Image

നാടകത്തിന് ഹിന്ദു ഐക്യവേദിയുടെയും ബി.ജെ.പിയുടെയും വിലക്ക്

Published on 08 April, 2012
നാടകത്തിന് ഹിന്ദു ഐക്യവേദിയുടെയും ബി.ജെ.പിയുടെയും വിലക്ക്
ആലപ്പുഴ: ഗുജറാത്ത് കലാപത്തില്‍ പ്രാണരക്ഷയ്ക്കുകേണ കുത്ബുദ്ദീന്‍ അന്‍സാരിയുടെ കഥ പറയുന്ന നാടകത്തിന് ഹിന്ദു ഐക്യവേദിയുടെയും ബി.ജെ.പിയുടെയും വിലക്ക്. തിരുവമ്പാടി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ഭാഗമായി തിങ്കളാഴ്ച അവതരിപ്പിക്കാനിരുന്ന നാടകം ഭീഷണിയെത്തുടര്‍ന്ന് നടത്തേണ്ടെന്ന് സംഘാടകര്‍ തീരുമാനിച്ചു. നാടകം നടത്തിയാല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് വി.എച്ച്.പി. നേതാവ് കുമ്മനം രാജശേഖരനും ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി.ജയചന്ദ്രനും തന്നോടുപറഞ്ഞതിനെ തുടര്‍ന്നാണ് നാടകം വേണ്ടെന്നുവച്ചതെന്ന് ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ ബാലകൃഷ്ണന്‍ ജി.കുറുപ്പ് പറഞ്ഞു.

ഗോപി കുറ്റിക്കോല്‍ സംവിധാനംചെയ്ത ഏകാംഗ നാടകത്തില്‍ കുത്ബുദ്ദീന്‍ അന്‍സാരിയായി പകര്‍ന്നാടുന്നത് കുത്ബുദ്ദീനുമായി രൂപസാദൃശ്യമുള്ള കേരള കൗമുദി സീനിയര്‍ ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദറാണ്. തിരുവനന്തപുരത്ത്് സൂര്യ ഫെസ്റ്റിവലില്‍ ഈ നാടകം ഏറെ ശ്രദ്ധനേടിയിരുന്നു. ഗുജറാത്ത് കലാപ സമയത്ത് കലാപകാരികളുടെ കരുണയില്‍ ജീവിതം തിരിച്ചുകിട്ടിയ കുത്ബുദ്ദീന് പിന്നീടുണ്ടാകുന്ന അനുഭവങ്ങളും ആത്മ സംഘര്‍ഷങ്ങളുമാണ് നാടകത്തിലുള്ളത്.

നാടകം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കരിവാരിത്തേക്കുന്നതാണെന്നാരോപിച്ചാണ് ബി.ജെ.പി.-ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ നാടകത്തിനെതിരെ ഭീഷണി മുഴക്കിയത്. നാടകം അവതരിപ്പിച്ചാല്‍ വാഗ്വാദവും സംഘര്‍ഷവും ഉണ്ടാകുമെന്നും സ്‌കൂളിന്റെ ഒരുവര്‍ഷംനീളുന്ന ആഘോഷത്തിന് സഹകരിക്കില്ലെന്നും ഇവര്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് അടിയന്തരയോഗം ചേര്‍ന്ന് നാടകം വേണ്ടെന്നു വയ്ക്കുകയായിരുന്നു. നാടകം നടത്താനിരുന്ന സമയത്ത് കുത്തിയോട്ട പാട്ടുകളും ചുവടുകളും നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

എന്നാല്‍, ഒരുവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന നാടകം നടത്തിയാല്‍ ആഘോഷപരിപാടികളുമായി സഹകരിക്കില്ലെന്നാണ് ആഘോഷക്കമ്മിറ്റി ഭാരവാഹികളെ അറിയിച്ചതെന്നാണ് ബി.ജെ.പി.നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി.ജയചന്ദ്രന്‍ പറയുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക