Image

ഫ്രാങ്ക്ഫര്‍ട്ട് സീറോമലബാര്‍ ഇടവകയ്ക്ക് പുതിയ വികാരി

Published on 03 December, 2018
ഫ്രാങ്ക്ഫര്‍ട്ട് സീറോമലബാര്‍ ഇടവകയ്ക്ക് പുതിയ വികാരി
 
ഫ്രാങ്ക്ഫര്‍ട്ട്: ഡിസംബര്‍ ആദ്യവാരം ഉപരിപഠനാര്‍ത്ഥം വിയന്നയിലേക്ക് പോകുന്ന ഫ്രാങ്ക്ഫര്‍ട്ട് സീറോമലബാര്‍ ഇടവക വികാരി ഫാ.തോമസ് ഈഴോര്‍മറ്റത്തിന് യാത്രയയപ്പും പുതിയതായി ചാര്‍ജ് എടുക്കുന്ന റവ. ഡോ.തോമസ് വട്ടുകുളത്തിന് സിഎംഎഫിന് സ്വീകരണവും നല്‍കി. 

ഇടവകയെ പ്രതിനിധീകരിച്ച് ഗ്രേസി പള്ളിവാതുക്കല്‍ ഫാ.തോമസ് വട്ടുകുളത്തിനെ ബൊക്കെ നല്‍കി സ്വീകരിച്ചു. തുടര്‍ന്നു പുതിയ വികാരി വിശുദ്ധ കുര്‍ബാനമദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിച്ചു. 

നവംബര്‍ 11 ന് ദിവ്യബലിക്കു ശേഷം നടന്ന ലളിതമായ ചടങ്ങില്‍ ലിംബുര്‍ഗ് രൂപതാ പ്രതിനിധി ഹെര്‍ബെര്‍ട്ട് സ്മിത്ത് ഔദ്യോഗിക സ്ഥാനാരോഹണ പ്രഖ്യാപനം വായിച്ചു. യാത്രയാകുന്ന ഫാ. ഈഴോര്‍മറ്റത്തിന് ആശംസയും ഫാ. വട്ടുകുളത്തിന് സ്വാഗതവും നേര്‍ന്നു. ഇടവകയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആന്‍മരിയ (മതപഠനം), സോണിയ കടകത്തലയ്ക്കല്‍ (അള്‍ത്താര സംഘം), പീറ്റര്‍ തെക്കിനാത്ത് (യൂത്ത് ഫോര്‍ ജീസസ്), അനു റോസ് (മാതൃദീപ്തി ), സാജന്‍ മണമയില്‍(സെന്റ് വിന്‍സന്റ് ഡി പോള്‍), ബിജന്‍ കൈലാത്ത് (പള്ളിക്കമ്മിറ്റി), സി.ജോണ്‍സി (എഫ്‌സിസി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു

ക്ലരിഷ്യന്‍ സഭാ പ്രൊവിന്‍ഷ്യാള്‍ ഫാ. കല്ലിസ്റ്റസ് ജോസഫ്, ഫാ. വില്‍സണ്‍ പാറേക്കാട്ടില്‍, ഫാ.ഷാജന്‍ മാണിക്കത്താന്‍, ഫാ.സേവ്യര്‍ മാണിക്കത്താന്‍, ഫാ.ജെയിംസ് പട്ടേരില്‍ എന്നിവരും സന്നിഹിതരായിരുന്നു 

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഫാ.ഈഴോര്‍മറ്റം ഇടവകയ്ക്കു ചെയ്ത സേവനങ്ങളെ ചടങ്ങില്‍ സംസാരിച്ചവര്‍ അനുസ്മിരിച്ചു. കൂടുതല്‍ സൗകര്യങ്ങളോടുകൂടിയ പ്രോഗസ്‌ഹൈമിലെ സെന്റ് ക്രിസ്‌റ്റോഫറസ് പള്ളി അടുത്തവര്‍ഷം മാര്‍ച്ചില്‍ ഇടവകയ്ക്കു ലഭ്യമാക്കുന്നതില്‍ അച്ചന്‍ വഹിച്ച പങ്ക് ഇതില്‍ പ്രധാനപ്പെട്ടതാണ്. കൂടാതെ യുവജനങ്ങളെ പള്ളിയിലേക്ക് അടുപ്പിച്ച് കൂടുതല്‍ ആത്മീയ കാര്യങ്ങളില്‍ പങ്കാളികളാക്കുവാനുള്ള അച്ചന്റെ പരിശ്രമം വളരെ വിജയകരമായിരുന്നു. എല്ലാ ഇടവകാംഗങ്ങളും പ്രത്യേകിച്ച് പള്ളിക്കമ്മിറ്റിയും പോയ വര്‍ഷങ്ങളില്‍ അച്ചനോട് സഹകരിച്ച് പ്രവര്‍ത്തിച്ചതിന് മറുപടി പ്രസംഗത്തില്‍ ഫാ.തോമസ് ഈഴോര്‍മറ്റം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക