Image

വിവാഹം നിശ്ചയിച്ച യുവാവിന്റെ പാസ്‌പോര്‍ട്ട്‌ നഷ്‌ടപ്പെട്ടു

Published on 09 April, 2012
വിവാഹം നിശ്ചയിച്ച യുവാവിന്റെ പാസ്‌പോര്‍ട്ട്‌ നഷ്‌ടപ്പെട്ടു
മസ്‌കറ്റ്‌: ഈമാസം 20ന്‌ വിവാഹം നിശ്ചയിച്ച മലയാളി യുവാവിന്‍െറ പാസ്‌പോര്‍ട്ട്‌ ഒമാനിലെ ബുറൈമിയില്‍ നഷ്ടപ്പെട്ടു. പുതിയ പാസ്‌പോര്‍ട്ട്‌ ലഭിച്ച്‌ നാട്ടിലേക്ക്‌ പോകണമെങ്കില്‍ ഇനി 45 ദിവസമെങ്കിലും കാത്തിരിക്കണം. വിവാഹത്തിന്‌ ബാക്കിയുള്ളതാകട്ടെ 12 ദിവസവും.

ഒമാനില്‍ ട്രക്ക്‌ ഡ്രൈവറായി ജോലി ചെയ്യുന്ന കൊല്ലം തിരുമുല്ലാവാരം സ്വദേശി അഭിലാഷാണ്‌ (28) പാസ്‌പോര്‍ട്ട്‌ നഷ്ടപ്പെട്ടതോടെ എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുന്നത്‌. ഫലജിലെ അല്‍ഹുവൈത്‌ ട്രാന്‍സ്‌പോര്‍ട്ടിങ്‌ കമ്പനി ജീവനക്കാരാനായ അഭിലാഷ്‌ കഴിഞ്ഞദിവസം ചരക്കുമായി ഖത്തറിലേക്ക്‌ പോകാനായി അബൂദബി അതിര്‍ത്തിയായ സിലയിലെത്തിയതായിരുന്നു. ഈ സമയത്താണ്‌ വണ്ടിയിലെ ചരക്കുമായി ബന്ധപ്പെട്ട രേഖ വാഹനത്തിലില്ലെന്ന്‌ അറിയുന്നത്‌. രേഖ കണ്ടെടുക്കാനായി ട്രക്ക്‌ അതിര്‍ത്തിയിലിട്ട്‌ ഒമാന്‍ യു.എ.ഇ അതിര്‍ത്തിയായ ബുറൈമിയിലെത്തി. ഈ യാത്രയില്‍ ടാക്‌സിയിലാണ്‌ പാസ്‌പോര്‍ട്ട്‌ നഷ്ടപ്പെട്ടതെന്ന്‌ അഭിലാഷ്‌ പറയുന്നു. കൊല്ലം മയ്യനാട്‌ സ്വദേശിനി വിജിയുമായി ഈമാസം 20ന്‌ സോപാനം ഓഡിറ്റോറിയത്തിലാണ്‌ വിവാഹം നിശ്ചയിച്ചിരിക്കുന്നത്‌. പാസ്‌പോര്‍ട്ട്‌ നഷ്ടപ്പെട്ടെന്ന്‌ അറിഞ്ഞതോടെ ഹൃദ്രോഗിയായ ഇദ്ദേഹത്തിന്‍െറ പിതാവ്‌ കൃഷ്‌ണനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.

പാസ്‌പോര്‍ട്ട്‌ നഷ്ടപ്പെട്ടതോടെ വിവാഹത്തിന്‌ നാട്ടിലേക്കുള്ള യാത്രമാത്രമല്ല, ജോലി ആവശ്യാര്‍ഥം ട്രക്കില്‍ മറ്റ്‌ ഗള്‍ഫ്‌ രാജ്യങ്ങളിലേക്കുള്ള യാത്രയും മുടങ്ങിയിരിക്കുകയാണ്‌. തിരുവനന്തപുരത്ത്‌ ഇഷ്യൂ ചെയ്‌ത ദ 2205817 എന്ന പാസ്‌പോര്‍ട്ട്‌ കണ്ടുകിട്ടുന്നവര്‍ പൊലീസ്‌ സ്‌റ്റേഷനില്‍ ഏല്‍പിക്കുമെന്ന പ്രതീക്ഷയില്‍ സ്‌പോണ്‍സറോടൊപ്പമെത്തി ബുറൈമി പൊലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കി കാത്തിരുന്നു. പക്ഷെ, ഇതുവരെ പാസ്‌പോര്‍ട്ട്‌ കിട്ടിയതായി റിപ്പോര്‍ട്ട്‌ ലഭിച്ചില്ല. നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടിന്‌ പകരം പുതിയ പാസ്‌പോര്‍ട്ട്‌ നല്‍കണമെങ്കില്‍ നടപടിക്രമങ്ങള്‍ പാലിച്ച്‌ 45 ദിവസമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന്‌ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ പറയുന്നു. ഓരോ പാസ്‌പോര്‍ട്ട്‌ ഓഫീസിലും നിലവിലെ പാസ്‌പോര്‍ട്ട്‌ ബ്‌ളോക്‌ ചെയ്‌തുവേണം പുതിയ പാസ്‌പോര്‍ട്ട്‌ ഇഷ്യൂ ചെയ്യാന്‍. ഇതിന്‌ സമയമെടുക്കും. എന്നാല്‍, അടിയന്തിരഘട്ടത്തില്‍ നാട്ടില്‍ പോകാനായി യുവാവിന്‌ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്‌ നല്‍കാന്‍ കഴിയും. നാട്ടിലെത്തി പാസ്‌പോര്‍ട്ടിന്‌ അപേക്ഷിക്കേണ്ടി വരും. ഒമാനിലേക്ക്‌ വീണ്ടും തിരിച്ചുവരുന്നതിന്‌ വിസാ നടപടികളും പൂര്‍ത്തിയാക്കേണ്ടി വരുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, പുതിയ പാസ്‌പോര്‍ട്ടിനായി നടപടികള്‍ ആരംഭിക്കുന്നതിന്‌ മുമ്പേ തന്‍െറ കളഞ്ഞുപോയ പാസ്‌പോര്‍ട്ട്‌ തിരികെ ലഭിക്കണേ എന്ന പ്രാര്‍ഥനയിലാണ്‌ അഭിലാഷ്‌.

അഭിലാഷിന്‍െറ പാസ്‌പോര്‍ട്ട്‌ കണ്ടുകിട്ടുന്നവര്‍ 93765506 എന്ന നമ്പറില്‍ അറിയിക്കണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക