Image

ആമസോണ്‍ ടേണിംഗ്‌ പോയിന്റ്‌

Published on 09 April, 2012
ആമസോണ്‍ ടേണിംഗ്‌ പോയിന്റ്‌
നവാഗതനായ മാര്‍ട്ടിന്‍ സി ജോസഫ്‌ കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ്‌ ആമസോണ്‍ ടേണിംഗ്‌ പോയിന്റ്‌. ഗൗതം, മാക്‌ബൂല്‍ സല്‍മാന്‍, രാഹുല്‍ മാധവ്‌, വിമലാ മേനോന്‍, രാധാവര്‍മ്മ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

കലാഭവന്‍ മണി, ബാബുരാജ്‌, ക്യാപ്‌റ്റന്‍ രാജു, മേഘനാഥന്‍, ടോണി, കലാശാല ബാബു, നാരായണന്‍കുട്ടി, ബോബന്‍ ഗയാസ്‌, എന്‍.കെ. സൈഫുദ്ദീന്‍, ലക്ഷ്‌മി ശര്‍മ്മ, സനാ ബീഗം, സുലേഖ, കവിയൂര്‍ പൊന്നമ്മ, കുളപ്പുള്ളി ലീല, സ്വര്‍ണമല്യ, നടാഷ തുടങ്ങിയവരാണ്‌ മറ്റു താരങ്ങള്‍.

വിനയചന്ദ്രന്‍ സല്‍സ്വഭാവിയും സൗമനസുള്ളവനുമാണ്‌. അമ്മയുടെ ത്യാഗപൂര്‍ണമായ ജീവിതത്തിന്റെ പ്രതിഫലമാണ്‌ അഭിമാനിയായ വിനയചന്ദ്രന്‍.

അച്ഛന്റെ ദുര്‍മരണം മറച്ചുവച്ച്‌ അമ്മയും കുഞ്ഞും പിതൃഭവനംവിട്ട്‌ അന്യരാജ്യത്ത്‌ താമസിക്കുന്നു. ഇരുപതുവര്‍ഷത്തിനുശേഷം വീട്ടിലേക്ക്‌ തിരിച്ചുവന്നത്‌ ചില സത്യങ്ങള്‍ തേടിയായിരുന്നു. സത്യംതേടിയുള്ള അവരുടെ യാത്രയില്‍ അമ്മയും ദുര്‍മരണപ്പെടുന്നു. അതോടെ വിനയചന്ദ്രന്‍ മാറുകയായിരുന്നു. വിനയചന്ദ്രന്റെ ജീവിതത്തിലെ ടേണിംഗ്‌ പോയിന്റായരുന്നു അത്‌. പ്രതികാരവും വിദ്വേഷവും വളര്‍ന്ന്‌ ശത്രുവിന്റെ നേര്‍ക്ക്‌ ഒരു പടക്കുതിരയെപ്പോലെ പാഞ്ഞടുക്കുവാന്‍ തുടങ്ങിയതോടെ സംഭവങ്ങള്‍ മാറിത്തുടങ്ങി. തുടര്‍ന്നുള്ള സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ്‌ ആമസോണ്‍ ടേണിംഗ്‌ പോയിന്റ്‌ എന്ന ചിത്രത്തില്‍ മാര്‍ട്ടിന്‍ സി. ജോസഫ്‌ ദൃശ്യവത്‌കരിക്കുന്നത്‌. ഗൗതമാണ്‌ വിനയചന്ദ്രനെ അവതരിപ്പിക്കുന്നത്‌. യക്ഷിയും ഞാനും, കാസര്‍ഗോഡ്‌ കാദര്‍ഭായ്‌, കിളിപാടും ഗ്രാമം എന്നീ ചിത്രങ്ങള്‍ക്കുശേഷം ഗൗതം ശക്തമായ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രംകൂടിയാണിത്‌.

ഒരു മനയില്‍ ഒതുങ്ങി കഴിയേണ്‌ടിവന്ന സ്വയംപ്രഭയുടെ ജീവിതത്തിലേക്ക്‌ രക്ഷകനായി ഒരാള്‍ എത്തുമ്പോള്‍ ജീവിതത്തില്‍ ഉണ്‌ടാകുന്ന മറ്റൊരു ടേണിംഗ്‌ പോയിന്റ്‌ ഹൃദയസ്‌പര്‍ശിയായി ചിത്രീകരിക്കുന്നുണ്‌ട്‌. വിമലാ രാമനാണ്‌ സ്വയംപ്രഭയെ അവതരിപ്പിക്കുന്നത്‌.

വയലാര്‍ ശരത്‌ചന്ദ്രവര്‍മ്മ, ഡോക്‌ടര്‍ പ്രശാന്ത്‌ കൃഷ്‌ണന്‍ എന്നിവരുടെ വരികള്‍ക്ക്‌ ഈണം പകരുന്നത്‌ വിദ്യാധരന്‍ മാസ്റ്റര്‍, ഉണ്ണി നമ്പ്യാര്‍ എന്നിവരാണ്‌. വിജയ്‌ യേശുദാസ്‌, വരുണ്‍ ജെ തിലക്‌, ചിതര്‌, സിത്താര എന്നിവരാണ്‌ ഗായകര്‍. സരോവരം ഹോട്ടലില്‍ നടന്ന പൂജാ ചടങ്ങിനുശേഷം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഗുരുവായൂരില്‍ ആരംഭിച്ചു. പ്രദീപ്‌ ശിവശങ്കരന്‍ തിരക്കഥ, സംഭാഷണം എഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചെല്ലദുരൈ നിര്‍വഹിക്കുന്നു.-എ.എസ്‌. ദിനേശ്‌
ആമസോണ്‍ ടേണിംഗ്‌ പോയിന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക