Image

എഴുത്തിന്റെ കരുത്തില്‍ അമരനായ കോട്ടയം പുഷ്പനാഥ് (ശ്രീകുമാര്‍)

Published on 25 November, 2018
എഴുത്തിന്റെ കരുത്തില്‍ അമരനായ കോട്ടയം പുഷ്പനാഥ് (ശ്രീകുമാര്‍)
(എഴുത്തിന്റെ അഞ്ച് പതിറ്റാണ്ട് തികഞ്ഞ ഡിക്ടക്ടീവ് ഇതിഹാസകാരന്‍ കോട്ടയം പുഷ്പനാഥിന്റെ അനുസ്മരണ യോഗവും അദ്ദേഹത്തിന്റെ ആദ്യ നോവലായ ചുവന്ന മനുഷ്യന്റെ പ്രകാശനവും ഇക്കഴിഞ്ഞ ദിവസം കോട്ടയം പ്രസ് ക്ലബില്‍ നടന്ന പശ്ചാത്തലത്തില്‍ മണ്‍മറഞ്ഞുപോയ അദ്ദേഹത്തിന്റെ എളിയ ആരാധകന്‍ എന്ന നിലയില്‍ ഒരോര്‍മക്കുറിപ്പ്).
***
അര്‍ദ്ധരാത്രി. എങ്ങും നിശബ്ദത. കുറ്റാകുറ്റിരുട്ട്. നരിമാന്‍ പോയിന്റില്‍ ജീപ്പു നിര്‍ത്തി ആര്‍തര്‍ മാര്‍ട്ടിന്‍ കിങ് സിഗരറ്റിന് തീ കൊളുത്തി. 

അനുവാചകരുടെ നെഞ്ചിടിപ്പ് ഉയര്‍ത്തിക്കൊണ്ട് കുറ്റാന്വേഷണ നോവല്‍ ആരംഭിക്കുകയായി. പിരിമുറുക്കത്തിന്റെ കൊടുമുടികളും ജിജ്ഞാസയുടെ താഴ് വാരങ്ങളും പിന്നിട്ട് വായനക്കാരന്‍ ഏതോ വിഭ്രമാത്മക ലോകത്തേക്ക് സ്വയം മറന്ന് പറന്നിറങ്ങുകയായി. ക്ലൈമാക്‌സിലെ അവസാനവരിയും വായിച്ച് മടക്കുമ്പോള്‍ മാത്രം വീണ്ടെടുക്കാന്‍ ആവുന്ന ശ്വാസഗതി... മൂന്ന് പതിറ്റാണ്ടിലേറെ മലയാളി അനുഭവിച്ച ഈ വായനാഭിനിവേശത്തിന് പേരൊന്ന് മാത്രം...

കോട്ടയം പുഷ്പനാഥ്.

എരിയുന്ന ഹാഫ് എ കൊറോണ കടിച്ചു പിടിച്ച് പുകച്ചുരുളുകള്‍ പറത്തിവിടുന്ന ഡിറ്റക്ടീവ് മാര്‍ക്‌സിന്റെ കൈത്തലം ഗ്രഹിച്ചുകൊണ്ട്, ഭീതിദമായ രാക്കിളിപ്പാട്ടും കോടമഞ്ഞും ഉറങ്ങുന്ന കാര്‍പാത്യന്‍ മലനിരകളിലേക്ക് കോട്ടയം പുഷ്പനാട്, മലയാളത്തിന്റെ സര്‍ആര്‍തര്‍ കോനന്‍ ഡോയല്‍ അപസര്‍പ്പകത ഒട്ടുമില്ലാതെ, തുടരും എന്ന സസ്‌പെന്‍സ് അവശേഷിപ്പിക്കാതെ യാത്രയായത് കഴിഞ്ഞ മെയ് രണ്ടാം തീയതി.

ആത്മാര്‍ത്ഥമായി ഒന്നാലോചിച്ചു നോക്കൂ...സാഹിത്യ കുലപതികളായ തകഴിയേക്കാള്‍, കേശവ ദേവിനേയും ബഷീറിനെയും കാള്‍ എം.ടിയെയും വിജയനെയും കാള്‍ മലയാളി വായിച്ചത് കോട്ടയം പുഷ്പനാഥിനെയല്ലേ..?

ഗ്രാമീണ ഗ്രന്ഥശാലകളില്‍ മഹാരഥന്മാരുടെ സര്‍ഗ്ഗസൃഷ്ടികള്‍ ഇരട്ടവാലന്‍ തിന്നു പൊടിയുമ്പോഴും പുഷ്പനാഥ് വിശ്രമമില്ലാതെ അബാലവൃദ്ധം കരങ്ങളിലൂടെ കൈമറിഞ്ഞ് കൈമറിഞ്ഞ് നിത്യയൗവ്വനം കാത്തുസൂക്ഷിക്കുകയായിരുന്നു. അക്ഷര വിരോധികളെപ്പോലും വായനാശീലമുള്ളവരാക്കി മാറ്റി, കേവലം ടി.ടി.സി ക്കാരനായ ഈ പ്രൈമറിസ്‌കൂള്‍ അദ്ധ്യാപകന്‍.

ഷെര്‍ലക് ഹോംസും, അഗതാ ക്രിസ്റ്റിയും, പെറിമേസണും, ജയിംസ് ഹാഡ്‌ലിചേസും അടക്കമുള്ളവര്‍ ലോക കുറ്റാന്വേഷണ നോവല്‍ രംഗത്ത് കൊടുങ്കാറ്റ് വിതക്കുമ്പോഴും നമ്മുടെ ഭാഷയിലെ കുറ്റാന്വേഷണ രചനാശാഖ തുലോം ദുര്‍ബ്ബലമായിരുന്നു. ആദ്യകാല അപസര്‍പ്പകകൃത്തെന്ന് ചൂണ്ടിക്കാട്ടാന്‍ ഒരു അപ്പന്‍ തമ്പുരാന്‍ മാത്രം.

കൂമ്പടഞ്ഞ് വാടിക്കിടന്ന ആ ശൂന്യതയിലേക്കായിരുന്നു. മാന്ത്രികത്തൂലികയുമായി കോട്ടയം പുഷ്പനാഥ് എന്ന പുതുനാമ്പ് ഉയര്‍ന്നുവന്നത്. മൂന്ന് പതിറ്റാണ്ടുകള്‍കൊണ്ട് മുന്നൂറോളം നോവലുകള്‍. വായനക്കാരുടെ സൂപ്പര്‍ ഹീറോകളായി മാറി അദ്ദേഹം സൃഷ്ടിച്ച ഡിറ്റക്ടീവ് പുഷ്പരാജും, മാര്‍ക്‌സിനും, എലിസബത്തും. മലയാണ്മ ഭയന്നുവിറച്ചതും, നടുങ്ങി വിയര്‍ത്തതും ബ്രോം സ്റ്റാക്കറുടെ ഡ്രാക്കുള വായിച്ചല്ല, പുഷ്പനാഥിന്റെ ഡ്രാക്കുളയുടെ കാമുകി വായിച്ചാണ്.

വായനക്കാരെ സംഭ്രമിപ്പിച്ച ഈ എഴുത്തുകാരന്റെ വ്യക്തിജീവിതത്തിലും വായിച്ചെടുക്കാം ഒട്ടേറെ കൗതുകങ്ങള്‍. തന്റെ കഥാപാത്രം ഡിറ്റക്ടീവ് മാര്‍ക്‌സിന്റെ കയ്യില്‍ ഹാഫ്-എ  കൊറോണ എന്ന ചുരുട്ടും സ്‌കോച്ചും വച്ചു കൊടുത്ത സൃഷ്ടാവ് ഒരിക്കല്‍പോലും മദ്യപിച്ചില്ല, പുകവലിച്ചില്ല.

പതിമൂന്ന് എന്ന അക്കം അശുഭസൂചകമാണെന്ന പാശ്ചാത്യ വിശ്വാസം മുറുകെപ്പിടിച്ചിരുന്ന പുഷ്പനാഥ്. കയ്യെഴുത്തു പ്രതികളില്‍ പന്ത്രണ്ടാം  പേജ് കഴിഞ്ഞാല്‍ പതിമൂന്ന് എന്ന് രേഖപ്പെടുത്തുന്നതിന് പകരം പന്ത്രണ്ട് A എന്നായിരുന്നു. പുഷ്പനാഥ് എഴുതുക. ഹോട്ടല്‍ റൂം തെരെഞ്ഞെടുക്കുമ്പോഴും പതിമൂന്ന് ഒഴിവാക്കാന്‍ ശ്രദ്ധാലുവായിരുന്നു.

തന്റെ കോലന്‍ മുടി മറയ്ക്കാനായി ചെറുപ്രായത്തിലേ വിഗ്ഗ് വച്ചു തുടങ്ങിയ പുഷ്പനാഥ് വിഗ്ഗ് അലര്‍ജി മൂലം അകാല കഷണ്ടി  ബാധിതനായി. കഷണ്ടി മറക്കാന്‍ പ്രവാസി സുഹൃത്ത് അദ്ദേഹത്തിന് സമ്മാനിച്ചതായിരുന്നു കറുത്തു പരന്ന ചെറിയ തൊപ്പി.  ഏത് ആള്‍ക്കൂട്ടത്തിലും തിരിച്ചറിയപ്പെടുന്ന ട്രേഡ്മാര്‍ക്കായി പില്‍ക്കാലത്ത് പുഷ്പനാഥിന്റെ ഹാറ്റ്. ഏകാന്തമായ എഴുത്തിനായി മാത്രം സ്വവസതിക്കടുത്തായി തന്നെ മറ്റൊരു ഗൃഹം കൂടി പണി കഴിപ്പിച്ചു പുഷ്പനാഥ്.

അനുവാചകരുടെ ഉള്ളുലപ്പിച്ച കഥാകാരന്റെ ഹൃദയവും ആഴ്ചകള്‍ക്ക് മുമ്പ് ഉലച്ചുകൊണ്ട് അദ്ദേഹത്തിന്റെ മകന്‍ വൈല്‍ഡ് ലൈഫ് ഫോട്ടഗ്രാഫര്‍ കൂടിയായ സലിം പുഷ്പനാഥ് മരണമടഞ്ഞിരുന്നു. ആ ആഘാതം പുഷ്പനാഥിന് താങ്ങാവുന്നതിലും അപ്പുറുമായിരുന്നു. സലിമിന്റെ മരണം അംഗീകരിക്കാതെ തന്റെ മകനെ ഏതു നേരവും അന്വേഷിച്ചുകൊണ്ടിരുന്ന പുഷ്പനാഥിന്റെ ദൈന്യചിത്രം കുടുംബാംഗങ്ങല്‍ ഈറനോടെ ഓര്‍ത്തുവയ്ക്കുന്നു. 

കാലവും ചരിത്രവും ഉള്ളിടത്തോളംകാലം പുഷ്പനാഥും അമരനായിരിക്കും എന്ന വിടുവായത്തത്തിനൊന്നും മുതിരുന്നില്ല. പക്ഷേ, കാര്‍പാത്യന്‍ മലനിരകള്‍ ഇരുളിനെ ഭേദിച്ച് നില നില്‍ക്കുന്നിടത്തോളം കാലം പുഷ്പനാഥിനും മരണമില്ല.

എഴുത്തിന്റെ കരുത്തില്‍ അമരനായ കോട്ടയം പുഷ്പനാഥ് (ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക