Image

ഏപ്രില്‍ 14: ടൈറ്റാനിക്ക്‌ ദുരന്തത്തിന്‌ 100 വയസ്സ്‌

ടോം ജോസ്‌ തടിയംമ്പാട്‌ Published on 09 April, 2012
ഏപ്രില്‍ 14: ടൈറ്റാനിക്ക്‌ ദുരന്തത്തിന്‌ 100 വയസ്സ്‌
ചരിത്രത്തിലെ ഏറ്റവും വലിയ കപ്പല്‍ ദുരന്തം നടന്നിട്ട്‌ ഏപ്രില്‍ 14 - തീയതി 100 വര്‍ഷം തികയുന്നു. ഇംഗ്ലണ്ടിലെ വൈറ്റ്‌ സ്റ്റാര്‍ കമ്പനിയുടെ ഉടമസ്ഥതയില്‍ ആയിരുന്ന ടൈറ്റാനിക്‌ എന്ന ആഡംബര കപ്പല്‍ 1517 മനുഷ്യ ജീവനെ കൊണ്ട്‌ അറ്റ്‌ലാന്റിക്‌ സമുദ്രത്തില്‍ 12000 അടി താഴ്‌ചയില്‍ നിദ്ര പ്രാപിച്ചപ്പോള്‍ മനുഷ്യ ചരിത്രത്തില്‍ ഒരിക്കലും അസ്‌തമിക്കാത്ത ഒരു ദുരന്ത ചരിത്രം കൂടി എഴുതി ചേര്‍ക്കപ്പെടുകയാണ്‌ ചെയ്‌തത്‌.

നീണ്ട 100 വര്‍ഷത്തിനുള്ളില്‍ പാഠപുസ്‌തകങ്ങളിലൂടെയും സിനിമകളിലൂടെയും ചരിത്ര പുസ്‌തകങ്ങളിലൂടെയും പരന്നു കിടക്കുന്ന ഇനി ഒരിക്കലും മനുഷ്യ ചരിത്രത്തില്‍ സംഭവിക്കാന്‍ സാധ്യതയില്ലാത്ത ടൈറ്റാനിക്കിന്റെ ദുരന്തം അറിയാത്തവര്‍ ആരും തന്നെ ലോകത്തില്‍ ഉണ്ടാകുമെന്ന്‌ തോന്നുന്നില്ല.

കപ്പല്‍ ദുരന്തത്തില്‍പ്പെട്ടു എന്നു ബോധ്യപ്പെടുമ്പോള്‍ ലൈഫ്‌ ബോട്ടുകള്‍ ഇറക്കാന്‍ ഉത്തരവിട്ട ക്യാപ്‌റ്റന്‍ എഡ്വേര്‍ഡ്‌ ജോണ്‍ സ്‌മിത്‌ കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കുമാണ്‌ ആദ്യം മുന്‍ഗണന നല്‍കിയത്‌. ഒരുമിച്ച്‌ ഒരു കുടുംബമായി യാത്ര തുടങ്ങിയ പലര്‍ക്കും ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കുട്ടികളെയും കൊണ്ട്‌ രക്ഷപെടേണ്ടതായി വരുകയും ഭര്‍ത്താവിനെ സ്വയം മരണത്തിനു വിട്ടു കൊടുക്കേണ്ടി വന്നപ്പോള്‍ ഉണ്ടായ ഹൃദയ സ്‌പര്‍ശിയായ രംഗങ്ങള്‍ അവര്‍ണ്ണനീയമായിരുന്നു. സ്വയം മരണം തിരഞ്ഞെടുത്ത്‌ മറ്റുള്ളവരെ രക്ഷപ്പെടുത്താന്‍ സഹായിച്ചവരും തനിക്ക്‌ രക്ഷപ്പെടാന്‍ അവസരം ലഭിച്ചിട്ടും തന്റെ ഭര്‍ത്താവ്‌ രക്ഷപ്പെടാത്ത സാഹചര്യത്തില്‍ താനും രക്ഷപ്പടുന്നില്ല എന്ന്‌ സ്വയം തീരുമാനിച്ച്‌ ഭര്‍ത്തവിന്റെ കൂടെ മരിച്ചവരും ഒക്കെ പിന്നീട്‌ ചരിത്രം സൃഷ്‌ടിച്ചവരായി മാറി എന്നാല്‍ ചിലര്‍ നിര്‍ബന്ധമായി ഭാര്യയെ ലൈഫ്‌ ബോട്ടില്‍ എത്തിച്ച ശേഷം ഹൃദയ സ്‌പര്‍ശിയായി വിടപറഞ്ഞു. അതില്‍ ഏറ്റവും വേദാനാജനകമായി തോന്നിയ വിടപറയല്‍ മിസിസ്‌ ഡാനിയേല്‍ വാര്‍ണര്‍ മെര്‍വിന്‍ വിവരിച്ചതാണ്‌.

വിവാഹം കഴിഞ്ഞ ഹണിമൂണ്‍ ആഘോഷത്തിന്‌ പോയ വഴിയാണ്‌ അവര്‍ ഈ വലിയ ദുരന്തത്തില്‍ ചെന്നു പെട്ടത്‌. മിസ്റ്റര്‍ ഡാനിയേല്‍ എന്നെ ലൈഫ്‌ ബോട്ടില്‍ കൊണ്ടു പോയി ഇരുത്തിയിട്ട്‌ എന്നോട്‌ പറഞ്ഞു ഏയ്‌ പെണ്‍കുട്ടി നീ പൊയ്‌കൊള്ളുക ഇവിടെയെല്ലാം ഒകെയാണ്‌. ഞങ്ങളുടെ ബോട്ട്‌ തുഴഞ്ഞ്‌ നീങ്ങാന്‍ തയ്യാറെടുത്തപ്പോള്‍ അവന്‍ ടൈറ്റാനിക്കിന്റെ ടെക്കില്‍ നിന്ന്‌ ഒരു ചുംബനം എറിഞ്ഞു തന്നു. അതായിരുന്നു ഞാന്‍ അവനെ അവസാനമായി കണ്ട രംഗം. മറ്റൊരു വേദനാജനകമായ സംഭവം ഫ്രാന്‍സിലെ ഒരു കുടുംബം വിവാഹമോചനം നേടിയതിനു ശേഷം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കുറച്ചു ദിവസം കുട്ടികളെ കൂടെ താമസിക്കാന്‍ ഭര്‍ത്താവിന്‌ അവസരം കിട്ടിയപ്പോള്‍ തിരിച്ചറിയാതിരിക്കാന്‍ പേരും അഡ്രസും മാറി കുട്ടികളെയും കൊണ്ട്‌ ഇംഗ്ലണ്ടിലേക്ക്‌ രക്ഷപെട്ടു. അതിനുശേഷം അമേരിക്കയില്‍ കുടിയേറി പുതിയ ജീവിതം പടുത്തുയര്‍ത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പക്ഷെ വിധി അദ്ദേഹത്തിനെതിരായിരുന്നു. കപ്പലില്‍ നിന്നും കമ്പിളിയില്‍ പൊതിഞ്ഞ്‌ 4 വയസുള്ള മൈക്കിളിനേയും 2 വയസുള്ള എഡ്‌മെങ്ങിനേയും അദ്ദേഹം ലൈഫ്‌ ബോട്ടില്‍ കൊണ്ട്‌ വച്ചതിനുശേഷം ടൈറ്റാനിക്കിലേക്ക്‌ തിരിച്ചു പോയി മരണം വരിച്ചു. കപ്പല്‍ യാത്ര ആരംഭിച്ചപ്പോള്‍ മുതല്‍ ആരുമായും ഇടപഴകാതിരുന്ന ആ കുട്ടികളേയും അവരുടെ അച്ഛനേയും മിസിസ്‌ ഹാഫ്‌മാന്‍ എന്ന യാത്രക്കാരി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവര്‍ കയറിയ ലൈഫ്‌ ബോട്ടിലാണ്‌ ഈ കുട്ടികളേയും വച്ചിരുന്നത്‌. വളരെ സമയം കഴിഞ്ഞിട്ടും ആരും ഇല്ലാതെ ലൈഫ്‌ ബോട്ടിന്റെ മൂലയിലിരുന്ന ആ കുട്ടികളെ മിസസ്‌ ഹാഫ്‌മാന്‍ സുരക്ഷിതമായി നോക്കി 4 ദിവസം കഴിഞ്ഞ്‌ ന്യൂയോര്‍ക്കിലെത്തിച്ചു. പിന്നീട്‌ ലോകത്തിലെ മുഴുവന്‍ പത്രങ്ങളും ഈ ദുരന്തം ലോകത്തെ അറിയിച്ചപ്പോള്‍ ഫ്രാന്‍സിലായിരുന്ന അവരുടെ അമ്മ കുട്ടികളുടെ ചിത്രം കണ്ട്‌ അവരെ തിരിച്ചറിഞ്ഞു. ടൈറ്റാനിക്കിന്റെ ഉടമസ്ഥരായിരുന്ന വൈറ്റ്‌ സ്റ്റാര്‍ കമ്പനി ന്യൂയോര്‍ക്കിലെത്തി അവര്‍ക്ക്‌ കുട്ടികളെ തിരികെ എടുക്കുവാനുള്ള എല്ലാ സൗകര്യവും ചെയ്‌തു കൊടുത്തു.

അപകടത്തില്‍ നിന്നും രക്ഷപെട്ട റോബര്‍ട്ട്‌ ഡാനിയേല്‍ പറഞ്ഞത്‌ ക്യാപ്‌റ്റന്‍ ലൈഫ്‌ ബോട്ട്‌ ഇറക്കാനും സേഫ്‌റ്റി ജാക്കറ്റ്‌ ധരിക്കാനും പറയുന്നതിന്‌ 5 മിനിറ്റ്‌ മുമ്പു പോലും ഇത്തരം ഒരു ദുരന്തം ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. ഞങ്ങള്‍ ലൈഫ്‌ ബോട്ടില്‍ കയറി തുഴഞ്ഞു നീങ്ങുമ്പോള്‍ ക്യാപ്‌റ്റന്‍ കപ്പലിന്റെ ബ്രിഡ്‌ജില്‍ നില്‍ക്കുന്നത്‌ കാണാമായിരുന്നു. അദ്ദേഹത്തിന്റെ അരക്കൊപ്പം വെള്ളം പൊങ്ങി അദ്ദേഹം വെള്ളത്തില്‍ മറഞ്ഞു പോയി. അത്തരം ഒരു വിരോചിതമായ ഒരു മരണം വരിക്കാന്‍ ക്യാപ്‌റ്റന്‌ പ്രചോദനം കിട്ടിയത്‌ ബ്രിട്ടീഷ്‌ നേവിയില്‍ നിന്നും അദ്ദേഹത്തിന്‌ കിട്ടിയ പരിശീലനമായിരിക്കുമെന്ന്‌്‌ ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. ടൈറ്റാനിക്‌ ദുരന്തത്തിന്‌ ശേഷം നിയമരംഗത്ത്‌ വലിയ മാറ്റങ്ങളാണുണ്ടായത്‌. യാത്രക്കാരുടെ കപ്പാസിറ്റിയുടെ മുന്നിലൊന്നിനു മാത്രം രക്ഷപ്പെടാന്‍ പാകത്തിനുള്ള ലൈഫ്‌ ബോട്ടുകള്‍ മാത്രമാണ്‌ ടൈറ്റാനിക്കില്‍ ക്രമീകരിച്ചിരുന്നത്‌. അതു കൊണ്ടാണ്‌ ഇത്രയേറെ മനുഷ്യ ജീവനുകള്‍ കടലിനടിയില്‍ പൊലിയേണ്ടി വന്നത്‌. പിന്നീട്‌ അത്തരം നിയമങ്ങളിലെല്ലാം കാതലായ മാറ്റം ഉണ്ടായി.

ടൈറ്റാനിക്‌ ഒരിക്കലും മുങ്ങില്ല എന്ന അതിരു കടന്ന വിശ്വാസം കപ്പല്‍ നിര്‍മ്മിച്ച ബെല്‍ഫാസ്റ്റിലെ ഹാര്‍ലാന്റ്‌ ആന്റ്‌ വോള്‍ഫ്‌ എന്ന കമ്പനിക്കും കപ്പല്‍ ഡിസൈന്‍ ചെയ്‌ത തോമസ്‌ അന്‍ഡ്രൂസിനും ഉണ്ടായിരുന്നു. തോമസ്‌ ആന്‍ഡ്രൂസ്‌ കപ്പല്‍ ഉടമസ്ഥരായ വൈറ്റ്‌ സ്റ്റാര്‍ കമ്പനിയുടെ ചെയര്‍മാന്‍ ബ്രൂസ്‌ ഇസ്‌മയുടെ മരുമകന്‍ കൂടി ആയിരുന്നു. കപ്പലിനെ സംബന്ധിച്ച അതിരു കടന്ന ആത്മ വിശ്വാസം ആയിരിക്കാം ക്യാപ്‌റ്റന്‍ സ്‌മിത്തിന്‌ മഞ്ഞുമല കപ്പല്‍ പാതയില്‍ ഉണ്ട്‌ എന്ന ടെലഗ്രാഫ്‌ സന്ദേശം കിട്ടിയിട്ടും സ്‌പീഡ്‌ കുറയ്‌ക്കാന്‍ നിര്‍ദ്ദേശം കൊടുക്കാതിരുന്നത്‌. മഞ്ഞുമലയില്‍ ഇടിച്ചതിനു ശേഷമെങ്കിലും കപ്പല്‍ സ്‌പീഡ്‌ കുറച്ചിരുന്നു എങ്കില്‍ ഒരു പക്ഷെ കുറച്ചു കൂടി താമസിച്ചെ കപ്പല്‍ മുങ്ങുകയുണ്ടായിരുന്നുള്ളൂ. അങ്ങനെയായിരുന്നുവെങ്കില്‍ കുറച്ചു കൂടി ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു.

സ്‌പീഡ്‌ കുറയ്‌ക്കാന്‍ ക്യാപ്‌റ്റന്‍ സ്‌മിത്ത്‌ തയാറാകാതിരുന്നതിന്റെ പുറകില്‍ കപ്പലില്‍ ഉണ്ടായിരുന്ന വൈറ്റ്‌ സ്റ്റാര്‍ കമ്പനിയുടെ ചെയര്‍മാന്‍ ബ്രൂസ്‌ ഇസ്‌മെയുടെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്ന ആരോപണം ആ കാലത്ത്‌ ശക്തമായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിലും അമേരിക്കയിലും നടത്തിയ അന്വേഷണത്തില്‍ ബ്രൂസ്‌ ഇസ്‌മെ കുറ്റവിമുക്തനാക്കപ്പെടുകയാണ്‌ ചെയതത്‌. കാരണം അദ്ദേഹത്തിനെതിരെ വ്യക്തമായ തെളിവുകളില്ലായിരുന്നു.

20 നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ നിന്നും ഫ്രാന്‍സില്‍ നിന്നും അയര്‍ലണ്ടില്‍ നിന്നും സ്‌കാഡിനേവിയന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്ക്‌ വലിയ കുടിയേറ്റം നടന്നിരുന്ന കാലമായിരുന്നു. ആ കാലത്ത്‌ ഇംഗ്ലണ്ടില്‍ നിന്നും പുറപ്പെടുന്ന കപ്പലുകള്‍ 8 ദിവസം കൊണ്ടാണ്‌ ന്യൂയോര്‍ക്കില്‍ എത്തിയിരുന്നത്‌. അന്ന്‌്‌ കപ്പല്‍ ഗതാഗതമായിരുന്നു പ്രധാനമായും ദീര്‍ഘ ദൂര യാത്രകള്‍ക്ക്‌ ഉപയോഗിച്ചിരുന്നത്‌. ഇംഗ്ലണ്ടിലെ ഷിപ്പിംഗ്‌ വൈറ്റ്‌ സ്റ്റാര്‍ കമ്പനിയുടെ പ്രധാന ശത്രുക്കള്‍ അമേരിക്കന്‍ ജര്‍മ്മന്‍ കമ്പനികള്‍ ആയിരുന്നു അതുകൊണ്ടു തന്നെ വൈറ്റ്‌ സ്റ്റാര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടൈറ്റാനിക്‌ 8 ദിവസത്തിന്‌ മുമ്പ്‌ ഇംഗ്ലണ്ടില്‍ നിന്നും അമേരിക്കയിലെത്തിയാല്‍ ഷിപ്പിംഗ്‌ രംഗത്ത്‌ വൈറ്റ്‌ സ്റ്റാര്‍ കമ്പനിക്ക്‌ കിട്ടുന്ന മുന്‍തൂക്കം വളരെ വലുതായിരുന്നു അതു കൊണ്ട്‌ കപ്പല്‍ യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ചെയര്‍മാന്‍ ബ്രൂസ്‌ ഇസ്‌മെ സ്‌പീഡില്‍ കപ്പല്‍ ഓടിക്കാന്‍ ക്യാപ്‌റ്റനെ നിര്‍ബന്ധിച്ചിരുന്നു. ഇതാണ്‌ ഈ ആരോപണത്തിന്റെ പുറകിലെ കാതല്‍ അതാണ്‌ ദുരന്തത്തിന്റെ കാരണമെങ്കില്‍ മനുഷ്യന്റെ ലാഭകൊതിയാണ്‌ ഈ ദുരന്തത്തിന്റെ പുറകില്‍.

ടൈറ്റാനിക്‌ അപകടത്തില്‍പെട്ട സമയത്ത്‌ അര മണിക്കൂര്‍ അകലെ എസ്‌എസ്‌ കാലിഫോര്‍ണിയ എന്ന കപ്പലുണ്ടായിരുന്നു. ടൈറ്റാനിക്കില്‍ നിന്നും അപകടം അറിയിച്ചു കൊണ്ട്‌ കത്തിച്ചു വിട്ട റോക്കറ്റുകള്‍ കണ്ട്‌ കപ്പലില്‍ വെടിക്കൊട്ടാഘോഷങ്ങള്‍ നടക്കുന്നതായിരിക്കുമെന്ന്‌ കാലിഫോര്‍ണിയായുടെ ക്യാപ്‌റ്റന്‍ തെറ്റിദ്ധരിച്ചതുകൊണ്ടും ടെലഗ്രാഫ്‌ ബന്ധം മുറിഞ്ഞു പോയതുകൊണ്ടും അവര്‍ അപകട സ്ഥലത്തേയ്‌ക്ക്‌ എത്തിയില്ല. അവര്‍ എത്തിയിരുന്നു എങ്കില്‍ ഒരു പക്ഷെ മുഴുവന്‍ അളുകളേയും രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞേനെ. 4 മണിക്കൂറുകള്‍ക്ക്‌ ശേഷം എത്തിയ ആര്‍എംഎസ്‌ കാര്‍പാത്തിയ എന്ന കപ്പല്‍ ലൈഫ്‌ ബോട്ടിലുള്ളവരെ രക്ഷപ്പെടുത്തി 4 ദിവസങ്ങള്‍ക്ക്‌ ശേഷം ന്യൂയോര്‍ക്കില്‍ എത്തിക്കുകയാണ്‌ ചെയത്‌. രക്ഷപെട്ട്‌ എത്തിയവരെ സഹായിക്കാന്‍ ഒട്ടേറെ സംഘടനകള്‍ രംഗത്ത്‌ വന്നു. അവര്‍ വസ്‌ത്രങ്ങളും ബാഗുകളുമൊക്കെ സംഘടിപ്പിച്ച്‌ രക്ഷപെട്ട്‌ എത്തിയവരെ സഹായിച്ചു. അപകടം നടന്ന സമയത്ത്‌ 9 ആഴ്‌ച മാത്രം പ്രായമുണ്ടായിരുന്ന കുട്ടിയും ഏറ്റവും അവസാനം വരെ ടൈറ്റാനിക്കില്‍ നിന്നും രക്ഷപ്പെട്ട്‌ ജീവിച്ചിരുന്നതുമായ മില്‍വെയ്‌ന്‍ ഡീന്‍ അവസാനകാലത്ത്‌ ഇംഗ്ലണ്ടിലെ ഹോംഷയര്‍ കെയര്‍ ഹോമില്‍ പണമടയ്‌ക്കാന്‍ നിവൃത്തിയില്ലാതെ ന്യൂയോര്‍ക്കിലെ ജനങ്ങള്‍ അവര്‍ക്ക്‌ നല്‍കിയ പെട്ടി ലേലത്തിന്‌ വച്ചപ്പോള്‍ അത്‌ ഒരു വലിയ വാര്‍ത്തയായിരുന്നു. 2009 ലുണ്ടായ അവരുടെ മരണത്തോടുകൂടി ടൈറ്റാനിക്കുമായി നേരിട്ടു ബന്ധമുണ്ടായിരുന്ന ആരും ഭൂമിയില്‍ ഇല്ലാതായിതീര്‍ന്നു.

ഒട്ടേറെ ആഡംബര സൗകര്യങ്ങള്‍ ടൈറ്റാനിക്കില്‍ ക്രമീകരിച്ചിരുന്നു. ഫൈവ്‌ സ്റ്റാര്‍ ഹോട്ടല്‍, നീന്തല്‍ കുളം, ലൈബ്രറി എല്ലാ മുറികളിലും ടെലഫോണ്‍ സൗകര്യം എന്നിവയൊക്കെ ഈ കപ്പലിന്റെ പ്രത്യേകതകളായിരുന്നു. ഒന്നും രണ്ടും മൂന്നും ക്ലാസുകളായി തിരിച്ചിരുന്ന കപ്പലില്‍ ഒന്നാം ക്ലാസില്‍ താമസിച്ചിരുന്ന എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം റൂമുകളും മറ്റു സൗകര്യങ്ങളും ക്രമീകരിച്ചിരുന്നു. രണ്ടും മൂന്നും ക്ലാസുകളില്‍ അത്രയേറെ സൗകര്യങ്ങള്‍ ഉണ്ടായിരുന്നിവ്വ. യാത്രക്കാരില്‍ അമേരിക്കയിലെ കോടിശ്വരന്‍ ജോണ്‍ ജേക്കബ്‌ ആസ്റ്റര്‍ ഉള്‍പ്പെടെ ഒട്ടേറെ വലിയ വ്യക്തികള്‍ ഉണ്ടായിരുന്നു. അവരെല്ലാം ധീരമായി മരണത്തെ പുല്‍കി. രക്ഷപെട്ടിട്ട്‌ ലൈഫ്‌ ബോട്ടില്‍ കയറിയവര്‍ അവസാനത്തെ ലൈഫ്‌ബോട്ട്‌ മുന്‍പോട്ട്‌ കുതിച്ചപ്പോള്‍ ടൈറ്റാനിക്കില്‍ നിന്നും മൈ ഗോഡ്‌ ടു ദെയര്‍ എന്ന പാട്ടു കേള്‍ക്കാമായിരുന്നു എന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

രക്ഷപെട്ടവരില്‍ ഏറ്റവും പ്രമുഖന്‍ വൈറ്റ്‌ സ്റ്റാര്‍ കമ്പനി ചെയര്‍മാന്‍ ബ്രൂസ്‌ ഇസ്‌മെ ആയിരുന്നു ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും പത്രങ്ങള്‍ അദ്ദേഹത്തെ വിളിച്ചത്‌ `ലോകം കണ്ട വലിയ ഭീരു എന്നായിരുന്നു. ആ ദുരന്തത്തിനു ശേഷം സാമൂഹികമായി ഒറ്റപ്പെട്ട അദ്ദേഹം വൈറ്റ്‌ സ്റ്റാര്‍ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ടു. ലിവര്‍പൂളിനോടടുത്തുള്ള ക്രോസ്‌ബികാരനായിരുന്നു അദ്ദേഹം.

1912 - ഏപ്രില്‍ 10 തീയതി ഇംഗ്ലണ്ടിലെ സൗത്താംപ്‌റ്റണില്‍ നിന്നും യാത്ര തുടങ്ങി ഫ്രാന്‍സില്‍ നിന്നും അയര്‍ലണ്ടില്‍ നിന്നും യാത്രക്കാരെ കയറ്റി 4 ദിവസം കൊണ്ട്‌ 2197 മൈല്‍ യാത്ര ചെയ്‌ത്‌ 1912 ഏപ്രില്‍ 14 തീയതി രാത്രി 11. 40 ന്‌ ടൈറ്റാനിക്‌ ഐസ്‌കട്ടയില്‍ ഇടിച്ച്‌ രണ്ടര മണിക്കൂര്‍ കൊണ്ട്‌ കപ്പല്‍ പൂര്‍ണമായും മുങ്ങിപ്പോവുകയാണ്‌ ചെയ്‌തത്‌.

ടൈറ്റാനിക്‌ കണ്ടെത്തുന്നതിന്‌ വേണ്ടി ഒട്ടേറെ ശ്രമങ്ങള്‍ നടത്തിയെങ്കിലും 1985 - ല്‍ അമേരിക്കന്‍ സമുദ്ര നിരീക്ഷകനായ ഡോക്‌ടര്‍ റോബര്‍ട്ട്‌ ബല്ലാര്‍ഡ്‌ സമുദ്ര നിരപ്പില്‍ നിന്നും 12,000 അടി ആഴത്തില്‍ ടൈറ്റാനിക്‌ കണ്ടെത്തുകയായിരുന്നു. മുങ്ങിയ സ്ഥലത്തു നിന്നു 25 മൈല്‍ അകലെയാണ്‌ ടൈറ്റാനിക്‌ കണ്ടെത്തിയത്‌. 25 മൈലിനുള്ളില്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ ടൈറ്റാനിക്കിന്റെ അവശിഷ്‌ടങ്ങള്‍ ചിതറിക്കിടപ്പുണ്ട്‌ അങ്ങനെ കണ്ടെത്തി ശേഖരിച്ച ചില അവശിഷ്‌ടങ്ങളും രക്ഷപ്പെട്ടു വന്ന ഒരാളുടെ ലൈഫ്‌ ജാക്കറ്റും ലിവര്‍പൂളില്‍ മറൈന്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്‌്‌. ടൈറ്റാനിക്കിന്റെ 100 - വാര്‍ഷികത്തിനോടനുബന്ധിച്ച്‌ ടൈറ്റാനിക്കിനെ സംബന്ധിച്ചുള്ള ഒരു എക്‌സിബിഷനും മ്യൂസിയത്തില്‍ ക്രമീകരിച്ചിട്ടുണ്ട്‌.

വൈറ്റ്‌ സ്റ്റാര്‍ കമ്പനിയുടെ ഹെഡ്‌ കോര്‍ട്ടേര്‍സ്‌ വ്യത്യസങ്ങളൊന്നുമില്ലാതെ ഇന്നും ലിവര്‍പൂളിലെ ആല്‍ബര്‍ട്ട്‌ ഡോക്കില്‍ നിലനില്‍ക്കുന്നു. ഒട്ടേറെ നിലകളുള്ള ഈ കെട്ടിടത്തില്‍ ഇന്ന്‌ ഒരു സ്ഥാപനവും പ്രവര്‍ത്തിക്കുന്നില്ല. രക്ഷപെട്ടവരുടെ വിവരങ്ങളറിയാന്‍ തടിച്ചു കൂടിയവരുടെ നടുവിലേക്ക്‌ രക്ഷപെട്ടവരുടെ വിവരങ്ങള്‍ കിട്ടുന്നതനുസരിച്ച കടലാസില്‍ എഴുതി ചുരുട്ടി ഈ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും ചുരുട്ടി താഴത്തേക്ക്‌ എറിഞ്ഞ്‌ കൊടുക്കുകയാണ്‌ ചെയ്‌തത്‌.

കപ്പലില്‍ ഉണ്ടായിരുന്ന 2228 പേരില്‍ 705 പേര്‍ മാത്രമാണ്‌ രക്ഷപ്പെട്ടത്‌. ചരിത്രത്തിലെ ഏറ്റവും വലിയ കപ്പല്‍ ദുരന്തം കഴിഞ്ഞിട്ട്‌ 100 വര്‍ഷം പിന്നിടുമ്പോഴും ടൈറ്റാനിക്കിന്റെ ദുരന്തം ചരിത്രകുതുകികള്‍ക്ക്‌ ഇന്നും ഒരു ആവേശമായി നിലനില്‍ക്കുന്നു.
ഏപ്രില്‍ 14: ടൈറ്റാനിക്ക്‌ ദുരന്തത്തിന്‌ 100 വയസ്സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക