Image

മനസില്‍ മായാതെ 'നൈറ്റ്‌ ആക്‌സിഡന്റ്‌'

Published on 12 December, 2018
   മനസില്‍ മായാതെ 'നൈറ്റ്‌ ആക്‌സിഡന്റ്‌'
ടെമില്‍ബെക്‌ ബില്‍നാസരോവ്‌ സംവിധാനം ചെയ്‌ത കിര്‍ഗിഷ്‌ ചിത്രമാണ്‌ 'നൈറ്റ്‌ ആക്‌സിഡന്റ്‌' . ഏകാകിയായ ഒരു വൃദ്ധന്‍. തികച്ചും അവിചാരിതമായി ഏറെ നിഗൂഢതകളോടെ അയാളുടെ ജീവിതത്തിലേക്കെത്തുന്ന ഒരു യുവതി. ഇവര്‍ക്കിടയില്‍ ഉടലെടുത്ത്‌ വളരുന്ന അസാധാരണായ ഹൃദയബന്ധം. ഈ കഥയാണ്‌ നൈറ്റ്‌ ആക്‌സിഡന്റില്‍ പറയുന്നത്‌. ഇവര്‍ തമ്മില്‍ കണ്ടുമുട്ടുന്നതു മുതല്‍ ചിത്രം അതിന്റെ കഥാവഴികളിലേക്ക്‌ നീങ്ങുകയാണ്‌.

വൃദ്ധന്റെ ജീവിതത്തില്‍ ഇന്നൊരു ലക്ഷ്യം മാത്രമേയുള്ളൂ. തന്റെ കുടുംബം നശിപ്പിച്ചയാളെ കണ്ടെത്തി എന്നന്നേക്കുമായി ഇല്ലാതാക്കുക. അതിനായി തിരയിട്ട്‌ നിറച്ച തോക്കുമായി അയാള്‍ തന്റെ പഴയ മോട്ടോര്‍ സൈക്കിളില്‍ യാത്ര ആരംഭിക്കുന്നു. മറ്റൊന്നിനെ കുറിച്ചും അയാല്‍ ചിന്തിക്കുന്നില്ല.

ജീവിക്കുന്നതിനെ കുറിച്ചല്ല, ജീവനെടുക്കുന്നതിനെ കുറിച്ചാണ്‌ അയാളുടെ ചിന്തകളും കാത്തിരിപ്പും യാത്രയുടെ ഓരോ നിമിഷവും. അങ്ങനെയിരിക്കേ യാത്രക്കിടയില്‍ അയാളുടെ മോട്ടോര്‍ സൈക്കിള്‍ഒരു യുവതിയെ ഇടിക്കുന്നു. ബോധരഹിതയായ ആ യുവതിയെ അയാള്‍ തന്റെ വീട്ടില്‍ കൊണ്ടു വന്ന്‌ ശുശ്രൂഷിക്കുന്നു. പതുക്കെ പതുക്കെ...അവള്‍ സുഖം പ്രാപിക്കുന്നു. അങ്ങനെ അനാഥത്വം ചൂഴ്‌ന്നു നിന്ന അയാളുടെ ജീവിതത്തിലേക്കും ഏകാകിത്വത്തിലേക്കും അവള്‍ ഒരതിഥിയെ പോലെ കടന്നു വരുന്നു. തന്റെ കുടുംബം തകര്‍ത്തയാളെ കൊല്ലാന്‍ യാത്ര ചെയ്‌ത അയാളുടെ ജീവിതം മെല്ലെ വേറൊരു വഴിയിലേക്ക്‌ തിരിയുന്നു.

ചിത്രത്തില്‍ വൃദ്ധനായി എത്തുന്ന അകില്‍ബെക്ക്‌, യുവതിയായി എത്തുന്ന ഡീന ജേക്കബ്‌ എന്നിവരുടെ മികച്ച അഭിനയമാണ്‌ നൈറ്റ്‌ ആക്‌സിഡന്റിനെ മനോഹരമാക്കുന്നത്‌. ദൃശ്യങ്ങള്‍ക്കും ഭാവങ്ങള്‍ക്കും ശരീരഭാഷയ്‌ക്കും ഏറെ പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രത്തില്‍ അധികം സംഭാഷണങ്ങളില്ല.

പകരം കഥാപാത്രങ്ങളുടെ മാനസിക സഞ്ചാരവും ആത്മസംഘര്‍ഷങ്ങളുടെ അടിയൊഴുക്കുകളും അവരുടെ മുഖത്തു നിന്നും പ്രേക്ഷകരിലേക്ക്‌ പകരുന്ന തരത്തിലാണ്‌ ഓരോ രംഗവും ചിത്രീകരിച്ചിട്ടുള്ളത്‌. പ്രകൃതിദൃശ്യങ്ങള്‍ പോലും പ്രേക്ഷകനോട്‌ മൗനമായി പലതും സംവദിക്കുന്നു. വൃദ്ധന്റെ വീടിന്റെ പിന്നിലുള്ള വിശാലമായ തടാകവും അതിന്റെ നിശ്ചലാവസ്ഥയും അയാളുടെ ഒട്ടും തന്നെ ചലനാത്മകമല്ലാത്ത ജീവിതത്തെയാണ്‌ പ്രതിനിധീകരിക്കുന്നത്‌.

അയാളുടെ ജീവിതത്തിന്റെ അര്‍ത്ഥശൂന്യതയാണ്‌ പതിഞ്ഞ താളത്തില്‍ പറഞ്ഞു തുടങ്ങുന്നത്‌. ഒരിടത്തും പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്താന്‍ പോന്ന ട്വിസ്റ്റുകളില്ലെങ്കിലും ഇരുവരുടെയും ജീവിതത്തിലൂടെ കടന്നു പോകുമ്പോള്‍ വൃദ്ധന്റെ മാനസിക പരിവര്‍ത്തനം പ്രേക്ഷകനെ സന്തോഷിപ്പിക്കും.

താന്‍ കാരണം പരിക്കേറ്റ്‌ കിടക്കുന്ന യുവതിയെ പരിചരിക്കുന്നതിലൂടെ തന്റെ ശത്രുവിനോടുളള അയാളുടെ മനസിന്റെ കഠിനത കുറയുന്നത്‌ കഥ പുരോഗമിക്കുമ്പോള്‍ നമുക്ക്‌ മനസിലാകുന്നു. അവളുടെ മുറിവുകളില്‍ മരുന്നു വച്ചു കെട്ടുകയും ശുശ്രൂഷിക്കുകയും ചെയ്യുമ്പോള്‍ അയാള്‍ തന്റെ തന്നെ മനസിലെ മുറിവുകള്‍ കൂടിയാണ്‌ അറിയാതെ ഉണക്കാന്‍ ശ്രമിക്കുന്നത്‌. ജീവിതത്തെ പ്രസാദാത്മകമായി കാണാനും അയാള്‍ ശ്രമിക്കുന്നുണ്ട്‌.

നിശ്ചലമായ അയാളുടെ ജീവിതെ പോലെ തിരയിളക്കമില്ലാത്ത തടാകത്തില്‍ സ്വപ്‌നങ്ങളുടെയും പ്രതീക്ഷകളുടെയും പ്രതീകമായി അവള്‍ ഒരു ജലകന്യകായി മാറുന്നു. താന്‍ എന്തുനു വേണ്ടിയാണ്‌ കാത്തിരുന്നതെന്നും ആരെ തേടിയാണ്‌ യാത്ര ചെയ്‌തതെന്നും അയാള്‍ അവളോട്‌ വെളിപ്പെടുത്തുന്നു. ഒരു കൊലപാതകിയായി താന്‍ മാറാതിരുന്നത്‌ അവള്‍ കാരണമാണെന്നും ഒരു ഘട്ടത്തില്‍ അയാള്‍ വെളിപ്പെടുത്തുന്നു. ജീവിതത്തിന്റെ പുതിയ പ്രതീക്ഷകളിലേക്ക്‌ അയാള്‍ യാത്ര തുടങ്ങുന്നിടത്ത്‌ കഥ അവസാനിക്കുന്നു.











































��




























Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക