Image

മന്ത്രിസ്ഥാനം: കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമുണ്ടാവില്ല

Published on 09 April, 2012
മന്ത്രിസ്ഥാനം: കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമുണ്ടാവില്ല
ന്യൂഡല്‍ഹി: മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കാനാവില്ലെന്ന കോണ്‍ഗ്രസ് നിലപാടില്‍ മാറ്റമുണ്ടാവില്ല. പകരം സ്​പീക്കര്‍ സ്ഥാനം ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്- ലീഗ് ചര്‍ച്ച തുടരും.
കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചൊവ്വാഴ്ച നടത്തുന്ന കൂടിയാലോചനകള്‍ നിര്‍ണായകമായിരിക്കും. പ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടില്ലെന്ന് പറയുമ്പോഴും ലീഗ് നേതൃത്വവുമായി കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാക്കള്‍ അനൗപചാരിക ചര്‍ച്ചകള്‍ നടത്തുമെന്നാണ് സൂചന. അഹമ്മദ് പട്ടേലും മധുസൂദന്‍ മിസ്ട്രിയും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതാക്കളുമായി സംസാരിച്ചേക്കും. എന്നാല്‍, ലീഗ് നേതൃത്വവുമായി ചര്‍ച്ചചെയ്യാന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളെ കേരളത്തിലേക്ക് അയയ്ക്കാനുള്ള സാധ്യത കുറവാണ്.
അതിനിടെ മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. അഞ്ചാം മന്ത്രിക്കാര്യത്തില്‍ ലീഗിന്റെ വികാരം അഹമ്മദ് സോണിയാഗാന്ധിയെ ധരിപ്പിച്ചതായി അറിയുന്നു. പതിറ്റാണ്ടുകളായി തുടരുന്ന കോണ്‍ഗ്രസ്-ലീഗ് ബന്ധം പോറലേല്‍ക്കാതെ കൊണ്ടുപോവേണ്ടതിന്റെ ആവശ്യകതയും അഹമ്മദ് ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക