Image

അബുദാബിയില്‍ ആരോഗ്യമേഖലയില്‍ റെയ്‌ഡ്‌: 15 ഡോക്‌ടര്‍മാര്‍ക്ക്‌ വിലക്ക്‌

Published on 10 April, 2012
അബുദാബിയില്‍ ആരോഗ്യമേഖലയില്‍ റെയ്‌ഡ്‌: 15 ഡോക്‌ടര്‍മാര്‍ക്ക്‌ വിലക്ക്‌
അബൂദാബി: ആരോഗ്യ മേഖലയിലെ നിയമ ലംഘനം തടയാന്‍ ഹെല്‍ത്ത്‌ അതോറിറ്റി നടത്തിയ വ്യാപക പരിശോധനയെ തുടര്‍ന്ന്‌ ശക്തമായ നടപടി. നിയമ ലംഘനം നടത്തിയ 15 ഡോക്ടര്‍മാര്‍ക്ക്‌ ജോലിയില്‍ വിലക്ക്‌ ഏര്‍പ്പെടുത്തി. ഇതില്‍ ചിലരെ കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്‌തു. ഇതിനു പുറമെ അഞ്ച്‌ ഡോക്ടര്‍മാര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി.

ക്‌ളിനിക്കുകള്‍ ഉള്‍പ്പെടെ എട്ട്‌ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. 11 ആശുപത്രികളിലും ക്‌ളിനിക്കുകളിലും നിയമ ലംഘനം കണ്ടെത്തുകയും 10 സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തു. ജോലിയിലെ പിഴവ്‌, പരിചയക്കുറവ്‌ തുടങ്ങിയ കാരണങ്ങളുടെ പേരില്‍ അഞ്ച്‌ നഴ്‌സുമാര്‍ക്കും മുന്നറിയിപ്പ്‌ നല്‍കി. ഹെല്‍ത്ത്‌ അതോറിറ്റിക്ക്‌ കീഴിലെ ലൈസന്‍സ്‌ നടപടികള്‍ക്കുള്ള പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.

പരിശോധന നടത്തിയ നിരവധി സ്ഥാപനങ്ങളില്‍ രാജ്യത്തെ ആരോഗ്യ സേവനവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനത്തിന്‌ പുറമെ വൈദ്യശാസ്‌ത്ര മേഖലയിലെ ധാര്‍മികതകളുടെ വ്യക്തമായ ലംഘനവും കണ്ടെത്തി. ചില സ്ഥാപനങ്ങളും ഡോക്ടര്‍മാരും ലൈസന്‍സില്ലാതെയാണ്‌ പ്രവര്‍ത്തിച്ചത്‌. രോഗികളെ പരിശോധിക്കാതെ മരുന്ന്‌ കുറിച്ചുകൊടുക്കുന്ന ഡോക്ടര്‍മാരുമുണ്ട്‌. ചില ഡോക്ടര്‍മാര്‍ക്കെതിരെ വ്യാജ രേഖകളുടെയും മറ്റും പേരില്‍ പ്രോസിക്യൂഷന്‍ നടപടി തുടങ്ങിയിട്ടുണ്ട്‌.
പരിശോധക സംഘം ഒരു ആശുപത്രിയിലെത്തിയപ്പോള്‍ നഴ്‌സ്‌ ഓടിരക്ഷപ്പെട്ട സംഭവമുണ്ടായി. ആവശ്യമായ യോഗ്യതകളില്ലാത്ത നഴ്‌സുമാരെ നിയമിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. ഇവിടെ മതിയായ യോഗ്യതകളുള്ള നഴ്‌സുമാരെ നിയമിച്ചാല്‍ മാത്രമേ പ്രവര്‍ത്തനാനുമതി നല്‍കുകയുള്ളൂവെന്ന്‌ അതോറിറ്റി വ്യക്തമാക്കി. അതുവരെ ലൈസന്‍സ്‌ പുതുക്കി നല്‍കില്ല.

സ്‌പെഷലിസ്റ്റില്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ ലബോറട്ടറിയില്‍ സ്‌പെഷലിസ്റ്റിനെ നിയമിക്കാന്‍ മൂന്നു മാസത്തെ സമയം നല്‍കി. ഈ സമയ പരിധിക്കകം നിയമനം നടന്നില്ലെങ്കില്‍ ലാബ്‌ അടച്ചുപൂട്ടും. ലബോറട്ടറി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട്‌ പശ്ചിമ മേഖലയിലെ നാല്‌ ക്‌ളിനിക്കുകള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുകയും പ്രവര്‍ത്തനം നിയമ വിധേയമാക്കാന്‍ മൂന്നു മാസത്തെ സമയം അനുവദിക്കുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക