Image

ഓര്‍മ്മകളിലിന്നുംഓര്‍മ്മകളിലിന്നും (കവിത- മഞ്ജുള ശിവദാസ്)

മഞ്ജുള ശിവദാസ് Published on 28 November, 2018
ഓര്‍മ്മകളിലിന്നുംഓര്‍മ്മകളിലിന്നും (കവിത- മഞ്ജുള ശിവദാസ്)
നിറഞ്ഞു പുഞ്ചിരിച്ചോടി വന്നെത്തുന്ന-
കളങ്കമില്ലാത്തൊരോര്‍മ്മയാം ബാല്യം.

കളഞ്ഞുപോയ് വരുംവഴിക്കു വച്ചെങ്ങോ-
തിരഞ്ഞിറങ്ങില്ലിനി തിരിച്ചെടുക്കുവാന്‍.

തിരിച്ചുകിട്ടുവാന്‍ കൊതിച്ചിടുംവണ്ണം-
മധു വിളമ്പിയില്ലനുഭവങ്ങളും.

കഴിഞ്ഞകാലത്തിലിതള്‍ വിടര്‍ത്താതെ-
കൊഴിഞ്ഞുപോയതാമൊരോര്‍മ്മയെന്‍ ബാല്യം.

കുരുന്നു ചിന്തയ്ക്കു മുളച്ച പക്ഷങ്ങള്‍-
വിലക്കുകള്‍കൊണ്ടു മുറിച്ചതാണന്നേ.

മുതിര്‍ന്ന നാക്കുകള്‍ പടച്ച ചട്ടങ്ങളു-
ടച്ചുവെന്നാത്മ വിശ്വാസകണികയും.

ഭയത്തിനാല്‍ തീര്‍ത്തൊരദൃശ്യ പാശത്താല്‍-
വരിഞ്ഞുകെട്ടിയാ കുരുന്നു പാദങ്ങള്‍.

കടുത്ത വാക്കൂതിക്കെടുത്തി തല്‍ക്ഷണം-
സ്വയം തെളിഞ്ഞോരോ നുറുങ്ങുവെട്ടവും.

നിറഞ്ഞ ഭീതിയാലടഞ്ഞു പോയതാ-
ണറിവു വന്നെത്തുമകത്തെ ജാലകം.

കളങ്കമില്ലാതെ ചിരിച്ചുകൊണ്ടെത്തി-
മിഴിനിറച്ചിടുന്നൊരോര്‍മ്മയായ് ബാല്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക