Image

വി.എസിന്‌ പടിയിറക്കം

ജി.കെ Published on 09 April, 2012
വി.എസിന്‌ പടിയിറക്കം
ഒടുവില്‍ രാഷ്‌ട്രീയ കേരളം കാത്തിരുന്ന ആ ആകാംക്ഷയ്‌ക്ക്‌ അറുതിയായി. വേലിക്കകത്ത്‌ ശങ്കരന്‍ അച്യുതാനന്ദനെ പാര്‍ട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ്‌ ബ്യൂറോയക്ക്‌ പുറത്തു തന്നെ നിര്‍ത്താന്‍ സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്‌ തീരുമാനിച്ചു. സംസ്ഥാന ഘടകത്തിന്റെ എതിര്‍പ്പിനെ മറികടന്ന്‌ സിപിഎമ്മില്‍ അവശേഷിച്ചിരിക്കുന്ന ഏറ്റവും ജനകീയ നേതാവും ഏറ്റവും മുതിര്‍ന്ന നേതാവുമായ വി.എസ്‌ അച്യുതാനന്ദന്‌ മുന്നില്‍ പിബിയുടെ വാതില്‍ തുറക്കാന്‍ കേന്ദ്ര നേതൃത്വത്തിനും ചങ്കൂറ്റമുണ്‌ടായില്ല.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിവസം ഉച്ചയോടെ പ്രതിനിധി സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പുതിയ പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളുടെയും കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും പേരുകള്‍ ഉറക്കെ പ്രഖ്യാപിക്കുമ്പോള്‍ പ്രസീഡിയത്തിനു താഴെ പ്രതിനിധി സദസ്സില്‍ ഏറ്റവും മുന്‍ നിരയില്‍ ഇട്ടിരുന്ന ഒരേയൊരു കസേരയില്‍ കണ്ണടച്ചിരുന്ന്‌ യാതൊരു ഭാവപ്രകടനങ്ങളുമില്ലാതെ വി.എസ്‌ അച്യുതാനദന്‍ അതു കേട്ടിരുന്നൂ. സ്‌ഥിരം ക്ഷണിതാക്കളായി പ്രഖ്യാപിക്കപ്പെട്ട രണ്ടു പേരുകളിലും പ്രത്യേക ക്ഷണിതാക്കളായ മൂന്ന്‌ പേരുകളിലും വി.എസ്‌ അച്യുതാനന്ദന്‍ എന്ന പേര്‌ ഉള്‍പ്പെട്ടിട്ടില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതോടെ സമാപന സമ്മേളനത്തിന്‌ കാക്കാതെ വി.എസ്‌ സദസ്‌ വിട്ടു. തിരുവനന്തപുരത്തെ തനിക്ക്‌ മാത്രം അറിയാവുന്ന അടിയന്തര യോഗത്തില്‍ പങ്കെടുക്കാന്‍.

വി.എസിനെ പോളിറ്റ്‌ ബ്യൂറോയില്‍ തിരിച്ചെടുക്കുമെന്ന്‌ ഒരുപക്ഷെ അദ്ദേഹം പോലും കരുതികാണില്ല. അതുകൊണ്‌ടുതന്നെ പ്രകാശ്‌ കാരാട്ട്‌ വായിച്ച പേരുകള്‍ വിഎസില്‍ ആകാംക്ഷയോ ആശങ്കയോ ഉണ്‌ടാക്കിയട്ടുമുണ്‌ടാവില്ല. എങ്കിലും 1985മുതല്‍ പോളിറ്റ്‌ ബ്യൂറോയില്‍ അംഗമായിരുന്ന ഒരു സഖാവിനെ അച്ചടക്ക നടപടിയുടെ പേരില്‍ പുറത്താക്കുകയും പിന്നീട്‌ പുറത്തു തന്നെ നിര്‍ത്തുകയും ചെയ്യുന്നത്‌ അദ്ദേഹത്തിനുമേല്‍ ആരോപിക്കപ്പെട്ടിരുന്ന കുറ്റം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതിന്റെ കൂടി പ്രഖ്യാപനമാണ്‌. 1964ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന്‌ ഇറങ്ങിപ്പോരാനും സിപിഎമ്മിന്‌ രൂപം നല്‍കാനുമെല്ലാം കൂടെയുണ്‌ടായിരുന്ന മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവിന്‌ നല്‍കിയ ഔദാര്യം പോലെ ഒരു പ്രത്യേക ക്ഷണിതാവ്‌ പദവിയെങ്കിലും പോളിറ്റ്‌ ബ്യൂറോയില്‍ വി.എസ്‌.അര്‍ഹിച്ചിരുന്നുവെന്ന കാര്യത്തില്‍ രണ്‌ടുതരമില്ല.

ഒരര്‍ഥത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനസമ്മേളനത്തിന്‌ നില്‍ക്കാതെയുള്ള ഈ തിരിച്ചുപോക്ക്‌ അധികാരവഴിയില്‍ നിന്നുള്ള വി.എസിന്റെ പിന്‍നടത്തമായികൂടി കണക്കാക്കാവുന്നതാണ്‌. പാര്‍ട്ടിയിലായാലും സര്‍ക്കാരിലായാലും എന്നും അധികാരത്തെ ആവോളം ആസ്വദിച്ച ഒരു സഖാവിന്റെ പിന്‍നടത്തം. 1980 മുതല്‍ 1992വരെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായും 1985 മുതല്‍ പോളിറ്റ്‌ ബ്യൂറോ അംഗമായും 1991 മുതല്‍ 1996വരെയും 2001 മുതല്‍ 2006വരെയും പ്രതിപക്ഷ നേതാവായും 2006 മുതല്‍ 2011 വരെ മുഖ്യമന്ത്രിയായുമെല്ലാം പാര്‍ട്ടിയിലാലായും ഭരണത്തിലായാലും അധികാരത്തിന്റെ ഇടനാഴികളില്‍ എന്നും വി.എസ്‌ എന്ന രണ്‌ടക്ഷരമുണ്‌ടായിരുന്നു. ഇനി അധികാരത്തിന്റെ ചിഹ്നങ്ങള്‍ ഓരോന്നായി വി.എസില്‍ നിന്ന്‌ എടുത്തുമാറ്റപ്പെടുമെന്നതിന്റെകൂടി പ്രഖ്യാപനമാണ്‌ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നത്‌.

സംസ്ഥാനഘടത്തിനെതിരായ പോരാട്ടത്തില്‍ എന്നും താങ്ങും തണലുമായി നിന്നിട്ടുള്ള കേന്ദ്ര നേതൃത്വം ആവതുശ്രമിച്ചിട്ടും സംസ്ഥാന നേതൃത്വത്തിന്റെ കടുംപിടുത്തത്തില്‍ പി.ബി.പ്രവേശനം അസാധ്യമായതോടെ സിപിഎമ്മിനകത്തും വി.എസ്‌.എന്ന രണ്‌ടക്ഷരത്തിന്റെ തണല്‍ ചേര്‍ന്നു നില്‍ക്കാന്‍ ഇനി അധികമാരും ഉണ്‌ടാവില്ല. ഔദ്യോഗികനേതൃത്വം ആവതും ശ്രമിച്ചിട്ടും നഷ്‌ടമാകാതിരുന്ന കേന്ദ്ര കമ്മിറ്റി അംഗത്വവും പിന്നെ തല്‍ക്കാലത്തേക്കെങ്കിലും പ്രതിപക്ഷ നേതാവും മാത്രമായി വി.എസ്‌.ചുരുങ്ങും. ഭൂമിദാനക്കേസില്‍ യുഡിഎഫ്‌ സര്‍ക്കാര്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ പിന്നെ പ്രതിപക്ഷ നേതാവെന്ന അലങ്കാരവും വി.എസിനുണ്‌ടാവില്ല. അത്‌ വിഎസ്‌ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതുമാണ്‌.

അധികാരങ്ങളോ പദവികളോ ഇല്ലെങ്കിലും പഴയതുപോലെ തന്നെ മുന്നോട്ടുപോകുമെന്ന്‌ വി.എസ്‌ സമ്മേളനസ്ഥലത്തുവെച്ച്‌ തന്നെ പ്രഖ്യാപിച്ചിട്ടുണ്‌ടെങ്കിലും അതത്ര എളുപ്പമാവില്ലെന്ന്‌ അദ്ദേഹത്തിന്‌ നല്ലപോലെ അറിയാം. പാര്‍ട്ടി അച്ചടക്കതിന്റെ വാള്‍ അദ്ദേഹത്തിനെതിരെ പ്രയോഗിക്കുക എന്നത്‌ സംസ്ഥാന നേതൃത്വത്തെ സംബന്ധിച്ച്‌ ഇനി കൂടുതല്‍ എളുപ്പമാകും. പി.ബിയില്‍ തിരിച്ചെടുത്താല്‍ വി.എസ്‌ നടത്തുന്ന അച്ചടക്കലംഘനങ്ങളുടെ കൂടി ഉത്തരവാദിത്തം ചുമക്കേണ്‌ടിവരുമെന്ന ഭയവും അദ്ദേഹത്തെ തിരിച്ചെടുക്കുന്നതില്‍ നിന്ന്‌ കേന്ദ്ര നേതൃത്വത്തെ പിന്തിരിപ്പിച്ചിരിക്കാം.

എന്തൊക്കെയായാലും പി.ബിയില്‍ നിന്നൊഴിവാക്കിയതുകൊണ്‌ടുമാത്രം വിഎസിനെക്കൊണ്‌ടുള്ള ശല്യം അവസാനിച്ചുവെന്ന്‌ കരുതാന്‍ മാത്രം വിഡ്ഡികളല്ല സംസ്ഥാനത്തെ ഔദ്യോഗികപക്ഷം. കാരണം അധികാരമുള്ള വി.എസിനെക്കാള്‍ എപ്പോഴും ഭയക്കേണ്‌ടത്‌ അധികാരമില്ലാത്ത വി.എസിനെയാണെന്ന്‌ അവര്‍ക്ക്‌ നല്ലപോലെ അറിയാം. മുഖ്യമന്ത്രിയായിരുന്ന വി.എസിനെക്കാള്‍ കേരളം ഇഷ്‌ടപ്പെട്ടതും ഔദ്യോഗികപക്ഷം ഭയപ്പെട്ടതും പ്രതിപക്ഷ നേതാവായിരുന്ന വി.എസിനെയായിരുന്നുവെന്നതും ഇവിടെ ഓര്‍ക്കാം. അധികാരവും പദവിയും നഷ്‌ടമാവുമ്പോള്‍ പോരാട്ടത്തിനായി പുതിയ പോര്‍മുഖങ്ങള്‍ തുറക്കുക എന്നത്‌ വി.എസിന്റെ ശൈലിയുമാണ്‌്‌. എന്നാല്‍ ഇനിയൊരു പോരാട്ടത്തിനുള്ള ബാല്യം വിഎസില്‍ അവശേഷിക്കുന്നില്ലെന്ന തിരച്ചറിവിലാണ്‌ ഔദ്യോഗികപക്ഷം വിഎസിനെ കേന്ദ്ര കമ്മിറ്റിയില്‍ നിന്നുകൂടി ഒഴിവാക്കണമെന്ന്‌ ശക്തിയുക്തം വാദിച്ചതെന്ന്‌ വ്യക്തം.

എന്നാല്‍ പോരാട്ടം തുടങ്ങുന്നതേയുള്ളൂ എന്ന പ്രഖ്യാപനത്തോടെ വി.എസ്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ വേദിവിട്ടത്‌ പോളിറ്റ്‌ബ്യൂറോ അംഗങ്ങളുടെ ലിസ്റ്റില്‍ നിന്ന്‌ തന്റെ പേരുവെട്ടിയ സംസ്ഥാന നേതൃത്വത്തോടും അതിനെ ചോദ്യം ചെയ്യാതിരുന്ന കേന്ദ്രനേതൃത്വത്തോടുമുള്ള സമരപ്രഖ്യാപനം തന്നെയാണ്‌ പൊതുസമ്മേളനത്തില്‍ കാഴ്‌ചക്കാരനായി പങ്കെടുക്കാതെയുള്ള വി.എസിന്റെ തിരിച്ചുപോക്ക്‌. ഈ പിന്‍നടത്തത്തിന്‌ എത്രമാത്രം ശക്തിയുണ്‌ടാവുമെന്ന്‌ വരുംദിവസങ്ങള്‍ തെളിയിക്കും.

പാര്‍ട്ടിയുടെ എല്ലാവിധ നിര്‍ബന്ധങ്ങളും അവഗണിച്ച്‌ പിബിയില്‍ നിന്നും സിസിയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെടുകയും കോഴിക്കോട്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ ബഹിഷ്‌ക്കരിച്ച്‌ പാര്‍ട്ടി നേതൃത്വത്തെ വെട്ടിലാക്കുകയും ചെയ്‌ത ബുദ്ധദേവ്‌ ഭട്ടാചാര്യയെന്ന മുന്‍ മുഖ്യമന്ത്രിയെ ബംഗാള്‍ നേതൃത്വത്തിന്റെ നിര്‍ബന്ധത്തില്‍ ഇരുകമ്മിറ്റികളിലും നിലനിര്‍ത്താന്‍ കേന്ദ്ര നേതൃത്വം നിര്‍ബന്ധിതമായപ്പോഴാണ്‌ കേരളാ നേതൃത്വത്തിന്റെ നിര്‍ബന്ധബുദ്ധിയില്‍ വി.എസ്‌ എന്ന മറ്റൊരു മുന്‍ മുന്‍മുഖ്യനെ പിബിയില്‍ നിന്നൊഴിവാക്കി നിര്‍ത്തിയതെന്നത്‌ കോഴിക്കോര്‍ട്‌ പാര്‍ട്ടി കോണ്‍ഗസിലെ എറ്റവും വലിയ വിരോധാഭാസമായി അവശേഷിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക