Image

ലാല്‍ ജോസ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ ശ്രവണ നായികയാകുന്നു

മീട്ടു റഹ്മത് കലാം Published on 16 December, 2018
ലാല്‍ ജോസ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ ശ്രവണ നായികയാകുന്നു
രണ്ടുപതിറ്റാണ്ടിന്റെ സംവിധാനസപര്യയില്‍ മലയാളമനസ്സില്‍ ഇടംനേടിയ നല്ല ചിത്രങ്ങള്‍ ഒരുക്കിയതിനു പുറമേ നായികനിരയിലേക്ക് കഴിവുള്ള ഒരുപിടി പുതിയ കലാകാരികളെ പരിചയപ്പെടുത്തി വിജയിച്ച വ്യക്തിയാണ് ലാല്‍ ജോസ്. കാവ്യ മാധവന്‍, സംവൃത സുനില്‍, മീരാ നന്ദന്‍, അര്‍ച്ചനാ കവി, ആന്‍ അഗസ്റ്റിന്‍, അനുശ്രീ എന്നിങ്ങനെ നീളുന്ന നിരയിലേക്ക് തട്ടുമ്പുറത്ത് അച്യുതന്‍ എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി ശ്രവണയുടെ പേരും ചേരുകയാണ്.

പാട്ടുകാരിയാകാന്‍ മോഹിച്ച് നായികയായി?

ലക്ഷ്മി എന്നായിരുന്നു ചെറുപ്പത്തില്‍ എന്റെ പേര്. ഞാന്‍ പാടികേള്‍ക്കുന്നത് അച്ഛന് വലിയ ഇഷ്ടമാണ്. ശ്രവണസുഖമുള്ള ശബ്ദമാണെന്ന് പറഞ്ഞാണ് ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ പേരുമാറ്റിയത്. പാട്ടുകാരിയാകാന്‍ മാത്രം സംഗീത പരിജ്ഞാനമില്ല. അവസരം വന്നാല്‍ സന്തോഷം. കൊടകര സഹൃദയ കോളജില്‍ എം.എ ഇംഗ്ലീഷ് ലിറ്ററേച്ചറിന് ജോയിന്‍ ചെയ്ത് ഒരാഴ്ചയ്ക്കുള്ളിലാണ് നായികയാകാന്‍ ഓഫര്‍ വരുന്നത്. അതുവരെ ലെക്ച്ചറര്‍ ആകണമെന്നല്ലാതെ നായികയാകണമെന്ന് ആഗ്രഹിച്ചിട്ടില്ല. സാധാരണഗതിയില്‍, അറ്റന്റന്‍സിന്റെ പ്രശ്‌നം പറഞ്ഞ് ലീവ് എടുക്കാന്‍ സാധിക്കാത്തതാണ്. എച്ച് ഓ ഡി ഒരു കട്ട ലാല്‍ ജോസ് ഫാന്‍ ആയത് എന്റെ ഭാഗ്യം. അവസരം നഷ്ടപ്പെടുത്തേണ്ട എന്ന് പറഞ്ഞ് കോളജിലുള്ള എല്ലാവരും തന്നെ പിന്തുണച്ചതുകൊണ്ട് ഷൂട്ടിങ്ങിനിടയില്‍ മറ്റു ടെന്‍ഷന്‍ ഉണ്ടായില്ല.

എങ്ങനായിരുന്നു ക്ഷണം?

രണ്ട് വര്‍ഷം മുന്‍പ് എറണാകുളത്ത് വച്ച് പിഷാരടി സമൂഹത്തിന്റെ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അച്ഛനാണത് സംവിധാനം ചെയ്തത്. ഞാന്‍ പാടിയഭിനയിച്ച ടൈറ്റില്‍ സോങ്ങിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചത് ലാലു അങ്കിളാണ് (ലാല്‍ ജോസ്). അതുകൊണ്ടെന്നെ സ്‌റ്റേജില്‍ വെച്ച് അഭിനന്ദിച്ചതോടൊപ്പം അച്ഛനും സദസ്സിലുള്ള മറ്റെല്ലാവര്‍ക്കും സമ്മതമാണെങ്കില്‍ പിഷാരടി സമൂഹത്തിന് ഒരു നായികയെ തരാമെന്ന് അങ്കിള്‍ പറഞ്ഞു. "ഞാന്‍ കുട്ടിയല്ലേ , അഭിനയിക്കാനൊന്നും ആയിട്ടില്ല" എന്നാണ് അച്ഛന്‍ പറഞ്ഞത്. പിന്നെ അതാരുമത്ര കാര്യമാക്കിയില്ലെങ്കിലും തട്ടുമ്പുറത്ത് അച്യുതനിലെ ജയലക്ഷ്മി എന്ന കഥാപാത്രം ആരുചെയ്യുമെന്ന് ചിന്തിച്ചപ്പോള്‍ ലാലു അങ്കിള്‍ എന്നെ ഓര്‍ത്തു. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങനൊരു ഓഫര്‍ വന്നപ്പോള്‍ എന്റെ കിളിപോയി. ജയലക്ഷ്മി ഒരു നമ്പൂതിരിക്കുട്ടിയാണ്, എന്റേതുമായി സാമ്യമുള്ള ഭാഷ, എന്നെപ്പോലെ ഇരുപത്തിയൊന്ന് വയസ്സ് പ്രായവും.

സംവിധായകനായ അച്ഛന്‍ മകള്‍ക്ക് നല്‍കിയ ഉപദേശം?

മമത മോഹന്‍ദാസ് നായികയായി വേഷമിട്ട ടു നൂറാ വിത്ത് ലവിന്റെ ചിത്രീകരണം ഞാന്‍ പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ ആയിരുന്നു. അച്ഛന്റെ ആരോഗ്യസ്ഥിതി അന്നത്ര നന്നല്ലാതിരുന്നതുകൊണ്ട് ഞങ്ങള്‍ കുടുംബവും ഷൂട്ടിന് ഒപ്പം നിന്നിരുന്നു. അതില്‍ പാസിംഗ് ഷോട്ട് ചെയ്തതും തീം സോങ്ങില്‍ പെര്‍ഫോം ചെയ്തതുമാണ് ആകെയുള്ള പരിചയം. അച്ഛന്‍ പറഞ്ഞത് ചെയ്‌തെന്നല്ലാതെ അഭിനയത്തെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല.
സിനിമയുടെ പിതൃസ്ഥാനം സംവിധായകനാണെന്ന് അച്ഛന്‍ പറയാറുണ്ട്. ഡയറക്ടര്‍ പറയുന്നത് ശ്രദ്ധയോടെ കേട്ട് കഴിവിന്റെ പരമാവധി ഔട്ട്പുട്ട് നല്‍കണമെന്നാണ് ഉപദേശിച്ചത്. ബാബുവേട്ടന്റെ മോള്‍ എന്താ ഈ കാണിച്ചേക്കുന്നതെന്ന് ആരും ചോദിക്കരുതെന്ന് പ്രാര്‍ത്ഥിച്ചാണ് അഭിനയിച്ചത്.

ആദ്യ ഷോട്ട്?

ഞാനൊരു കൃഷ്ണഭക്തയാണ്. ഒരു നിമിത്തംപോലെ എന്റെ ആദ്യ ഷോട്ട് ജയലക്ഷ്മി എന്ന കഥാപാത്രം അമ്പലനടയില്‍ നിന്ന് കൃഷ്ണനെ നോക്കി , മനസ്സ് തുറന്ന് പ്രാര്ഥിക്കുന്നതായിരുന്നു. അതെനിക്ക് അഭിനയിക്കേണ്ടി വന്നില്ല. ഉള്ളില്‍ തട്ടി ഭഗവാനോട് ആ നേരം, എല്ലാം ശരിയായി വരണേ എന്ന് പറയുകയായിരുന്നു. ആദ്യം തന്നെ ദൈവത്തിനുമുന്നില്‍ നിന്ന് തുടങ്ങാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.

സംവിധാന മോഹം?

ചേട്ടന്‍ ദര്‍ശന്‍ രാജീവ് മേനോന്‍ സാറിന്റെ ഇന്‍സ്റ്റിറ്റിറ്റൂട്ടില്‍ നിന്ന് ഛായാഗ്രഹണം പഠിച്ച ആളാണ്. ചേട്ടന്‍ അച്ഛനെ അസിസ്റ്റ് ചെയ്യുന്നതുകണ്ടപ്പോള്‍ അടുത്ത ചിത്രത്തില്‍ എനിക്കും അതിന് കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. അത് സംവിധായിക ആകാനൊന്നുമല്ല. ക്ലാപ്പ് അടിക്കുന്നതും, സ്ക്രിപ്റ്റ് നോക്കി സന്ദര്‍ഭം അഭിനേതാക്കള്‍ക്ക് വിവരിച്ചുകൊടുക്കുന്നതുമൊക്കെ ഇഷ്ടമാണ്. സിനിമ കൂടുതല്‍ മനസ്സിലാക്കാനുള്ള ആഗ്രഹമായേ അതിനെ കാണാവൂ. ലാസ്റ്റ് അസിസ്റ്റന്റ് ആയാലും ഞാന്‍ സംതൃപ്തയാകും.

ലൊക്കേഷനിലെ ഓര്‍മ്മകള്‍?

പുതുമുഖങ്ങള്‍ക്കുണ്ടാകുന്ന പരുങ്ങല്‍ എങ്ങനെ ഡീല്‍ ചെയ്യണമെന്ന് അനുഭവപരിചയംകൊണ്ട് നല്ലവണ്ണം അറിയാവുന്നവരാണ് ചാക്കോച്ചനും ലാലു അങ്കിളും. അതെന്നെ ഒരുപാട് സഹായിച്ചു. ഫോട്ടോഷൂട്ടിനിടയില്‍ എപ്പോള്‍ ചിരിക്കണമെന്നൊന്നും എനിക്ക് വലിയ പിടിയില്ല. അതുമനസ്സിലാക്കി, എന്തെങ്കിലും തമാശയൊക്കെ പറഞ്ഞ് കൃത്യസമയത്ത് നമ്മുടെ ചുണ്ടില്‍ ചിരി വിരിയിക്കാന്‍ ചാക്കോച്ചനെപ്പോലൊരു ഹീറോ കഷ്ടപ്പെടുന്നതുകാണുമ്പോള്‍ അവരോടൊക്കെ എന്തെന്നില്ലാത്ത ബഹുമാനം തോന്നും. സെറ്റിലെ ലൈറ്റ് ബോയ് മുതല്‍ എല്ലാവരോടും പരിചയം കാണും, അവരോടുള്ള പെരുമാറ്റമൊക്കെ കണ്ടുപഠിക്കേണ്ടതാണ്. ഇതേ സിനിമയില്‍ ക്യാമറ ഡിപ്പാര്‍ട്‌മെന്റിനെ എന്റെ സഹോദരന്‍ അസിസ്റ്റ് ചെയ്തതാണ്ഷൂട്ടിനിടയിലെ മറ്റൊരു സന്തോഷം. ഒരേ സിനിമയിലൂടെ ഞങ്ങള്‍ രണ്ടുപേരും തുടക്കം കുറയ്ക്കുന്നതിന്റെ സന്തോഷമാണ് കുടുംബത്തില്‍ എല്ലാവര്‍ക്കും. ക്യാമറയുടെ മുന്നിലും പിന്നിലും മക്കള്‍ നില്‍ക്കുന്നതുകണ്ട് മനസ്സ് നിറഞ്ഞെന്ന് അച്ഛന്‍ പറഞ്ഞത് മറക്കാനാവില്ല. കടപ്പാട്: മംഗളം 
ലാല്‍ ജോസ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ ശ്രവണ നായികയാകുന്നുലാല്‍ ജോസ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ ശ്രവണ നായികയാകുന്നുലാല്‍ ജോസ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ ശ്രവണ നായികയാകുന്നുലാല്‍ ജോസ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ ശ്രവണ നായികയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക