Image

'ബധിര വ്യഥകള്‍' (കവിത- മഞ്ജുള ശിവദാസ്)

മഞ്ജുള ശിവദാസ് Published on 12 December, 2018
'ബധിര വ്യഥകള്‍' (കവിത- മഞ്ജുള ശിവദാസ്)
ആരവങ്ങള്‍ക്കിടയിലേകരായ് പോകുന്ന-
നിനദങ്ങളറിയാത്ത ചിലരുമുണ്ട്.

ആംഗ്യങ്ങളാലാശയങ്ങള്‍ കൈമാറുന്ന-
നിശ്ശബ്ദവീഥിയിലെ യാത്രികരവര്‍.

വിഷലിപ്തമായ് മൊഴികളുരചെയ്തിടുമ്പോള്‍-
കേള്‍വിയുടെ ഭാഗ്യമറിയാതെ പോകുമ്പോള്‍,

ശ്രവണസുഖമെന്തെന്നറിഞ്ഞിടാതെ ചിലര്‍-
നമ്മോടുകൂടെയീ വഴിയിലൂടെ.

വിചാരങ്ങള്‍ വിനിമയം ചെയ്തിടാനാകാത്ത-
വ്യഥകളാല്‍ ജന്മം കഴിച്ചിടേണ്ടോര്‍.

ആത്മസംഘര്‍ഷങ്ങളവതരിപ്പിക്കുവാന്‍-
വാക്കെന്ന മാധ്യമം അന്യമായോര്‍.

ആത്മാവില്‍ ജ്ഞാനോദയത്തിനായ്ശബ്ദങ്ങള്‍-
കേള്‍വിയായൊഴുകി വന്നെത്തിടേണം.

ശ്രവണേന്ദ്രിയത്തിന്‍ തുറക്കാത്ത വാതിലില്‍-
കേള്‍വികള്‍ നിഷ്പ്രഭമായിടുമ്പോള്‍.

അറിവിന്‍ വിശാലതയിലേക്കുള്ള വാതിലും-
അവര്‍മുന്നില്‍ നിര്‍ദ്ദയമടഞ്ഞുപോകാം.

വാക്കുകള്‍ നാക്കിനു നിഷേധിച്ച വിധിയോട്-
പരിഭവിക്കാന്‍ പോലുമറിയാത്തവര്‍.

നിശ്ശബ്ദലോകത്തിലവര്‍ തീര്‍ത്ത വഴികളില്‍-
തളരുവാനനുവദിക്കരുതു നമ്മള്‍.

ഒച്ചകളിലസ്വസ്ഥരാം നമുക്കാവുമോ-
സംഘര്‍ഷഭരിതമാ സ്വാന്തമൊന്നറിയുവാന്‍...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക