Image

പശ്ചിമ മേഖലയിലെ തുറമുഖങ്ങളുടെ വികസനത്തിന്‌ 1,500 കോടിയുടെ പദ്ധതി

Published on 09 April, 2012
പശ്ചിമ മേഖലയിലെ തുറമുഖങ്ങളുടെ വികസനത്തിന്‌ 1,500 കോടിയുടെ പദ്ധതി
അബൂദാബി: പശ്ചിമ മേഖലയിലെ അഞ്ച്‌ തുറമുഖങ്ങള്‍ വികസിപ്പിക്കാന്‍ 1,500 കോടിയുടെ പദ്ധതി. അബൂദബി പോര്‍ട്ട്‌സ്‌ കമ്പനിയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. മേഖലയിലെ മല്‍സ്യത്തൊഴിലാളികള്‍ക്കും ഇത്‌ ഏറെ പ്രയോജനപ്പെടും. അബൂദബി ശഹാമ തുറമുഖ വികസനത്തിനും നടപടി തുടങ്ങി.
സില, ഡല്‍മ, സര്‍ ബനിയാസ്‌, മുഖറഖ്‌, മിര്‍ഫ എന്നിവയാണ്‌ പശ്ചിമ മേഖലയിലെ തുറമുഖങ്ങള്‍. ഇവയുടെ വികസനത്തിനുള്ള വന്‍ പദ്ധതിയുടെ ആദ്യ ഘട്ടമാണ്‌ നടപ്പാക്കാന്‍ പോകുന്നത്‌. മിക്കവാറും ഈ വര്‍ഷാവസാനത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. സില, ഡല്‍മ എന്നിവിടങ്ങളിലാണ്‌ ഏറ്റവും വലിയ വികസനം. അബൂദബി അര്‍ബന്‍ പ്‌ളാനിങ്‌ കൗണ്‍സില്‍, ഗതാഗത വകുപ്പ്‌, പശ്ചിമ മേഖല വികസന സമിതി എന്നിവയും ഇതിനോട്‌ സഹകരിക്കും.

തുറമുഖങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം അനുബന്ധ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്‌. മറൈന്‍ വിഭാഗത്തിനും മറ്റും പുതിയ കെട്ടിടങ്ങളുണ്ടാകും. മല്‍സ്യത്തൊഴിലാളികള്‍ക്ക്‌ വളരെയേറെ പ്രയോജനം ലഭിക്കുന്ന വിധത്തിലാണ്‌ ആസൂത്രണം. മല്‍സ്യബന്ധന ബോട്ടുകള്‍ നിര്‍ത്തിയിടാനും മല്‍സ്യം സൂക്ഷിക്കാനും ലേല വില്‍പന നടത്താനും പ്രത്യേക സൗകര്യങ്ങളുണ്ടാകും. ഓരോ തുറമുഖത്തിന്‍െറയും 300 മീറ്റര്‍ ചുറ്റളവില്‍ വികസനമുണ്ടാകും.

സിലയില്‍ ഫിഷിങ്‌ ഹാര്‍ബര്‍, വാണിജ്യ തുറമുഖം എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട്‌. ഡല്‍മയിലും സര്‍ ബനിയാസിലും ബഹുമുഖ ആവശ്യത്തിനുള്ള തുറമുഖങ്ങളാണ്‌. മല്‍സ്യത്തൊഴിലാളികളുടെ സൗകര്യാര്‍ഥം സിലയില്‍ വി.ടി.എസ്‌ സ്ഥാപിച്ചിരുന്നു. മുഖറഖിലും വി.ടി.എസ്‌ ട്രാഫിക്‌ കണ്‍ട്രോള്‍ സംവിധാനമുണ്ട്‌. ഡല്‍മ ദ്വീപിനും മുഖറഖിനും ഇടയിലെ റൂട്ട്‌ യാത്രക്കാര്‍ക്ക്‌ കൂടുതല്‍ സൗകര്യപ്രദമാക്കും. വിനോദ സഞ്ചാര മേഖലയില്‍ വളര്‍ന്നുവരുന്ന സര്‍ ബനിയാസില്‍ പ്രധാനമായും ഈ ലക്ഷ്യത്തോടെയുള്ള വികസനമാണ്‌ നടക്കുന്നത്‌. അതേസമയം, മിര്‍ഫ മുഖ്യമായും മല്‍സ്യബന്ധന കേന്ദ്രീകൃതമാണ്‌.

വിശദമായ പഠനത്തിന്‌ ശേഷമാണ്‌ ഓരോ തുറമുഖത്തിന്‍െറയും വികസന രൂപരേഖ തയാറാക്കിയതെന്ന്‌ പോര്‍ട്ട്‌സ്‌ കമ്പനി വൈസ്‌ പ്രസിഡന്‍റ്‌ വലീദ്‌ അല്‍ തമീമി പറഞ്ഞു. ഓരോ സ്ഥലത്തെയും പ്രാദേശിക സാഹചര്യവും ആവശ്യങ്ങളും പ്രത്യേകം പരിഗണിച്ചു. വിനോദ സഞ്ചാര മേഖലക്ക്‌ വികസനം ഏറെ പ്രയോജനപ്പെടും. വിനോദ സഞ്ചാരികളുമായി കപ്പലുകള്‍ക്ക്‌ ഇവിടെ എത്താന്‍ സാധിക്കും. പശ്ചിമ മേഖലയില്‍ സമീപ കാലത്ത്‌ ഈ രംഗത്തുണ്ടായ മാറ്റങ്ങള്‍ക്ക്‌ ഇതോടെ ആക്കം കൂടും.

രണ്ടാം ഘട്ട വികസന പദ്ധതിക്ക്‌ പ്രാഥമിക പഠനങ്ങള്‍ തുടങ്ങിയിട്ടുണ്ട്‌. തുറമുഖങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍, ഭാവിയിലെ ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ടുള്ള മറ്റു നടപടികള്‍ എന്നിവ രണ്ടാം ഘട്ടത്തിലുണ്ടാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക