Image

തോന്നല്‍ (കവിത-രമ്യ തുറവൂര്‍)

Published on 04 December, 2018
തോന്നല്‍ (കവിത-രമ്യ തുറവൂര്‍)
എന്റെ കൂട്ടുകാരാ..
നിന്റെ പ്രണയത്താല്‍
എന്നെ
നനയ്ക്കാനാകില്ല
ഞാന്‍ എന്നേ കത്തിചാമ്പലായവള്‍. 

നീയെന്റെ ഹൃദയത്തിലേയ്ക്ക്
കയറാന്‍ നോക്കരുത്
അനേകം രഹസ്യലിപികള്‍ കൊത്തിവെച്ച
ഒരു തുരംഗമല്ലാതെ മറ്റൊന്നും കണ്ടെത്താനാകില്ല നിനക്കവിടെ

എന്റെ പാതകള്‍ പിന്‍തുടരരുത്
ഒരു ശബ്ദത്തെ കേള്‍വിയില്ലാത്തവനിലേയ്ക്ക്
തര്‍ജ്ജമ ചെയ്യുംപോലെ വ്യര്‍ത്ഥമാണത്.

നക്ഷത്രങ്ങള്‍,കടല്‍,ആകാശം,പൂക്കള്‍
എന്നീ സ്ഥിരം പ്രണയ വാചകങ്ങളുമായി
നീയെന്നെ ഉപമിയ്ക്കരുത്.. 

ഒരു മഞ്ഞുകാലത്തിന്റെ കൊക്കയില്‍
നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ
വലിച്ചെറിഞ്ഞതാണ്.

എന്റെ കണ്ണുകള്‍ വര്‍ണ്ണിക്കരുത് .
ചതിയില്‍പ്പെട്ടു മുങ്ങിച്ചത്ത
ഒരുനാവികന്റെ ആത്മാവ്
ഗതികിട്ടാതലയുന്നുണ്ടവിടെ.

ഒരു പുഴയേയും
എന്റ പേരുചേര്‍ത്ത് വിളിയ്ക്കരുത്
ഞാന്‍ നീന്തിക്കയറിയ
കൈവഴികളുടെ തീരത്തെവിടെയോ
എന്നേ അടക്കം ചെയ്തതാണ്.

നീ എവിടെയുമെന്നെ
തിരയേണ്ടതില്ല.
നിനക്കിപ്പോള്‍ മനസ്സിലായിക്കാണുമല്ലോ..
നീയും ഞാനും  കാണുന്ന ഞാന്‍
ഒരു തോന്നല്‍ മാത്രമാണെന്ന്..
Join WhatsApp News
Raghunathan Kolathur 2018-12-23 22:13:51
"നീയും ഞാനും കാണുന ഞാൻ ഒരു തോന്നൽ മാത്രമാണെന്ന് " പറയുന്ന കവി ശങ്കരാചാര്യരുടെ "ബ്രഹ്മ സത്യം ജഗദ് മിഥ്യ " എന്ന ചിന്തയുമായ് ജീവിക്കുന്നതിനാലാവും ഇങ്ങനെ എഴുതിയത്... ഭാവുകങ്ങൾ.. ആത്മ ദർശനം സാധ്യമാവും വരെ യാത്ര തുടരുക....
വിദ്യാധരൻ 2018-12-24 00:12:16
എഴുത്തു കണ്ടു നമ്മളാരും 
കഴുത്തു വച്ച് കൊടുക്കല്ലേ 
കഴുത്തു പോകും തെറിച്ചങ്ങ് 
കഴുത്തു പോയാൽ പിന്നെ 
അഴകില്ല കാണാനൊട്ടും
എഴുതുന്നോർ എഴുതട്ടെ 
അഴലിനതൊരൗഷധംതാൻ 
പഴയപ്രേമം പഴകിയാലും 
തഴുകിടും വന്നിടയ്ക്ക്  
കുഴപ്പങ്ങൾ സൃഷ്ടിയ്ക്കും 
തഴയുക അതുമൂലം 
കഴിഞ്ഞ കാല ചിന്തകളെ 
കൊഴിഞ്ഞു പോയ പ്രേമവും 
പൊഴിഞ്ഞു വീണ  പുഷ്പവും
മിഴികളെ നനയിക്കും 
'വീണപൂവ്' പോലെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക