Image

കോണ്‍ഗ്രസിന്റെ തോല്‍വി പഠിക്കാന്‍ സമിതി; അധ്യക്ഷനായി ആന്റണി

Published on 07 April, 2012
കോണ്‍ഗ്രസിന്റെ തോല്‍വി പഠിക്കാന്‍ സമിതി; അധ്യക്ഷനായി ആന്റണി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും പഞ്ചാബിലും പാര്‍ട്ടിക്കേറ്റ ദയനീയ പരാജയം പഠിക്കാന്‍ കോണ്‍ഗ്രസ് ഉന്നതതലസമിതി രൂപവത്കരിച്ചു. കേന്ദ്രപ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, കേന്ദ്ര ഊര്‍ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവരാണ് അംഗങ്ങള്‍. സാധ്യതയുണ്ടായിട്ടും ഉത്തരാഖണ്ഡില്‍ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച വിജയം നേടാനാവാത്തതും സമിതി പരിശോധിക്കും. പരാജയകാരണങ്ങള്‍ വിലയിരുത്തിയുള്ള റിപ്പോര്‍ട്ട് ഈ മാസം അവസാനത്തോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് സമര്‍പ്പിച്ചേക്കും. 

1999ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടി വിലയിരുത്താന്‍ സോണിയ നിയോഗിച്ചതും ആന്റണി അധ്യക്ഷനായുള്ള സമിതിയെയായിരുന്നു. പാര്‍ട്ടിയുടെ അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയാണ് ആന്റണി. തെളിവെടുപ്പിന്റെ ഭാഗമായി ഉത്തരാഖണ്ഡിലെയും പഞ്ചാബിലെയും ചില നേതാക്കളുമായി അദ്ദേഹം ആശയവിനിമയം നടത്തി. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങളിലായി യു.പി.യിലെ മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്തും. 

പരാജയകാരണങ്ങള്‍ അവലോകനം ചെയ്യാന്‍ യു.പി.യില്‍ വിജയിച്ചവര്‍, പാര്‍ട്ടി നേതാക്കള്‍, എം.പി.മാര്‍ എന്നിവരുമായി കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. ന്യൂനപക്ഷസംവരണം, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തല്‍ തുടങ്ങിയ വിവാദങ്ങളുണ്ടാക്കിയ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രിമാരായ സല്‍മാന്‍ ഖുര്‍ഷിദ്, ശ്രീപ്രകാശ് ജയ്‌സ്വാള്‍, ബേനി പ്രസാദ് വര്‍മ എന്നിവരെ പൂര്‍ണമായി കുറ്റപ്പെടുത്താന്‍ രാഹുല്‍ തയ്യാറായില്ല. മന്ത്രിമാര്‍ മാത്രമല്ല ഉത്തരവാദികളെന്നായിരുന്നു രാഹുലിന്റെ മറുപടി. 

20 ശതമാനത്തിലേറെ വോട്ടുകളും 125 സീറ്റുകളും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പാര്‍ട്ടി 28 സീറ്റുകളിലൊതുങ്ങി. വിജയിച്ചവര്‍ ജനങ്ങളുമായി അടുത്തിടപഴകണമെന്നും പാര്‍ട്ടിയെ സംസ്ഥാനത്തു തിരിച്ചുകൊണ്ടുവരണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. യു.പി.യിലെ കോണ്‍ഗ്രസ് ഘടകത്തെ നാലോ അഞ്ചോ ആയി വിഭജിക്കുക, ഓരോ മേഖലയ്ക്കും കോഓര്‍ഡിനേറ്ററെ നിയമിക്കുക തുടങ്ങിയ നടപടികളും കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്യുന്നുണ്ട്. യു.പി.യില്‍ത്തന്നെ ശ്രദ്ധിക്കുമെന്ന് രാഹുലും വ്യക്തമാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക