ ചോര്‍ത്തിയോ? ഇനീം ഉറക്കത്തില്‍ ഞാന്‍ വല്ലതും വിളിച്ചുപറഞ്ഞുവോ?’
‘അല്ല, ഞാന്‍ എപ്പോഴും ഈ ബിഷപ്പുമാരെ കാണുമ്പോള്‍ ഓര്‍ക്കും നീ മെത്രാന്‍വേഷം സ്വപ്നം കാണുന്നതിനെപ്പറ്റി. അതുകൊണ്ടു ചോദിച്ചതാ.’ പുനലൂരാന്‍ കടത്തിവെട്ടി.
‘മാത്രമല്ല, പട്ടക്കാരെ ശകുനം കാണുന്നതും, സ്വപ്നം കാണുന്നതും കാലക്കേടിനാ ’
റാഹേലമ്മ വായുവിനായി ആഞ്ഞു ശ്വസിച്ചു. അന്ധകാരമാണു മുമ്പില്‍. അന്ധകാരം ഭൂമിയെയും കൂരിരുള്‍ ഭൂമണ്ഡലത്തെയും മൂടുന്നുവെന്നൊരു തോന്നല്‍. ഭൂമി പാഴായും ശൂന്യമായും പോകുന്നൊരു അവസ്ഥ. അവിടെ നാവാട്ടം ഇല്ലാതെയായിപ്പോകുന്നു. അട്ടഹാസങ്ങളും പൊട്ടിച്ചിരികളും ഉല്ലാസഘോഷങ്ങളും അറ്റുപോകുന്നു.
ടൈറ്റസു് വിഷയങ്ങള്‍ അറിഞ്ഞപ്പോഴേക്കും യാത്രക്കുള്ള ഒരുക്കള്‍ പൂര്‍ത്തിയാക്കിയിരുന്നു ലിസി.
രജനി സരോജിനിയുടെ മറപറ്റി നിന്നു. ‘എവിടേക്കാ ചേച്ചീ. . . എന്നെ വിടുന്നതു്?’
നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങി. നിശബ്ദത സത്യത്തെ വിഴുങ്ങിക്കളയുന്ന നിമിഷങ്ങള്‍.
എവിടെ തുടങ്ങണം? എങ്ങനെ തുടങ്ങണം? ബാബുവിന്് ഒരു നിശ്ചയവുമില്ല. അധോലോകത്തിലെ ഗര്‍ജ്ജിക്കുന്ന തോക്കുകള്‍ക്കുനേരെ മാറു് കാട്ടിക്കൊടുക്കുന്ന അന്ത്വം. അയാള്‍ അല്‍പനേരം കണ്ണുകളടച്ചു് ധ്യാനനിമഗ്മനായി നിന്നു.
‘പീലാത്തോസിന്റെ മുന്നില്‍ വിസ്തരിക്കപ്പെട്ടവനായ ക്രിസ്തു. ഹെരോദാവിന്റെ മുന്നില്‍ നിസാരനാക്കപ്പെട്ട ക്രിസ്തു. “മകനേ ഇന്നു നീ എന്നോടുകൂടെ പറുദീസയിലിരിക്കു”മെന്നു് ആ നാവു് അനങ്ങുന്നതുപോലെ’ . ജീവിക്കുന്നതിനേക്കാള്‍ മരിക്കുന്നതു് ഉത്തമമെന്ന അവസ്ഥയിലെത്തിയ ബാബു പിന്നെയൊന്നും ചിന്തിച്ചില്ല. മുതലാളിയെ നേരിടാന്ള്ള ഒരു ദിവ്യശക്തി ലഭിച്ചതുപോലെ.
‘മുതലാളീ, ഒരുകാര്യം പറയാന്ണ്ടായിരുന്നു.’
‘എന്തുകാര്യമാടാ. ഇതൊന്നു കഴിയട്ടെ. ഇവരൊക്കെ പോയിട്ടു് പറഞ്ഞാല്‍ മതി.’ പുനലൂരാന്‍ തലയൂരാന്‍ ശ്രമിച്ചു.
‘ചത്തകൊച്ചിന് ജാതകമെഴുതുംപോലെമാത്രം ഇവരിവിടുന്നിറങ്ങിയാല്‍. രജനി എന്റെ പെങ്ങളല്ലേ? എന്റെ അമ്മ പ്രസവിച്ചവള്‍!’ ബാബു പുനലൂരാന്റെ മുഖത്തേക്ക് തറെപ്പിച്ചുനോക്കി.
തലേരാത്രിയിലെ സ്വപ്നം അതേപടി തന്റെ മുന്നില്‍ നില്‍ക്കുന്നതു കണ്ടു് പുനലൂരാന്‍ അമ്പരന്നു പോയി. തോളില്‍ക്കിടന്ന രണ്ടാംമുണ്ടുകൊണ്ട് മുഖം തുടയ്ക്കുന്നതിനിടയില്‍
‘എടാ. . ബാബൂ എന്താടായിതു്? ആ കൊച്ചിനൊരു നല്ല ഭാവിയുണ്ടാകട്ടെ. നീ വെറുതെ. . . ’. വാക്കുകളെ മുഴുപ്പിക്കാന്‍ ബാബു അവസരം കൊടുത്തില്ല.
‘നൊന്തു പ്രസവിച്ച സ്ത്രീക്കു് കുഞ്ഞിന്റെ മുഖം കാണാന്‍ ഒരു മോഹമില്ലേ? നില്‍ക്ക്. ഞാന്‍ അമ്മയെ വിളിച്ചുകൊണ്ടുവരാം.’
‘വേണ്ട ബാബു.’ പുനലൂരാന്റെ കണ്ണകള്‍ റാഹേലമ്മയുടെ കണ്ണുകളെ വിഴുങ്ങി. ഇതെങ്ങനെ? ഇതെല്ലാം ഇവന്‍ അറിഞ്ഞുവെന്ന ചോദ്യചിഹ്‌നത്തോട്.
‘എങ്കില്‍ ഒരു ചോദ്യംകൂടി ചോദിക്കാന്ണ്ട്. ലിസീ .’ആ വിളിയില്‍ അടിസ്ഥാനങ്ങള്‍ വിറച്ചു. ആകാശത്തിന്റെ കിളിവാതിലുകള്‍ തുറക്കുംപോലെയും ആഴിയുടെ ഉറവുകളൊക്കെയും പിളര്‍ക്കുംപോലെയും മറ്റൊരു പ്രളയത്തില്‍ സര്‍വതും നശിപ്പിക്കപ്പെടുന്നതുപോലെയും തോന്നി.
‘അരുതു ബാബു’ റാഹേലമ്മ വിലക്കാന്‍ ശ്രമിച്ചു. പക്‌ഷേ വാക്കുകള്‍ പുറത്തുവന്നില്ല. സത്യത്തിന്റെ മുന്നില്‍ നാവുകള്‍ അടയപ്പെടുന്നു.
പുനലൂരാന്‍ ക്രുദ്ധഭാവത്തോട് ബാബുവിനെ നോക്കി. ആ നോട്ടത്തില്‍, വിലക്ഷണയ്ക്കു പിറന്ന സന്തതിയേ, എച്ചിപ്പാത്രത്തില്‍ മുളെച്ച ജന്തുവേ, ഈ കൈകള്‍കൊണ്ട് നിന്റെ അന്ത്യം കുറിക്കപ്പെടണമോ’യെന്ന ചോദ്യഭാവം നിഴലിച്ചിരുന്നു.
‘ഈ എമ്പോക്കിക്കെന്തു കാര്യം ഇവിടെ?. നിനക്കെന്താടാ രജനിയുടെ കാര്യത്തില്‍ ഇത്ര താല്‍പ്പര്യം?. നീയാരാ ഇവിടെ?’ ആര്‍. എസ്. കെ സുവിശേഷരൂപത്തില്‍ ചോദിച്ചു.
‘ഞാന്‍ ആരുമല്ലിവിടെ! എന്നാല്‍ രജനിയുടെ കാര്യത്തില്‍ എല്ലാം ഞാന്‍ തന്നെ.’ ബാബുവിന്റെ വാക്കുകളില്‍ ‘ഞാനിവളുടെ ആങ്ങളയോ, അതോ തന്തയോ’യെന്ന് ഈ മുതലാളി ഉത്തരം പറയട്ടേയെന്ന ചോദ്യചിഹ്‌നം ഉണ്ടായിരുന്നു.
മുതലാളി കുനിഞ്ഞിരുന്ന് കാലിന്റെ പെരുവിരല്‍ കൊണ്ട് തറയില്‍ എന്തോ വരച്ചു. ആ വരയില്‍ നിന്റെ നാളുകള്‍ എണ്ണപ്പെടുന്നില്ലെങ്കില്‍ എന്റെ നാശം അടുത്തിരിക്കുന്നുവെന്ന് ഒരു വെളിപാടു് ഉണ്ടായിരുന്നു.
അടുക്കളയില്‍നിന്നും ലിസി പുറത്തേക്ക് കടന്നു.. . . എല്ലാവരും കാണ്‍കെ, കേള്‍ക്കെ വിളിച്ചു. ‘ബാബു ഇങ്ങോട്ടു വന്നേ.’
ആ ശബ്ദത്തിന്റെ മുന്നില്‍ പരാജിതനെന്നപോലെ ബാബു ശാന്തനായി ഗമിച്ചു. മറ്റാരും കേള്‍ക്കാത്ത മൗനതയോട് ലിസിയുടെ ചുണ്ടുകള്‍ ചലിച്ചു. ‘ഇവരുടെയെല്ലാം മുന്നില്‍ വച്ച് എന്നോട് ന്യായവിധി നടത്തണമോ? സ്‌നേഹിച്ചത്, സ്‌നേഹിക്കുന്നത് ദണ്ഡിപ്പിപ്പാനല്ല. . . ബാബു എന്നെ മനസിലാക്കൂ’. അടുക്കളയുടെ ഒരു മൂലയിലേക്ക് ബാബു ചുരുങ്ങുകയായിരുന്നു.
ഭാര്യയുടെ പിന്നാലെ രാജന്‍ സ്കറിയാ അടുക്കളയിലേക്ക് കടന്നു. ഞാനിവിടുള്ളപ്പോള്‍ വേലക്കാരനുമായി എന്താടീ ഈ ശൃംഗാരമെന്ന ഭാവത്തില്‍. ഇത്രയും കാലമായിട്ട് ആദ്യമായാണയാള്‍ ആ വലിയ സൗധത്തിന്റെ അടുക്കളയിലേക്കെത്തി നോക്കുന്നത്.
അയാള്‍ ഞെട്ടിപ്പോയി. ഇതു സ്വപ്നമോ, യാഥാര്‍ത്ഥ്യമോ? സരോജിനി!!!
ഇന്നലെ രാത്രി കണ്ട സ്വപ്നം കണ്‍മുന്‍പില്‍. അതേ രൂപത്തില്‍, അതേ ഭാവത്തില്‍. പ്രതികാരദുര്‍ക്ഷയായി നില്‍ക്കുന്ന അലസിപ്പിക്കപ്പെട്ട ഗര്‍ഭങ്ങള്‍. ദൈവത്തെയും മനുഷ്യനെയും സാത്താനെയും ന്യായം വിധിക്കാന്‍ അര്‍ഹരായവര്‍.
രാജന്‍ സ്കറിയായുടെ എല്ലാ ശക്തികളും ക്ഷയിച്ചുപോയി. അയാളുടെ കാലുകള്‍ ആടിത്തുടങ്ങി. നാവു വരണ്ടതുപോലെ. എന്നിട്ടും. . .
‘സരോജിനി. . . . നീ. . . നീ. . . ഇവിടെ?’
‘അതേ! ഞാനിവിടെ തന്നെ.’
‘എങ്ങനെ?’
‘ദൈവത്തിന്റെ ന്യായവിധി അനുസരണം കെട്ടവരുടെമേല്‍ വരുന്നു. ഞാനും പഠിച്ചു രാജന്‍സാറേ അല്‍പം സുവിശേഷം. സംശയിക്കേണ്ടാ സാറേ. ഞാന്‍ വേലക്കാരി.’
പുറത്തെ വരാന്തയില്‍ ലിസി ബാബുവിന്റെ മുന്നില്‍ കുമ്പസാരം നടത്തി ശാപമോക്ഷം നേടുകയായിരുന്നു.
‘ബാബു എനിക്കെന്റെ കുഞ്ഞും വേണം, ഭര്‍ത്താവും വേണം. മാനഹാനി ഭവിച്ചാല്‍ മരിക്കുന്നതാണു ഭേദം. ക്ഷമിക്കൂ. . . എന്റെ മനസും, ശരീരവും എന്നെന്നും ബാബുവിന്റേതായിരിക്കും’.
ബാബുവിനു നാവെടുക്കാന്‍ കഴിയുന്നില്ല. ‘കഴുതപ്പുലിക്കും നായ്ക്കുമിടയില്‍ എന്തു സമാധാനം? കാട്ടുകഴുതകള്‍ സിംഹങ്ങള്‍ക്ക് ഇര.’ മനസ് മന്ത്രിച്ചു.
‘എന്താ, ബാബു ഒന്നും മിണ്ടാത്തതു്? എന്നെ വിശ്വാസമില്ലേ? എനിക്കു ബാബുവിനെ മറക്കാന്‍ കഴിയില്ല.’
‘ലിസീ. .. നീയെല്ലാം മറക്കണം. മനസ് എനിക്കും ശരീരം അയാള്‍ക്കുമായി കൊടുത്ത് ഇനിയും നീ പാപം ചെയ്യരുതു്. തെറ്റിനെ മൂടിവയ്ക്കാന്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കാമെന്നോ? അരുത്. ഒരു സത്യം രഹസ്യമായി മനസില്‍ സൂക്ഷിച്ചുകൊണ്ട് മരിച്ചാല്‍ ആ ആത്മാവിന് ശാന്തിയില്ല. അതുകൊണ്ട് നീ എന്നേ മറക്കുക. നമ്മുടെ കുഞ്ഞിനേ നല്ലതുപോലെ വളര്‍ത്തുക. നിന്റെ അനുഭവം അവള്‍ക്ക് ഒരിക്കലും ഉണ്ടാകരുതു്.’ ഇടതുകരമുയര്‍ത്തി കൈപ്പത്തിയുടെ പുറം കൊണ്ട് അയാള്‍ കണ്ണുകള്‍ തുടച്ചു.
അടുക്കളയ്ക്കുള്ളില്‍ സരോജിനിയുടെ മുന്നില്‍ രാജന്‍ സ്കറിയാ പശ്ചാത്തപിച്ച് പാപങ്ങളെ ഏറ്റുപറയുകയായിരുന്നു.
‘കഴിഞ്ഞ രാവില്‍ ഞാന്‍ വളരെ കഷ്ടത്തിലായി സരോജിനി. . എന്നോട് ക്ഷമിക്കൂ. . ഞാന്‍ പണ്ടത്തെ രാജനല്ല ഇന്ന്. . . ‘
‘ഈവാഞ്ചലിസ്റ്റ് രാജന്‍ സ്കറിയാ. എനിക്കറിയാം’ സരോജിനി പറഞ്ഞു
‘ ക്ഷമിക്കൂ’ പാപക്ഷമയ്ക്കായി അയാള്‍ യാചിച്ചു.
‘ഞാന്‍ എല്ലാം നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു. എന്നാല്‍ ഒരു കാര്യം നിങ്ങളോട് പറയാനുണ്ടു്. ഇനിയും മുതല്‍ പ്രസംഗിക്കുമ്പോള്‍ വിളിച്ചു പറയുക. വേശ്യമാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന കൂലി കൊടുക്കുക സഹോദരന്മാരെയെന്ന്. കാരണം പാവപ്പെട്ട സ്ത്രീയുടെ സ്വത്തു് സൗന്ദര്യം മാത്രമാണ്. അത് നിങ്ങളേപ്പോലെയുള്ളവര്‍ പ്രേമം നടിച്ചും വഞ്ചന കാട്ടിയുമൊക്കെയായി ചൂഷണം ചെയ്യുകയാണ്. ചാരിത്ര്യം കാത്തുസൂക്ഷിക്കാന്‍ നിവൃത്തിയില്ലാത്ത ഇന്നാട്ടിലെ വ്യവസ്ഥിതിയില്‍ അതു വില്‍ക്കാന്‍ ഒരു നിയമം ഉണ്ടായാല്‍ എന്നെപ്പോലെയുള്ളവര്‍ ദാസ്യവേല ചെയ്യാതെ അതു കൊടുത്തെങ്കിലും ഉപജീവനം കഴിക്കും.’
‘നീയെന്നെ ശിക്ഷിക്കയാണോ സരോജിനി?’
‘അല്ല. ശിക്ഷ വരുന്നതേയുള്ളു.’
മൗനമായി സരോജിനി ആലോചിച്ചു. ഇവനിനിയും ഉറങ്ങാന്‍ പാടില്ല. മരണം വരെ ഇവന്റെ ഉറക്കത്തെ കെടുത്തണം. പ്രസംഗിക്കാന്‍ തിരുവചനം തുറക്കുമ്പോള്‍ ഇവന് വചനം ലഭിക്കാതെ വരണം. സത്യം തുറന്നു പറയുക തന്നേ.
‘രാജന്‍സാറേ, സ്വന്തഭാര്യ പുറത്ത് ഡ്രൈവറോട് കുമ്പസാരിക്കയല്ലേ? രജനി അവരുടെ മകളാണ്. ബാബുവേട്ടന്റെയും. എന്നെ ഈ നിലയിലാക്കിയ നിങ്ങളിലെ പുരുഷത്വം ഈ ജന്മം മുഴുവന്‍ ഈ പാപഭാരം പേറണം. ഞാനിതു പറഞ്ഞുവെന്ന് ആരെങ്കിലും അറിഞ്ഞാല്‍ തെളിവുകളോട് നമ്മുടെ പഴയ പ്രേമബന്ധം ഞാന്‍ രംഗത്തു കൊണ്ടുവരും. എനിക്ക് നഷ്ടപ്പെടാന്‍ ഇനി ഒന്നുമില്ലെന്നറിയാമല്ലോ.’
പിന്നെയൊന്നും കേള്‍ക്കാന്‍ രാജന്‍ സ്കറിയായ്ക്ക് കാതുകള്‍ ഇല്ലായിരുന്നു. എങ്കിലും സരോജിനി വിട്ടില്ല.
‘വേശ്യമാരെ ന്യായം വിധിക്കരുതു് ഉപദേശി. എന്നെ നിങ്ങള്‍ക്കു ന്യായം വിധിക്കാമോ? വിധിക്കുന്ന നിങ്ങള്‍ നരകത്തിലും വിധിക്കപ്പെട്ട ഞാന്‍ സ്വര്‍ക്ഷത്തിലും ആയിരിക്കും. വേശ്യയായിട്ടാരും ജനിക്കുന്നില്ല. സുഖം വില്‍ക്കുന്നവളും ചിലവില്ലാതെ സുഖിക്കന്നവളുമെന്നു് വേശ്യക്ക് നിര്‍വചനം ചമെക്കുന്നവരേ! വ്യഭിചരിപ്പാന്‍ ഇവിടെ പുരുഷന്മാരില്ലെങ്കില്‍ ഒരു സ്ത്രീയും വേശ്യയാകില്ല.’
സരോജിനിയുടെ നാവ് പിന്നെയും ചലിച്ചു. അതു കേള്‍ക്കാന്‍ രാജന്‍ സ്കറിയാ നിന്നില്ല. നിന്നാല്‍. . . . രക്ഷിക്കപ്പെട്ടവന്‍ ഈ പൊല്ലാപ്പില്‍ നിന്നും രക്ഷപെടാന്‍ ബുദ്ധിമുട്ടാകും. ആരും ഇതൊന്നും കേട്ടില്ലായെന്നുറപ്പ് വരുത്തിയ ശേഷം അയാള്‍ വെളിയിലേക്കിറങ്ങി . യാത്ര പറച്ചിലിന്റെ ‘ാഗത്തേയ്ക്ക് വിഷയങ്ങള്‍ കടക്കുകയായിരുന്നു.
സരോജിനി രജനിയെ കൈപിടിച്ചു നടത്തി കാറിനരികിലേയ്ക്കു്. രജനിയുടെ ഇളംനെഞ്ചില്‍ ആയിരം കടലുകള്‍ ഒന്നായ് ഇരമ്പുകയും ആ തിരമാലകളില്‍ താന്‍ ഇല്ലാതായിത്തിരുകയും ചെയ്യുംമ്പോലെ തോന്നി. ആ പിഞ്ചുഹൃദയം ‘അനാഥ’യെന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തി നുകരുകയായിരുന്നു.
ആ മുഖം കണ്ട സരോജിനി മനസില്‍ പറഞ്ഞു ‘അനാഥയായി വളരാന്‍ ജനിപ്പിക്കുന്നതിനേക്കാള്‍ ഭേദം അലസിപ്പിച്ചു കളയുന്നതു തന്നെ.’
കാറിനുള്ളിലേയ്ക്ക് കയറുന്ന രജനിയെ ബാബു ഇമവെട്ടാതെ നോക്കി നിന്നു. ലിസിയുടെ മുഖത്ത് പ്രസന്നത വിരിയുംപോലെ. രാജന്‍സാര്‍ ആകെ വാടിക്കരിഞ്ഞതുപോലെ.
ആ ഭാവം ശ്രദ്ധിച്ച സരോജിനി പറഞ്ഞു. ‘സാറേ വല്ലപ്പോഴും മോളേം കൊണ്ടു വരണേ!’
പുനലൂരാനും റാഹേലമ്മയും പുഞ്ചിരിയോട് രജനിയെ യാത്രയാക്കി. ഉയരുന്ന ദീര്‍ഘനിശ്വാസങ്ങള്‍ അ‘ിമാനത്തിന്റെ പര്യായങ്ങളായിരുന്നു.
നിശബ്ദതയെ ‘േദിച്ചു കൊണ്ട് ബാബുവിന്റെ ശബ്ദം. ‘തന്റെ അകൃത്യങ്ങളെ മറെച്ചു വച്ചുകൊണ്ട് അന്തസ് നിലനിര്‍ത്തുന്ന നിങ്ങള്‍ക്ക് അയ്യോ കഷ്ടം! വഷളന്മാര്‍ തങ്കളുടെ പ്രവര്‍ത്തിക്കൊത്ത പ്രതിഫലം പ്രാപിച്ചിരിക്കുന്നു.’
‘ഇവന് വട്ട് പിടിച്ചെന്നാ തോന്നുന്നത്’ റാഹേലമ്മ പുനലൂരാനെ തുറിച്ചു നോക്കി.
‘അവന്റെ വട്ട് ഇന്നു ഞാന്‍ തീര്‍ത്തേക്കാം’ പുനലൂരാന്‍ മനസിലുറച്ചു. ബാബുവിന്റെ ഭ്രാന്തിനെ ഗണ്യമാക്കാതെ കാര്‍ വേഗത്തില്‍ ഗെയിറ്റ് കടന്നു.
കാറിന്റെ ബാക്‌സീറ്റില്‍ രജനിയുടെ കരങ്ങള്‍ തലോടിക്കൊണ്ട് ലിസിയും ദീര്‍ഘശ്വാസം വിട്ടു. തടവറയില്‍ നിന്നും മോളേ എനിക്കുമൊരു മോചനം. സ്വതന്ത്രമായി ഞാനൊന്നു ചിലയ്ക്കട്ടെ. എന്റേതായി എന്നേപ്പോലെയൊന്ന് എനിക്കു തുണയായി വന്നിരിക്കുന്നു. മൂകതയെ ‘ജ്ഞിക്കുവാനായി. എല്ലാം മംഗളമായി വന്നെത്തിയല്ലോ. എന്റെ ചാരിത്ര്യവും, പവിത്രതയും എല്ലാമെല്ലാം.
വിന്‍ഡ്ഷീല്‍ഡിലെ ഗ്‌ളാസില്‍കൂടി എല്ലാമെല്ലാം നോക്കിക്കൊണ്ടിരുന്ന രാജന്‍ സ്കറിയായുടെ മനസില്‍ ‘വഷളന്മാര്‍ തങ്ങളുടെ പ്രവര്‍ത്തിക്കൊത്ത പ്രതിഫലം പ്രാപിച്ചിരിക്കുന്നു’വെന്ന ശബ്ദം മുഴങ്ങിക്കൊണ്ടേയിരുന്നു. അതു് പുനലൂരാന്റെ മുറിക്കുള്ളിലും പ്രതിധ്വനിച്ചു.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക