Image

വൃശ്ചിക പുലരിയില്‍ ശബരിമല ദര്‍ശനത്തിന് വന്‍ തിരക്ക്; പുണ്യംപൂങ്കാവനം പദ്ധതിക്ക് തുടക്കമായി (അനില്‍ പെണ്ണുക്കര )

അനില്‍ പെണ്ണുക്കര Published on 17 November, 2018
വൃശ്ചിക പുലരിയില്‍ ശബരിമല ദര്‍ശനത്തിന് വന്‍ തിരക്ക്; പുണ്യംപൂങ്കാവനം പദ്ധതിക്ക് തുടക്കമായി (അനില്‍ പെണ്ണുക്കര )
മണ്ഡല പൂജയ്ക്കു തുടക്കം കുറിക്കുന്ന വൃശ്ചിക പുലരിയില്‍ ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനായി അയ്യപ്പന്മാരുടെ വലിയ തിരക്ക്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാരാണ് വലിയ തോതില്‍ എത്തിയിട്ടുള്ളത്. കൊച്ചു കുട്ടികളും മാളികപ്പുറങ്ങളും അയ്യപ്പന്മാര്‍ക്കൊപ്പമുണ്ട്.

സുഖദര്‍ശനത്തിനായി മികച്ച ക്രമീകരണമാണ് ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പുലര്‍ച്ചെ മൂന്നു മണിക്കു നട തുറന്നപ്പോള്‍ ദര്‍ശനത്തിനായി അയ്യപ്പന്മാരുടെ വലിയ നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു. രാവിലെ അഭിഷേകം, ഗണപതിഹോമം, ഉഷപൂജ എന്നിവ നടന്നു. സവിശേഷമായ നെയ്യ് അഭിഷേകം നടത്തി മനം നിറഞ്ഞാണ് തീര്‍ഥാടകര്‍ മടങ്ങിയത്.

    ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തില്‍ ഭക്ഷണം സൗജന്യമായി നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള വിപുലമായ ക്രമീകരണം തീര്‍ഥാടകര്‍ക്ക് വലിയ അനുഗ്രഹമാണ്. തീര്‍ഥാടകര്‍ എത്തുന്ന മുറയ്ക്ക് ഉപ്പുമാവും കടല കറിയും ചെറു ചൂടുള്ള കുടിവെള്ളവും രാവിലെ ഇവിടെ വിതരണം ചെയ്തു. സന്നിധാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള പോലീസിന്റെ  സുരക്ഷാ ക്രമീകരണം തീര്‍ഥാടകര്‍ക്ക് വലിയ സഹായമായി മാറിയിട്ടുണ്ട്. തിരക്കേറുമ്പോള്‍ സാധാരണ അയ്യപ്പന്മാര്‍ തളര്‍ന്ന് വീഴാറുണ്ട്. എന്നാല്‍, പോലീസിന്റെ മികച്ച ക്രമീകരണം മൂലം ദര്‍ശനത്തിനായി അധികസമയം തീര്‍ഥാടകര്‍ക്ക് കാത്തു നില്‍ക്കേണ്ടി വരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ദര്‍ശനം നടത്തി വഴിപാടുകള്‍ കഴിച്ച് നെയ്യ് അഭിഷേകവും നടത്തിയാണ് അയ്യപ്പന്മാര്‍ മടങ്ങുന്നത്. അപ്പം, അരവണ എന്നിവയുടെ വിതരണത്തിനായി കൂടുതല്‍ കൗണ്ടറുകള്‍ സജ്ജമാക്കിയതും തീര്‍ഥാടകര്‍ക്ക് ഏറെ സഹായകമായിട്ടുണ്ട്. മലകയറി വരുന്ന തീര്‍ഥാടകര്‍ക്ക് വിവിധ സ്ഥലങ്ങളിലായി ചെറു ചൂടുള്ള ചുക്ക് വെള്ളം വിതരണം ചെയ്യുന്നതിനും ദേവസ്വം ബോര്‍ഡ് മികച്ച ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

    നിലയ്ക്കല്‍ ബേയ്സ് ക്യാമ്പില്‍ വിരിവയ്ക്കുന്നതിനും വാഹന പാര്‍ക്കിംഗിനും ഉള്‍പ്പെടെ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതും തീര്‍ഥാടകര്‍ക്ക് ഏറെ ഗുണകരമായി മാറിയിട്ടുണ്ട്.  നിലയ്ക്കല്‍-പമ്പ റോഡിലെ ഗതാഗത കുരുക്ക് ഇതു മൂലം ഒഴിവായിട്ടുണ്ട്. തീര്‍ഥാടകര്‍ എത്തുന്ന മുറയ്ക്ക് നിലയ്ക്കല്‍ നിന്നു പമ്പയിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി ആവശ്യത്തിന് സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.

പുണ്യംപൂങ്കാവനം പദ്ധതിയുടെ മണ്ഡല കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ന് തുടക്കമായി. ശബരിമല സന്നിധാനം, നിലയ്ക്കല്‍, പമ്പ, എരുമേലി എന്നിവിടങ്ങള്‍ ശുചിയായി സൂക്ഷിക്കുക, പരിസ്ഥിതിക്ക് കോട്ടം വരാതെ സുരക്ഷിതവും സുഗമവുമായി തീര്‍ഥാടനം നടത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സന്നിധാനത്ത് ശബരിമല സ്പെഷ്യല്‍ കമ്മീഷണറും കൊല്ലം ജില്ലാ ജഡ്ജിയുമായ എം. മനോജ് പദ്ധതിയുടെ ഉദ്ഘാടനം നിലവിളക്ക് കൊളുത്തി നിര്‍വഹിച്ചു. മാലിന്യങ്ങള്‍ അലക്ഷ്യമായി എറിയുന്ന ശീലത്തില്‍ നിന്ന് ചവറ്റുകുട്ടയില്‍ നിക്ഷേപിക്കാനുള്ള ശീലം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞത് പദ്ധതിയുടെ വിജയമാണെന്ന്്  അദ്ദേഹം പറഞ്ഞു.

    ആറാം വര്‍ഷമാണ് പുണ്യപൂങ്കാവനം പദ്ധതി പ്രകാരം ശബരിമലയില്‍ ശുചീകരണപ്രവര്‍ത്തനം നടത്തുന്നത്. ദേശീയ സേനകളായ എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ്, സംസ്ഥാനപോലീസ്, ഫയര്‍ഫോഴ്സ്, എസ്.ബി.ഐ, സന്നദ്ധപ്രവര്‍ത്തകര്‍, ദേവസ്വം ജീവനക്കാര്‍, തീര്‍ഥാടകര്‍ എന്നിവരടങ്ങുന്ന സംഘമാണ് ശുചീകരണത്തിന് രംഗത്തുള്ളത്. തീര്‍ഥാടനകാലത്ത് ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കള്‍ പ്രകൃതിക്ക് ഹാനികരമാകുന്നത് തടയുന്നതിനാണ് പദ്ധതി മുഖ്യമായും ലക്ഷ്യമിടുന്നത്. വലിയ തോതില്‍ നിക്ഷേപിക്കപ്പെടുന്ന ഇത്തരം മാലിന്യങ്ങള്‍ വനമേഖലയിലെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാണ.് ഇത് ഫലപ്രദമായി തടയുന്നതിന് പുണ്യംപൂങ്കാവനം പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്. ചവറ്റുകുട്ടയില്‍ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള ശീലം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞത് ബോധവല്‍ക്കരണം തീര്‍ഥാടകരില്‍ ഫലപ്രദമായി എത്തിക്കാന്‍ പുണ്യംപൂങ്കാവനം പദ്ധതിയിലൂടെ കഴിഞ്ഞിട്ടുള്ളതിന്റെ ലക്ഷണമാണ്.  എന്‍.ഡി.ആര്‍.എഫ് ഡെപ്യൂട്ടി കമ്മാന്‍ഡന്റ് ജി.വിജയന്‍, ആര്‍.എ.എഫ് ഡെപ്യൂട്ടി കമ്മാന്‍ഡന്റുമാരായ ജി. ദിനേശ്, എസ്. ശിങ്കാരവേല്‍, ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ഐ.എം. വിജയന്‍, പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍ മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    അയ്യപ്പന്റെ പൂങ്കാവനത്തിന് ദോഷമായ ഒന്നും, പ്രത്യേകിച്ച് പ്ലാസ്റ്റിക്ക് വസ്തുക്കള്‍ കൊണ്ടുവരാതിരിക്കുക. ശബരിമലയില്‍ തീര്‍ഥാടനത്തിനിടയില്‍ ഉണ്ടാകുന്ന മാലിന്യം അവിടെ ഉപേക്ഷിക്കാതെ തിരിച്ചുകൊണ്ടുപോയി സംസ്‌കരിക്കുക.  ശബരിമലയില്‍ എത്തുന്ന എല്ലാ അയ്യപ്പന്മാരും കുറഞ്ഞത് ഒരുമണിക്കൂര്‍ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.  പമ്പാനദിയെ സംരക്ഷിക്കുക. നദിയില്‍ കുളിക്കുമ്പോള്‍ സോപ്പോ, എണ്ണയോ ഉപയോഗിക്കരുത്. മടക്കയാത്രയില്‍ വസ്ത്രങ്ങള്‍ നദിയില്‍ ഉപേക്ഷിക്കരുത്. ടോയ്ലറ്റുകള്‍ വൃത്തിയായി സൂക്ഷിക്കുക. ഒരു കാരണവശാലും തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തരുത്. എല്ലാ അയ്യപ്പന്മാര്‍ക്കും സ്വാമിയെ കാണാന്‍ തുല്യ അവകാശമുണ്ട്. നിര തെറ്റിക്കാതെ തിക്കും തിരക്കും കാണിക്കാതെ ക്യൂ പാലിക്കുക. അയ്യപ്പന്റെ പൂങ്കാവനത്തില്‍ മാലിന്യം അല്ല, പകരം നന്മയുടെ വിത്തുകള്‍ വിതറുക. ആത്മജ്ഞാനത്തിന്റെ പൂങ്കാവനമാണ് ശബരിമല. അവിടം നശിപ്പിക്കരുത്. തത്വമസി ഒരു ജീവിതചര്യയാണ്. ഉത്തരവാദിത്വത്തോടും ബോധപൂര്‍വവുമായ തീര്‍ഥാടനമാണ് കാനനവാസനായ അയ്യപ്പന് പ്രിയം.

വൃശ്ചിക പുലരിയില്‍ ശബരിമല ദര്‍ശനത്തിന് വന്‍ തിരക്ക്; പുണ്യംപൂങ്കാവനം പദ്ധതിക്ക് തുടക്കമായി (അനില്‍ പെണ്ണുക്കര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക