Image

വിവാദങ്ങളുടെ പറുദീസ

എം.കെ സുരേഷ്‌ Published on 07 April, 2012
വിവാദങ്ങളുടെ പറുദീസ
ദൈവസങ്കല്‌പത്തിനപ്പുറം ക്രിസ്‌തുവിന്‌ പുതിയൊരു നിര്‍വചനം. ക്രിസ്‌തുവാണ്‌ യഥാര്‍ഥ വിപ്ലവകാരിയെന്ന ഓര്‍മപ്പെടുത്തല്‍. സഭയുടെ ഭാഗമായും അല്ലാതെയും രണ്ടുപേര്‍ ക്രിസ്‌തുവിനെ രണ്ടു കോണിലൂടെ വീക്ഷിക്കുമ്പോഴുണ്ടാകുന്ന ആശയ സംഘര്‍ഷം.ആര്‍. ശരത്‌ സംവിധാനം ചെയ്യുന്ന 'പറുദീസ'യുടെ വിവാദമുഖങ്ങളാണ്‌ മേല്‍പ്പറഞ്ഞതൊക്കെ. ഏതു മതമായാലും അതിന്റെ യഥാര്‍ഥസത്ത മനുഷ്യനന്മയാകണം. ഒരു മതവും ദൈവം സൃഷ്ടിച്ചതല്ല. അതൊക്കെ മനുഷ്യകല്‌പനകളാണ്‌. ഈയൊരു ചിന്തയിലൂടെ വേണം 'പറുദീസ'യിലേക്ക്‌ കടക്കാന്‍.

മുറുകെപ്പിടിക്കുന്ന മാമൂലുകളിലൂടെയോ ആചാരങ്ങളിലൂടെയോ പ്രാര്‍ഥനയിലൂടെയോ മാത്രം ദൈവികതയിലേക്കുള്ള വഴി തുറക്കുമോ? ഈയൊരു ചോദ്യവും ഒടുവില്‍ അതിനുള്ള ഉത്തരവുമുണ്ട്‌ 'പറുദീസ'യില്‍. ക്രിസ്‌തുവിനെ വിപ്ലവകാരിയായി ചിത്രീകരിക്കുന്നു എന്നതിനപ്പുറം മറ്റൊരുപാട്‌ വിശേഷതകളുമായാണ്‌ ശരത്‌, ശ്രീനിവാസന്‍, തമ്പി ആന്റണി കൂട്ടുകെട്ടിലുള്ള ഈ സിനിമ.

പ്രധാനമായും രണ്ടു കഥാപാത്രങ്ങളിലൂടെയാണ്‌ സിനിമയുടെ സംഘര്‍ഷവും ഗതിയും വളരുന്നത്‌. ആദ്യഘട്ടത്തില്‍ ഇടവക വികാരിയായ ഫാ. ആഞ്ഞിലിത്താനവും കപ്യാര്‍ ജോസുമാണ്‌ ഈ രണ്ടു പേര്‍. കപ്യാരുടെ കുപ്പായത്തിനുള്ളില്‍ എപ്പോഴും പുരോഗമന വിപ്ലവ ആശയങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്ന മനസ്സുണ്ട്‌. ഫാ. ആഞ്ഞിലിത്താനം ഈ യാഥാര്‍ഥ്യങ്ങളെ അറിഞ്ഞ്‌ എല്ലാം ഉള്ളിലൊതുക്കി സഭയുടെ ചട്ടക്കൂടില്‍ നില്‍ക്കുന്നയാളാണ്‌. പക്ഷേ, സഭാനിയമങ്ങളുടെ വേലിക്കു പുറത്തേക്ക്‌ ആഞ്ഞിലിത്താനത്തിന്‌ വരാനാവില്ല. അദ്ദേഹത്തിനങ്ങനെയാകാനേ കഴിയൂ. സ്വഭാവികമായും എപ്പോഴും ഒന്നിക്കേണ്ട കപ്യാരുടെയും അച്ചന്റെയും ആശയവൈരുധ്യങ്ങള്‍ സംഘര്‍ഷത്തിലാകുന്നു. പുരോഗമനാശയങ്ങളിലൂടെ സഞ്ചരിക്കുന്ന കപ്യാരും സഭാവിശ്വാസം മുറുകെപ്പിടിക്കുന്ന പുരോഹിതനും ഏറ്റുമുട്ടുകയാണ്‌ ഈ സിനിമയില്‍.

പുല്ലാനിമല ഗ്രാമത്തിലാണ്‌ ഇവരുടെ ഇടവക. 16 വര്‍ഷങ്ങള്‍ക്കുശേഷം വികാരി ബിഷപ്പാവുകയും കപ്യാര്‍ വികാരിയാവുകയും ചെയ്യുന്നുണ്ട്‌. ആക്കാലത്തും പുരോഹിതന്‍ നേരിടുന്ന പരീക്ഷണങ്ങളും പ്രതിസന്ധികളും സിനിമ ചര്‍ച്ചചെയ്യുന്നു. രണ്ടു കഥാപാത്രങ്ങളുടെ വ്യഥകളാണ്‌ ഈ സിനിമ. യേശുക്രിസ്‌തു വിപ്ലവകാരിയാണെന്ന്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞത്‌ അടുത്തിടെയാണ്‌. ഇതിനുമുന്‍പേ ഒരുക്കമാരംഭിച്ചതാണ്‌ 'പറുദീസ.' രാഷ്ട്രീയത്തിലുയര്‍ന്ന വിവാദം സിനിമയിലേക്കും എത്തുകയാണിവിടെ.

ഈരാറ്റുപേട്ടയില്‍നിന്ന്‌ 26 കിലോമീറ്റര്‍ അകലെ കുന്നിന്‍ചെരുവിലെ മനോഹരഗ്രാമമായ ഇരുമാപ്രയാണ്‌ സിനിമയിലെ പുല്ലാനിമല ഗ്രാമം. വളരെ പ്രാചീനവും പ്രശസ്‌തവുമായ സെന്റ്‌ പീറ്റേഴ്‌സ്‌ സി.എസ്‌.ഐ. ചര്‍ച്ചിലായിരുന്നു ഏറിയപങ്കും ചിത്രീകരണം. ആദ്യഘട്ടത്തില്‍ പുരോഹിതനും പിന്നീട്‌ കപ്യാരുമാകുന്നത്‌ ശ്രീനിവാസനാണ്‌. കായല്‍ ഫിലിംസിനുവേണ്ടി നിര്‍മാതാവാകുന്ന തമ്പി ആന്റണിയാണ്‌ കപ്യാരായി വേഷമിടുന്നത്‌. കവിയും എഴുത്തുകാരനുമായ തമ്പി ആന്റണിയുടെ കപ്യാരും സിനിമയില്‍ എഴുത്തുകാരനാണ്‌, കവിയുമാണ്‌. ഇരുവരുടെയും ആശയപോരാട്ടത്തിന്റെ വിജയപാത സോഷ്യലിസത്തിന്റെതാണെന്ന്‌ സിനിമയ്‌ക്കൊടുവില്‍ തിരിച്ചറിയുന്നുണ്ട്‌.

സമകാലിക സംഭവങ്ങളെ സിനിമയാക്കുന്ന ആളാണ്‌ ആര്‍. ശരത്‌. ആദ്യചിത്രമായ 'സായാഹ്ന'ത്തില്‍ ആണവസ്‌ഫോടനവും 'സ്ഥിതി'യില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രശ്‌നങ്ങളും എ.ഡി.ബി.യും 'ശീലാബതി'യില്‍ വെള്ളവും ചര്‍ച്ചചെയ്‌തു. ഹിന്ദി ചിത്രമായ, ശില്‌പാഷെട്ടി നായികയായ 'ദി ഡിസയര്‍' ഒഡീസി നൃത്തത്തിന്റെ പശ്ചാത്തലത്തില്‍ കലയും പ്രണയവുമൊക്കെ തീവ്രാനുഭവമാക്കി.

പതിവിനു വിരുദ്ധമായി ശരത്തിന്റെ ചിത്രത്തില്‍ വലിയൊരു ആള്‍ക്കൂട്ടമുണ്ട്‌. മുഖ്യ താരങ്ങളെക്കൂടാതെ 'പാവം പാവം രാജകുമാരനു'ശേഷം ആദ്യമായി മീശയെടുത്ത്‌ അഭിനയിക്കുകയാണ്‌ ശ്രീനിവാസന്‍. ഹലോ മൈ ഡിയര്‍ റോങ്‌ നമ്പറിന്‌ ശേഷമുള്ള അച്ചന്‍ വേഷമാണ്‌ ശ്രീനിവാസനിത്‌. മാധ്യമങ്ങളില്‍ വാര്‍ത്തയാകാറുള്ള, പള്ളികളിലെ അദ്‌ഭുതങ്ങളടക്കമുള്ള സംഭവങ്ങളെ ചിത്രീകരിക്കുന്ന സിനിമയില്‍ നര്‍മത്തിനും നല്ല പ്രാധാന്യമുണ്ട്‌. ഇടവകയിലെ പ്രമാണിയാകുന്ന ജഗതി ശ്രീകുമാറിന്റെ ഔതച്ചനും രണ്ടാമത്‌ കപ്യാരാകുന്ന ഇന്ദ്രന്‍സുമാണ്‌ നര്‍മം വിതറുന്നത്‌. ശ്വേതാമേനോന്‌ ശക്തമായൊരു വേഷമാണിതില്‍.

ഗൗരവമേറിയൊരു വിഷയമാണ്‌ 'പറുദീസ' ചര്‍ച്ചചെയ്യുന്നതെന്ന്‌ സംവിധായകന്‍ ശരത്‌ പറഞ്ഞു. ഏപ്രിലില്‍ ചിത്രം സെഞ്ച്വറിയാണ്‌ തിയേറ്ററുകളില്‍ എത്തിക്കുക. സാറ്റലൈറ്റ്‌ റൈറ്റൊക്കെ ഇതിനകം ഉറപ്പിച്ചുകഴിഞ്ഞു. വിവാദങ്ങള്‍ ഉയര്‍ത്തിയേക്കാവുന്ന സിനിമയ്‌ക്ക്‌ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്‌ പത്രപ്രവര്‍ത്തകനായിരുന്ന വിനു എബ്രഹാമാണ്‌.

കൃഷ്‌ണപ്രസാദ്‌, ജയകൃഷ്‌ണന്‍, അംബികാമോഹന്‍, കൃഷ്‌ണാപത്മകുമാര്‍, നൂറിയ, വിഷ്‌ണുപ്രിയ, ടോം ജേക്കബ്‌, നിഷാ സാരംഗി കൃഷ്‌ണന്‍, അഷറഫ്‌, ഫക്രുദ്ദീന്‍ തുടങ്ങിയവരാണ്‌ മറ്റു അഭിനേതാക്കളില്‍ പ്രധാനികള്‍. ഇരുമാപ്രയ്‌ക്ക്‌ പുറമെ, പൂഞ്ഞാര്‍, ഈരാറ്റുപേട്ടയുടെ പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

കടപ്പാട്‌ചിത്രഭൂമി

More Read


വിവാദങ്ങളുടെ പറുദീസ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക