Image

അഞ്ചാം മന്ത്രിയും തമ്മില്‍ തല്ലും (ജോസ്‌ കാടാപുറം )

കാടാപുറം Published on 08 April, 2012
അഞ്ചാം മന്ത്രിയും തമ്മില്‍ തല്ലും (ജോസ്‌ കാടാപുറം )
പത്താം മാസത്തിലെത്തിയിരിക്കുന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്‌ക്ക്‌ ഇപ്പോള്‍ പത്തിന്റെ പ്രതിസന്ധിയിലാണെന്ന്‌ പറഞ്ഞാല്‍ അതിശയോക്തിയില്ല. തുടക്കത്തില്‍ കേട്ടുതുടങ്ങിയതാണ്‌ ലീഗന്റെ അഞ്ചാം മന്ത്രിയുടെ അരങ്ങേറ്റം. നാല്‌ മന്ത്രിമാര്‍ ആരൊക്കെയാണെന്നോ അവര്‍ ആടുന്ന നൃത്തം ഏതൊക്കെയാണെന്നോ സാധരണ ജനങ്ങള്‍ക്ക്‌ ഒരു പിടുത്തവുമില്ല. കാണാന്‍ കൊള്ളാവുന്ന നൃത്തം കാഴ്‌ചവെയ്‌ക്കുന്ന ഒരു മന്ത്രിപോലും ഭാഗ്യത്തിന്‌ ഉമ്മന്‍ചാണ്ടിയുടെ കൂട്ടത്തിലില്ലെന്നുള്ളത്‌ കാഴ്‌ചക്കാരെ തെല്ലൊന്നുമല്ല അലോരസപ്പെടുത്തുന്നത്‌.

ഇനിയിപ്പോള്‍ ലീഗിനു പകരം വെള്ളാപ്പള്ളിയുടേയോ, സുകുമാരന്‍ നായരുടേയോ ഒരു മന്ത്രി വന്നാല്‍ ഭരണം മെച്ചപ്പെടുമോ? പക്ഷെ ഒരു ഭൂരിപക്ഷ മന്ത്രിസഭയാണെന്ന്‌ ആശ്വസിക്കാം. ഇതിനിടയില്‍ ഭരണം നിലനിര്‍ത്താന്‍ ആരോട്‌ കൂട്ടുകൂടുവാനും കാല്‌ കഴുകി വെള്ളം കുടിക്കാനും ചാണ്ടി റെഡി.

ഇപ്പോള്‍ പ്രശ്‌നം ഇതൊന്നുമല്ല. കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന പി.സി. ചാക്കോയുടെ നിര്‍ബന്ധത്തിന്‌ ശക്തി കൂടിവരികയും കാര്‍ത്തികേയന്‍ താത്‌പര്യത്തോടെ കാത്തിരിക്കുകയുമാണ്‌. മന്ത്രിസ്ഥാനമല്ലാതെ മറ്റൊന്നും വേണ്ടെന്ന്‌ പാണക്കാട്ടുനിന്നും വാര്‍ത്ത വന്നുകഴിഞ്ഞു. കാര്‍ത്തികേയന്‍ കെ.പി.സി.സി പ്രസിഡന്റാകാന്‍ ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക്‌ താത്‌പര്യം. ഇതിനിടെ പി.പി. തങ്കച്ചന്‍ ലീഗിന്‌ അഞ്ചാം മന്ത്രിയില്ലെന്ന്‌ അറിയിച്ചപ്പോള്‍ ഷാനവാസ്‌ പറഞ്ഞത്‌ അഞ്ചിന്‌ ആറ്‌ മന്ത്രിയായാലും കുഴപ്പമില്ലെന്നാണ്‌. ഇങ്ങനെയുള്ളപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഭാവി അവതാളത്തിലാണെന്ന്‌ ആര്യാടന്‍. ഇതിനിടയില്‍ മുരളീധരന്റെ അഭിപ്രായം ജനാധിപത്യപരമാണെന്ന്‌ രവി. രവിക്ക്‌ മുരളിയോട്‌ കമ്പം, ചെന്നിത്തലയോട്‌ പിണക്കം.
ഉടനെ സുധീരന്‍ പറഞ്ഞത്‌ തര്‍ക്കം തുടര്‍ന്നാല്‍ പിറവത്ത്‌ കിട്ടിയ ഗ്ലാമര്‍ നെയ്യാറ്റിന്‍കരയില്‍ പോകുമെന്നാണ്‌. ഓശാന പാടിയ പിറവത്തുകാര്‍ ഉമ്മന്‍ചാണ്ടിയെ ക്രൂശിലേറ്റാന്‍ തയാറായിക്കഴിഞ്ഞു. ഇനിയും അനൂപിനെ മന്ത്രിയാക്കിയില്ലെങ്കില്‍ അത്‌ ഉടന്‍ ഉണ്ടാകും. ഇതിനിടെ കാര്‍ത്തികേയനും, വയലാര്‍ രവിയും തൈക്കാട്‌ ഗസ്റ്റ്‌ ഹൗസില്‍ കരിമീന്‍ പൊള്ളിച്ചതും, ചേര്‍ത്തലയില്‍ നിന്നുള്ള താറാവ്‌ ഇറച്ചിയും കഴിച്ച്‌ പിരിഞ്ഞു. ഒറ്റ ലക്ഷ്യമേ ഇവര്‍ക്കുള്ളൂ. ചെന്നിത്തലയെ കെ.പി.സി.സി പ്രസിഡന്റ്‌ സ്ഥാനത്തുനിന്നും മാറ്റുക. പകരം കാര്‍ത്തിയേകനെ കയറ്റുക. വേണ്ടിവന്നാല്‍ സാക്ഷാല്‍ പൂഞ്ഞാറുകാരന്‍ ജോര്‍ജിനെ ഇറക്കുമെന്ന്‌ പി.സി. ചാക്കോ. ഉപ മുഖ്യമന്ത്രിസ്ഥാനം വെറും അലങ്കാരമാണെന്ന്‌ മുരളീധരന്‍ പറഞ്ഞപ്പോള്‍ ചെന്നിത്തല പ്രതികരിച്ചത്‌ താന്‍ സ്ഥിരം കോണ്‍ഗ്രസ്‌ അദ്ധ്യക്ഷനാണെന്നാണ്‌.
അപ്പോള്‍ അതാ ലീഗ്‌ കോട്ടയ്‌ക്കലില്‍ ബിരിയാണി കഴിച്ചപ്പോള്‍ ഉറപ്പിച്ചത്‌ വീണ്ടും അഞ്ചാം മന്ത്രി. ഇതോടെ ഉമ്മന്‍ചാണ്ടി ഈസ്റ്റര്‍ സന്ദേശം കൊടുക്കാന്‍ മറന്നു. പകരം ഒരു മണിക്കൂര്‍ പവര്‍ കട്ട്‌ കേരളത്തിലെ ജനങ്ങള്‍ക്ക്‌ കൊടുത്തു. പകരം വിശുദ്ധനായ നല്ല കുഞ്ഞൂഞ്ഞ്‌ തന്റെ വലതുവശത്തിരിക്കുന്ന കള്ളനെ മാത്രമല്ല എല്ലാ കള്ളന്മാര്‍ക്കും കക്കാന്‍ ഇരുട്ട്‌ അനുവദിച്ചു. പാവം അച്ചുമാമ്മന്‌ കള്ളന്മാര്‍ വോട്ട്‌ നല്‍കാതിരുന്നതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായി.
ഇറച്ചിക്കും പച്ചക്കറിക്കും ഈസ്റ്റര്‍നാളില്‍ തീപിടിച്ച വില. ഇതില്‍ പകരം കേരളത്തിന്‌ ഇനി എന്തുവേണം? കുതികാല്‍ വെട്ടിയും എം.എല്‍.എമാരെ വാങ്ങിയും ഭരണം അട്ടിമറിക്കില്ലെന്ന്‌ പിണറായി പറഞ്ഞത്‌ പിടിവള്ളിയായി മുഖ്യമന്ത്രിക്ക്‌. ഇദ്ദേഹത്തിന്റെ കരുണകൊണ്ട്‌ ഭരണത്തില്‍ തുടരുന്ന യു.ഡി.എഫിന്‌ അറിയാവുന്ന ഒരു കാര്യം അഴിമതി മാത്രമാണ്‌. എം.എല്‍.എമാരെ വിലയ്‌ക്കെടുത്ത്‌ ഭരണം നിലനിര്‍ത്താനും പണം മുടക്കി വോട്ട്‌ വാങ്ങാനും കഴിയുമെങ്കില്‍ എന്തിന്‌ ജനങ്ങളെ സേവിക്കണമെന്ന ആശയമാണ്‌ ഭരണപക്ഷത്തുള്ളവര്‍ക്ക്‌ ഉള്ള വെളിപാട്‌. കൂടാതെ അധികാരം കൈയ്യാളുന്ന എല്ലാ സമുദായ സംഘടനാ നേതാക്കള്‍ക്കും ചോദിക്കുന്നതെല്ലാം വാരിക്കോരി കൊടുത്തും ജീര്‍ണ്ണമായ ഒരു ജനാധിപത്യ നീതി നടപ്പില്‍ വരുത്തുകയാണ്‌ ഉമ്മന്‍ചാണ്ടി ചെയ്യുന്നത്‌.
അഞ്ചാം മന്ത്രിയും തമ്മില്‍ തല്ലും (ജോസ്‌ കാടാപുറം )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക