Image

ലീഗിന് അഞ്ചാം മന്ത്രിയില്ലെന്ന് സൂചന

Published on 09 April, 2012
ലീഗിന് അഞ്ചാം മന്ത്രിയില്ലെന്ന് സൂചന
ന്യൂഡല്‍ഹി: അഞ്ചാം മന്ത്രി വേണമെന്ന മുസ്ലീംലീഗിന്റെ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായി സൂചന. അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ലെന്നും ഹൈക്കമാന്‍ഡ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയതായാണ് അറിയുന്നത്. ഇക്കാര്യം മുസ്ലീംലീഗിനെ വൈകാതെ തന്നെ ഔദ്യോഗികമായി അറിയിക്കും.

രണ്ടു ദിവസത്തിനുള്ളില്‍ തന്നെ യു.ഡി.എഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. അഞ്ചാം മന്ത്രി പ്രശ്‌നത്തില്‍ മുസ്ലീംലീഗിനെ അനുനയിപ്പിക്കാന്‍ ഒരു പ്രത്യേക സമിതിയെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ചിട്ടുണ്ട്. ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്‍, മധുസൂദന്‍ മിസ്ത്രി എന്നിവരാണ് സമിതി അംഗങ്ങള്‍. ഇവര്‍ വൈകാതെ ലീഗ് നേതൃത്വവുമായി ബന്ധപ്പെടും. ഇന്നു വൈകീട്ട് ദുബായില്‍ നിന്ന് ന്യൂഡല്‍ഹിയിലെത്തുന്ന കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തിയശേഷമായിരിക്കും മുസ്ലീംലീഗുമായുള്ള ചര്‍ച്ച.


എന്നാല്‍, മന്ത്രിപ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള മധുസൂദന്‍ മിസ്ത്രി അറിയിച്ചു. കെ.പി.സി.സി. പ്രസിഡന്റും മുഖ്യമന്ത്രിയുമാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും മിസ്ത്രി പറഞ്ഞു.


ലീഗിന്റെ അഞ്ചാംമന്ത്രി സംബന്ധിച്ച് കേരളത്തിലെ യു.ഡി.എഫില്‍ ഉണ്ടായിട്ടുള്ള പ്രശ്‌നം നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും പാര്‍ട്ടി ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിരുന്നു. പ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡിന്റേതായിരിക്കും അന്തിമ തീരുമാനമെന്ന് ചെന്നിത്തല പിന്നീട് പ്രതികരിച്ചിരുന്നു.

ഹൈക്കമാന്റ് വാര്‍ത്ത ശുദ്ധ അസംബന്ധം : കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലീഗിന്റെ അഞ്ചാം മന്ത്രിയില്ലെന്ന ഹെക്കമാന്റിനെ പരാമര്‍ശിച്ചു കൊണ്ടുള്ള ചാനല്‍ വാര്‍ത്തകള്‍ ഇന്നത്തേക്ക് മാത്രം നിലനില്‍ക്കുന്ന ശുദ്ധ അസംബന്ധമാണെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഇപ്പോഴത്തേത് വെറും അഭ്യുഹം മാത്രമാണ്. മന്ത്രി പദവിയുമായി ബന്ധപ്പെട്ട് സജീവ ചര്‍ച്ചകള്‍ ഇതിനകം നടന്നു കഴിഞ്ഞിട്ടുണ്ട്. മന്ത്രി സ്ഥാനം സംബന്ധിച്ച് ഏത് നിമിഷവും തീരുമാനമുണ്ടാകും. അത് അധികം വൈകാതെ പ്രഖ്യാപിക്കുകയും ചെയ്യും- കുഞ്ഞാലിക്കുട്ടി അറിയിച്ചു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞ് കാടിളക്കലാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ പതിനഞ്ച് ദിവസമായി ഇത്തരം അടിസ്ഥാന രഹിത വാര്‍ത്തകളാണ് മാധ്യമങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്-അദ്ദേഹം കുറ്റപ്പെടുത്തി.

സി.പി.എമ്മിന്റെ അഖിലേന്ത്യാ സമ്മേളനം നടക്കുമ്പോള്‍ അഞ്ചാം മന്ത്രിക്ക് പിറകെ കൂടാതെ പാര്‍ട്ടി സമ്മേളനത്തിലേക്ക് ശ്രദ്ധ തിരിക്കാനും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക