Image

ഫാ. അഗസ്റ്റിന്‍ വട്ടോളിയും കെ.സി.ആര്‍.എം.എന്‍.എ ടെലികോണ്‍ഫറന്‍സും (ചാക്കോ കളരിക്കല്‍)

Published on 04 December, 2018
ഫാ. അഗസ്റ്റിന്‍ വട്ടോളിയും കെ.സി.ആര്‍.എം.എന്‍.എ ടെലികോണ്‍ഫറന്‍സും (ചാക്കോ കളരിക്കല്‍)
ഡിസംബര്‍ 12, 2018 ബുധനാഴ്ച നടക്കാന്‍ പോകുന്ന കെ സി ആര്‍ എം നോര്‍ത്ത് അമേരിക്കയുടെ പന്ത്രണ്ടാമത് ടെലികോണ്‍ഫെറന്‍സ്, ഫ്രാങ്കോ മെത്രാന്‍റെ ലൈംഗിക ക്രൂരതയില്‍നിന്ന് മോചനവും നീതിയും ലഭിക്കാന്‍വേണ്ടി കുറവിലങ്ങാട് എം ജെ മഠത്തിലെ കന്ന്യാസ്ത്രികള്‍ വഞ്ചിസ്ക്വയറില്‍ നടത്തിയ നിരാഹാര സമരത്തോട് അനുബന്ധമായി രൂപംകൊണ്ട സേവ് ഔര്‍ സിസ്റ്റേഴ്‌സ് (Save Our Sisters) എന്ന സംഘടനയുടെ കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോളിയാണ് നയിക്കുന്നത്. വിഷയം: "ക്രൈസ്തവസഭകളും ജനാധിപത്യവും".

സഭയുടെ ആശീര്‍വാദത്തോടെ സഭയ്ക്കുപുറത്ത് സമൂഹത്തില്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ എന്നും പങ്കെടുക്കുകയും അതിന് നേതൃത്വം നല്‍കുകയും ചെയ്തിരുന്ന അഗസ്റ്റിന്‍ വട്ടോളിയച്ചന്‍ സഭയ്ക്കുള്ളിലെ രണ്ട് പ്രധാന അനീതികള്‍ക്കെതിരായി ആലഞ്ചേരി മെത്രാപ്പോലീത്തയുടെ ഭൂമി കള്ളക്കച്ചവടം, കന്ന്യാസ്ത്രിയ്ക്കുനേരെയുള്ള ഫ്രാങ്കോ മെത്രാന്‍റെ ലൈംഗികപീഡനം ശബ്ദിച്ചപ്പോള്‍ അതൃപ്തമായ സഭാധികാരം അദ്ദേഹത്തെ ക്രൂശിക്കാനായി ആണിയും ചുറ്റികയുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. വിശ്വാസികളെയോ സമൂഹത്തെയോ ഭരണകൂടത്തെയോ നന്നാക്കാന്‍ ഒരു വൈദികന് സമരത്തില്‍ പങ്കെടുക്കാം. എന്നാല്‍ സഭാനേതൃത്വത്തിന്‍റെ അഴിമതിക്കെതിരായി ശബ്ദിക്കാന്‍ പാടില്ലായെന്ന ഇരട്ടത്താപ്പ് നയത്തെ ലംഘിച്ച വട്ടോളിയച്ചന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് മാര്‍ ജേക്കബ് മാനത്തോടത്ത് കാരണം കാണിക്കല്‍ നോട്ടിസും മുന്നറിയിപ്പും നല്‍കി. മേല്പ്പറഞ്ഞ വിഷയങ്ങളില്‍ സീറോ മലബാര്‍ സഭാ നേതൃത്വത്തെ ചോദ്യം ചെയ്യുകയും സമരരംഗത്ത് സജീവമാകുകയും ചെയ്ത പശ്ചാത്തലമാണ് സഭാനേതൃത്വത്തെ ചൊടിപ്പിച്ചതും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ അനാവശ്യ നടപടിയിലേക്ക് നീങ്ങിയതും.

സഭയില്‍ ഭരണകാര്യങ്ങളിലും സാമ്പത്തികകാര്യങ്ങളിലും ഒട്ടുമേ സുതാര്യതയില്ല എന്നകാര്യം എല്ലാവര്‍ക്കുമറിയാം. വേദന അനുഭവിക്കുന്ന ഇരകളുടെ നൊമ്പരങ്ങളറിയാനുള്ള ഹൃദയം മെത്രാന്മാര്‍ക്കില്ല. ഒരു കോളേജധ്യാപകനെ വഴിയിലിട്ട് വെട്ടിയപ്പോള്‍ വെട്ടുകിട്ടിയ സ്വസമുദായക്കാരനെ കുറ്റപ്പെടുത്തുകയാണ് സഭാധികാരം ചെയ്തത്. ഗത്യന്തരമില്ലാതെ സലോമി തന്‍റെ ജീവനെടുത്തിട്ടും ഇവരുടെ മനസ്സലിഞ്ഞില്ല. റോബിന്‍ കേസില്‍ മകളുടെ ഗര്‍ഭം ഏറ്റെടുക്കാന്‍ ഒരപ്പന് കാശുകൊടുത്തവരാണിവര്‍. കൊക്കന്‍ കേസിലും എഡ്വിന്‍ കേസിലും പരാതിക്കാരെ ചെകുത്താന്‍ പക്ഷക്കാരെന്ന് പരസ്യമായി വിളിച്ച് ആക്ഷേപിച്ചവരാണിവര്‍. ജീവിതകാലം മുഴുവന്‍ ജര്‍മനിയില്‍ വേലചെയ്തുണ്ടാക്കിയ സമ്പാദ്യമെല്ലാം ചതിച്ച് അടിച്ചുമാറ്റിയ ഒരു മെത്രാനുള്ള സത്യസഭയാണിത്. മലബാറിലൊരുപള്ളി "മാര്‍തോമാകുരിശ്" കേറ്റാന്‍ ഇടവകക്കാര്‍ വിസമ്മതിച്ചതിനാല്‍ മൂന്നുവര്‍ഷം ആ പള്ളി വെഞ്ചരിക്കാതെ കിടന്നു. പുന്നത്തുറ പള്ളിയില്‍ പോലീസ് സഹായത്തോടെ കുരിശ് സ്ഥാപിച്ചു. പള്ളിയും പള്ളിസ്വത്തും മെത്രാനുസ്വന്തം. എന്തുചെയ്യണമെന്ന് മെത്രാനങ്ങ് തീരുമാനിക്കും. ഭരണികുളങ്ങര മെത്രാനൊഴിച്ച് ഒരൊറ്റ മെത്രാനെങ്കിലും ഫ്രാങ്കോയ്‌ക്കെതിരായി ശബ്ദിച്ചോ? പരാതിക്കാരി കന്ന്യാസ്ത്രിയെ ഏതെങ്കിലും ഒരു മെത്രാന്‍ പോയി കണ്ടോ? കന്ന്യാസ്ത്രി സമരത്തിന് സഹായംചെയ്ത വട്ടോളിയച്ചന് മൂക്കുകയറിടാനാണ് മെത്രാന്മാര്‍ക്ക് തിടുക്കം. പള്ളിക്കകത്തെ അന്ധവിശ്വാസികള്‍ ഉള്ളിടത്തോളംകാലം ഈ കൂത്ത് തുടരും. അവരുടെ എണ്ണംകുറയുമ്പോള്‍ ഒരുനാള്‍ തിരശീലയും വീഴും.

വട്ടോളിയച്ചന്‍ സ്വാതന്ത്രനാണ്. യേശുവിന്‍റെ മാര്‍ഗമാണ് അദ്ദേഹത്തിന്‍റെ മാര്‍ഗം. ഇരയുടെ പക്ഷം ചേര്‍ന്ന് നീതിക്കുവേണ്ടി പോരാടുന്നവരെ ശിക്ഷിക്കുന്ന മാര്‍ഗമാണോ മെത്രാന്മാരേ നിങ്ങള്‍ ഞങ്ങളെ പഠിപ്പിക്കുന്നത്? സ്വന്തം ജീവിതവും കുടുംബവും യേശുവിനും സഭയ്ക്കുംവേണ്ടി സമര്‍പ്പിച്ചവര്‍ നീതിക്കുവേണ്ടി അരമനവാതില്‍ മുട്ടുമ്പോള്‍ എന്തേ നിങ്ങള്‍ തുറക്കാത്തത്? കന്ന്യാസ്ത്രികളുടെയും വൈദികരുടെയും അല്മായരുടെയും ഇന്നത്തെ പോരാട്ടം വരും തലമുറയ്ക്കുവേണ്ടിയുള്ള പോരാട്ടമാണ്. നീതിക്കുവേണ്ടിയുള്ള എല്ലാ സമരങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഫാ. വട്ടോളി പണ്ട് പ്ലാച്ചിമടയില്‍ സമരം നടത്തി ജയിലില്‍ ആയപ്പോള്‍ ഈ മാനത്തോടത്തുമെത്രാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ച് പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തതാണ്. കന്ന്യാസ്ത്രിക്ക് നീതികിട്ടണമെന്നും ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണകാരണം അന്വേഷിക്കണമെന്നും പറയുന്നത് സഭയ്ക്ക് എതിരല്ലെന്നുമാണ് ഫാ. വട്ടോളി പറയുന്നത്. അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സിറോ മലബാര്‍ സഭയിലെ ധാരാളം വൈദികര്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ കണ്ടു. അദ്ദേഹത്തിതിരെ പ്രതികാര നടപടി എടുക്കരുതെന്ന് മാര്‍ മാനത്തോടത്തിനോട് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ചാലക്കുടിക്ക് അടുത്തുള്ള ചാലുകട്ടിയില്‍ ഫ്രോമ്‌സി/ദേവസക്കുട്ടി എന്ന മാതാപിതാക്കളുടെ മകനായി 1971 ജൂലൈ 21 ന് ഫാ. അഗസ്റ്റിന്‍ വട്ടോളി ജനിച്ചു. തത്വശാസ്ത്രപഠനം പുന്നമല സെമിനാരിയിലും (Punnamalee) ദൈവശാസ്ത്രപഠനം മംഗലപുഴ സെമിനാരിയിലും പൂര്‍ത്തിയാക്കി 1998 ജനുവരി നാലാം തീയതി എറണാകുളംഅങ്കമാലി അതിരൂപതയ്ക്കുവേണ്ടി വൈദികപട്ടം സ്വീകരിച്ചു. ഇപ്പോള്‍ കല്ലൂര്‍ റിന്യൂവല്‍ സെന്‍റെറില്‍ (Renewal Cetnre, Kaloor) സേവനം ചെയ്യുന്നു.

സഭയില്‍ നീതി ഉറപ്പാക്കണമെങ്കില്‍ സുതാര്യത വേണം; ജനാധിപത്യ ഭരണ സമ്പ്രദായം വരണം. പഴയ നസ്രാണികളുടെ ഇടയിലെ പള്ളിപൊതുയോഗ തീരുമാനപ്രകാരമുള്ള പള്ളിഭരണ സമ്പ്രദായമല്ലാതെ കത്തോലിക്കാ സഭയില്‍ ഇന്നുവരെ ജനാധിപത്യരീതിയിലുള്ള സഭാഭരണം നടന്നിട്ടില്ല. ഈ അടുത്ത കാലത്ത് നസ്രാണിസഭയിലും പൗരസ്ത്യ കാനോന്‍ നിയമത്തിലൂടെ ഹയരാര്‍ക്കിയല്‍ ഭരണം നടപ്പിലാക്കി. പൊതുയോഗത്തിനും പാരീഷ് കൗണ്‍സിലിനും വികാരിയെ ഉപദേശിക്കാനുള്ള അവകാശമേയുള്ളിപ്പോള്‍. 'ചര്‍ച്ച് ആക്ട്' നിയമമായാല്‍ ജനാധിപത്യപരമായ പള്ളിഭരണം നടപ്പില്‍വരും.

എല്ലാം ഞങ്ങള്‍, മെത്രാന്മാര്‍ തീരുമാനിക്കും. മറ്റുള്ളവരെല്ലാം ഞങ്ങളെ അനുസരിച്ചാല്‍ മാത്രം മതി എന്ന മനോഭാവം അല്പം അതിരുകടന്നതല്ലേ? വിമത ശബ്ദങ്ങള്‍ കേഴ്പ്പിക്കുന്ന വൈദികരും കന്ന്യാസ്ത്രികളും അല്മായരുമെല്ലാം മെത്രാന്മാരുടെ നോട്ടത്തില്‍ സഭാശത്രുക്കളും സഭാവിരുദ്ധരും സഭയെ നശിപ്പിക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നവരുമാണ്. എന്നാല്‍ സഭാ നവീകരണക്കാര്‍ സഭാ സ്‌നേഹികളും സഭയില്‍ കാലോചിതമായ നല്ല മാറ്റങ്ങള്‍ ഉണ്ടാകാന്‍ പരിശ്രമിക്കുന്ന സഭാകൂട്ടായ്മയിലെ അംഗങ്ങളുമാണെന്ന് തിരിച്ചറിയാന്‍ മെത്രാന്മാര്‍ക്ക് ഇന്നുവരെ സാധിച്ചിട്ടില്ല. തിന്മയുടെ ധിക്കാരത്തെ നേരിട്ട് അതിന്‍റെ സ്വതന്ത്ര വിഹാരത്തിനുമേല്‍ വട്ടോളിയച്ചനെ പോലുള്ളവര്‍ നേടുന്ന ത്യാഗത്തിന്‍റെയും സമരത്തിന്‍റെയും വിജയമായിരിക്കും നമ്മുടെയും വിജയം.

"ക്രൈസ്തവസഭകളും ജനാധിപത്യവും" എന്ന വിഷയത്തെ സംബന്ധിച്ച് വട്ടോളിയച്ചന്‍റെ അഭിപ്രായം എന്തെന്നറിയാനുള്ള നല്ലൊരവസരമാണ് കെ സി ആര്‍ എം നോര്‍ത്ത് അമേരിക്ക സംഘടിപ്പിക്കുന്ന അടുത്ത ടെലികോണ്‍ഫെറന്‍സ്. നിങ്ങളെല്ലാവരെയും അതിലേക്കായി സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു. ഡിസംബര്‍ 12, 2018 ബുധനാഴ്ച്ച (Time 9 pm EST) നടക്കാന്‍ പോകുന്ന ആ ടെലികോണ്‍ഫെറന്‍സില്‍ സംബന്ധിക്കാനുള്ള നമ്പര്‍: 16054725785, ആക്‌സസ് കോഡ്: 959248#
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക